12:30:26
21 Aug 2014
Thursday
Facebook
Google Plus
Twitter
Rssfeed

സി.പി.എം നേതാക്കളുടെ പേരില്‍ 16 കോടി; ബംഗാളില്‍ വിവാദം

സി.പി.എം നേതാക്കളുടെ പേരില്‍ 16 കോടി; ബംഗാളില്‍ വിവാദം

ന്യൂദല്‍ഹി: മുതിര്‍ന്ന സി.പി.എം നേതാക്കളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലെ 16 കോടിയെ ചൊല്ലി പശ്ചിമ ബംഗാളില്‍ വിവാദം.
റേഷന്‍കട വഴി നല്‍കേണ്ട അരി മറിച്ചുവിറ്റ് നേതാക്കള്‍ വാരിക്കൂട്ടിയ പണമാണിതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ആരോപിക്കുമ്പോള്‍ ബാങ്ക് അക്കൗണ്ട് പാര്‍ട്ടിയുടേതാണെന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെ ലെവിയും സംഭാവനയും ചേര്‍ന്ന പണമാണ് അതിലുള്ളതെന്നും സി.പി.എം വിശദീകരിച്ചു. ബംഗാളില്‍ പുരോഗമിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബാങ്ക് അക്കൗണ്ട് വിവാദം ചൂടേറിയ വിഷയമായി.
പി.ബി അംഗങ്ങളായ ബിമന്‍ ബോസ്, നിരുപം സെന്‍ എന്നിവരുടെ സംയുക്ത അക്കൗണ്ടായി കൊല്‍കത്ത സി.പി.എം ആസ്ഥാനത്തോട് ചേര്‍ന്ന എസ്.ബി.ഐ ശാഖയില്‍ 16 കോടി രൂപ നിക്ഷേപമുണ്ട്. ബിമന്‍ ബോസ് ബംഗാള്‍ ഘടകം പാര്‍ട്ടി സെക്രട്ടറിയും ഇടതുമുന്നണി കണ്‍വീനറുമാണ്. നിരുപം സെന്‍ മുന്‍ വ്യവസായ മന്ത്രിയുമാണ്. നേതാക്കളുടെ പേരിലുള്ള ബാങ്ക് നിക്ഷേപത്തിന്‍െറ വിവരം പുറത്തുവന്നതോടെ മമതയുടെ നിര്‍ദേശപ്രകാരം സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. തൃണമൂല്‍ നേതാവ് ഭോലാ സെന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കും എസ്.ബി.ഐ ചെയര്‍മാനും പരാതി നല്‍കി.
അതിനിടെ, വിവാദ അക്കൗണ്ട് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ പേരിലാക്കാന്‍ നിര്‍ദേശിച്ച് ബിമന്‍ ബോസും നിരുപം സെന്നും ബാങ്കിന് കത്ത് നല്‍കി. വിവാദ അക്കൗണ്ടിലെ പണം പാര്‍ട്ടിയുടേതാണെന്നും പാര്‍ട്ടിക്ക് വേണ്ടിയാണ് സ്വന്തം പേരില്‍ അക്കൗണ്ട് തുടങ്ങിയതെന്നും ബിമന്‍ ബോസ് പറഞ്ഞു. നേരത്തേ, തന്‍െറയും പി.ബി അംഗം ശൈലേന്‍ദാസ് ഗുപ്തയുടെയും പേരിലായിരുന്നു അക്കൗണ്ട്. ഗുപ്തയുടെ മരണത്തിനു ശേഷമാണ് തന്‍െറയും നിരുപംസെന്നിന്‍െറയും പേരിലാക്കിയത്. അതില്‍ ഒളിച്ചുവെക്കാന്‍ ഒന്നുമില്ല. പ്രവര്‍ത്തകര്‍ നല്‍കിയ ലെവിയുടെയും സംഭാവന പിരിച്ചതിന്‍െറയും കണക്കുണ്ട്. വിവാദ അക്കൗണ്ടിലെ പണവും ഉള്‍പ്പെടുത്തിയാണ് ആദായനികുതി വകുപ്പിന് കണക്ക് നല്‍കിയതെന്നും ബിമന്‍ ബോസ് വിശദീകരിച്ചു.
അതേസമയം, സി.പി.എം വിശദീകരണം തള്ളിയ മമത ബാനര്‍ജി തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കിയതോടെ സി.പി.എം വിയര്‍ക്കുകയാണ്. സി.പി.എം നേതാക്കളുടെ അഴിമതിയുടെ തെളിവായാണ് മമത അക്കൗണ്ടിലെ 16 കോടി ഉയര്‍ത്തിക്കാട്ടുന്നത്. തന്നെപ്പോലെയാണ് മറ്റുള്ളവരുമെന്ന് തെറ്റിദ്ധരിച്ചാണ് മമത ആരോപണം ഉന്നയിക്കുന്നതെന്നും പ്രവര്‍ത്തകര്‍ വരുമാനത്തിന്‍െറ ഒരു പങ്ക് പാര്‍ട്ടിക്ക് നല്‍കുന്ന രീതി അവര്‍ക്ക് പരിചയമില്ലാത്തതാണെന്നുമാണ് സി.പി.എം നേതാക്കള്‍ പ്രചാരണ യോഗങ്ങളില്‍ നല്‍കുന്ന മറുപടി. എന്നാല്‍, മമതയുടെ ആക്രമണം ഫലപ്രദമായി ചെറുക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞിട്ടില്ല.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus