12:30:26
29 Nov 2014
Saturday
Facebook
Google Plus
Twitter
Rssfeed

ഗണേഷ്കുമാറുമായി സരിതയുടെ ബന്ധം: കൂടുതല്‍ തെളിവുകള്‍ പുറത്ത്

ഗണേഷ്കുമാറുമായി സരിതയുടെ ബന്ധം: കൂടുതല്‍ തെളിവുകള്‍ പുറത്ത്

തിരുവനന്തപുരം: മുന്‍മന്ത്രി കെ.ബി. ഗണേഷ്കുമാറും സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി സരിതയും തമ്മിലുള്ള ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. സോളാര്‍ തട്ടിപ്പിലെ ഒരു പരാതിക്കാരന്‍ തിരുവനന്തപുരം കവടിയാര്‍ സ്വദേശി ടി.സി. മാത്യു മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലും കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലും ഗണേഷും സരിതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.
സരിതയുമായി ഗണേഷ്കുമാറും അദ്ദേഹത്തിന്‍െറ അടുത്ത അനുയായികളും 499 തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്ന തെളിവുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇക്കാര്യവും പുറത്തുവന്നത്. തനിക്ക് സരിതയുമായി ബന്ധമില്ലെന്നും ബന്ധം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം പോലും അവസാനിപ്പിക്കാമെന്നുമാണ് പിതാവും പാര്‍ട്ടി ചെയര്‍മാനുമായ ആര്‍. ബാലകൃഷ്ണപിള്ളക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഗണേഷ് അവകാശപ്പെട്ടിരുന്നത്.
ടി.സി. മാത്യു മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് ഗണേഷും സരിതയും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് വളരെ വ്യക്തമായി പറയുന്നത്.
സരിതയും ബിജുവും അറസ്റ്റിലാകുന്നതിന് മുമ്പ് തന്നെ ഇവര്‍ നടത്തുന്ന തട്ടിപ്പിനെക്കുറിച്ച് താന്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നെന്നാണ് മാത്യു കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സോളാര്‍ പാനലിന്‍െറ പേരില്‍ ഒരു കോടി അഞ്ച് ലക്ഷം രൂപയാണ് തന്നില്‍ നിന്ന് സരിത തട്ടിയതെന്ന് മാത്യു ആരോപിക്കുന്നു.
പണം തട്ടിയെടുത്തത് സംബന്ധിച്ച വിശദമായ പരാമര്‍ശത്തിലാണ് ഗണേഷിനെക്കുറിച്ച് പറയുന്നത്. സരിതയുടെ ചതി മനസ്സിലായപ്പോള്‍ ഗണേഷിനെ താന്‍ കണ്ടുവെന്ന് അദ്ദേഹം പറയുന്നു. ലക്ഷ്മി നായര്‍ എന്ന പേരില്‍ നടന്ന സരിത എസ്. നായരുടെ ഡ്രൈവര്‍മാരില്‍ നിന്നും ഗണേഷും സരിതയുമായുള്ള ബന്ധത്തെപ്പറ്റി വിവരം ലഭിച്ചിരുന്നു. അതനുസരിച്ചായിരുന്നു കൂടിക്കാഴ്ച. ഗണേഷ് ലക്ഷ്മിയെ വിളിച്ച് ദേഷ്യപ്പെട്ട് അദ്ദേഹത്തിന്‍െറ പേര് നശിപ്പിക്കരുതെന്ന് പറഞ്ഞത്രേ. തന്‍െറ രൂപ തിരികെത്തരാനും ആവശ്യപ്പെട്ടെന്ന് മാത്യു പറയുന്നു. ഗണേഷ് പറഞ്ഞതനുസരിച്ച് ലക്ഷ്മി ഒരു ലക്ഷം രൂപ അഡ്വാന്‍സായി മാത്യുവിന്‍െറ അക്കൗണ്ടിലിട്ടെന്നും അദ്ദേഹം പറയുന്നു.
ലക്ഷ്മിയുമായുള്ള ഗണേഷിന്‍െറ സംഭാഷണം സ്പീക്കര്‍ഫോണിലൂടെ കേള്‍പ്പിച്ചെന്നും മാത്യു പറയുന്നു.
മാത്യു പരാതിയുമായി സമീപിച്ചപ്പോള്‍ പൊലീസില്‍ പരാതിപ്പെടാനല്ല സരിതയുമായുള്ള ഒത്തുതീര്‍പ്പിനാണ് ഗണേഷ് ശ്രമിച്ചതെന്നാണ് മാത്യുവിന്‍െറ ആരോപണം സൂചന നല്‍കുന്നത്.
ഒരു ബന്ധവുമില്ലെങ്കില്‍ ഗണേഷ് പറഞ്ഞ ഉടന്‍ സരിത ഒരു ലക്ഷം രൂപ മാത്യുവിന് തിരിച്ചുനല്‍കുമോയെന്ന ചോദ്യവുമുയരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus