12:30:26
17 Apr 2014
Thursday
Facebook
Google Plus
Twitter
Rssfeed

ക്വത്റോച്ചിക്കൊപ്പം ബോഫോഴ്സ് കേസും വിസ്മൃതിയിലേക്ക്

ക്വത്റോച്ചിക്കൊപ്പം ബോഫോഴ്സ് കേസും വിസ്മൃതിയിലേക്ക്
കടപ്പാട്: www.outlookindia.com

ന്യൂദല്‍ഹി: ഒട്ടാവിയോ ക്വത്റോച്ചിയുടെ മരണത്തോടെ, ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുലച്ച ബോഫോഴ്സ് അഴിമതിക്കേസ് വിസ്മൃതിയിലേക്ക്. ഇന്നും അവ്യക്തമായി തുടരുന്ന ബോഫോഴ്സ് കേസിനുപിന്നിലെ അണിയറക്കഥകള്‍ അറിയുന്നവരില്‍ അവശേഷിച്ചിരുന്ന ഒരാളായിരുന്നു ശനിയാഴ്ച അന്തരിച്ച ഇറ്റാലിയന്‍ ബിസിനസുകാരന്‍ ഒട്ടാവിയോ ക്വത്റോച്ചി. ഇദ്ദേഹത്തിന്‍െറ സംസ്കാരം ഇറ്റലിയിലെ മിലനില്‍ തിങ്കളാഴ്ച നടക്കുന്നതോടെ ബോഫോഴ്സ് ഇടപാടിന്‍െറ രഹസ്യങ്ങള്‍ കൂടിയാണ് മണ്ണിലേക്ക് മടങ്ങുന്നത്. അഴിമതിയിലെ ഇടനിലക്കാരായിരുന്ന വിന്‍ ഛദ്ദയും വ്യവസായി ഹിന്ദു സഹോദരന്മാരും നേരത്തേ മണ്‍മറഞ്ഞു. ഇടപാടുകാലത്ത് സ്വീഡിഷ് കമ്പനി ബോഫോഴ്സിന്‍െറ ചെയര്‍മാനായിരുന്ന മാര്‍ട്ടിന്‍ ആര്‍ദ്ബോയും ഇന്നില്ല.
ഇറ്റാലിയന്‍ കമ്പനി സനംപ്രഗറ്റിയുടെ പ്രതിനിധിയായി ഇന്ത്യയിലെത്തിയ ക്വത്റോച്ചി 80കളില്‍ ദല്‍ഹിയില്‍ വലിയ സ്വാധീനശക്തിയായിരുന്നു. കരസേനക്കുവണ്ടി ഹേവിസ്റ്റര്‍ തോക്ക് വാങ്ങാന്‍ സ്വീഡിഷ് കമ്പനി ബോഫോഴ്സുമായുള്ള 1500 കോടിയുടെ കരാറില്‍ 64 കോടിയുടെ അഴിമതി നടന്നതായി വാര്‍ത്ത പുറത്തുവന്നത് സ്വീഡിഷ് റേഡിയോ വഴിയാണ്. കോഴ ഇടപാടില്‍ ക്വത്റോച്ചിയും ഇടനിലക്കാരനാണെന്ന വിവരം ഇന്ത്യന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ കേസ് രാജീവ് ഗാന്ധിയിലേക്കും കോണ്‍ഗ്രസിലേക്കും തിരിഞ്ഞു. ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നു ക്വത്റോച്ചിക്ക്. സോണിയയുടെയും ക്വത്റോച്ചിയുടെയും ഇറ്റലി ബന്ധം അതിന് ബലമേകി. കേസിനെ തുടര്‍ന്ന് 93ല്‍ ഇന്ത്യയില്‍നിന്ന് മുങ്ങിയ ഇദ്ദേഹത്തെ പിടികൂടാന്‍ പിന്നീട് ഇന്ത്യക്ക് സാധിച്ചില്ല. അതിനായി, ആത്മാര്‍ഥമായി ശ്രമിച്ചില്ല എന്നതാണ് കൂടുതല്‍ ശരി. 2002ല്‍ എന്‍.ഡി.എ ഭരണകാലത്ത് മലേഷ്യയില്‍ ഇന്‍റര്‍പോള്‍ പിടിയിലായെങ്കിലും തലനാരിഴക്ക് രക്ഷപ്പെട്ടു.
യു.പി.എ ഭരണകാലത്ത് 2007ല്‍ അര്‍ജന്‍റീനയില്‍ പിടിയിലായപ്പോള്‍ ക്വത്റോച്ചിയെ ഇന്ത്യയിലെത്തിക്കാന്‍ കഴിഞ്ഞില്ല. അന്ന് സി.ബി.ഐ അര്‍ധമനസ്സോടെ നടത്തിയ ശ്രമം ക്വത്റോച്ചിക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കുകയായിരുന്നു. ഒടുവില്‍, 2011ല്‍ ക്വത്റോച്ചിക്കെതിരായ കുറ്റം സി.ബി.ഐ പിന്‍വലിച്ചു. അതിനുമുമ്പ് 2006ല്‍ ക്വത്റോച്ചിയുടെ ഭാര്യ മരിയയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത് നീക്കിക്കൊടുത്തിരുന്നു. അങ്ങനെ 64 കോടിയുടെ അഴിമതി അന്വേഷിക്കാന്‍ അതിലേറെ കോടികള്‍ ചെലവഴിച്ച് സി.ബി.ഐ നടത്തിയ അന്വേഷണം എങ്ങുമെത്താതെ അവസാനിച്ചു.
ബോഫോഴ്സ് ഇടപാടില്‍ രാജീവിനും പാര്‍ട്ടിക്കും പങ്കില്ലെന്ന് കോണ്‍ഗ്രസ് ആവര്‍ത്തിക്കുമ്പോഴും ഇദ്ദേഹത്തെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ ഒളിഞ്ഞും തെളിഞ്ഞും നടത്തിയ ശ്രമങ്ങള്‍ സത്യം വിളിച്ചോതുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus