12:30:26
31 Oct 2014
Friday
Facebook
Google Plus
Twitter
Rssfeed

കോടികളുടെ ഭൂമി തട്ടിപ്പ്: നൗഷാദിനെതിരെ കേസെടുത്തു

കോഴിക്കോട്: വ്യവസായ യൂനിറ്റുകള്‍ സ്ഥാപിക്കാന്‍ വന്‍തുക മുടക്കാമെന്ന് വാഗ്ദാനം ചെയ്ത് ഏക്കര്‍കണക്കിന് ഭൂമി തട്ടിയ സംഭവത്തില്‍ ചേവായൂര്‍ ഹസ്തിനപുരിയില്‍ ടി.പി. നൗഷാദി (42)നെതിരെ പൊലീസ് കേസെടുത്തു. നരിക്കുനി പാറന്നൂര്‍ വിളിപ്പാവില്‍ മൊയ്തീന്‍കുട്ടിഹാജി, മുക്കം ഓടമണ്ണില്‍ ശിവരാജന്‍ എന്നിവരുടെ പരാതിയില്‍ മുക്കം പൊലീസാണ് ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തത്. 406 (വിശ്വാസവഞ്ചന), 420 (ചതി), 506 (1) (വധഭീഷണി) എന്നീ വകുപ്പുകള്‍പ്രകാരമാണ് കേസ്. തട്ടിപ്പിനിരയായവരുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്.
ക്വാറി, ക്രഷര്‍ വ്യവസായ യൂനിറ്റുകള്‍ സ്ഥാപിക്കാന്‍ പണം മുടക്കാമെന്ന് വാഗ്ദാനം ചെയ്ത് പല ഭാഗങ്ങളില്‍നിന്നായി നൗഷാദ് 50 ഏക്കറോളം ഭൂമി സ്വന്തമാക്കിയെന്നാണ് പരാതി.
മുക്കം വലിയപറമ്പിലുള്ള മൊയ്തീന്‍കുട്ടിഹാജിയുടെ മുക്കം ക്രഷര്‍ യൂനിറ്റും ഏഴ് ഏക്കര്‍ സ്ഥലവും ശിവരാജന്‍െറ മുക്ക ത്തിനടുത്ത മൈസൂര്‍മലയിലെ 1.80 ഏക്കര്‍ സ്ഥലവും തട്ടിയെടുത്തുവെന്നാണ് ഇവര്‍ മുക്കം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. 50 ശതമാനം ഓഹരി വാഗ്ദാനം ചെയ്ത് ഭൂമി രജിസ്റ്റര്‍ ചെയ്തുവാങ്ങിയശേഷം കമ്പനിയില്‍ ഓഹരി നല്‍കാതെ വഞ്ചിക്കുകയായിരുന്നുവെന്നും ഇക്കാര്യം അന്വേഷിച്ചപ്പോള്‍ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. ബാലുശ്ശേരി കുറുമ്പൊയില്‍ കൂരിക്കടവ് കെ.പി. വേലായുധന്‍ നായര്‍, ഭാര്യ മല്ലിക, ബന്ധുക്കളായ സി. രാജന്‍, കെ.പി. ഗംഗാധരന്‍ നായര്‍ എന്നിവര്‍ ബാലുശ്ശേരി പൊലീസിലും നൗഷാദിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഇവര്‍ നേരത്തേ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷണം നടത്തുന്നത്. ഇക്കാര്യം ‘മാധ്യമം’ നേരത്തേ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. പരാതിക്കാരുടെ മൊഴി ഇതിനകം ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. മുക്കം, മൈസൂര്‍ മല, ബാലുശ്ശേരി, കിനാലൂര്‍ തോരാട് മല, കൂരാച്ചുണ്ട്, ചെറുകാട് തുരുത്തിമല, കൊടിയത്തൂര്‍, ചേവായൂര്‍, വെള്ളിപറമ്പ്, കുന്ദമംഗലം തുടങ്ങിയ ഭാഗങ്ങളിലായാണ് 50 ഏക്കറോളം ഭൂമി നൗഷാദ് സ്വന്തമാക്കിയത്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിലെ ഒരു മന്ത്രിയുടെ പേരും ഇതിനായി ഉപയോഗപ്പെടുത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ക്വാറി, ക്രഷര്‍ യൂനിറ്റുകള്‍ സ്ഥാപിക്കാനായി കമ്പനി രൂപവത്കരിച്ചെങ്കിലും രണ്ടു വര്‍ഷം പിന്നിട്ടിട്ടും പ്രാരംഭ പ്രവര്‍ത്തനംപോലും തുടങ്ങിയിട്ടില്ല.
അതേസമയം, തന്നെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയതെന്നും അതില്‍ പറയുന്ന കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും ടി.പി. നൗഷാദ് അറിയിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com