12:30:26
20 Dec 2014
Saturday
Facebook
Google Plus
Twitter
Rssfeed

സര്‍ക്കാര്‍ ആശുപത്രികളില്‍ റാബിസ് വാക്സിന്‍ കിട്ടാനില്ല

മഞ്ചേരി: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ പേവിഷത്തിനെതിരെയുള്ള ആന്‍റി റാബിസ് വാക്സിന് കടുത്തക്ഷാമം. മെഡിക്കല്‍ കോര്‍പറേഷന്‍െറ ഗോഡൗണുകളിലും വാക്സിന്‍ ലഭ്യമല്ല. പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍ മുതല്‍ മെഡിക്കല്‍ കോളജ്വരെയുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ ആവശ്യാനുസരണം വിതരണം ചെയ്യേണ്ട വാക്സിനാണിത്.
മലപ്പുറം ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രികളിലെവിടെയും ഇപ്പോള്‍ വാക്സിന്‍ കിട്ടാനില്ല. വാക്സിന്‍ അന്വേഷിച്ചവര്‍ക്ക് മറ്റ് ജില്ലകളിലും ഇതുതന്നെയാണ് സ്ഥിതിയെന്ന് വ്യക്തമായി. മലപ്പുറത്ത് വാക്സിന്‍ ക്ഷാമം രൂക്ഷമായത് കേരള മെഡിക്കല്‍ കോര്‍പറേഷനെ ഇടക്കിടെ ഓര്‍മപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല. ആന്‍റീ റാബിസ് വാക്സിന്‍ ക്ഷാമം ഉണ്ടെന്നും എന്തുകൊണ്ടാണിത് സംഭവിച്ചതെന്ന് അറിയില്ലെന്നും ആരോഗ്യ ഡയറക്ടര്‍ ഡോ. പി.കെ. ജമീല ‘മാധ്യമ’ത്തോട് പറഞ്ഞു. വലിയതോതില്‍ ക്ഷാമം വന്ന ഘട്ടങ്ങളിലെല്ലാം ലോക്കല്‍ പര്‍ച്ചേസ് നടത്താന്‍ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യ ഡയറക്ടര്‍ അറിയിച്ചു.
ആദ്യ ഡോസ് മരുന്ന് നല്‍കിയവര്‍ക്ക് തുടര്‍ന്ന് നല്‍കാനില്ലാതെ വാക്സിനേഷന്‍ മുടങ്ങി. രണ്ട് ദിവസമായി മലപ്പുറത്ത് ജില്ലാ താലൂക്ക് ആശുപത്രികളിലും ജനറല്‍ ആശുപത്രിയിലും വാക്സിന്‍ തേടി വിവിധ സ്ഥലങ്ങളില്‍നിന്ന് വിളിവരുന്നുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫിസറോട് കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നെന്നും 200 ഡോസ് വാക്സിന്‍ എറണാകുളത്തുനിന്ന് എത്തുമെന്നും പ്രതീക്ഷിച്ചിരുന്നതായും മഞ്ചേരി ജനറല്‍ ആശുപത്രിയിലുള്ളവര്‍ വ്യക്തമാക്കി.അതേസമയം, സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍ വലിയ വിലയ്ക്ക് വാക്സിന്‍ കിട്ടാനുണ്ട്. 376 രൂപ നല്‍കിയാണ് പെരിന്തല്‍മണ്ണയിലെ മെഡിക്കല്‍ ഷോപ്പില്‍നിന്ന് ബുധനാഴ്ച ആവശ്യക്കാരന്‍ ഒരു ഡോസ് വാങ്ങിയത്. മരുന്ന് വിതരണം കോര്‍പറേഷന്‍ വഴിയായതോടെ വാക്സിനടക്കം അവശ്യമരുന്നുകള്‍ കിട്ടുന്നില്ലെന്നും ലോക്കല്‍ പര്‍ച്ചേസ് നടത്തിയാണ് ക്ഷാമം മറികടക്കുന്നതെന്നും ആരോഗ്യ സ്ഥാപനങ്ങളിലുള്ളവര്‍ പറയുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com