12:30:26
25 Apr 2014
Friday
Facebook
Google Plus
Twitter
Rssfeed

ഗൂഢാലോചന അന്വേഷണ പരിധിയിലില്ല- തിരുവഞ്ചൂര്‍

തിരുവനന്തപുരം: തന്നെ പുറത്താക്കാന്‍ ഗൂഢാലോചന നടന്നുവെന്ന മുന്‍മന്ത്രി ഗണേഷ്കുമാറിന്‍െറ ആരോപണം ക്രൈംബ്രാഞ്ച് അന്വേഷണത്തിന്‍െറ പരിധിയില്‍പെടില്ലെന്നും അത് വേറെതലത്തില്‍ തീരുമാനമെടുത്ത് അന്വേഷിക്കേണ്ട വിഷയമാണെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഗണേഷ് പരാതിനല്‍കിയാല്‍ മാത്രമേ അന്വേഷിക്കുകയുള്ളോ എന്ന ചോദ്യത്തിന് താന്‍ അങ്ങനെ പറഞ്ഞില്ലെന്നായിരുന്നു മറുപടി. തന്നെ രാജിവെപ്പിക്കാന്‍ ഗൂഢാലോചന നടന്നുവെന്ന ഗണേഷിന്‍െറ ആരോപണം ഗൗരവമായി കാണേണ്ടതല്ലേയെന്ന ചോദ്യത്തിനും വ്യക്തമായ മറുപടി നല്‍കാതെ മന്ത്രി ഒഴിഞ്ഞുമാറി.
ഗണേഷും യാമിനിയും പൊലീസില്‍ നല്‍കിയ പരാതികളെക്കുറിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ഗണേഷിന്‍െറ പരാതിയില്‍ ഗൂഢാലോചന നടന്നതായി ആരോപിക്കുന്നില്ല. ഗൂഢാലോചന നടന്നുവെന്ന് ഗണേഷ് വാര്‍ത്താസമ്മേളനത്തിലും നിയമസഭയിലും പറഞ്ഞത് പരിഗണനക്കെടുത്തിട്ടില്ല. പരാതിയുടെ ഗൗരവം പരിഗണിച്ച്, അന്വേഷണസംഘത്തില്‍ ഒരു വനിത വേണമെന്ന തീരുമാനത്തിന്‍െറ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഗാര്‍ഹിക പീഡന നിരോധനിയമപ്രകാരം കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്‍കിയ നിര്‍ദേശത്തെ ആധാരമാക്കി ഡി.ജി.പി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതിനെ അടിസ്ഥാനപ്പെടുത്തിയാണ് നടപടികള്‍ കൈക്കൊണ്ടത്. ഗണേഷിന്‍െറയും യാമിനിയുടെയും പരാതികള്‍ ഏപ്രില്‍ ഒന്നിന് രാത്രി പത്തിനും 10.45നുമാണ് മ്യൂസിയം പൊലീസിന് ലഭിക്കുന്നത്. കേസെടുക്കുന്നതില്‍ കാലതാമസം ഉണ്ടായിട്ടില്ല. ഒരേസംഭവം സംബന്ധിച്ചാണ് രണ്ട് പരാതികളും എന്നതിനാലാണ് ഒരേസംഘംതന്നെ അന്വേഷിക്കുന്നത്. ഗണേഷ് മന്ത്രിമന്ദിരം ദുരുപയോഗം ചെയ്തുവെന്ന യാമിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അതുസംബന്ധിച്ച വകുപ്പുകള്‍ പൊലീസ് ചേര്‍ക്കാത്തതെന്താണെന്ന ചോദ്യത്തിനും മന്ത്രി മറുപടിനല്‍കിയില്ല.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com