Wed, 04/03/2013 - 19:32 ( 1 year 29 weeksago)
വിജേന്ദര്‍ പരിശോധനക്ക് സാമ്പിളുകള്‍ നല്‍കി
(+)(-) Font Size
വിജേന്ദര്‍ പരിശോധനക്ക് സാമ്പിളുകള്‍ നല്‍കി

ന്യൂദല്‍ഹി:  മയക്കുമരുന്ന് വിവാദത്തില്‍പ്പെട്ട ഇന്ത്യന്‍ ഒളിമ്പിക്സ് ഹീറോ വിജേന്ദര്‍ സിങ് നാഷനല്‍ ആന്‍റി ഡോപ്പിങ് ഏജന്‍സി (നാഡ)യുടെ പരിശോധനക്ക് വിധേയനായതായി അധികൃതര്‍ വ്യക്തമാക്കി. നേരത്തേ, വിജേന്ദറിനെ പരിശോധിക്കാന്‍ തയാറാവാതിരുന്ന നാഡ, കായിക മന്ത്രാലയത്തില്‍നിന്നുള്ള കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്.
ബുധനാഴ്ച രാവിലെയാണ് പരിശോധനക്കായി വിജേന്ദറിന്‍െറ രക്തവും യൂറിനും നാഡ ശേഖരിച്ചത്. വിജേന്ദര്‍ മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന ആരോപണം ഉയര്‍ന്നതുമുതല്‍ പരിശോധനക്ക് വിധേയമാക്കാന്‍ പഞ്ചാബ് പൊലീസ് നാഡയോട് ആവശ്യപ്പെട്ടിരുന്നു. പരിശോധിക്കാന്‍ നാഡ തയാറാവാത്തതിനെ തുടര്‍ന്ന് പൊലീസ് കോടതിയെ സമീപിക്കാനൊരുങ്ങുകയായിരുന്നു.
വിജേന്ദറിന്‍െറയും മറ്റു ബോക്സിങ് താരങ്ങളുടെയും രക്തത്തിന്‍െറയും യൂറിന്‍െറയും സാമ്പിളുകള്‍ നാഡ ശേഖരിച്ചതായി കായികമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. വിഷയത്തില്‍ നടപടി സ്വീകരിക്കുന്നതിന് മുമ്പായി പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണ്. വിജേന്ദര്‍ കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെടുകതന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
താരത്തിന്‍െറ സാമ്പിളുകള്‍ ശേഖരിച്ചതായി മുതിര്‍ന്ന നാഡ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയെങ്കിലും ഇതുസംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല. മത്സരങ്ങളില്ലാത്ത സമയത്ത് പരിശോധന നടത്തുന്നതിന് നിയമസാധുതയില്ലെന്ന നിലപാടാണ് നാഡ ഇതുവരെ സ്വീകരിച്ചിരുന്നത്. കായികമത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ മാത്രമേ പരിശോധന നടത്താന്‍ നാഡക്ക് അധികാരമുള്ളൂവെന്നും വ്യക്തമാക്കിയിരുന്നു. നാഡക്കു മുന്നില്‍ പരിശോധനക്ക് സന്നദ്ധനാണെന്ന് നേരത്തേ വിജേന്ദര്‍ സിങ് പറഞ്ഞിരുന്നു. വിജേന്ദര്‍ 12 തവണ ഹെറോയിന്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് പഞ്ചാബ് പൊലീസ് അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. 130 കോടിയുടെ സിര്‍ക്കാപൂര്‍ ഹെറോയിന്‍ ഇടപാടുമായി വിജേന്ദറിന് ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus