12:30:26
22 Nov 2014
Saturday
Facebook
Google Plus
Twitter
Rssfeed

നിതാഖാത്: ബാധിക്കുന്നത് 10 ശതമാനത്തെ മാത്രമെന്ന് എംബസി റിപ്പോര്‍ട്ട്

നിതാഖാത്: ബാധിക്കുന്നത് 10 ശതമാനത്തെ മാത്രമെന്ന് എംബസി റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: സൗദി അറേബ്യയില്‍ സ്വദേശിവത്കരണം കര്‍ശനമാക്കിയത് അവിടെ ജോലിചെയ്യുന്ന ഇന്ത്യക്കാരില്‍ 10 ശതമാനത്തെ മാത്രമേ ബാധിക്കാന്‍ സാധ്യതയുള്ളൂവെന്ന് ഇന്ത്യന്‍ എംബസി റിപ്പോര്‍ട്ട്. സ്വദേശിവത്കരണം സംബന്ധിച്ച ആശങ്കകളുടെ പശ്ചാത്തലത്തില്‍ വിദേശകാര്യ മന്ത്രാലയത്തിന്‍െറ നിര്‍ദേശപ്രകാരം സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഹാമിദലി റാവു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
ഈ റിപ്പോര്‍ട്ട് അവലംബിച്ചാണ് നിതാഖാത് വിഷയത്തില്‍ വലിയതോതില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. 24 ലക്ഷം ഇന്ത്യക്കാരാണ് സൗദിയില്‍ ജോലി ചെയ്യുന്നത്. 10 ശതമാനം പേരെ നിതാഖാത് ബാധിക്കുകയാണെങ്കില്‍ രണ്ടര ലക്ഷത്തോളം പേര്‍ക്ക് പണി പോകും. സൗദിയിലെ ഇന്ത്യന്‍ പ്രവാസികളില്‍ വലിയൊരു പങ്ക് മലയാളികളാണ്. അതിനാല്‍, തൊഴില്‍ നഷ്ടത്തിന്‍െറ ആഘാതം കൂടുതല്‍ അനുഭവിക്കേണ്ടിവരുക കേരളമാണ്.
അതിനിടെ, നയപരമായ കാര്യമായതിനാല്‍ സൗദി സ്വദേശിവത്കരണ വിഷയത്തില്‍ ഇടപെടുന്നതിന് പരിധിയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എങ്കിലും ഇന്ത്യന്‍ പ്രവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങളില്‍ സഹായം ചെയ്യുന്നതിന് ചര്‍ച്ച നടത്തിവരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അക്ബറുദ്ദീന്‍, ഗള്‍ഫ് രാജ്യങ്ങളുടെ ചുമതലയുള്ള ജോ. സെക്രട്ടറി ഘനശ്യാം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിതാഖാത്തുമായി ബന്ധപ്പെട്ട് വ്യാപകമായ തോതില്‍ മടങ്ങിവരവ് ഇതുവരെ ഉണ്ടായിട്ടില്ല.
അനധികൃത താമസക്കാര്‍ക്കെതിരെയുള്ള പരിശോധന കര്‍ശനമാക്കിയതിനെ തുടര്‍ന്നാണ് കൂടുതല്‍ ആളുകള്‍ മടങ്ങുന്നത്. മന്ത്രിതല സംഘം സൗദി സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, ചര്‍ച്ച നടത്തേണ്ട സൗദിയുടെ തൊഴില്‍ മന്ത്രി ഇപ്പോള്‍ രാജ്യത്തിന് പുറത്താണ്.
ഏപ്രില്‍ പകുതിക്കുശേഷമേ തിരിച്ചെത്തുകയുള്ളൂവെന്നാണ് വിവരം. മന്ത്രിമാരുടെ സന്ദര്‍ശനം അതിനുശേഷം മാത്രമേ ഉണ്ടാവൂ. തൊഴില്‍പ്രശ്നവുമായി ബന്ധപ്പെട്ട് സമീപിക്കുന്നവര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യന്‍ എംബസിയോട് നിര്‍ദേശിച്ചിട്ടുണ്ട്. അതിനായി ദമ്മാമില്‍ താല്‍ക്കാലിക സംവിധാനം പ്രവര്‍ത്തിച്ചുതുടങ്ങിയതായും ഇരുവരും പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus