12:30:26
24 Nov 2014
Monday
Facebook
Google Plus
Twitter
Rssfeed

റിസര്‍വ് ബാങ്കില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമം: ലക്ഷ്യം കൊള്ളയടിക്കലെന്ന് യുവാവ്

റിസര്‍വ് ബാങ്കില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമം: ലക്ഷ്യം കൊള്ളയടിക്കലെന്ന് യുവാവ്

മുംബൈ: എയര്‍ഗണുമായി റിസര്‍വ് ബാങ്ക് ആസ്ഥാനത്ത് അതിക്രമിച്ചുകടക്കാന്‍ ശ്രമിക്കെ പൊലീസ് പിടിയിലായ കോട്ടയം മണിമല സ്വദേശി ആര്‍. പത്മ ഗിരീഷ് നായര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി മുംബൈ പൊലീസ്. യുവാവിന്‍െറ കസ്റ്റഡി ആവശ്യപ്പെട്ട് മുംബൈ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് തീവ്രവാദ ബന്ധം സംശയിക്കുന്നതായി പറയുന്നത്. ഇതത്തേുടര്‍ന്ന്, കോടതി പത്മ ഗിരീഷിനെ 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അതേസമയം, ബാങ്കുകളുടെ കേന്ദ്രമായ റിസര്‍വ് ബാങ്കില്‍ എല്ലാ ബാങ്കുകളിലെയും പണമുണ്ടാകുമെന്നും അത് കൊള്ളയടിക്കലായിരുന്നു ലക്ഷ്യമെന്നും യുവാവ് മൊഴി നല്‍കിയതായി ക്രൈംബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് പത്മ ഗിരീഷ് എയര്‍ഗണുമായി ആര്‍.ബി.ഐ ആസ്ഥാനത്തേക്ക് കടക്കാന്‍ ശ്രമിച്ചത്. സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ തടഞ്ഞതോടെ ഇടിച്ചുകയറാന്‍ ശ്രമിച്ച യുവാവിനെ ആര്‍.ബി.ഐ പ്രമൈസിസ് വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ കടന്നു പിടിക്കുകയായിരുന്നു. പിന്നീട്, സെക്യൂരിറ്റി ജീവനക്കാരും പൊലീസും വളഞ്ഞു. ഇതിനിടയില്‍ ഒരു തവണ വെടിപൊട്ടുകയുമുണ്ടായി. തീവ്രവാദ ബന്ധമുണ്ടോ എന്നത് പ്രാഥമിക സംശയം മാത്രമാണെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു.
2010 മുതല്‍ കോട്ടയത്തെ മനോരോഗ ഡോക്ടറുടെ ചികിത്സയിലാണ് പത്മ ഗിരീഷ് എന്ന് അടുത്ത ബന്ധു ‘മാധ്യമ’ത്തോട് പറഞ്ഞു. 2002ല്‍ അച്ഛന്‍ കുടുംബമുപേക്ഷിച്ചു പോയ യുവാവിന് അമ്മയും സഹോദരിയുമുണ്ട്. മാര്‍ച്ച് 19 മുതല്‍ കാണാതായതാണ്. ഇതിന് മുമ്പും പലകുറി കാണാതായിട്ടുണ്ട്.
ലോട്ടറി ഏജന്‍സിയായ പൊന്‍കുന്നത്തെ അമ്മു ലക്കി സെന്‍ററിലായിരുന്നു ജോലി. അന്ന് ലോട്ടറി വാങ്ങാന്‍ ഉടമ കൊടുത്ത മൂന്നര ലക്ഷം രൂപയുമായി മുങ്ങിയെന്ന് ആരോപണമുണ്ട്. ഉടമ പൊന്‍കുന്നം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുകയാണ്. മുങ്ങിയെന്നു പറയുന്ന ദിവസം വൈകീട്ട് ബംഗളൂരുവിലേക്ക് പോവുകയാണെന്ന് അമ്മക്ക് എസ്.എം.എസ് അയച്ചിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയി. അഞ്ചു ദിവസം കഴിഞ്ഞും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മണിമല പൊലീസില്‍ കാണാതായതായി പരാതി നല്‍കിയിട്ടുണ്ട്-ബന്ധു പറഞ്ഞു.
പത്മ ഗിരീഷ് മാര്‍ച്ച് 21 മുതല്‍ 27 വരെ മുംബൈയില്‍ തങ്ങിയതായി പൊലീസ് പറഞ്ഞു. പിന്നീട് തിങ്കളാഴ്ചയാണ് ദക്ഷിണ മുംബൈയിലെ ഫോര്‍ട്ടിലെ ലോഡ്ജില്‍ മുറിയെടുത്തത്. കോഴിക്കോട്ടു നിന്നാണ് എയര്‍ഗണ്‍ വാങ്ങിയതെന്ന് മൊഴിനല്‍കിയിട്ടുണ്ട്.
ഐ.പി.സി 307 (വധശ്രമം), 332 (ഡ്യൂട്ടിക്കിടെ സര്‍ക്കാര്‍ ജീവനക്കാരെ ആക്രമിച്ച് പരിക്കേല്‍പിക്കല്‍), 353 (ജോലി തടസ്സപ്പെടുത്തല്‍ ), 452 (അതിക്രമിച്ചു കടക്കല്‍ ), 427 (നാശനഷ്ടം വരുത്തല്‍ ) വകുപ്പുകള്‍ പ്രകാരമാണ് കേസ്. പണവുമായി മുങ്ങിയ കേസില്‍ വാറണ്ടുമായി പൊന്‍കുന്നം പൊലീസും മുംബൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus