12:30:26
28 Jul 2014
Monday
Facebook
Google Plus
Twitter
Rssfeed

വധശിക്ഷ നല്‍കില്ലെന്ന ഉറപ്പ്: കടല്‍ക്കൊല കേസില്‍ ആശയക്കുഴപ്പം

വധശിക്ഷ നല്‍കില്ലെന്ന ഉറപ്പ്: കടല്‍ക്കൊല കേസില്‍ ആശയക്കുഴപ്പം

ന്യൂദല്‍ഹി: കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ എന്‍.ഐ.എ കേസെടുക്കുമ്പോള്‍ വധശിക്ഷ സംബന്ധിച്ച് ഇന്ത്യ ഇറ്റലിക്ക് നല്‍കിയ ഉറപ്പിനെ ചൊല്ലി ആശയക്കുഴപ്പം. കേസിന്‍െറ അന്വേഷണം എന്‍.ഐ.എ ഏറ്റെടുക്കുമ്പോള്‍ 2002ലെ കടല്‍യാത്രാ സുരക്ഷയുമായി ബന്ധപ്പെട്ട നിയമപ്രകാരമാണ് എഫ്.ഐ.ആര്‍ ഇടേണ്ടത്. ഈ നിയമപ്രകാരം വിചാരണ നടന്നാല്‍ നാവികര്‍ക്ക് വധശിക്ഷ വരെ ലഭിക്കാം. ഇറ്റാലിയന്‍ നാവികര്‍ക്ക് വധശിക്ഷ നല്‍കില്ലെന്ന് ഇന്ത്യ ഇറ്റലിക്ക് രേഖാമൂലം ഉറപ്പുനല്‍കിയിട്ടുണ്ട്. വോട്ടു ചെയ്യാന്‍ കോടതി അനുമതിയോടെ നാട്ടില്‍ പോയ നാവികരെ തിരിച്ചയക്കില്ലെന്ന നിലപാട് ഇറ്റലി മാറ്റിയത് പ്രസ്തുത ഉറപ്പിനെ തുടര്‍ന്നാണ്. ഈ സാഹചര്യത്തില്‍ എന്തു ചെയ്യണമെന്ന കാര്യത്തില്‍ അഭിപ്രായം തേടി ആഭ്യന്തര മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു.

ഇതിന് ഇറ്റലിക്ക് കൊടുത്ത ഉറപ്പ് ഏതു സാഹചര്യത്തിലും പാലിക്കണമെന്ന് വിദേശകാര്യമന്ത്രാലയം മറുപടി നല്‍കി. ഇതു പരിഗണിച്ച് വധശിക്ഷ ഉണ്ടാവില്ലെന്ന് ഉറപ്പാക്കുന്ന തരത്തില്‍ പുതിയ എഫ്.ഐ.ആര്‍ തയാറാക്കാനുള്ള ശ്രമത്തിലാണ് ആഭ്യന്തര മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് എന്‍.ഐ.ഐ അറ്റോണി ജനറലിനോട് നിയമോപദേശം തേടി. വധശിക്ഷ ലഭിച്ചേക്കാവുന്ന നിയമപ്രകാരം കേസെടുക്കുന്നതിനോട് ഇറ്റലി പ്രതിഷേധം അറിയിച്ചിട്ടുണ്ട്. തങ്ങള്‍ നല്‍കിയ ഉറപ്പ് ലംഘിക്കപ്പെടില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം ഇറ്റലിക്ക് നല്‍കിയ മറുപടി. ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കണക്കാക്കുന്ന കൊലക്കേസുകളില്‍ മാത്രമേ വധശിക്ഷ നല്‍കൂ. കടല്‍ കൊല കേസ് അത്തരമൊന്നാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിക്കില്ലെന്നും വധശിക്ഷ നല്‍കണമെന്ന ആവശ്യം ഉന്നയിക്കില്ലെന്നും വിദേശകാര്യമന്ത്രാലയം ഇറ്റാലിയന്‍ എംബസിയെ അറിയിച്ചതായാണ് വിവരം.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus