12:30:26
01 Nov 2014
Saturday
Facebook
Google Plus
Twitter
Rssfeed

നിലവാരം കുറഞ്ഞ എന്‍ജി. കോളജുകള്‍ക്കെതിരെ നടപടി; മാനേജ്മെന്‍റുകള്‍ക്ക് സമയം നീട്ടി നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്തെ നിലവാരം കുറഞ്ഞ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ് കൂടുതല്‍ സമയം അനുവദിച്ചു. നിശ്ചിത വിജയ ശതമാനം നേടിയില്ലെങ്കില്‍ 2015-16 അധ്യയന വര്‍ഷം മുതല്‍ കോളജുകള്‍ക്ക് തുടര്‍ അഫിലിയേഷന്‍ നല്‍കേണ്ടെന്നാണ് പുതിയ തീരുമാനം. 2013-14 അധ്യയന വര്‍ഷത്തില്‍ നടപടി സ്വീകരിക്കാനായിരുന്നു ആദ്യത്തെ തീരുമാനം.
പ്രശ്നത്തില്‍ കോളജ് മാനേജ്മെന്‍റുകളുടെ യോഗം സര്‍ക്കാര്‍ വിളിച്ചിരുന്നു. പുതിയ അധ്യയന വര്‍ഷത്തില്‍ കോളജുകള്‍ക്കെതിരെ നടപടിയെടുക്കാനുള്ള തീരുമാനം അറിഞ്ഞില്ലെന്ന് അഭിപ്രായപ്പെട്ട മാനേജ്മെന്‍റുകള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഇതുപരിഗണിച്ചാണ് കൂടുതല്‍ സമയം നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. 2012-13 വര്‍ഷത്തില്‍ പ്രവേശം നേടിയ വിദ്യാര്‍ഥികളുടെ പരീക്ഷാഫലം അടിസ്ഥാനപ്പെടുത്തിയായിരിക്കും കോളജുകള്‍ക്ക് തുടര്‍ അഫിലിയേഷന്‍ നല്‍കുന്ന കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുക്കുക. ഒന്നും രണ്ടും വര്‍ഷങ്ങളില്‍ 25ഉം മൂന്നാം വര്‍ഷത്തില്‍ 30 ഉം ഫൈനല്‍ പരീക്ഷയില്‍ 35 ഉം ശതമാനം വിജയവുമാണ് കോളജുകള്‍ക്ക് മുന്നില്‍ നിലവാരം വിലയിരുത്താനായി സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡം. മുഴുവന്‍ വിഷയങ്ങളിലും വിജയിച്ചവരുടെ എണ്ണമനുസരിച്ചായിരിക്കും ശതമാനം നിശ്ചയിക്കുക. സര്‍ക്കാര്‍ തന്നെ നേരിട്ട് സര്‍വകലാശാലകളില്‍ നിന്ന് എന്‍ജിനീയറിങ് കോളജുകളുടെ നിലവാരം പരിശോധിക്കുന്നതിന്‍െറ ഭാഗമായി വിജയശതമാനത്തിന്‍െറ കണക്ക് ശേഖരിക്കും. രണ്ട് ഡസനോളം കോളജുകളെയാണ് നേരത്തെ നിലവാരം കുറഞ്ഞവയെന്ന് കണ്ടെത്തിയിരുന്നത്. നിലവാരം ഉയര്‍ത്തണമെന്നും അല്ലാത്ത പക്ഷം കോളജിന് തുടര്‍ന്ന് അംഗീകാരം ഉണ്ടാകില്ലെന്നും വ്യക്തമാക്കുന്നതിന്‍െറ ഭാഗമായിട്ടായിരുന്നു മാനേജ്മെന്‍റുകളുടെ യോഗം വിളിച്ചുചേര്‍ത്തത്. കണ്ണൂര്‍. എം.ജി., കേരള, കുസാറ്റ് സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള കോളജുകളാണ് നേരത്തെ വിജയശതമാനത്തില്‍ പിറകിലുള്ളവയുടെ പട്ടികയില്‍ കൂടുതല്‍ കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി മോശം പ്രകടനം നടത്തുന്ന സ്വാശ്രയ എന്‍ജിനീയറിങ് കോളജുകള്‍ അടച്ചുപൂട്ടാന്‍ നടപടി സ്വീകരിക്കണമെന്ന് നേരത്തെ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവരടങ്ങിയ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് നേരത്തെ സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി തുടങ്ങിയത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com