12:30:26
28 Nov 2014
Friday
Facebook
Google Plus
Twitter
Rssfeed

ആറന്മുള വിമാനത്താവള നിര്‍മാണം എല്ലാ നിയമങ്ങളും ലംഘിച്ചെന്ന്

ആറന്മുള വിമാനത്താവള നിര്‍മാണം  എല്ലാ നിയമങ്ങളും ലംഘിച്ചെന്ന്

പത്തനംതിട്ട:ആറന്മുള വിമാനത്താവള നിര്‍മാണം നിലവിലെ എല്ലാ നിയമങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് ഹരജിക്കാരനായ കുമ്മനം രാജശേഖരന്‍ ഹരിത ട്രൈബ്യൂണല്‍ മുമ്പാകെ ചൂണ്ടിക്കാട്ടി. 1963 ലെ കേരള ഭൂപരിഷ്കരണ നിയമം, 1986 ലെ കേരള പരിസ്ഥിതി സംരക്ഷണ നിയമം, 2008 ലെ കേരള നെല്‍വയല്‍ നീര്‍ത്തട നിയമം, ഭൂമി ഏറ്റെടുക്കല്‍ നിയമം, ഭൂപരിധി നിയമം എന്നിവ ലംഘിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് പരാതിയില്‍ വ്യക്തമാക്കി.
ആറന്മുളയില്‍ കാലങ്ങളായി നെല്‍കൃഷി നടന്നുവരുന്നു എന്നതിന്‍െറ തെളിവിന് സംസ്ഥാന സര്‍ക്കാറും കൃഷിഭവനും നടപ്പാക്കിയ പദ്ധതികളെപ്പറ്റിയുള്ള തെളിവുകളും ഗ്രീന്‍ ട്രൈബ്യൂണലിന് മുന്നില്‍ സമര്‍പ്പിച്ചിരുന്നു. കേന്ദ്ര വ്യോമയാന വകുപ്പ്, കേന്ദ്ര പ്രതിരോധ വകുപ്പ്, കേന്ദ്രവനം പരിസ്ഥിതി വകുപ്പ് എന്നിവയുടെ സെക്രട്ടറിമാര്‍,സംസ്ഥാന ചീഫ് സെക്രട്ടറി, വ്യവസായ വകുപ്പ് സെക്രട്ടറി, റവന്യൂവകുപ്പ് സെക്രട്ടറി, കലക്ടര്‍, കോഴഞ്ചേരി തഹസില്‍ദാര്‍,ഭൂമിയുടെ മുന്‍ ഉടമ എബ്രഹാം കലമണ്ണില്‍,പരിസ്ഥിതി അപ്രൈസല്‍ കമ്മിറ്റി ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ എന്നീ സര്‍ക്കാര്‍ വകുപ്പുകളെയും വ്യക്തികളെയും പ്രതിയാക്കിയാണ് പരാതി നല്‍കിയത്.
യു.എന്‍.ഡി.പി പൈതൃക ഗ്രാമമായി അംഗീകരിച്ച ആറന്മുളയില്‍ 500 ഏക്കര്‍ വയല്‍ നികത്തി വിമാനത്താവളം നിര്‍മിക്കാനുള്ള നീക്കം ഗ്രാമ ചൈതന്യത്തെയും പരിസ്ഥിതിയെയും പ്രതികൂലമായി ബാധിക്കുമെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.ചാരിറ്റബിള്‍ സൊസൈറ്റി മറവില്‍ ഭൂപരിധി നിയമം ലംഘിച്ച് ഏക്കറുകണക്കിന് ഭൂമി മുന്‍ ഉടമ വാങ്ങിയതിന് തെളിവുണ്ട്. അനധികൃത ഭൂമി കച്ചവടത്തിനെതിരെ കോഴഞ്ചേരി അഡീഷനല്‍ തഹസില്‍ദാര്‍ 2009 ജൂണ്‍ മൂന്നിന് കലക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍െറ കോപ്പി, ആറന്മുള സബ് രജിസ്ട്രാറുടെ 2010 ഫെബ്രുവരി 25 ലെ റിപ്പോര്‍ട്ട്, നിയമപരമായ അനുമതി വാങ്ങിയ ശേഷം മാത്രമേ ഭൂമിയില്‍ നിര്‍മാണം പാടുള്ളൂ എന്ന ഹൈകോടതി വിധിയുടെ കോപ്പി, പദ്ധതി പ്രദേശം നെല്‍വയലും തണ്ണീര്‍ത്തടവുമാണെന്ന് വ്യക്തമാക്കുന്ന ഗൂഗിള്‍ മാപ്പിന്‍െറ കോപ്പി, വിമാനത്താവള നിര്‍മാണം പരിസ്ഥിതിയെ തകര്‍ക്കുമെന്ന് വ്യക്തമാക്കുന്ന നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ 2012 ജൂലൈ ഒമ്പതിലെ പഠന റിപ്പോര്‍ട്ട്, പദ്ധതിക്ക് ആവശ്യമായ സ്ഥലം നിര്‍മാതാക്കളായ കെ.ജി.എസ് കമ്പനിക്കില്ലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ, കെ.ജി.എസിന്‍െറ പേരിലുള്ള പോക്കുവരവ് റദ്ദുചെയ്ത കലക്ടറുടെ നടപടിയുടെ പകര്‍പ്പ്, കെ.ജി.എസ് നടത്തിയ പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടില്‍ യഥാര്‍ഥ വിവരങ്ങള്‍ മറച്ചുവച്ച് തെറ്റായ വിവരങ്ങള്‍ ചേര്‍ത്തതിന്‍െറ രേഖകള്‍,മാധ്യമ റിപ്പോര്‍ട്ടുകള്‍ എന്നിവ പരാതിക്കൊപ്പം സമര്‍പ്പിച്ചിരുന്നു.കെ.ജി.എസിനുവേണ്ടി സുപ്രീംകോടതി അഭിഭാഷകന്‍ പരാശരന്‍ ഹാജരായി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com