12:30:26
23 Oct 2014
Thursday
Facebook
Google Plus
Twitter
Rssfeed

നടുക്കടലില്‍ നാലുദിവസം; മൈക്കിള്‍ ജീവിതതീരത്തേക്ക്

നടുക്കടലില്‍ നാലുദിവസം;  മൈക്കിള്‍ ജീവിതതീരത്തേക്ക്
മൈക്കിള്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍
മുങ്ങിയ ഉരുവിലെ ഒരാളെക്കൂടി രക്ഷപ്പെടുത്തി

കൊടുങ്ങല്ലൂര്‍: ആഴക്കടലില്‍ ഭക്ഷണവും കുടിവെള്ളവുമില്ലാതെ, ലൈഫ് ജാക്കറ്റില്‍ ബന്ധിതനായി നാലുദിവസം ഒഴുകി നടന്നശേഷം മൈക്കിള്‍ ജീവിതതീരമണഞ്ഞു. ബേപ്പൂരില്‍നിന്ന് ലക്ഷദ്വീപിലേക്കു പോകുകയായിരുന്ന ഉരു കടല്‍ക്ഷോഭത്തില്‍പെട്ട് മുങ്ങി കാണാതായ തമിഴ്നാട് തൂത്തുക്കുടിയിലെ ഫാത്തിമ നഗറില്‍ ഗിത്തേരിയുടെ മകന്‍ മൈക്കിള്‍ ക്രൂസാണ് (55) അപകടത്തിന്‍െറ അഞ്ചാംദിനം അത്ഭുതകരമായി രക്ഷപ്പെട്ടത്.
ചാവക്കാട് കടലില്‍നിന്ന് 15 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറുഭാഗത്ത് അവശനിലയില്‍ ലൈഫ് ജാക്കറ്റില്‍ ബന്ധിതനായി കടലില്‍ ഒഴുകി നടന്ന മൈക്കിളിനെ ഫോര്‍ട്ടുകൊച്ചിയില്‍നിന്ന് മത്സ്യബന്ധനത്തിന് പോയ ‘അല്‍അമീന്‍’ ബോട്ടിലെ തൊഴിലാളികളാണ് കണ്ടത്. ബോട്ടിലുണ്ടായിരുന്നവര്‍ കരയിലേക്ക് വിവരം നല്‍കിയതനുസരിച്ച് അഴീക്കോട് കോസ്റ്റല്‍ പൊലീസ് ഉടന്‍ കടലിലെത്തി. പൊലീസ് ബോട്ടില്‍ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെ അഴീക്കോട് തീരത്തുകൊണ്ടുവന്ന് കൊടുങ്ങല്ലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശരീരത്തിന്‍െറ ചില ഭാഗങ്ങളില്‍ തൊലി പോയ നിലയിലാണ്. എഴുന്നേറ്റ് ഇരിക്കാനും പ്രയാസപ്പെടുന്നുണ്ട്. കടല്‍വെള്ളം കുടിച്ചാണ് ജീവന്‍ നിലനിര്‍ത്തിയതെന്ന് മൈക്കിള്‍ പറഞ്ഞു. അവശനായി കടലിന്‍െറ ഭയാനകതയില്‍ രാത്രിയും പകലുമില്ലാതെ ഒഴുകി നടക്കുമ്പോഴും മനോധൈര്യം കൈവിടാതെ പ്രാര്‍ഥിച്ചു.
ഉരു മുങ്ങിയ ഉടന്‍ ലൈഫ് ജാക്കറ്റ് അണിഞ്ഞ മൈക്കിള്‍ ഉള്‍പ്പെടെയുള്ളവര്‍ പല ഭാഗത്തേക്ക് ഒഴുകിപ്പോകുകയായിരുന്നു. മറ്റ് അഞ്ചുപേര്‍ രക്ഷപ്പെട്ടതും രണ്ടു പേരെ കിട്ടാനുള്ളതും ആശുപത്രിയില്‍ എത്തിയ ബന്ധുക്കളില്‍നിന്നാണ് മൈക്കിള്‍ അറിയുന്നത്. മൈക്കിളിനെ കാണാന്‍ മകന്‍ ഗോള്‍ഡനും സഹോദരന്‍ സ്റ്റീഫനും താലൂക്ക് ആശുപത്രിയില്‍ എത്തിയ രംഗം വികാരനിര്‍ഭരമായിരുന്നു. മാര്‍ച്ച് 29ന് അര്‍ധരാത്രി പരപ്പനങ്ങാടിയില്‍നിന്ന് 24 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്. കടല്‍ക്ഷോഭത്തില്‍പെട്ട് മുങ്ങിയ ഉരുവില്‍നിന്ന് മൂന്നുപേരെ അപ്പോള്‍തന്നെ മത്സ്യബന്ധന ബോട്ടുകള്‍ രക്ഷപ്പെടുത്തി. രണ്ടുപേരെ അടുത്ത ദിവസവും കിട്ടി. മൈക്കിളിനെ രക്ഷപ്പെടുത്തിയതോടെ ഇനി രണ്ടുപേരെ കൂടി കണ്ടെത്താനുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com