12:30:26
21 Dec 2014
Sunday
Facebook
Google Plus
Twitter
Rssfeed

പുതിയ സാധ്യതകള്‍ തുറന്ന് ന്യൂക്ളിയാര്‍ എന്‍ജിനീയറിങ്

പുതിയ സാധ്യതകള്‍ തുറന്ന് ന്യൂക്ളിയാര്‍ എന്‍ജിനീയറിങ്

എന്‍ജിനീയറിങ് കോഴ്സുകളുടെ കാലം കഴിഞ്ഞുവെന്ന് കരുതുന്നവരാണ് പലരും. സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷങ്ങളില്‍ പല സ്വകാര്യ സ്ഥാപനങ്ങളും റിക്രൂട്ട്മെന്‍റുകള്‍ നിര്‍ത്തിവെച്ചതാണ് പലരിലും ഈ ധാരണക്ക് കാരണമായത്. ഒരു പരിധിവരെ ഇക്കാര്യം ശരിയുമായിരുന്നു. എന്നാല്‍, ഇതിനപ്പുറത്തും ഈ ധാരണക്ക് കാരണങ്ങളുണ്ട്. പരമ്പരാഗത എന്‍ജിനീയറിങ് കോഴ്സുകള്‍മാത്രം തെരഞ്ഞെടുക്കുന്ന നമ്മുടെ പ്രവണതയാണ് ഇതില്‍ പ്രധാനം. എന്‍ജിനീയറിങ് എന്നാല്‍, ‘സിവിലും മെക്കാനിക്കും’ മാത്രമേ ഉള്ളൂ എന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്. എന്‍ജിനീയറിങ് മേഖലയിലെ പുതിയതും വളര്‍ന്നുവരുന്നതുമായ ശാഖകളെ കണ്ടെത്തുന്നതിനും അവയുടെ സാധ്യത ആരായുന്നതിനും നാം മെനക്കെടാറില്ലെന്നതാണ് സത്യം.
സ്പെഷലൈസ്ഡ് എന്‍ജിനീയറിങ്ങിന്‍െറ കാലത്താണ് നാമുള്ളത്. എന്‍ജിനീയറിങ്ങില്‍തന്നെ ഏതെങ്കിലുമൊരു ശാഖയില്‍ സ്പെഷലൈസേഷനോടുകൂടിയ ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ ഇന്ന് നമ്മുടെ രാജ്യത്തെ സര്‍വകലാശാലകളിലുണ്ട്. രാജ്യത്തെയും വിദേശത്തെയും കമ്പനികളും റിക്രൂട്ടിങ് ഏജന്‍സികളുമെല്ലാം തിരയുന്നതും ഇപ്പോള്‍ സ്പെഷലൈസ്ഡ് എന്‍ജിനീയര്‍മാരെയാണ്. മുന്‍കാലങ്ങളില്‍ ന്യൂക്ളിയാര്‍ പവര്‍ പ്ളാന്‍റുകളിലും മറ്റും നിയമിച്ചിരുന്നത് സാധാരണ എന്‍ജിനീയര്‍മാരെയായിരുന്നു. ഇന്നിപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു. ന്യൂക്ളിയാര്‍ എന്‍ജിനീയറിങ് എന്നൊരു ശാഖതന്നെ ഇന്ന് പഠിപ്പിക്കപ്പെടുന്നുണ്ട്. ഇന്ത്യയില്‍ ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്‍റര്‍ പോലുള്ള സ്ഥാപനങ്ങളില്‍ ന്യൂക്ളിയാര്‍ എന്‍ജിനീയറിങ്ങില്‍തന്നെ വീണ്ടും സ്പെഷലൈസേഷനോടുകൂടിയ കോഴ്സുകള്‍ ഉണ്ട്. കൂടാതെ, ഒരു പ്രഫഷന്‍ എന്നതിനപ്പുറം, ഗവേഷണതലത്തിലേക്ക് കൂടി നമ്മുടെ കരിയര്‍ വ്യാപിപ്പിക്കണമെന്നുണ്ടെങ്കില്‍ അതിനേറ്റം ഉചിതം ഇത്തരം സ്പെഷലൈസ്ഡ് എന്‍ജിനീയറിങ് കോഴ്സുകളായിരിക്കും. ന്യൂക്ളിയാര്‍ എന്‍ജിനീയറിങ് എന്ന ശാഖയെ പരിചപ്പെടുത്തുകയാണ് ഈ ലക്കത്തില്‍.
അണു ഭൗതികത്തിന്‍െറ (ന്യൂക്ളിയര്‍ ഫിസിക്സ്) അപ്ളിക്കേഷനുകള്‍ ഉള്‍ക്കൊള്ളുന്ന എന്‍ജിനീയറിങ് ശാഖയെന്ന് ഇതിനെ സാമാന്യമായി വിശേഷിപ്പിക്കാം. ആണവ റിയാക്ടറുകളുടെ രൂപകല്‍പന, നിര്‍മാണം തുടങ്ങിയവയൊക്കെ ഉള്‍പ്പെടുന്നതാണിത്. റിയാക്ടറുകള്‍ മാത്രമല്ല, ന്യൂക്ളിയാര്‍ പവര്‍ പ്ളാന്‍റുകള്‍ തുടങ്ങി ആണവായുധങ്ങളുടെ നിര്‍മാണങ്ങളില്‍വരെ ഒരു ന്യൂക്ളിയാര്‍ എന്‍ജിനീയര്‍ക്ക് കാര്യമായ പങ്കുണ്ട്. ഇതുകൂടാതെ മെഡിക്കല്‍രംഗത്തും ന്യൂക്ളിയാര്‍ എന്‍ജിനീയര്‍മാര്‍ക്ക് സാധ്യതകളുണ്ട്. മെഡിക്കല്‍ ഫിസിക്സിന്‍െറ ലോകവും ന്യൂക്ളിയാര്‍ എന്‍ജിനീയര്‍മാരെ സംബന്ധിച്ചിടത്തോളം വിശാലമാണ്. റേഡിയോ ആക്ടീവ് പദാര്‍ഥങ്ങള്‍ ഉപയോഗിച്ചുള്ള ആധുനിക ചികിത്സാരീതിയായ ന്യൂക്ളിയാര്‍ മെഡിസിന്‍െറ മേഖലയാണ് മറ്റൊരു സാധ്യതയുള്ള മേഖല.
മിക്കവാറും ആളുകള്‍ പൊതുവെ അവഗണിക്കുന്ന ഒരു കോഴ്സാണ് ന്യൂക്ളിയാര്‍ എന്‍ജിനീയറിങ്. ആണവോര്‍ജ ഉല്‍പാദനവുമായും ആണവ സുരക്ഷയുമായും ബന്ധപ്പെട്ട് നിരവധി ഗവേഷണ സ്ഥാപനങ്ങള്‍ ഇപ്പോള്‍ ന്യൂക്ളിയാര്‍ എന്‍ജിനീയര്‍മാരെ റിക്രൂട്ട് ചെയ്യാറുണ്ട്. ആവശ്യത്തിന് ന്യൂക്ളിയാര്‍ എന്‍ജിനീയര്‍മാര്‍ രാജ്യത്തില്ല എന്നതാണ് യാഥാര്‍ഥ്യം. ന്യൂക്ളിയാര്‍ എന്‍ജിനീയറിങ്ങില്‍തന്നെ വീണ്ടും സ്പെഷലൈസേഷനുകള്‍ ഉണ്ട്. ന്യൂക്ളിയാര്‍ മെഡിക്കല്‍ എന്‍ജിനീയറിങ്, ന്യൂക്ളിയാര്‍ ഡിസൈനിങ് എന്‍ജിനീയറിങ് തുടങ്ങി മറ്റൊരു ലോകം തന്നെയുണ്ട്. ഗവേഷണരംഗത്ത് ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ഒന്നായി ഈ എന്‍ജിനീയറിങ് ശാഖ മാറിയിരിക്കുന്നു.
മറ്റേതൊരു എന്‍ജിനീയറിങ് ശാഖ പോലെത്തന്നെ ന്യൂക്ളിയാര്‍ എന്‍ജിനീയറിങ് ബിരുദ കോഴ്സുകള്‍ നാലുവര്‍ഷവും ബിരുദാനന്തര ബിരുദ കോഴ്സുകള്‍ രണ്ട് വര്‍ഷവുമാണ്. പ്ളസ്ടുവിന് ശാസ്ത്ര വിഷയം പഠിച്ചവര്‍ക്കാണ് ബിരുദ കോഴ്സിന് യോഗ്യത. പ്രവേശ പരീക്ഷയും പാസായിരിക്കണം. ഭൗതിക ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളില്‍ സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഒരു കോഴ്സാണിത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus