12:30:26
30 Jul 2014
Wednesday
Facebook
Google Plus
Twitter
Rssfeed

അയ്യോ ചേട്ടാ വന്നല്ലോ

അയ്യോ ചേട്ടാ വന്നല്ലോ

ഉമ്മന്‍ ചാണ്ടിക്ക് ഇടുക്കിയില്‍ നിന്ന് ഒരു ഫോണ്‍ കോള്‍. ഉമ്മന്‍ ചാണ്ടിയുടെ അഭാവത്തില്‍ പിതാവ് കെ.ഒ. ചാണ്ടിയാണു ഫോണ്‍ എടുത്തത്. അദ്ദേഹം ഫോണ്‍ കോളുകള്‍ അറ്റന്‍ഡ് ചെയ്താല്‍ അതു കൃത്യമായി എഴുതി വിശദാംശങ്ങള്‍ പുത്രനെ ഏല്പിക്കുകയാണു പതിവ്. ഈ ഫോണ്‍ സന്ദേശവും പുത്രനു കൈമാറി.
ഗുരുതരമായ അവസ്ഥയില്‍ ഒരു സ്ത്രീയെ കോട്ടയത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു എന്നാണു സന്ദേശം.  കോട്ടയം, ഇടുക്കി,  പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെ മിക്ക രോഗികളും വിദഗ്ധചികിത്സ തേടി അന്നു കോട്ടയം മെഡിക്കല്‍ കോളജിലാണ് വന്നിരുന്നത്. രോഗിക്ക്  ചികിത്സകിട്ടാനും കട്ടില്‍ കിട്ടാനുമൊക്കെ അന്ന് എംഎല്‍എയുടെ ശിപാര്‍ശയ്ക്കു സമീപിക്കുക സര്‍വസാധാരണമായിരുന്നു. ചിലര്‍ സാമ്പത്തിക സഹായം തേടിയാണു ബന്ധപ്പെടുന്നത്.
ഉമ്മന്‍ ചാണ്ടിക്ക് അന്നു വലിയ തിരക്കുള്ള ദിവസമായിരുന്നു. അതുകൊണ്ട് ആശുപത്രിയില്‍ പോകാന്‍ പേഴ്സണല്‍ അസിസ്റ്റന്‍്റ് സുരേന്ദ്രനെ ചുമതലപ്പെടുത്തി. പിഎ നേരേ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി. കൃത്യമായ വാര്‍ഡ് നമ്പരും ബെഡ്നമ്പരുമൊക്കെ പിഎയുടെ കൈയ്യില്‍ ഉണ്ടായിരുന്നു. ആദ്യം 17ാം വാര്‍ഡ് കണ്ടുപിടിച്ചു. പിന്നെ ബെഡ്ഡും. ബെഡ്ഡില്‍ ഒരു മധ്യവയ്സ്ക കിടക്കുന്നു. അവശയാണ്. പിഎ അവരെ തട്ടിവിളിച്ചു. അവര്‍ കണ്ണുതുറന്നപ്പോള്‍ അത്ഭുതപ്പെട്ടുപോയി. പിന്നെ കെട്ടിയൊരു പിടിത്തമായിരുന്നു.
"അയ്യോ  ചേട്ടാ വന്നല്ലോ...''’എന്നൊക്കെ പുലമ്പിക്കൊണ്ടായിരുന്നു കെട്ടിപ്പിടിത്തം. പിഎ ഞെട്ടിപ്പോയി. അവിടെയുള്ള മറ്റു രോഗികള്‍  രക്ഷപ്പെടുത്തുമെന്ന പ്രതീക്ഷിയില്‍ അവരെ ദയനീയമായി നോക്കി. ഉടനെ അവിടെ ഇരുന്നവരും അടുത്ത ബഡ്ഡുകളിലുള്ളവരുമായ സ്ത്രീകള്‍ ചുറ്റുംകൂടി. അവര്‍ ഇതൊരു പുന:സമാഗമമായി കരുതി. പിന്നെ പാട്ടും കളിയും  ചിരിയും ഡാന്‍സും സന്തോഷാശ്രുക്കളും... ആകെ ബഹളമയം.
ഇതുകണ്ടു വാര്‍ഡിലെ നഴ്സുമാരും സെക്യൂരിറ്റിയും പാഞ്ഞെത്തി. സ്ത്രീയുടെ പിടിത്തത്തില്‍നിന്ന് ഒരുവിധത്തില്‍ പിഎയെ മോചിപ്പിച്ചു. മാനസിക രോഗികളുടെ വനിതാ വാര്‍ഡില്‍ അനുമതി ഇല്ലാതെ കടന്നതിനു നഴ്സുമാര്‍ പിഎയെ നന്നായി ശകാരിച്ചു. സെക്യൂരിറ്റി വിടാന്‍ ഒരുക്കമില്ലായിരുന്നു. ഈ വാര്‍ഡില്‍ അതിക്രമിച്ചു കടന്നതിനു പിഎയെ പോലീസില്‍ ഏല്പിക്കണമെന്നായി അവര്‍.
പിഎ അവരോടു കാര്യങ്ങളൊക്കെ വിശദമായി പറഞ്ഞു. വിശദാംശങ്ങളെഴുതിയ കുറിപ്പും കാണിച്ചു. സെക്യൂരിറ്റിക്ക് അപ്പോള്‍ വിശ്വാസമായി. പക്ഷേ, എവിടെയോ ഒരു കുഴപ്പമുണ്ട്. പിഎയെ കെട്ടിപ്പിടിച്ച ഈ സ്ത്രീ ഇടുക്കിക്കാരിയല്ല. മാസങ്ങളായി ഇവിടെയുണ്ട്. അവര്‍ക്ക് ആരോരുമില്ല. ഭര്‍ത്താവും ഉപേക്ഷിച്ചതാണ്.
അപ്പോള്‍ ആ ഇടുക്കിക്കാരിയെവിടേ? ജില്ലാ ആശുപത്രിയിലൊന്നു നോക്കിയാട്ടെ എന്നായി സെക്യൂരിറ്റി. പിഎ ഇക്കുറി ജാഗ്രതയോടെ ജില്ലാ ആശുപത്രിയിലെത്തി. നേരെ വാര്‍ഡിലേക്കു പോകുന്നതിനു പകരം നഴ്സുമാരുടെ സഹായം തേടി. ശരിയാണ്, 17-ാം വാര്‍ഡില്‍  ഇടുക്കിയില്‍ നിന്നുള്ള സ്ത്രീയെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. പിഎ അവരെ കണ്ടു കഥയൊക്കെ പറഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോയ കാര്യവും അവിടെ നടന്ന സംഭവങ്ങളുമൊക്കെ വിവരിച്ചു.
അപ്പോള്‍ ആ സ്ത്രീ പിഎയോടു ചോദിച്ചു:
"അപ്പോ.. ഇതു മെഡിക്കല്‍ കോളജ് അല്ലേ!''
ഒടുക്കം പിഎ അവരെ വണ്ടി പിടിച്ച് മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തിട്ടാണു മടങ്ങിയത്.
മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്യേണ്ടിയിരുന്ന മാനസിക രോഗമുള്ള സ്ത്രീയെയാണു ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. അതാണ് എല്ലാ പൊല്ലാപ്പിനും കാരണം.

comments powered by Disqus