Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightടയറ്​ നന്നായാൽ ജീവിതം...

ടയറ്​ നന്നായാൽ ജീവിതം നന്നായി

text_fields
bookmark_border
ടയറ്​ നന്നായാൽ ജീവിതം നന്നായി
cancel

പെരുമഴയത്ത്​ കടത്തിണ്ണയിൽ കയറി നിൽക്കുന്നയാ​ളോട്​​ ‘കുട തരാം നനക്കരുത്​...’ എന്ന്​ പറയുന്ന പോലെയാണ്​ നമ്മുടെ ഗതാഗത രംഗത്തെ ഇടപാടുകൾ. പണിയുന്നത്​ കാരംസ്​ ബോർഡ്​ പോലെ മിനു മിനാ മിനുങ്ങിയ റോഡുകൾ. പുറത്തിറങ്ങുന്നത്​ സ്​ട്രൈക്കർ പോലെ പായുന്ന വണ്ടികൾ. എന്നിട്ട്​ ചെസ്​ കളിക്കുംപോലെ ഒാടിക്കാൻ നിർദേശവും. 

തടസ്സങ്ങളെ തട്ടിമാറ്റി മുന്നോട്ട്​ കുതിക്കാൻ വെമ്പുന്ന, തിളയ്​ക്കുന്ന യൗവനങ്ങൾ വ്യവസ്​ഥിതിയോട്​ കലഹിച്ച്​ കുതിച്ചുപായു​േമ്പാൾ എതിരേ വരുന്ന വണ്ടിക്കടിയിൽ പെടും.  കുറ്റംപറയാൻ പറ്റില്ല. സുരക്ഷിതമായി വാഹനം ഒാടിക്കാൻ തക്ക വിധം റോഡ്​ നിർമിക്കണമെന്നാണ്​ സങ്കൽപം​. പ​ക്ഷേ, ഇവിടെ ദീർഘകാലം നിലനിൽക്കുന്ന റോഡുകൾക്കാണ്​ പ്രാധാന്യം. ചക്രങ്ങൾ ഘടിപ്പിച്ച പല രൂപങ്ങളിലും വലിപ്പങ്ങളിലുമുള്ള  പെട്ടികൾ ഇതിലൂടെ കൊണ്ടുപോവുക എന്നതാണല്ലോ നമ്മളിൽ നിക്ഷിപ്​തമായ ചുമതല. ചട്ടിയും കലവുമല്ലാത്തതുകൊണ്ട്​ തട്ടാനും മുട്ടാനും പാടില്ല. ഡ്രൈവിംഗ്​ സ്​കൂളുകളിൽ വണ്ടി എന്ന യന്ത്രം പ്രവർത്തിപ്പിക്കാൻ മാത്രമാണ്​ പഠിപ്പിക്കുന്നത്​. ക്ലച്ച്​​ ചവിട്ടി ഗിയറ്​ മാറി സ്​റ്റിയറിംഗ്​ വട്ടംതിരിക്കാനായാൽ ഒരുമാതിരിപ്പെട്ട ഗുരുക്കൻമാരൊക്കെ തൃപ്​തരാകും. അവർ കണ്ണിറുക്കിക്കാട്ടിയാൽ ലൈസൻസും കിട്ടും.

നനഞ്ഞറോഡും ഉണങ്ങിയ റോഡും മണലുള്ള റോഡും ചെളിയുള്ള റോഡുമൊക്കെ പലതരത്തിലുള്ള സ്വഭാവം ഉള്ളവയാണ്​. അതിലൂടെയൊക്കെ ഒറ്റബുദ്ധിക്ക്​ വിട്ടടിച്ചുപോയാൽ വിവരമറിയും. തൊലി പോയ സ്​ഥലത്ത്​ ലൈസൻസ്​ എടുത്ത്​ ഒട്ടിച്ചുവെച്ചാൽ വേദനമാറില്ല. ഒാരോ പ്രതലത്തിലും വണ്ടിയുടെ നിയന്ത്രണം പോകാതിരിക്കാൻ ഒാരോ തരത്തിലുള്ള ടയറുകളാണ്​ ഉപയോഗിക്കേണ്ടത്​. അത്​ സാധ്യമല്ലാത്തതിനാൽ എല്ലായിടത്തും ഒരുപോലെ ഒാടിക്കാൻ പറ്റുന്ന ടയറുകളാണ്​ കമ്പനികൾ ഫിറ്റ്​ ചെയ്​ത്​ വിടുന്നത്​. അതിൽ ത​ന്നെ ഒരു ചെരിപ്പി​​െൻറ വലിപ്പം മാത്രമുള്ള ഭാഗമാണ്​ റോഡിൽ തൊട്ടിരിക്കുന്നത്​. വണ്ടിയുടെ ഭാരം താങ്ങുക മാത്രമല്ല, ഹമ്പിൽ കയറുകയോ കുഴിയിൽ ചാടുകയോ ഒക്കെ ചെയ്യുമ്പോൾ ഒരു ഷോക്ക്​ അബ്​സോർബറി​​െൻറ ഫലവും ടയർ നൽകുന്നുണ്ട്​. വേഗം കൂട്ടുകയും വണ്ടി തിരിക്കുകയും ബ്രേക്കിടുകയുമൊക്കെ ചെയ്യുമ്പോൾ വാഹനം പാളിപ്പോകാതിരിക്കാനും ഇത്‌ സഹായിക്കും​. 

ടയർ പുരാണം
ഒരുപാട്​ പരിണാമങ്ങൾക്ക്​ ശേഷമാണ്​ ടയറുകൾ ഇൗ രീതിയിലായത്​. ടയർ കടകളിൽ ചെല്ലു​േമ്പാൾ റബറിനെ ടയറാക്കിയ വിദ്വാൻമാരൊക്കെ അവരുടെ പേരിൽ ചക്രങ്ങളായി ഇരിക്കുന്നതുകാണാം.

തടിച്ചക്രത്തിൽ റബർചുറ്റുന്ന രീതി പണ്ടേയുണ്ടായിരുന്നു. പക്ഷേ, ഡയറിമിൽക്ക്​ വായിലിട്ടപോലായിരുന്നു ഇവ. പെട്ടന്ന്​ തീർന്നുപോകും. 1839-ൽ അമേരിക്കയിലെ കണക്​റ്റിക്കട്ടിൽ നിന്നുള്ള ചാൾസ്‌ ഗുഡ്‌ഇയർ ഉയർന്ന മർദത്തിൽ റബ്ബറിനെ സൾഫർ ചേർത്ത്‌ ചൂടാക്കുന്ന ‘വൾക്കനൈസേഷൻ’ കണ്ടുപിടിച്ചു. ഈ പ്രക്രിയ റബ്ബറിനെ അനുസരണയുള്ളവനാക്കി. ഏത്​ രൂപത്തിലും ഉണ്ടാക്കാനുള്ള സാധ്യതയും തുറന്നു, ഒപ്പം തേയ്‌മാനം കുറഞ്ഞു. കട്ടിയുള്ള റബ്ബർ ടയറുകൾ കൂടുതൽ പ്രചാരം നേടി. പക്ഷേ, യാത്ര അത്ര സുഖകരമായിരുന്നില്ല.

1845-ൽ സ്‌കോട്ടിഷ്‌ എൻജിനീയറായ റോബർട്ട് ഡബ്ലിയു. തോംസൺ വായു നിറച്ച ആദ്യത്തെ (ന്യൂമാറ്റിക്‌) ടയറുകൾക്കുള്ള പേറ്റൻറ്​ നേടി. പക്ഷേ, ഒരു കാര്യവുമുണ്ടായില്ല. 1888-ൽ സ്‌കോട്ട്ലൻഡിൽനിന്നു തന്നെയുള്ള ജോൺ ബോയിഡ്‌ ഡൺലപ്‌ മക​​െൻറ സൈക്കിളിന്‍റെ സഞ്ചാരസുഖം മെച്ചപ്പെടുത്തുന്നതിന്‌ ഇറങ്ങിത്തിരിച്ചതോടെ കളിമാറി. പുതിയ ടയറിനു നിർമാണാവകാശം നേടിയ ഡൺലപ്‌  സ്വന്തം കമ്പനി സ്ഥാപിക്കുകയും ചെയ്‌തു. 
ഫ്രാൻസിൽ വൾക്കനൈസ്‌ ചെയ്‌ത റബ്ബർ കൊണ്ടുള്ള ജോലികൾ നന്നായി ചെയ്യുന്ന ഒരാളുണ്ടായിരുന്നു. ഏഡ്വാർ മിഷലിൻ. 1891-ലെ ഒരു ദിവസം ഇദ്ദേഹത്തി​​െൻറ കൂട്ടുകാര​​െൻറ സൈക്കിൾ പഞ്ചറായി. ആ ടയർ നന്നാക്കാൻ മിഷലിൻ ഒമ്പതു മണിക്കൂർ എടുത്തു. മനസിൽ ലഡുപൊട്ടിയ മിഷലിൻ, ഊരി മാറ്റാവുന്ന തരത്തിലുള്ള ന്യൂമാറ്റിക്‌ ടയർ നിർമിച്ചു. 

ഇൗ ടയർ വൻ വിജയമായി. 1895-ൽ ഏഡ്വാറും സഹോദരൻ ആന്ദ്രേയും ന്യൂമാറ്റിക്‌ ടയറുകൾ മത്സരയോട്ടത്തിൽ പങ്കെടുത്ത ഒരു കാറിൽ ഘടിപ്പിച്ചു. കാർ അവസാനമാണ്‌ എത്തിയതെങ്കിലും ഈ ടയറുകൾ ഹിറ്റായി.

1930 -40 ആയപ്പോഴേക്കും എളുപ്പം നശിക്കുന്ന പരുത്തി, സ്വാഭാവിക റബ്ബർ തുടങ്ങിയവക്കു പകരം റയോൺ, നൈലോൺ, പോളിയെസ്റ്റർ തുടങ്ങിയ ബലമുള്ള പദാർഥങ്ങൾ രംഗത്തെത്തി. രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പ്, മുതൽ ട്യൂബ്‌ ഉപയോഗിച്ച്​ ടയറിനുള്ളിൽ വായു നിലനിറുത്തിയിരുന്നു. പിന്നീട്​, ട്യൂബ്‌ ഇല്ലാത്ത ടയറുകൾ എത്തി. 180ൽ അധികം അസംസ്‌കൃത വസ്‌തുക്കൾ ഉപയോഗിച്ചാണ്​ നിലവിൽ ടയർ നിർമിക്കുന്നത്​.

പല ജാതി ടയറ്​
ലക്ഷത്തിലേറെ കിലോമീറ്റർ ഒാടിക്കാനാവുന്ന അത്യാധുനിക ടയറുകൾ ഇന്നുണ്ട്​. മണിക്കൂറിൽ നൂറുകണക്കിന്‌ കിലോമീറ്റർ വേഗം ആർജിക്കാനാവുന്ന ടയറുകൾ മൽസര കാറുകൾക്ക്​ വേണ്ടി നിർമിക്കുന്നു. ടയർ എങ്ങനെ തെരഞ്ഞെടുക്കാം എന്നത്​ കുഴപ്പിക്കുന്ന ചോദ്യം തന്നെയാണ്​. വാഹനത്തിനു ശിപാർശ ചെയ്യപ്പെട്ടിരിക്കുന്ന ടയറിന്‍റെയും ചക്രത്തിന്‍റെയും വലുപ്പം, വാഹനത്തിന്‍റെ ബോഡിയുടെ അടിവശവും റോഡും തമ്മിൽ ഉണ്ടായിരിക്കേണ്ട അകലം (ground clearance), വാഹത്തിന്​ വഹിക്കാൻ കഴിയുന്ന  പരമാവധി ഭാരം എന്നിവ സംബന്ധിച്ച നിർമാതാവിന്‍റെ നിർദേശങ്ങൾ പരമപ്രധാനമാണ്​. ആന്‍റിലോക്ക് ബ്രേക്ക് സംവിധാനം, ഘർഷണ നിയന്ത്രണം, ഓൾ വീൽ ഡ്രൈവ്‌ എന്നിവയുള്ളവക്ക്​, പ്രത്യേക പ്രവർത്തന സവിശേഷതകളുള്ള ടയറുകൾ വേണ്ടിവരും.

ടയറിന്‍റെ ആയുർദൈർഘ്യവും ഘർഷണ നിലവാരവും തെരഞ്ഞെടുപ്പിൽ പരിഗണിക്കണം. ട്രെഡിന്‍റെ കടുപ്പം കുറഞ്ഞാൽ റോഡിൽ ടയറിന്‍റെ പിടുത്തം കൂടും.ഘർഷണം കൂടുന്നതിനാൽ തേയ്‌മാനവും കൂടുതലായിരിക്കും. ട്രെഡ്‌ കടുപ്പം ഉള്ളതാണെങ്കിൽ ടയറിന്‍റെ ഘർഷണം കുറയും. അപ്പോൾ ഈടുനിൽക്കാനുള്ള സാധ്യത കൂടും. 

​െമാട്ട ടയറും ആ​േരാഗ്യവ​ും
ടയറുകൾ മാറേണ്ടത്​ അവ പൊട്ടിത്തെറിക്കു​േമ്പാളല്ല. കാലാവധി തീർന്നു എന്നു സൂചിപ്പിക്കുന്ന വെയർ ബാറുകൾ ടയറിലുണ്ട്​. ട്രെഡിന്‍റെ അടിയിൽ കുറുകെയുള്ള റബ്ബർ പട്ടകളായാണ്‌ ഇത്​ കാണപ്പെടുന്നത്‌. ട്രെഡ്‌ വിട്ടിരിപ്പുണ്ടോ, സൈഡ്‌വാൾ  ഉന്തിനിൽപ്പുണ്ടോ എന്നൊക്കെ പരിശോധിക്കുന്നത്‌ ടയറി​​െൻറയും നമ്മുടെയും ആരോഗ്യത്തിന്​ നല്ലതാണ്​. 

ടയർ മാറ്റിയിടുമ്പോൾ ഒരേ ആക്‌സിലിലെ രണ്ടെണ്ണവും ഒരുമിച്ചു മാറ്റുന്നതാണ്‌ നല്ലത്‌. ഒരു ടയർ മാത്രമേ പുതിയത്‌ ഇടുന്നുള്ളുവെങ്കിൽ, ബ്രേക്കു ചെയ്യുമ്പോൾ നിയന്ത്രണം നഷ്​ടപ്പെ​േട്ടക്കാം.  കൃത്യമായ വായുമർദം നിലനിറുത്തുക, ക്രമമായി ടയറുകൾ പരസ്​പരം മാറ്റിയിടുക, ടയറിന്‍റെ ബാലൻസും അലൈൻമെന്‍റും തെറ്റാതെ സൂക്ഷിക്കുക എന്നിവയൊക്കെയാണ്​ ഒരു ടയറി​​െൻറ ആരോഗ്യം കൂടുതൽ മെച്ചപ്പെടാനുള്ള വഴികൾ.
കൃത്യമായ വായുമർദം നിലനിറുത്തുന്നതു വളരെ പ്രധാനമാണ്‌. കാറ്റ്‌ കൂടുതലാണെങ്കിൽ ട്രെഡിന്‍റെ മധ്യഭാഗം തേഞ്ഞുപോകും. കുറഞ്ഞാൽ വക്കുകൾക്കു തേയും ഒപ്പം മൈലേജും കുറയും.

കാറ്റുപോകരുത്​
റബ്ബറിലൂടെ വായു കടക്കുമെന്നതിനാൽ മാസത്തിൽ  അര കിലോഗ്രാമോളം മർദം കുറഞ്ഞേക്കാം. ടയറിന്‍റെ രൂപം കണ്ട്​ അകത്തെ കാറ്റി​​െൻറ അളവളക്കാം എന്ന്​ കരുതുന്നത്​ വിഢിത്തമാണ്​. നിർമാതാക്കളുടെ അഭിപ്രായത്തിൽ ഒരു ടയറിലെ പകുതി വായുമർദം കുറഞ്ഞാലും അത്‌ നോട്ടത്തിലൂടെ മനസ്സിലാക്കാനാവില്ല. അതിനാൽ ടയർ തണുത്തിരിക്കു​േമ്പാൾ മർദമാപിനി ഉപയോഗിച്ച്​ അളക്കണം. 

എത്ര വായു നിറക്കാം എന്നത്​ പ്രധാനമായതിനാൽ ആ വിവരം  ഡ്രൈവറുടെ വാതിലിനരികിലായി പതിച്ച ലേബലിലോ ഇന്ധന ടാങ്കിന്‍റെ സമീപത്തോ ഉണ്ടായിരിക്കും. 

നിർമാതാക്കൾ പ്രത്യേക നിർദേശം നൽകിയിട്ടില്ലെങ്കിൽ ഒാരോ 10,000 കിലോമീറ്ററിനും ടയറുകൾ റൊ​േട്ടറ്റ്​ ചെയ്യണം. ഒപ്പം ടയർ അലൈൻമെന്‍റ് പരിശോധിപ്പിക്കുകയും വേണം.  സ്റ്റിയറിംഗിന്‌ പതിവില്ലാത്ത കമ്പനമോ മറ്റോ തോന്നിയാലും ഇത്​ ചെയ്യണം. 

മോശം ടയറുമിട്ട്​ അമിത വേഗത്തിൽ പോകുന്നതുകൊണ്ട്​ മാനസികമായ ആനന്ദം കിട്ടുമെന്നല്ലാതെ ​സമയ ലാഭം കിട്ടുമെന്ന്​ കരുതരുത്​. 50 കിലോമീറ്റർ ദൂരം താണ്ടണമെന്ന്​ കരുതുക.  റോഡിന്‍റെ വേഗപരിധി 80 കിലോമീറ്ററാണ്‌. 100 കിലോമീറ്റർ വേഗതത്തിൽ പാഞ്ഞാലും ലാഭിക്കാനാവുന്ന സമയം പത്ത്​ മിനിറ്റിൽ താഴെ മാത്രമാണ്​. 

പൊടിയോ മണലോ നിറഞ്ഞ റോഡിലൂടെയോ നനവുള്ള റോഡിലൂടെ പോകു​േമ്പാൾ ടയറിന്‌ റോഡിലുള്ള പിടുത്തം കുറവായിരിക്കും. അങ്ങനെയുള്ളപ്പോൾ ബ്രേക്ക് ചെയ്യുമ്പോൾ തെന്നും. വേഗം കുറക്കുകയല്ലാതെ വേറെ വഴിയില്ല.

ചുരുക്കത്തിൽ ടയറ്​ നന്നായാൽ ജീവിതം നന്നായി എന്നു പറയാം. അൽപലാഭം നോക്കി അതിനെക്കാൾ കൂടുതൽ ആശുപത്രിയിൽ കൊടുക്കുന്നതിനെക്കാൾ നല്ലത്​ ടയറിൽ ചെലവാക്കുന്നതാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:History of tyre
News Summary - History of tyre
Next Story