സ്തനാര്‍ബുദം നേരത്തെ തിരിച്ചറിയാം; ചികിത്സിക്കാം

സ്തനാര്‍ബുദം നേരത്തെ തിരിച്ചറിയാം; ചികിത്സിക്കാം

ഇന്ന് നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന ശാരീരിക രോഗങ്ങളില്‍ പ്രമുഖ സ്ഥാനമാണ് സ്തനാര്‍ബുദത്തിനുള്ളത്. മാറിയ ജീവിതശൈലിയും ഭക്ഷണശീലങ്ങളുമെല്ലാം ഇതിന് കാരണമാണെങ്കിലും പാരമ്പര്യവും ഒരു പ്രധാന ഘടകമാണ്. ഏകദേശം പത്ത് ശതമാനം സ്ത്രീകളിലും കാണുന്ന സ്തനാര്‍ബുദത്തിന് പിറകില്‍ പാരമ്പര്യമായി ലഭിക്കുന്ന ചില ഘടകങ്ങളാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അമ്മക്കോ മാതാപിതാക്കളുടെ കുടുംബത്തില്‍ ആര്‍ക്കെങ്കിലോ 50 വയസ്സിനുള്ളില്‍ സ്തനാര്‍ബുദം വന്നിട്ടുണ്ടെങ്കില്‍ ഒരു വ്യക്തിക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണ്. സ്തനകോശങ്ങളില്‍ കാണുന്ന ബി.ആര്‍.സി.എ 1, ബി.ആര്‍.സി.എ 2 എന്നീ ജീനുകളില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളാണ് രോഗകാരണം. ആരംഭദശയില്‍ ഒരു ലക്ഷണവും കാണണമെന്നില്ളെന്നതാണ് ഈ രോഗത്തിന്‍െറ പ്രത്യേകത. പലപ്പോഴും രോഗം ഒരു ഘട്ടത്തിലത്തെുമ്പോള്‍ മാത്രമേ രോഗി വസ്തുതകള്‍ തിരിച്ചറിയുകയുള്ളു. അതുകൊണ്ടുതന്നെ സ്ത്രീകള്‍ പ്രത്യേകിച്ച് രോഗസാധ്യതയുള്ളവര്‍ ആവശ്യമായ പരിശോധനകള്‍ നടത്തി രോഗബാധയില്ല എന്ന് ഉറപ്പ് വരത്തണം. വിദ്യാഭ്യാസത്തില്‍ മുന്‍പന്തിയിലുള്ള നമ്മുടെ സംസ്ഥാനത്തുപോലും ഈ രോഗം കണ്ടുപിടിക്കപ്പെടുന്നത് വളരെ വൈകിയാണ് എന്നതാണ് വേദനാജനകമായ പരമാര്‍ഥം. 40 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ വര്‍ഷത്തില്‍ ഒരിക്കലോ രണ്ടു വര്‍ഷത്തില്‍ ഒരിക്കലെങ്കിലുമോ ‘മാമോഗ്രാം’ എന്ന സ്തനപരിശോധനക്ക് വിധേയമാകേണ്ടതാണ്. എന്നാല്‍, രോഗസാധ്യത കൂടുതലുള്ളവര്‍ 40 വയസ്സിനു മുമ്പുതന്നെ ഇത്തരം പരിശോധനകള്‍ക്ക് വിധേയരാകണം. എളുപ്പത്തില്‍ ചെയ്യാവുന്നതും താരതമ്യേന ചെലവ് കുറഞ്ഞതുമായ ഈ പരിശോധന ഇന്ന് പ്രധാനപ്പെട്ട എല്ലാ ആശുപത്രികളിലും ചെയ്യാവുന്നതാണ്.
വളരെ ലളിതമായ പരിശോധനയാണ് ‘മാമോഗ്രാം’. രണ്ട് പ്രതലങ്ങള്‍ക്കിടയില്‍ സ്തനങ്ങളെ അമര്‍ത്തി എക്സ്റേ ഫോട്ടോ എടുക്കുന്നു. അത്രമാത്രം. സാധാരണ ഓരോ സ്തനത്തിനും രണ്ട് എക്സ്റേകള്‍ വീതമാണ് എടുക്കുന്നത്. ഇവ പരിചയസമ്പന്നരായ റേഡിയോളജിസ്റ്റുകള്‍ പരിശോധിച്ച് രോഗസാധ്യത വിലയിരുത്തുന്നു. രോഗം ആരംഭത്തില്‍തന്നെ കണ്ടത്തെുകയാണെങ്കില്‍ കാലതാമസം കൂടാതെ ചികിത്സ ആരംഭിക്കാന്‍ കഴിയും. എന്നു മാത്രമല്ല, രോഗം ശരീരത്തിന്‍െറ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതും തടയാന്‍ സാധിക്കും. ചില സന്ദര്‍ഭങ്ങളില്‍ മാമോഗ്രാം പരിശോധനാ റിപ്പോര്‍ട്ട് വെച്ചുമാത്രം രോഗം സ്ഥിരീകരിക്കാന്‍ കഴിയാതെ വരാം. അപ്പോള്‍ രോഗസ്ഥിരീകരണത്തിനുവേണ്ടി (Diagnostic Mammogram) കൂടുതല്‍ വിശദമായി മാമോഗ്രാം ചെയ്യുന്നു. സ്തനത്തിന്‍െറ പലവശങ്ങളില്‍നിന്നുള്ള എക്സ്റേകള്‍ കൂടുതല്‍ സൂക്ഷ്മപഠനത്തിന് വിധേയമാക്കുന്നു. എന്നിട്ടും രോഗസ്ഥിരീകരണം അസാധ്യമായാല്‍ യു.എസ്.ജി സ്കാന്‍, പി.ഇ.ടി, എം.ആര്‍.ഐ തുടങ്ങിയ പരിശോധനകള്‍ വേണ്ടിവന്നേക്കാം.
മാമോഗ്രാം പരിശോധന 100 ശതമാനം വിശ്വാസയോഗ്യമല്ല എന്നതാണ് സത്യം. പ്രായം കുറഞ്ഞവര്‍, ബന്ധുക്കളില്‍ സ്തനാര്‍ബുദമുള്ളവര്‍, ചില സ്ത്രീഹോര്‍മോണ്‍ ഗുളികകള്‍ കഴിക്കുന്നവര്‍, സ്തനത്തില്‍ മുമ്പ് ‘ബയോപ്സി’ ചെയ്തവര്‍ തുടങ്ങിയ വിഭാഗത്തില്‍പെട്ടവരില്‍ ഏകദേശം ഏഴു ശതമാനം പേരില്‍ രോഗമില്ലാതെതന്നെ ‘രോഗമുണ്ടെന്ന്’ പരിശോധനാഫലം ചിലപ്പോള്‍ കിട്ടിയേക്കാം. വളരെയധികം മാനസിക സമ്മര്‍ദങ്ങള്‍ക്കും വ്യഥകള്‍ക്കും വഴിതെളിയുന്ന ഈ അവസ്ഥയില്‍ മറ്റു പരിശോധനകള്‍കൊണ്ട് രോഗം സ്ഥിരീകരിക്കാം. എന്നിരുന്നാലും അതുവരെ രോഗി മുള്‍മുനയിലായിരിക്കും. അതുപോലെതന്നെ രോഗമുള്ളവരില്‍ ഏകദേശം 20 ശതമാനത്തോളം രോഗികള്‍ക്ക് രോഗമില്ളെന്ന പരിശോധനാ ഫലവും ലഭിക്കാം.
ഇതില്‍നിന്നൊക്കെ മനസ്സിലാക്കേണ്ടത് മാമോഗ്രാം പരിശോധന പ്രയോജനമില്ലാത്ത ഒന്നാണ് എന്നതല്ല. മറിച്ച് എല്ലാ പരിശോധനകള്‍ക്കും അതിന്‍േറതായ പരിമിതികളുണ്ട് എന്നതാണ്.
ഒരു പരിശോധനാ റിപ്പോര്‍ട്ട് കണ്ണടച്ച് വിശ്വസിക്കാതെ രോഗിയുടെ രോഗലക്ഷണങ്ങളുമായി ഒത്തുനോക്കിയും വിദഗ്ധ ദേഹപരിശോധനക്ക് വിധേയമാക്കിയും വേണം രോഗനിര്‍ണയം ചെയ്യേണ്ടത്. മാമോഗ്രാം 80 ശതമാനം രോഗികളിലും കൃത്യമായ ഫലം തരുന്നു എന്നുള്ളത് ഏറെ ആശ്വാസകരമാണ്. ഈ പരിശോധനക്കൊപ്പം ദേഹപരിശോധനയും മറ്റ് അനുബന്ധ പരിശോധനകളായ യു.എസ്.ജി സ്കാന്‍, എം.ആര്‍.ഐ, എഫ്.എന്‍.എ.സി, ബയോപ്സി തുടങ്ങിയവകൂടിയാകുമ്പോള്‍ രോഗനിര്‍ണയം ഏകദേശം 100 ശതമാനം കൃത്യതയില്‍ എത്തിച്ചേരും.
ലോകത്ത് സ്ത്രീകളില്‍ കാണപ്പെടുന്ന അര്‍ബുദങ്ങളില്‍ ഒന്നാം സ്ഥാനമാണ് സ്തനാര്‍ബുദത്തിന്. എന്നാല്‍, ഇന്ത്യയില്‍ ഈ സ്ഥാനം ‘ഗര്‍ഭാശയമുഖ’ കാന്‍സറിനാണ്. സ്തനാര്‍ബുദം രണ്ടാം സ്ഥാനത്താണ്. ഇപ്പോള്‍ പല സംസ്ഥാനങ്ങളിലും സ്തനാര്‍ബുദബാധ കൂടുകയും അത് മുമ്പത്തേക്കാളും പ്രായംകുറഞ്ഞവരില്‍ കാണപ്പെടുകയും ചെയ്യുന്നു. 25 വര്‍ഷംമുമ്പത്തെ കണക്കനുസരിച്ച് സ്തനാര്‍ബുദ രോഗികളില്‍ വെറും രണ്ടു ശതമാനം പേര്‍ 20-30 വയസ്സിനിടയിലും ഏഴു ശതമാനം പേര്‍ 30-40നും ഇടയിലുമായിരുന്നെങ്കില്‍ ഇപ്പോള്‍ അത് യഥാക്രമം നാലു ശതമാനവും 16 ശതമാനവുമായി ഉയര്‍ന്നിരിക്കുന്നു. അതായത്, ചെറുപ്പക്കാരില്‍ സ്തനാര്‍ബുദം വര്‍ധിക്കുന്നു എന്നര്‍ഥം. എന്നു മാത്രമല്ല, ചെറുപ്പക്കാരില്‍ രോഗതീവ്രതയും സങ്കീര്‍ണതകളും കൂടുതലായിരിക്കും. താമസിച്ചുള്ള വിവാഹം, താമസിച്ചുള്ള പ്രസവം, കുറച്ചുകാലം മാത്രം മുലയൂട്ടല്‍ എന്നിവയെല്ലാംതന്നെ സ്തനാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്.
സ്തനത്തില്‍ കാണുന്ന എല്ലാ മുഴകളും അര്‍ബുദമല്ല. വിദഗ്ധ പരിശോധനയിലൂടെ മാത്രമേ ഇത് സ്ഥിരീകരിക്കാന്‍ കഴിയൂ. രോഗസാധ്യത കൂടിയവരും രോഗമുണ്ടോ എന്ന് സംശയിക്കുന്നവരും കാലതാമസം കൂടാതെ വിദഗ്ധ സഹായം തേടുന്നതാവും നല്ലത്.
(ലേഖകന്‍ കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിലെ ഫിസിഷ്യനാണ്)

comments powered by Disqus
 
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com