അത്രക്കഴകല്ല ആഭരണങ്ങള്‍

അത്രക്കഴകല്ല ആഭരണങ്ങള്‍

ആഭരണം അണിയാന്‍ കൊതിക്കാത്ത പെണ്‍മനസ്സുണ്ടോ? ഇല്ലെന്നാണ് പറയുക. എന്നാല്‍, ആഭരണം ഇപ്പോള്‍ ആണിന്‍െറയും പെണ്ണിന്‍െറയും അഴകിന്‍െറ പരസ്യമായ രഹസ്യമാണ്. സൗന്ദര്യം വര്‍ധിപ്പിക്കാന്‍ സ്ത്രീ ആഭരണം ഉപയോഗിക്കുമ്പോള്‍ ആണുങ്ങള്‍ക്കത് സ്റ്റാറ്റസിന്‍െറയും ഫാഷന്‍െറയും ചിഹ്നമാണ്. ഒരു ചെയിനോ ബ്രേസ്ലറ്റോ എന്തിന് ഒരു മോതിരം മതി അത് ധരിച്ചയാള്‍ ‘കുഴപ്പമില്ലാത്ത’ ചുറ്റുപാടില്‍നിന്നു വരുന്ന ആളാണെന്ന് മനസ്സിലാക്കാന്‍. എന്നാല്‍, കാശുണ്ടായാല്‍ മാത്രംപോരാ, ആഭരണം ധരിക്കാന്‍ യോഗംകൂടി വേണം. അതായത് ശരീരത്തിന്‍െറ സമ്മതം കൂടി വേണം എന്നര്‍ഥം!
അലര്‍ജിയില്ലാത്ത ശരീരം മാത്രമേ നിങ്ങള്‍ ധരിക്കുന്നതെന്തിനെയും സ്വീകരിക്കുകയുള്ളൂ. അലര്‍ജി, അത് ശരീരത്തിന്‍െറ മാത്രം കുറ്റമല്ല, ധരിക്കുന്ന ആഭരണത്തിനും അതില്‍ പങ്കുണ്ട്. അതായത് കൈയില്‍ കിട്ടിയ കാശുകൊണ്ട് ഒരു സ്വര്‍ണമോതിരമോ മറ്റെന്തെങ്കിലും ലോഹനിര്‍മിത ആഭരണങ്ങളോ വാങ്ങിയാല്‍ പോര, അത് നല്ലതാണോ എന്നുകൂടി വിലയിരുത്തണം. പ്ളാറ്റിനം, വൈറ്റ് മെറ്റല്‍, വെള്ളി എന്നീ സാധാരണ ലോഹങ്ങളും വജ്രം പോലുള്ള വിലപിടിപ്പുള്ള കല്ലുകളും ഉപയോഗിക്കുന്നവരാണ് നാം ഉള്‍പ്പെടുന്ന സമൂഹം. അതുപോലെ മറ്റ് ഫാന്‍സി, ഫാഷനബ്ള്‍ ആഭരണങ്ങളും അണിയുന്നവര്‍ നിത്യജീവിതത്തില്‍ ഏറെയാണ്. ഏറെക്കാലമായി ആഗ്രഹിച്ച് വാങ്ങിയ ആഭരണം അണിയാന്‍ പറ്റാതെ വന്നാലോ? ആലിപ്പഴം പഴുത്തപ്പോള്‍ കാക്കക്ക് വായ്പുണ്ണ് എന്ന അവസ്ഥയാകും.
അലര്‍ജി പലതരമുണ്ട്. സെന്‍ മീഡിയേറ്റഡ് അഥവാ ഡിലേയ്ഡ് അലര്‍ജി എന്ന നാലാമത്തെ വിഭാഗത്തിലാണ് ആഭരണം ഉപയോഗിക്കുമ്പോഴുള്ള അലര്‍ജി ഉള്‍പ്പെടുന്നത്.
ചുവന്ന് തടിക്കല്‍, ചൊറിച്ചില്‍, നീര്‍വീക്കം, പഴുപ്പ് എന്നിങ്ങനെ അലര്‍ജിയുടെ ലക്ഷണങ്ങള്‍ നിരവധിയാണ്. ആഭരണം ശരീരത്തിന്‍െറ ഏത് ഭാഗത്താണോ സ്പര്‍ശിക്കുന്നത് അവിടെയാണ് ചൊറിച്ചില്‍ ഉള്‍പ്പെടെയുള്ള ഇത്തരം അസ്വസ്ഥതകള്‍ അനുഭവപ്പെടുക. ഇങ്ങനെ സംഭവിച്ചാല്‍ ആഭരണം ഊരിവെക്കുകയോ ഉടന്‍ തണുത്ത വെള്ളംകൊണ്ട് അവിടം കഴുകുകയോ ചെയ്യണം.
സ്വര്‍ണം, വെള്ളി പോലുള്ള ലോഹങ്ങള്‍ അലര്‍ജിയാണെന്ന് കരുതുന്നവര്‍ക്ക് നിക്കലും അലര്‍ജിയാണ്. ഈ ലോഹങ്ങള്‍ ധരിക്കുമ്പോഴാണ് അലര്‍ജി അനുഭവപ്പെടുന്നതെങ്കില്‍ അതിനര്‍ഥം അവയില്‍ നിക്കലും ഉള്‍പ്പെടുന്നുണ്ടെന്നാണ്. വില കുറഞ്ഞ ഒമ്പതു കാരറ്റ്, 12 കാരറ്റ് സ്വര്‍ണങ്ങളിലാണ് നിക്കല്‍ പ്രധാനമായും ഉള്‍പ്പെടുന്നത്. കാരറ്റ് കൂടുന്നതിനനുസരിച്ച് നിക്കല്‍ അംശം കുറയും.
ആഭരണങ്ങളുടെ സൂക്ഷ്മവും നേര്‍ത്തതുമായ ഭാഗങ്ങള്‍ നിര്‍മിക്കുമ്പോള്‍ സ്വര്‍ണത്തിന് കാഠിന്യം ആവശ്യമാണ്. ഇതിനുവേണ്ടിയാണ് സ്വര്‍ണത്തില്‍ നിക്കല്‍, ചെമ്പ്, സിങ്ക് ഉള്‍പ്പെടെയുള്ള ലോഹങ്ങളെ ഉപയോഗിക്കുന്നത്. സിങ്കും ചെമ്പും ശരീരത്തെ അധികം ബാധിക്കാറില്ല. അതേസമയം, ശരീരം നിക്കലിനോട് പ്രതികൂല രീതിയിലാണ് പ്രതികരിക്കാറുള്ളത്. നിക്കല്‍ അലര്‍ജി ഒരിക്കല്‍ ശരീരത്തില്‍ ഉണ്ടായാല്‍ പിന്നെ ഏത് സമയത്തും ഇത്തരം ആഭരണം ഉപയോഗിക്കുമ്പോള്‍ അലര്‍ജി ഉണ്ടാകാറുണ്ട്. നിക്കല്‍ അലര്‍ജിയുള്ള ആളുകളില്‍ 35 മുതല്‍ 60 ശതമാനം വരെ ആളുകള്‍ക്ക് താഴ്ന്ന തരം പ്ളാറ്റിനത്തോടും അലര്‍ജി ഉണ്ടാകാറുണ്ടെന്ന് ചില പഠനങ്ങള്‍ പറയുന്നുണ്ട്.
നിക്കലിന് പകരം അലര്‍ജിയില്ലാത്ത പല്ലാഡിയം പോലുള്ള ചില ലോഹങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ചില ആഭരണങ്ങള്‍ ഉണ്ടെങ്കിലും അവ പക്ഷേ സാധാരണക്കാരന്‍െറ കീശയില്‍ ഒതുങ്ങുന്നതല്ല. ഹെയര്‍പിന്‍, ബട്ടണ്‍സ്, ലിപ്സ്റ്റിക് ഹോള്‍ഡര്‍, വെള്ളിനാണങ്ങള്‍, പേപ്പര്‍ ക്ളിപ് തുടങ്ങി നിത്യജീവിതത്തില്‍ ധാരാളം നിക്കല്‍ അനുബന്ധ ഉല്‍പന്നങ്ങള്‍ നമ്മള്‍ ഉപയോഗിച്ചുവരുന്നുണ്ട്.
സ്വര്‍ണത്തിന്‍െറ കാരറ്റ്മൂല്യം കുറയുന്നതിനൊപ്പം നിക്കല്‍ പോലുള്ള മിശ്രിതങ്ങളുടെ അളവ് അതില്‍ കൂടിക്കൊണ്ടേയിരിക്കും.
മൂക്ക്, കാത് എന്നിവിടങ്ങളില്‍ ആഭരണങ്ങള്‍ അണിയുന്നതിനായി തുളകള്‍ ഉണ്ടാക്കുമ്പള്‍ അവിടെ സ്പര്‍ശിക്കുന്ന ആഭരണത്തില്‍ നിന്നുള്ള നിക്കല്‍ അതുവഴി രക്തക്കുഴലുകളിലേക്ക് വ്യാപിക്കുന്നു. അവിടെവെച്ച് കോശങ്ങള്‍ നിക്കല്‍ അംശങ്ങളോട് പ്രതിരോധിക്കുന്നു. ഒരു തവണ കോശങ്ങള്‍ നെഗറ്റിവ് ആയി പ്രതിരോധിച്ചാല്‍ പിന്നീട് എപ്പോഴും അത്തരം ആഭരണവുമായി ബന്ധപ്പെടുമ്പോള്‍ ശരീരം അത് തിരിച്ചറിഞ്ഞ് അസ്വസ്ഥത പ്രകടിപ്പിക്കുന്നു. ഇതിന്‍െറ ഫലമായി ശരീരം പ്രതികരിക്കാന്‍ തുടങ്ങുന്നു. ഒരാളുടെ ശരീരത്തില്‍ അലര്‍ജി രൂപപ്പെടാന്‍ ദിവസങ്ങളോ മാസങ്ങളോ വര്‍ഷങ്ങളോ വേണ്ടിവന്നേക്കാം. ഓരോ വ്യക്തിയുടെയും ശരീര പ്രകൃതിക്കനുസരിച്ച് ഈ കാലയളവിന് മാറ്റമുണ്ടാകും.
നിക്കല്‍ അലര്‍ജിക്ക് മറ്റൊരു കാരണം അമിത വിയര്‍പ്പാണ്. ചൂടേറിയ ദിവസങ്ങളില്‍ ആഭരണം അണിഞ്ഞ് കുറച്ച് കഴിഞ്ഞ് നോക്കിയാല്‍ ആഭരണത്തിനടിയില്‍ വിയര്‍പ്പ് കാണാം. ആഭരണത്തില്‍ നിക്കല്‍ ഉള്‍പ്പെടുന്നുണ്ടെങ്കില്‍ ആഭരണവും നിക്കലും ചേര്‍ന്ന് നിക്കല്‍ സാള്‍ട്ട് ഉല്‍പാദിപ്പിക്കുന്നു. ഈ നിക്കല്‍ സാള്‍ട്ട് തൊലിയോട് പ്രതികരിച്ചും അലര്‍ജി ഉണ്ടാകുന്നു.
സ്വര്‍ണസൂചി ഉപയോഗിച്ച് മൂക്കും കാതും കുത്തുന്ന രീതി ചില സ്ഥലങ്ങളില്‍ കാണാറുണ്ട്. എന്നാല്‍, ഇത് തെറ്റാണ്. ഇതിന് പകരം സ്റ്റെയിന്‍ലസ് സ്റ്റീല്‍ സൂചികൊണ്ട് കുത്തുന്നതാണ് നല്ലത്. ഇങ്ങനെ തുളക്കുന്ന ഭാഗം പൂര്‍ണമായും ഉണങ്ങുന്നതുവരെ സ്റ്റെയിന്‍ലസ് സ്റ്റീല്‍ ആഭരണങ്ങള്‍ മാത്രം ധരിക്കുക. സ്റ്റെയിന്‍ലസ് സ്റ്റീലിലും നിക്കല്‍ ഉണ്ടെങ്കിലും ഇത് ശരീരവുമായി നേരിട്ട് ബന്ധം പുലര്‍ത്താത്ത രീതിയിലാണ് ഇതിന്‍െറ സാന്നിധ്യം.
നിക്കല്‍ അലര്‍ജിയുള്ളവര്‍ നിക്കല്‍ മുക്ത ആഭരണങ്ങള്‍ മാത്രം അണിയുകയാണ് അലര്‍ജിയില്‍നിന്ന് രക്ഷ നേടാനുള്ള പോംവഴി. ഒറ്റനോട്ടത്തില്‍ നിക്കല്‍ സാന്നിധ്യം തിരിച്ചറിയുക എളുപ്പമല്ല. ഉപയോഗിക്കുന്ന ആഭരണങ്ങളില്‍ നിക്കല്‍ ഉണ്ടോ എന്നറിയാന്‍ ചില മാര്‍ഗങ്ങളുണ്ട്. ഡൈ മീഥേല്‍ ഗ്ളയോക്സിം, അമോണിയം ഹൈഡ്രോക്സൈഡ് എന്നിവയാണ് പരീക്ഷണത്തിന് ആവശ്യം. ഈ രണ്ട് രാസപദാര്‍ഥങ്ങളില്‍ നിന്നും ഓരോ തുള്ളി നിങ്ങള്‍ ആഭരണത്തില്‍ ഒഴിച്ചശേഷം ആ ഭാഗം പഞ്ഞിവെച്ച് തുടക്കുക, പഞ്ഞി റോസ് നിറത്തിലാകുകയാണെങ്കില്‍ അതില്‍ നിക്കല്‍ അടങ്ങിയിട്ടുണ്ട്.
വിറ്റാമിന്‍ ഇയുടെ സാന്നിധ്യം അലര്‍ജി ലക്ഷണങ്ങളെ പ്രതിരോധിക്കുന്നതിനാല്‍ അലര്‍ജി ലക്ഷണങ്ങളുടെ ചികിത്സക്ക് വിറ്റാമിന്‍ ഇ ഉപയോഗിക്കാറുണ്ട്. മുറിവുകള്‍ ഭേദമാക്കുക, പ്രതിരോധ സംവിധാനം ശക്തമാക്കുക എന്നിവയാണ് വിറ്റാമിന്‍ ഇയുടെ പ്രത്യേകത. കഴിക്കാനും ലേപന രൂപത്തിലുള്ളതുമായ മരുന്നുകളാണ് ഇതിനായി ചില ഡോക്ടര്‍മാര്‍ നല്‍കുന്നത്.
ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ അവ നിക്കല്‍ മുക്തമാണെന്ന് ഉറപ്പുവരുത്തുക.18 കാരറ്റിന് മുകളിലുള്ള സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുക. സാമ്പത്തികാവസ്ഥ അനുവദിക്കുമെങ്കില്‍ പലേഡിയം ഉപയോഗിച്ച് നിര്‍മിക്കുന്ന വൈറ്റ് ഗോള്‍ഡ് ഉപയോഗിക്കുക തുടങ്ങിയവയാണ് അലര്‍ജിയെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍.
നിക്കല്‍ ചേര്‍ത്ത വൈറ്റ് ഗോള്‍ഡാണ് അലര്‍ജി ഉണ്ടാക്കുക. പലേഡിയം അലര്‍ജിക്ക് കാരണമാകുന്നില്ല. അതിനാല്‍, പലേഡിയം ചേര്‍ത്ത വൈറ്റ് ഗോള്‍ഡിന് വിലയും കൂടും.
വീട്ടുജോലികള്‍ ചെയ്യുമ്പോള്‍ മോതിരം പോലുള്ള ആഭരണങ്ങള്‍ക്കിടയില്‍ ഡിറ്റര്‍ജന്‍റുകള്‍ ആകാതെ സൂക്ഷിക്കുന്നതും അലര്‍ജി ഒഴിവാക്കാനുള്ള മുന്‍കരുതലാണ്.
ആഭരണം ധരിക്കുന്നതിന് മുമ്പ് ടാല്‍ക്കം പൗഡര്‍ പൂശുന്നത് വിയര്‍പ്പ് കുറച്ച് അതുവഴിയുള്ള അലര്‍ജി സാധ്യത കുറക്കുന്നു. കമ്മലും മറ്റെന്ത് ആഭരണവും വായുകടക്കാവുന്ന രീതിയില്‍ ധരിക്കുക, ആഭരണങ്ങള്‍ ഇടക്കിടെ മാറ്റി ഉപയോഗിക്കുക, നനവില്ലാതെയും വൃത്തിയോടെയും സൂക്ഷിക്കുക എന്നിവയണ് അലര്‍ജിയെ പ്രതിരോധിക്കാനുള്ള മറ്റ് മാര്‍ഗങ്ങള്‍.
അലര്‍ജി പേടിച്ച് ആശിച്ച് വാങ്ങിയ ആഭരണം ധരിക്കാതിരിക്കുന്നത് എലിയെ പേടിച്ച് ഇല്ലം ചുടുന്നതുപോലെയല്ലേ എന്ന് പലര്‍ക്കും തോന്നിയേക്കാം. എന്നാല്‍, ഇതിനും മാര്‍ഗമുണ്ട്. ആശിച്ചുവാങ്ങിയ ആഭരണങ്ങള്‍ ഇടക്കൊക്കെ ഒന്നു ധരിക്കാന്‍ ചില ചെപ്പടി വിദ്യകളുണ്ട്. ആ ആഭരണം സുതാര്യമായ ഒരു നെയില്‍പോളിഷ് കൊണ്ട് കുറഞ്ഞത് രണ്ട് തവണയെങ്കിലും കോട്ട്ചെയ്യുക. ഇനി ധൈര്യത്തോടെ ആഭരണം ധരിച്ചോളൂ. ആഭരണവും ശരീരവും തമ്മിലുള്ള ബന്ധം ഇല്ലാതാക്കി അലര്‍ജി സാധ്യത കുറക്കുന്നതിനാണിത്.
l

comments powered by Disqus
 
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com