Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightഇമാന്‍ അഹമദിന് ഭാരം...

ഇമാന്‍ അഹമദിന് ഭാരം കുറഞ്ഞതെങ്ങനെ

text_fields
bookmark_border
ഇമാന്‍ അഹമദിന് ഭാരം കുറഞ്ഞതെങ്ങനെ
cancel

എടുത്താല്‍ പൊങ്ങാത്ത ശരീരവുമായിട്ടായിരുന്നു ഇക്കഴിഞ്ഞ ഫെബ്രുവരി11ന് വൈകീട്ട് നാലുമണിക്ക്​ 36കാരി ഇമാനുമായി ഈജിപ്ത് എയര്‍ലെയിന്‍സിന്‍െറ വിമാനം  മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍െറ റണ്‍വേയില്‍ തൊട്ടത്. ലോകത്ത് ഏറ്റവും ഭാരം കൂടിയ വനിത എന്നാണ് ഇമാൻ അഹമ്മദ്​ അറിയപ്പെട്ടത്​. 500 കിലോ ഭാരമുള്ള ഇമാന്‍ കഴിഞ്ഞ 25 വര്‍ഷമായി വീട്ടില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ല. വന്നതിന്‍െറ ഇരട്ടി ഭാരമുള്ള വിവാദങ്ങളുമായാണ് ഇമാന്‍ മടങ്ങിപ്പോയത്.

ഭാരം കുറക്കാനുള്ള ചികിത്സയെക്കുറിച്ച് ചിന്തിക്കുന്നതിനിടെയാണ് മുംബൈയിലെ സാഫീ ആശുപത്രിയിലെ ബാരിയാട്രിക് സര്‍ജന്‍ മുഫാസല്‍ ലക്ഡവാലയും ഡോക്ടര്‍മാരുടെ സംഘവും സൗജന്യ ചികിത്സക്ക് സന്നദ്ധരാണന്ന് അറിയിച്ചത്. ആ വാക്കുകള്‍ കേട്ടാണ്  ഇമാന്‍ ഇന്ത്യയിലേക്ക് വന്നത്. മൂന്നു മാസം മുമ്പ് തന്നെ യാത്രക്ക് സൗകര്യമൊരുക്കാനായി  ചികിത്സ തുടങ്ങിയതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഇമാന്‍െറ യാത്ര മറ്റ് യാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാനായി കൂടതല്‍ ഭാരം കയറ്റാവുന്ന വലിയ കാര്‍ഗോ ഡോറുകളുള്ള എല്ലാ മെഡിക്കല്‍ സംവിധാനങ്ങളും ഉള്‍ക്കൊള്ളിച്ച പ്രത്യേക വിമാനമാണ് ഈജിപ്ത് എയര്‍ ഒരുക്കിയിരിക്കുന്നത്. മുംബൈയിലെ ആശുപത്രിയില്‍ ഇമാനായി പ്രത്യേക മുറിയും 550 കിലോ ഭാരം താങ്ങുന്ന കട്ടിലും ഒരുക്കി.

ഇമാന്‍ അഹമദിന് ചികിത്സ തുടങ്ങി മാര്‍ച്ച് 30ആയപ്പോഴേക്കും 340 കിലോ ആയി കുറഞ്ഞെന്ന് ഡോക്ടര്‍മാര്‍ അവകാശപ്പെട്ടു. ജനിതക പ്രശ്നങ്ങള്‍ മൂലമാണ് ഇമാന്‍െറ അമിത ഭാരമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ലെപ്റ്റൈന്‍ എന്ന ഹോര്‍മോണാണ് കൊഴുപ്പിനെ നശിപ്പിക്കണമെന്ന് തലച്ചോറിന് നിര്‍ദേശം നല്‍കേണ്ടത്. എന്നാല്‍ ഇമാന്‍െറ കാര്യത്തില്‍ ലെപ്റ്റിന്‍(leptin) അങ്ങനെയൊരു നിര്‍ദേശം നല്‍കുന്നില്ല. അതിനാല്‍ എപ്പോഴും വിശക്കുന്ന അവസ്ഥയിലാണ് ഇമാന്‍. അവര്‍ ആവശ്യത്തിലേറെ ഭക്ഷണം കഴിക്കുകയും അതുമൂലം അമിതമായി ഭാരം കൂടുകയും ചെയ്യുന്നു. ശസ്ത്രക്രിയ കൊണ്ട് ഇവരുടെ ഭാരം കുറക്കാമെങ്കിലും അടിസ്ഥാന പ്രശ്നങ്ങള്‍ മാറ്റാനാകില്ളെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

എന്നാലും കഠിനമായ ഭക്ഷണ ക്രമീകരണവും ഫിസിയോ തെറപ്പിയും ഇമാന് ഡോക്ടര്‍മാര്‍ നല്‍കി.  അമിതഭാരം കുറക്കുന്നതിന് വിവിധ ശസ്ത്രക്രിയകള്‍ (ബാരിയാട്രിക് സര്‍ജറി) നടത്തിയ ശേഷം ഇമാന്‍ 176 കിലോ ആയി കുറഞ്ഞുവെന്ന് ഡോക്ടര്‍മാര്‍ അവകാശപ്പെട്ടു. എന്നാല്‍ ഡോക്ടര്‍മാരുടെ അവകാശവാദം കളവാണെന്ന് പറഞ്ഞ് ഇമാന്‍െറ സഹോദരി ഷൈമ സെലിം രംഗത്തത്തെുകയും  തുടര്‍ന്ന് ഇവരെ മെയ് നാലിന് അബുദാബിയിലെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

അമിത ഭാരം കുറക്കാന്‍ വിവിധ തരത്തിലുള്ള ബാരിയാട്രിക് സര്‍ജറികളാണ് ഇമാന് ചെയ്തത്. ആമാശയത്തിന്‍െറ വലുപ്പം (capacity) കുറക്കുക, ചെറുകുടലിന്‍െറ നീളം കുറക്കുക തുടങ്ങിയ പല വഴികളും അതിന് സ്വീകരിച്ചു. ഭക്ഷണം ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നത് കുറച്ച് ഭാരം കുറക്കാനാണ് ഇത്തരം വഴികള്‍ സ്വീകരിക്കുന്നത്.

ഭക്ഷണത്തിലെ പോഷകങ്ങള്‍ അസാധാരണമാം വിധം ആഗിരണം ചെയ്യുന്ന അവസ്ഥ കുറക്കുകയാണ് ഒരു വഴി. അതിന് പ്രധാനമായും ആമാശയത്തിന്‍െറ വലുപ്പം കുറക്കുകയാണ് ചെയ്യുന്നത്. ആമാശത്തിന്‍െറ 70ശതമാനത്തോളവും ചെറുകുടലിന്‍െറ ആദ്യഭാഗവും ശസ്ത്രക്രിയയിലൂടെ ഒഴിവാക്കി ഭക്ഷണം ആഗിരണം ചെയ്യുന്നത് കുറക്കാനാവും. ആമാശയം ചെറുതാകുന്നതിലൂടെ കുറച്ച് ഭക്ഷണം കഴിക്കുമ്പോഴേക്കും വയര്‍ നിറയുന്നതിനാല്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതുകൊണ്ടുള്ള അപകടം ഉണ്ടാകില്ല.

മറ്റൊന്ന്  ചെറുകുടലിന്‍െറ വലിയൊരു ഭാഗം തന്നെ വഴിതിരിച്ചു വിടുകയാണ്. ചെറുകുടലില്‍ നിന്ന് വന്‍കുടലിലേക്ക് രണ്ട് വഴികള്‍ ഉണ്ടാക്കുന്നു.  പിത്തസഞ്ചിയില്‍ നിന്നുള്ള പിത്തരസവും ആഗ്നേയ ഗ്രമ്പഥിയില്‍ നിന്നുള്ള ദഹന രസങ്ങളും ഒരു വഴിയിലൂടെയും (biliopancreatic loop) ആമാശയത്തില്‍ നിന്നുള്ള ഭക്ഷണം മറ്റൊരു വഴിയിലൂടെയും (digestive loop) തിരിച്ചു വിടും. ഭക്ഷണം കടത്തി വിടുന്ന വഴി വളരെ ചെറുതായിരിക്കും. ഇതു മുലം ഭക്ഷണത്തിലെ കാലറിയും കൊഴുപ്പും  ആഗിരണം ചെയ്യുന്നത് കുറക്കാന്‍ കഴിയും. അവര്‍ കഴിക്കുന്ന ഭക്ഷണത്തിന്‍െറ 20 ശതമാനം കൊഴുപ്പ് മാത്രമേ ഇതുമൂലം ആഗിരണം ചെയ്യാനാകൂ. വൈറ്റമിനും പോഷകങ്ങളും ഇതോടൊപ്പം കഴിക്കുകയും വേണം.

ആമാശത്തിന്‍െറ വലിപ്പം കുറക്കാന്‍ സ്റ്റൊമക് സ്റ്റേപ്പ്ലിങ്ങ് ആണ് മറ്റൊരു വഴി. ആമാശയത്തിന്‍െറ ഒരു ഭാഗത്ത് സ്ഥിരമായി ബാന്‍ഡ് ഇടുകയാണ് ചെയ്യുന്നത്. ഇതുമൂലം ആമാശയത്തില്‍ ഒരു ചെറിയ പൗച് രൂപപ്പെടുന്നു. ഇത് ചെറിയ ആമാശയമായി പ്രവര്‍ത്തിക്കും.  ഗ്യാസ്ട്രിക് ബാന്‍ഡാണ് ആമാശയത്തിന്‍െറ വലിപ്പം കുറക്കുന്നതിനുള്ള മറ്റൊരു മാര്‍ഗം. ആമാശയത്തില്‍ ഒരു സിലികണ്‍ ബാന്‍ഡ് ഇട്ട് ചെറുതാക്കുന്ന സംവിധാനമാണിതും. ആവശ്യമെങ്കില്‍ ഇത് ഒഴിവാക്കാനുമാവും. ഏറ്റവും സുരക്ഷിതമായ മാര്‍ഗവുമാണിത്.

ഗ്യാസ്ട്രിക് ബലൂണ്‍ അഥവാ ഇന്‍ട്രാ ഗ്യാസ്ട്രിക് ബലൂണ്‍ ആണ് മറ്റൊരു മാര്‍ഗം കാറ്റു നിറച്ച ഒരു മെഡിക്കല്‍ ഉപകരണമാണിത്. ആമാശയത്തില്‍ ഈ ഉപകരണം ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതുമൂലം ആമാശയത്തിന്‍െറ വലുപ്പം കുറക്കാനും ഭക്ഷണം നിയന്ത്രിച്ച് ഭാരം കുറക്കാനും കഴിയും. ആറുമാസത്തില്‍ കുടുതല്‍  ഗ്യാസ്ട്രിക് ബലൂണ്‍ ഉപയോഗിക്കാറില്ല. ചില സാഹചര്യങ്ങളില്‍ അമിതഭാരമുള്ളവര്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പാകത്തില്‍ ഭാരം കുറക്കുന്നതിനായി ഗ്യാസ്ട്രിക് ബലൂണ്‍ ഉപയോഗിക്കാറുണ്ട്.

ഇത്തരം ശസ്ത്രക്രിയകള്‍ കൂടാതെ ശരീരത്തില്‍ അമിതമായി കെട്ടിക്കിടക്കുന്ന കൊഴുപ്പ്  ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നു. പിന്നീട് ദ്രവ രൂപത്തിലുള്ള ഭക്ഷണങ്ങള്‍ നല്‍കും. ഇവ ശരീരഭാരം കുറക്കുന്നതിന് സഹായിക്കും. ഇത്തരം ശസ്ത്രക്രിയകള്‍ക്ക് ശേഷം ഭാരം കുറഞ്ഞാലും ദ്രവ ഭക്ഷണങ്ങള്‍ കുറച്ചു കാലത്തേക്ക് കൂടി തുടരേണ്ടി വരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iman-ahmad
News Summary - iman ahamad weight loss
Next Story