Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightആർഭാടമല്ല ഈ

ആർഭാടമല്ല ഈ രോഗങ്ങൾ...

text_fields
bookmark_border
ആർഭാടമല്ല ഈ രോഗങ്ങൾ...
cancel

അടുത്തിടെ കോഴിക്കോട്ടെ ഒരു ആശുപത്രിയിൽ വിദേശത്ത് ജോലി ചെയ്യുന്ന 25 വയസ്സുള്ള ഒരു യുവാവിനെയും കൊണ്ട് ബന്ധുക്കളെത്തി. ഇരു ൈകക്കും കാലിനും ബലക്കുറവാണ് ഇയാളുടെ പ്രശ്നം. തലച്ചോറിനു പിറകിലെ കശേരു ഇളകിക്കിടക്കുകയാണെന്ന് പരിശോധനയിൽ വ്യക്തമായി. അന്വേഷിച്ചപ്പോൾ യുവാവ് ഒരു ദിവസത്തിൽ ഏറെ സമയവും തല പിറകിലെ ചുവരിലേക്ക് ചാരിവെച്ച് മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കിട്ടിയ മറുപടി. ഇതാണ് കശേരു ഇളകാനും ശരീരത്തിന് ബലം കുറയാനും കാരണമായത്. ആധുനിക വൈദ്യശാസ്ത്രത്തിൽ ക്വാഡ്രി പാരസിസ് എന്നാണ് ഈ രോഗാവസ്ഥ അറിയപ്പെടുന്നത്. യുവാവിനെ പിന്നീട് തിരുവനന്തപുരം ശ്രീചിത്തിരയിലെത്തിച്ച് ശസ്ത്രക്രിയ നടത്തുകയായിരുന്നു.

ഇത് ഒരാളുടെ മാത്രം അനുഭവമല്ല, മാറിമറിഞ്ഞ ആധുനിക ജീവിതശൈലിയിലൂടെ സ്വയം രോഗം വിളിച്ചുവരുത്തുന്ന അനേകം പേരിലൊരാൾ മാത്രമാണ് ഈ യുവാവ്. തിരക്കിൻ കുരുക്കിലമർന്ന് ലോകം കറങ്ങുമ്പോൾ ഒപ്പം കറങ്ങുന്ന നമ്മളും അറിയാതെ രോഗങ്ങൾ ഏറ്റുവാങ്ങുകയാണ്. ഒടുവിൽ രോഗം തിരിച്ചറിഞ്ഞ് നിയന്ത്രിക്കാൻ തുടങ്ങുമ്പോഴേക്കും എല്ലാം കൈവിട്ടുപോയിരിക്കും.

ഒരു കാലത്ത്  അതിസമ്പന്നരെ മാത്രം ബാധിക്കുന്നതെന്ന് നാം കരുതിയിരുന്ന ജീവിതശൈലീരോഗങ്ങൾ ഇന്ന് പ്രായ^സാമ്പത്തിക^വർഗ^വർണഭേദമന്യേ എല്ലാവരെയും കീഴടക്കിയിരിക്കുന്നു. എനിക്ക് കൊളസ്ട്രോൾ ഉണ്ട്, ബി.പി ഹൈ ആണ്, ഷുഗർ ഒരു രക്ഷയുമില്ല എന്ന് ലാഘവത്തോടെ, അതിലേറെ അഭിമാനത്തോടെ പറയുന്ന ഒരു സമൂഹമാണ് നമുക്കു ചുറ്റുമുള്ളത്. എന്നാൽ, സ്റ്റാറ്റസ് ഐക്കണായി തള്ളിക്കളയാനാവില്ല ഈ രോഗങ്ങളൊന്നും. അല്ലെങ്കിൽ തുടക്കത്തിേല നുള്ളിക്കളഞ്ഞില്ലെങ്കിൽ നമ്മെ കൊലക്കുകൊടുക്കാൻ വരെ ശേഷിയുള്ളവയാണ് ഈ രോഗങ്ങൾ.

ജീവിതശൈലീരോഗങ്ങൾ വില്ലനാവുമ്പോൾ
ഭക്ഷണം, വിശ്രമം, വ്യായാമം എന്നിവയാണ് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്ന പ്രധാന ഘടകങ്ങൾ. ഇവയിലേതെങ്കിലുമൊന്നോ അല്ലെങ്കിൽ മൂന്നുമോ താളംതെറ്റുമ്പോഴാണ് ജീവിതശൈലീരോഗങ്ങൾ നമ്മെ കീഴടക്കുന്നത്. ചിട്ടയില്ലാത്ത ഉറക്കം, വൈകി എഴുന്നേൽക്കൽ, വ്യായാമം ചെയ്യാതിരിക്കൽ, നടത്തം ഒഴിവാക്കി വാഹനത്തിൽ മാത്രം സഞ്ചരിക്കൽ, ഒരേ ഇരിപ്പിൽനിന്നെഴുന്നേൽക്കാത്ത ജോലി, മണിക്കൂറുകളോളം തുടർച്ചയായി നീളുന്ന കമ്പ്യൂട്ടർ/മൊബൈൽ ഫോൺ ഉപയോഗം, അനാവശ്യവും അനാരോഗ്യകരവുമായ ഭക്ഷണം വാരിവലിച്ച് കഴിക്കൽ, ടി.വി കണ്ടും ഫോണുപയോഗിച്ചും ഭക്ഷണം കഴിക്കൽ, വൈകിയുറക്കം, മാനസികസംഘർഷങ്ങൾ എന്നിവയെല്ലാം ദൈനംദിന ജീവിതത്തിലെ തെറ്റായ ജീവിതക്രമങ്ങളാണ്. പുതുതലമുറയെയാണ് ഇത് ഏറ്റവുമധികം ബാധിക്കുന്നത്.

ഭക്ഷണരീതിതന്നെ ഇതിൽ പ്രധാനം. ഫാസ്റ്റ് ഫുഡ് സംസ്കാരവും സോഫ്റ്റ്ഡ്രിങ്ക് ശീലങ്ങളും എത്രത്തോളമാണ് നമ്മെ അടിമപ്പെടുത്തിയിരിക്കുന്നതെന്ന് ആലോചിച്ചുനോക്കൂ. നമുക്കു ചുറ്റും കൂൺപോലെ മുളച്ചുപൊന്തുന്ന ഫാസ്റ്റ് ഫുഡ് കടകളിലുണ്ടാക്കുന്ന വറുത്തതും പൊരിച്ചതുമായ ഭക്ഷണപദാർഥങ്ങൾ മൂക്കുമുട്ടെ കഴിക്കുമ്പോൾ രോഗങ്ങൾക്ക് എളുപ്പത്തിൽ ശരീരത്തിലേക്ക് കയറിവരാനുള്ള വാതിൽ തുറന്നുകൊടുക്കുകയാണ് നാം ചെയ്യുന്നത്. നമ്മുടെ നഗരങ്ങളിലെ പ്രത്യേകതകളിലൊന്നാണ് ഹോസ്‍പിറ്റൽ^ഹോട്ടൽ നെറ്റ്വർക്ക്. ഹോട്ടലിൽനിന്ന് ഇഷ്ടംപോലെ കഴിച്ച് തൊട്ടപ്പുറത്തെ ഹോസ്പിറ്റലിൽ പോയി രോഗിയായി കിടക്കേണ്ടിവരുന്ന ദുഃസ്ഥിതിയാണ് ഫാസ്റ്റ് ഫുഡ് സംസ്കാരം മലയാളിക്ക് സമ്മാനിക്കുന്നത്.

ഗൾഫിൽനിന്നും മറ്റും തിരിച്ചെത്തുന്ന പ്രവാസികളിൽ പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ തുടങ്ങിയവ കൂടുതലാകാൻ കാരണം അവരുടെ ഭക്ഷണരീതിയും മാനസികസമ്മർദവും വ്യായാമമില്ലായ്മയുമാണ്.  ഓരോ നാട്ടിലും  ഭൂപ്രകൃതിക്കും കാലാവസ്ഥക്കും അനുസരിച്ചുള്ള ഭക്ഷണരീതിയും വ്യായാമസമ്പ്രദായങ്ങളുമാണ് പിന്തുടരുന്നത്.  കൃത്യമായ വ്യായാമത്തോടൊപ്പം കേരളത്തിെൻറ തനതായ വിഭവങ്ങൾ കഴിക്കുന്നതിനു പകരം അറേബ്യൻ, കോണ്ടിനെൻറൽ, ചൈനീസ് എന്നെല്ലാം പേരുള്ള വിദേശരാജ്യങ്ങളിൽനിന്നുള്ള ഭക്ഷ്യവിഭവങ്ങൾ കഴിക്കുന്നവർ സ്വന്തം ആരോഗ്യത്തെ പണയംവെക്കുകയാണ്.

നമ്മുടെ കുടലിനകത്ത് ശരീരത്തിലേക്കെത്തുന്ന ഭക്ഷണപദാർഥങ്ങളിൽ ആവശ്യമായതിനെ മാത്രം സ്വീകരിച്ച് അനാവശ്യവും മലിനവുമായതിനെ നീക്കംചെയ്യുന്ന ബാക്ടീരിയകളുടെ കൂട്ടമാണ് ഇൻറസ്റ്റൈനൽ ഫ്ലോറ (ഗട്ട് ഫ്ലോറ). അനാരോഗ്യകരമായ ഭക്ഷണവും ആൻറിബയോട്ടിക് ഉൾെപ്പടെയുള്ള അനാവശ്യമായ മരുന്നുകളും  കഴിക്കുമ്പോൾ ഈ ബാക്ടീരിയകളുടെ കൂട്ടം നശിക്കുന്നു. ഇത് ദഹനപ്രക്രിയയെയും മറ്റും ബാധിക്കുമ്പോഴാണ് ജീവിതശൈലീ രോഗങ്ങളുണ്ടാകുന്നത്.

ഇതുപോലെത്തന്നെയാണ് ശീതളപാനീയങ്ങളുടെ കാര്യവും. ആകർഷകമായ വർണങ്ങളിൽ കടകളിൽ ലഭിക്കുന്ന പല പാനീയങ്ങളും കടുത്ത നിർജലീകരണത്തിന് കാരണമാവുന്നവയാണ്. വൃക്കയുടെ പ്രവർത്തനത്തെ അപകടകരമായ രീതിയിലാണ് ഇവ ബാധിക്കുന്നത്. ഇതിനെല്ലാം പകരം പഴങ്ങളും പച്ചക്കറികളുമടങ്ങിയ സമീകൃതാഹാരമാണ് ഡോക്ടർമാർ നിർദേശിക്കുന്നത്.

പഴങ്ങളിലും പച്ചക്കറികളിലും വിഷമല്ലേ, എങ്ങനെ വിശ്വസിച്ച് കഴിക്കും എന്നാലോചിക്കുന്നവർക്കും ഉത്തരമുണ്ട്. കുറെയൊക്കെ പച്ചക്കറികളും പഴങ്ങളും പുറത്തുനിന്ന് വാങ്ങാതെ നമ്മുടെ വീട്ടുവളപ്പിൽത്തന്നെയുണ്ടാക്കാം. പുറത്തുനിന്ന് വാങ്ങേണ്ടിവരുമ്പോൾ തൊലി കളഞ്ഞും നന്നായി വേവിച്ചും വൃത്തിയാക്കിയും കഴിക്കാം. എത്രയൊക്കെയായാലും ഷവായ, ഷവർമ തുടങ്ങിയ ഓമനപ്പേരുകളിൽ പുറത്തുനിന്ന് വലിച്ചുവാരിക്കഴിക്കുന്ന ഭക്ഷണങ്ങളുണ്ടാക്കുന്ന പ്രശ്നങ്ങളൊന്നും ഈ പച്ചക്കറികൾ ഉണ്ടാക്കില്ലെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു.

നന്നായുറങ്ങൂ... നന്നായി നടക്കൂ
ഭക്ഷണംപോലെത്തന്നെ പ്രധാനമാണ് വ്യായാമവും വിശ്രമവും. ഉറക്കം തലച്ചോറിനുവേണ്ടി തലച്ചോറുതന്നെ നടത്തുന്ന വിശ്രമപ്രവർത്തനമാണ്. ഉണർന്നിരിക്കാൻ വേണ്ടിയാണ് നാമുറങ്ങുന്നത്, രാത്രി വൈകിയുറങ്ങി രാവിലെ വൈകിയെഴുന്നേൽക്കുന്ന ശീലം നമ്മെ അനാരോഗ്യത്തിലേക്ക് തള്ളിവിടുമെന്നതിൽ സംശയമില്ല. എന്നാൽ, രാത്രി വൈകിയും ജോലി ചെയ്യേണ്ടിവരുന്നവർ നമുക്കിടയിലുണ്ട്. കാൾ സെൻററുകളിലും മാധ്യമസ്ഥാപനങ്ങളിലും ആശുപത്രികളിലും ഐ.ടി കമ്പനികളിലും രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നവരാണ് കൂടുതലും. രാത്രി നഷ്ടപ്പെട്ട ഉറക്കം പകൽ ഉറങ്ങിത്തീർക്കാമെന്ന് വിചാരിക്കുന്നവരാണിവർ. എന്നാൽ, രാത്രിയിലെ ഉറക്കത്തിന് ഇതൊന്നും പകരമാവില്ലെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.

ഉറക്കവും ഉണര്‍വും പ്രത്യേകക്രമത്തില്‍ പരിപാലിക്കുന്നതിനായി ഓരോ ജീവിയുടെയും ഉള്ളില്‍ ഒരു ജൈവഘടികാരമുണ്ട്. ഉച്ചയുറക്കം ശീലിച്ചയാള്‍ക്ക് ഊണു കഴിഞ്ഞയുടന്‍ മയക്കം വരുന്നതും നേരം വൈകിയുറങ്ങുന്നയാള്‍ക്ക് നേരേത്ത കിടന്നാല്‍ ഉറക്കം വരാത്തതും ഈ ജൈവഘടികാരത്തിെൻറ പ്രവര്‍ത്തനം മൂലമാണ്. സിര്‍കാഡിയന്‍ താളം എന്നും ഇതിനു പേരുണ്ട്. ഉറങ്ങുന്നതിെൻറയും ഉണരുന്നതിെൻറയും സമയക്രമത്തിലുണ്ടാകുന്ന വ്യത്യാസം സിര്‍കാഡിയന്‍ താളത്തിെൻറ തകരാറുകള്‍ക്കിടയാക്കുന്നു.
ശാരീരികപ്രവര്‍ത്തനങ്ങളായ ഉറക്കം, ഉണര്‍വ്, ഹൃദയമിടിപ്പ്, രക്തസമ്മര്‍ദം, ശരീരതാപം, ദഹനം, ഹോര്‍മോണ്‍ ഉല്‍പാദനം, വിശപ്പ് തുടങ്ങിയവയിലൊക്കെ സമയാസമയം മാറ്റങ്ങളുണ്ടാകുന്നത് ഈ ജൈവ ഘടികാരത്തിന് അനുസൃതമായാണ്. മെലറ്റോണിൻ എന്ന ഹോർമോണാണ് ഉറക്കത്തിന് കാരണമാകുന്നത്. പകൽസമയം കുറഞ്ഞ അളവിലാണ് മെലറ്റോണിൻ ഉൽപാദിപ്പിക്കപ്പെടുന്നത്. ഇരുട്ടുള്ള രാത്രിയിൽ കൂടുതലളവിലും. രാത്രി സ്വാഭാവിക ഉറക്കത്തിലേക്ക് നാം വഴുതിവീഴുന്നതും പകൽ പലർക്കും ഉറങ്ങാൻ കഴിയാതെ വരുന്നതും ഇക്കാരണത്താലാണ്.

പല രോഗങ്ങളെയും ചെറുക്കുന്ന അദ്ഭുതമെന്നാണ് ആരോഗ്യപ്രവർത്തകർ വ്യായാമത്തെ വിശേഷിപ്പിക്കുന്നത്. ശരിയാണിത്, കൃത്യമായ വ്യായാമത്തിലേർപ്പെടുന്നതിലൂടെ ശരീരത്തെ ആക്രമിക്കാനെത്തുന്ന ഒട്ടേറെ രോഗങ്ങളെ തടയാനാവും. ശരീരത്തിെൻറ ഫിറ്റ്നസിനുവേണ്ടിയാണ് പലരും പതിവായി വ്യായാമം ചെയ്യുന്നതെങ്കിലും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഹൃദ്രോഗം, ഹൃദയധമനീ രോഗം, പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ ജീവിതശൈലീരോഗങ്ങളിൽ നിന്നുപോലും രക്ഷനേടുന്നതിനും മാനസികാരോഗ്യം വർധിപ്പിക്കുന്നതിനോടൊപ്പം ഉല്ലാസവാനായിരിക്കാനും ഈ പ്രക്രിയ സഹായിക്കുന്നുണ്ട്. ദിനംപ്രതി 45 മിനിറ്റെങ്കിലും വ്യായാമം ചെയ്യണമെന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. ഇതിനെവിടെ സമയം എന്നു ചിന്തിക്കുന്നതിനുപകരം ജീവിതചര്യയിലൊരു ചെറിയ മാറ്റം വരുത്തിയാൽ മതി. രാവിലെയുള്ള നടത്തവും സൈക്ലിങ്ങും ചെറിയ ഓട്ടവുമെല്ലാം നമുക്കെളുപ്പത്തിൽ ചെയ്യാവുന്ന വ്യായാമങ്ങളാണ്.  

താങ്ങാനാവുന്നില്ല ഈ ടെൻഷൻ
നിങ്ങൾ വല്ലാതെ വിഷമിച്ചിരിക്കുമ്പോൾ, മാനസികമായി കടുത്ത സംഘർഷം അനുഭവപ്പെടുമ്പോൾ ആരെങ്കിലും ഒരാ‍ളെ സംസാരിക്കാൻ കിട്ടിയിരുന്നെങ്കിൽ എന്നാലോചിക്കാറില്ലേ. കാരണം, എത്ര കടുത്ത സംഘർഷമാണെങ്കിലും മറ്റൊരാളോട് സംസാരിച്ചാൽ, കൂട്ടിനൊരാളുണ്ടെന്ന് മനസ്സിനു തോന്നിക്കഴിഞ്ഞാൽ അതു നൽകുന്ന ആശ്വാസം ചില്ലറയൊന്നുമല്ല. 30 കോടി ജനങ്ങളാണ് ലോകത്ത് വിഷാദരോഗത്തിനടിമപ്പെട്ട് ജീവിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണക്കുകൾ പറയുന്നു. 2005 മുതൽ 2015 വരെയുള്ള കാലയളവിൽ 18 ശതമാനമാണ് വിഷാദരോഗികളുടെ എണ്ണത്തിൽ വർധനയുണ്ടായത്.

നമ്മുടെ തെറ്റായ ജീവിതശൈലിതന്നെയാണ് വിഷാദരോഗങ്ങളുൾെപ്പടെയുള്ള മാനസികപ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. നഗരവത്കരണത്തിെൻറ അനേകം ദൂഷ്യഫലങ്ങളിലൊന്നായിരുന്നു തിരക്കേറിയ ജീവിതശൈലി. മറ്റൊരാളെ പരിഗണിക്കാനോ അവരുമായി സംസാരിക്കാനോ സമയമില്ലാതെ തിരക്കുപിടിച്ചോടുകയാണ് നാമെല്ലാവരും. ജീവിതത്തിെൻറ ഓട്ടപ്പാച്ചിലിൽ അറിയാതെ മനസ്സിെൻറ നിയന്ത്രണം കൈവിടുന്നവരാണ് ചെറിയ മാനസിക സംഘർഷങ്ങളിലേക്കും തുടർന്ന് ജീവിതം തന്നെ അവസാനിപ്പിക്കാൻ പ്രേരണ നൽകുന്ന വിഷാദരോഗങ്ങളിലേക്കും നയിക്കുന്നത്. ജോലിയിൽനിന്നുള്ള സമ്മർദങ്ങളും കുടുംബജീവിതത്തിലെ സ്വൈരക്കേടുകളും സുഹൃത്തുക്കളുമായുള്ള പ്രശ്നങ്ങളുമെല്ലാം നമ്മെ മാനസികസംഘർഷങ്ങളിലേക്ക് നയിക്കുന്നു. ടെൻഷൻ ചില കാര്യങ്ങളിൽ നല്ലതാണ്. എന്നാൽ, എന്തിനും ഏതിനും ടെൻഷനടിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിത്തീർക്കുക.

മാനസികസംഘർഷങ്ങൾക്കടിപ്പെടുന്നവരെ അതിൽനിന്ന് മാറ്റിയെടുക്കാൻ ആദ്യമായി ശ്രദ്ധിക്കേണ്ടത് അവരോടുള്ള മനോഭാവമാണ്. മുൻവിധികളോടെയും വിവേചനത്തോടെയും ഇവരെ സമീപിക്കരുത്. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ആളുകൾക്കിടയിൽ വ്യാപകമായി തെറ്റായ പ്രചാരണം നടക്കുന്നു. വിഷാദരോഗിയായ ഒരാൾ തനിക്കേറെ അടുപ്പമുള്ള മറ്റൊരാളുമായി സംസാരിക്കുന്നതുതന്നെ രോഗചികിത്സയിലും രോഗമുക്തിയിലും വലിയ പങ്കാണ് വഹിക്കുന്നത്. വിഷാദം മറ്റു ജീവിതശൈലീരോഗങ്ങൾക്കും ഇടയാക്കുന്നുണ്ടെന്ന് പഠന‍ങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. പ്രമേഹം, ഹൃദ്രോഗങ്ങൾ എന്നിവയാണ് ഇതിൽ ചിലത്.

സമൂഹത്തിൽ പെരുകിക്കൊണ്ടിരിക്കുന്ന ആത്മഹത്യയുടെ മുഖ്യകാരണം വിഷാദവും മറ്റു മേനാരോഗങ്ങളുമാണ്. ലക്ഷക്കണക്കിനാളുകളാണ് ഓരോ വർഷവും മാനസികസംഘർഷത്തെത്തുടർന്ന് ആത്മഹത്യയുടെ വഴി തെരഞ്ഞെടുക്കുന്നത്. ഊർജനഷ്ടം, മറ്റുള്ളവരുമായി സംസാരിക്കാൻ താൽപര്യമില്ലായ്മ, ഏത് നേരവും ഉറക്കംതൂങ്ങിയ അവസ്ഥ, ആകുലതകൾ, ശ്രദ്ധയില്ലായ്മ, സ്വയം ഉൾവലിയൽ, പ്രതീക്ഷ നഷ്ടപ്പെട്ട മനോഭാവം, സ്വയം മുറിവേൽപിക്കൽ തുടങ്ങിയവയെല്ലാം ഡിപ്രഷെൻറ മറ്റു വശങ്ങളാണ്.

മാറുന്ന ജീവിതരീതികളിൽ വിഷാദരോഗത്തിനുള്ള കാരണങ്ങളും വ്യത്യസ്തമായേക്കാം. സോഷ്യൽ മീഡിയയുടെ അടിമകളായ പുതുതലമുറക്ക് വിഷാദരോഗം പിടിപെടാൻ മറ്റെങ്ങും പോവേണ്ടതില്ല. ഫേസ്ബുക്കിൽ ഇട്ട ഒരു ഫോട്ടോക്ക് ലൈക്ക് കുറഞ്ഞാലോ, മൊബൈൽ ഫോൺ ഏതു നേരവും ഉപയോഗിക്കുന്നതിന് മാതാപിതാക്കൾ വഴക്കുപറഞ്ഞാലോ, തന്നെ മറ്റുള്ളവർ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്ന ചിന്ത വന്നാലോ മതി പുതുതലമുറയുടെ, പ്രത്യേകിച്ച് കൗമാരക്കാരുടെ മനസ്സിനെ അത് വല്ലാതെ ബാധിക്കും. മാനസികമായി ഉല്ലാസം തരുന്ന വിനോദങ്ങളിലേർപ്പെടുക, എല്ലാവരുമായും  സംസാരിക്കുക, നെഗറ്റിവ് എനർജി നൽകുന്ന പ്രവൃത്തികളിൽനിന്നും ആളുകളിൽനിന്നും അകന്നുനിൽക്കുക, ഒരുപാടുപേർ കൂടുന്ന സോഷ്യൽ കമ്യൂണിറ്റികളിൽ പങ്കെടുത്ത് കൂടുതൽ ബന്ധം സ്ഥാപിക്കുക... ഇങ്ങനെ ഡിപ്രഷൻ ഒഴിവാക്കാനും ഇല്ലാതാക്കാനുമുള്ള പോംവഴികൾ വളരെ ലളിതമാണ്.

കൂടാതെ ടെൻഷനുണ്ടാക്കുന്ന ജീവിതസാഹചര്യങ്ങൾ ഒഴിവാക്കി, കാര്യങ്ങൾ ചിട്ടയോടെ നടപ്പാക്കുകയും ചിന്തകളെയും മനസ്സിനെയും നിയന്ത്രിക്കാൻ യോഗ, ധ്യാനം എന്നിവ പരിശീലിക്കുകയും ചെയ്താൽ വിഷാദരോഗത്തെ പടിക്കുപുറത്തു നിർത്താം. എന്തിന് നമുക്കിഷ്ടപ്പെട്ടൊരു പാട്ടുകേൾക്കുന്നതും കൺകുളിർമയേകുന്ന ഒരു സ്ഥലത്ത് പോകുന്നതുപോലും മാനസിക പിരിമുറുക്കം കുറക്കുന്നതിൽ നല്ല പങ്കുവഹിക്കുന്നുണ്ട്.

സാമൂഹികബന്ധങ്ങളില്ലാത്ത സമൂഹമാധ്യമങ്ങൾ
സ്റ്റേ കണക്റ്റഡ് എന്നാണ് പല ആശയവിനിമയോപാധികളുടെയും സമൂഹമാധ്യമങ്ങളുടെയും ആപ്തവാക്യം. സമൂഹവുമായി അടുപ്പം സൂക്ഷിക്കാം എന്ന വാഗ്ദാനവുമായി പ്രചരിക്കുന്ന ഇത്തരം ആധുനിക വിവരവിനിമയ സങ്കേതങ്ങളെല്ലാം ഒരർഥത്തിൽ നമ്മെ പരസ്പരം ബന്ധിപ്പിക്കുന്നതിനു പകരം ഒറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്.

ഒരു സുഹൃദ്വലയത്തിലിരിക്കെപ്പോലും സ്വന്തം കൈയിലുള്ള ഫോണിലേക്ക് തലയും മനസ്സും ഊളിയിടുന്ന ചെറുപ്പക്കാരുടെ സമൂഹമാണ് ഇന്നുള്ളത്. പരസ്പരം വാ തുറന്ന് മിണ്ടുന്നതിനുപകരം ലൈക്കിലൂടെയും കമൻറിലൂടെയുമാണ് ആശയങ്ങൾ കൈമാറുന്നത്. ഈ വിർച്വൽ സൈബർസ്പേസ് ബന്ധങ്ങൾ കൂട്ടിയിണക്കുന്നതിനുപകരം നമ്മെ നമ്മിലേക്കു മാത്രം ഉൾവലിയിപ്പിക്കുകയാണ് ചെയ്യുന്നത്.

തുടർച്ചയായി ഫേസ്ബുക്കിലും വാട്സ്ആപ്പിലും മണിക്കൂറുകളോളം കളയാൻ നമുക്ക് സമയമുണ്ട്. എന്നാൽ, തൊട്ടടുത്തിരിക്കുന്ന ഒരാളിനോട് സംസാരിക്കാനോ അയാളുടെ പ്രശ്നങ്ങളറിയാനോ നമുക്ക് നേരമില്ല. സ്ട്രെസ് പോലുള്ള മാനസികപ്രശ്നങ്ങൾ മാത്രമല്ല ഇതിലൂടെ വന്നുഭവിക്കുന്നത്. മറിച്ച് നമ്മുടെ ചിന്താശേഷിയെ ഇത് പലപ്പോഴും പ്രതികൂലമായി ബാധിക്കുന്നു.

വിർച്വൽ ലോകത്തല്ലാതെ നമ്മുെട ജൈവികമായ, ഭൗതികമായ ചുറ്റുപാടിലെന്തു സംഭവിക്കുന്നുവെന്ന് ഇത്തരക്കാർ അറിയുന്നില്ല. ഊണിലും ഉറക്കത്തിലും മൊബൈൽ ‍ഫോൺ ഉപയോഗിക്കുന്നവരറിയുന്നില്ല അതിെൻറ ദീർഘദൂര പ്രത്യാഘാതങ്ങളെക്കുറിച്ച്.
റേഡിയേഷനുൾെപ്പടെയുള്ള പ്രശ്നങ്ങളെക്കുറിച്ച് ഇന്നും ശാസ്ത്രലോകം പഠനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെങ്കിലും മൊബൈൽ ഫോണിെൻറ ദീർഘനേര ഉപയോഗം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നതിൽ വിദഗ്ധർക്ക് രണ്ടഭിപ്രായമില്ല.

തയാറാക്കിയത്: നഹീമ പൂന്തോട്ടത്തിൽ

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:life style disease
News Summary - alert against these illness
Next Story