Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightപ്രവാസികളുടെ...

പ്രവാസികളുടെ അടുക്കളയില്‍ വേവുന്നത്

text_fields
bookmark_border
പ്രവാസികളുടെ അടുക്കളയില്‍ വേവുന്നത്
cancel

തൊഴിലിടങ്ങളിലെ കഷ്ടപ്പാടുകള്‍ക്കും കുറഞ്ഞ ശമ്പള നിരക്കുകള്‍ സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധികള്‍ക്കുമൊപ്പം ഗള്‍ഫ് മലയാളി ഇന്ന് നേരിടുന്ന പ്രധാന പ്രശ്നമാണ് അവരുടെ രോഗാവസ്ഥകള്‍. മുമ്പൊക്കെ നാട്ടിലെ പട്ടിണിയുടെ ഓര്‍മകള്‍ക്കിടയില്‍ വയറുനിറച്ചുണ്ടിരുന്ന പ്രവാസി ഒരിക്കലും തന്‍െറ ആരോഗ്യത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് പത്രാസിന്‍െറ കൂടെ വിവിധതരം രോഗങ്ങള്‍ മുഖമുദ്രയായി മാറിയ ഗള്‍ഫ്കാരുടെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് സമൂഹം ഗൗരവമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
കേരളത്തിലെ ‘ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റലുകളു’ടെ പ്രധാന ഇരകള്‍ ഇന്ന് പ്രവാസികളാണ്. അതുകൊണ്ടുതന്നെ രോഗം വന്നവരെ ചികിത്സിച്ചു ‘പിഴിയുക’ എന്ന കര്‍ത്തവ്യത്തിനപ്പുറം സംസ്ഥാനത്തിന്‍െറ തന്നെ മുഖ്യ വരുമാന സ്രോതസ്സായ ഇവരുടെ ആരോഗ്യത്തെക്കുറിച്ച് ആരോഗ്യകരമായ ചര്‍ച്ചകള്‍ എവിടെയും ഉയര്‍ന്ന് കേള്‍ക്കുന്നില്ല. ലക്ഷക്കണക്കിന് വരുന്ന ഗള്‍ഫ് മലയാളികളുടെ ആരോഗ്യപ്രശ്നം യഥാര്‍ഥത്തില്‍ മുഴുവന്‍ മലയാളികളുടെയും പ്രശ്നമാണ്. പ്രവാസി മലയാളി സംഘടനകളും മാധ്യമങ്ങളും ഈ രംഗത്ത് ആവശ്യമായ ബോധവത്കരണം നടത്താന്‍ വൈകിയാല്‍ വിമാനത്താവളങ്ങളില്‍ നിന്ന് ചിരിച്ച മുഖവുമായി വീട്ടിലേക്കത്തെിയിരുന്ന ഗള്‍ഫുകാര്‍ക്ക് ഇനി നേരെ ആശുപത്രികളിലേക്ക് പോകേണ്ട ഗതികേട് വന്നുചേരും.
ഗള്‍ഫ് മലയാളികളൂടെ അനാരോഗ്യത്തിന്‍െറ കാരണങ്ങളന്വേഷിച്ച് അധികം ഗവേഷണങ്ങളൊന്നും നടത്തേണ്ടതില്ല. വ്യായാമ രഹിതമായ ജീവിതത്തോടൊപ്പം കൊഴുപ്പു നിറഞ്ഞതും ആവശ്യത്തിന് പോഷകങ്ങള്‍ ലഭിക്കാത്തതുമായ ഭക്ഷണശീലങ്ങളാണ് അവരുടെ രോഗ കാരണങ്ങളായി തീരുന്നത്. സമയക്കുറവും സൗകര്യക്കുറവും ജോലിചെയ്ത് ക്ഷീണിച്ചു വരുന്നവരുടെ ശാരീരിക-മാനസിക അവസ്ഥകളും ചേര്‍ന്ന് എന്തെങ്കിലും കഴിക്കുക എന്ന ജീവിതചര്യ പിന്തുടരാന്‍ അവര്‍ നിര്‍ബന്ധിതരാവുന്നു.
ഗള്‍ഫ് മലയാളികളില്‍ നല്ളൊരു വിഭാഗം ഇന്നും കുടുംബത്തെ കൂടെ കൊണ്ടുപോകാനാവാതെ ലേബര്‍ക്യാമ്പുകളിലും, എട്ടും പത്തും പേര്‍ തിങ്ങിക്കഴിയുന്ന മുറികളിലും കഴിയുന്നവരാണ്. അതുകൊണ്ടുതന്നെ തട്ടിക്കൂട്ടിയുള്ള സ്വയം പാചകവും പുറത്തുനിന്നുള്ള ഫാസ്റ്റ് ഫുഡുകളുമാണ് പലപ്പോഴും അവരുടെ വയറുനിറക്കുന്നത്. ഭൂരിപക്ഷം വരുന്ന തൊഴിലാളികളാവട്ടെ ഇത്തരം ഭക്ഷണശീലങ്ങളില്‍ ഒളിഞ്ഞുകിടക്കുന്ന അപകടങ്ങളെ കുറിച്ച് ഒട്ടു ബോധവാന്‍മാരുമല്ല.
കുബ്ബൂസും (ഹുബ്സ് )ചോറും ചിക്കനും ബീഫും മാറിമാറി അവതരിക്കുന്ന അവരുടെ മെനുവിലാവട്ടെ പോഷകങ്ങളടങ്ങിയ പച്ചക്കറികളോ പഴവര്‍ഗ്ഗങ്ങളോ ഒരിക്കലും തിരനോട്ടം നടത്തുന്നില്ല.
സൂര്യനുദിക്കും മുമ്പ് ഉണര്‍ന്നെണീക്കുന്ന തൊഴിലാളികള്‍ സൈറ്റിലേക്കുള്ള വണ്ടിവരും മുമ്പ് കഴിക്കാന്‍ സമയമില്ലാത്തതിനാല്‍ ഉച്ചഭക്ഷണത്തോടൊപ്പം പ്രഭാതഭക്ഷണവും പൊതിഞ്ഞെടുക്കുകയാണ് പതിവ്. പലപ്പോഴും തലേ ദിവസം രാത്രിയുണ്ടാക്കിയ ചോറിന്‍െറയോ ചപ്പാത്തിയുടെയോ കൂടെ ചിക്കന്‍കറിയാണ് ഉച്ചഭക്ഷണം. പ്രാതലാവട്ടെ പുറത്ത് കടകളില്‍ നിന്ന് വാങ്ങിവെച്ച കുബ്ബൂസോ റൊട്ടിയോ തലേദിവസത്തെ കറിയോ മാത്രവും.
ചൂടുകൂടുതലുള്ള ദിവസങ്ങളില്‍ അമിതമായ ദാഹം കാരണം വെള്ളം കുടിച്ച് വയര്‍ നിറക്കുന്നത് മൂലമോ പെതിഞ്ഞെടുത്ത തലേദിവസത്തെ ഭക്ഷണം കേടാവുന്നതുകൊണ്ടോ ഉച്ചഭക്ഷണം കഴിക്കാതിരിക്കുന്നതും തൊഴിലാളികള്‍ക്കിടയില്‍ സാധാരണയാണ്. ഇങ്ങിനെ കൊടും വേനലിലെ പകലില്‍ ഭക്ഷണമൊഴിവാക്കി ജോലിചെയ്യുന്നതും ആരോഗ്യത്തെ തകര്‍ക്കാനിടയാക്കും.
ഒഴിവുദിവസമായ വെള്ളിയാഴ്ചകളില്‍ മാത്രമാണ് കുടുംബമില്ലാതെ കഴിയുന്ന ഒരു പ്രവാസി നല്ല ഭക്ഷണം കാണുന്നത്. അടുക്കളയില്‍ സ്പെഷലുകളുണ്ടാക്കുന്നതും പുറത്തെ റസ്റ്റാറന്‍റുകളില്‍ പോയി ഇഷ്ടഭക്ഷണം കഴിക്കുന്നതും അന്നാണ്്. അതാകട്ടെ എണ്ണയും മാസ്യവും നിറഞ്ഞ ബിരിയാണിയിലും നെയ്ച്ചോറിലും ഫ്രൈഡ് റൈസിലുമാണ് എത്തിച്ചേരുക.
ആവശ്യത്തിന് ശുദ്ധജലം കുടിക്കാന്‍ കഴിയാത്തതും അവന്‍െറ ശരീരത്തിന്‍െറ അനാരോഗ്യ പ്രവണതകളെ വര്‍ധിപ്പിക്കുന്നു. വലിയ വില നല്‍കി മിനറല്‍ വാട്ടര്‍ വാങ്ങിക്കുടിക്കാന്‍ കഴിയാത്തവര്‍ കുഴല്‍ക്കിണറുകള്‍ വഴിയും കടല്‍വെള്ളം ശുദ്ധീകരിച്ചും കിട്ടുന്ന വെള്ളമാണ് ഫില്‍ട്ടര്‍ ചെയ്തിട്ടാണെങ്കില്‍ പോലും സ്ഥിരമായി കുടിക്കുന്നത്. ഇതിലാവട്ടെ കാത്സ്യം, ഓക്സലേറ്റ് എന്നിവയുടെ സാന്നിധ്യം ഉയര്‍ന്നതോതിലാണ്. ഗള്‍ഫ് മലയാളികളില്‍ വ്യാപകമായി കണ്ടുവരുന്ന കിഡ്നി സ്റ്റോണിന് പ്രധാന കാരണം ലവണാംശങ്ങള്‍ അടങ്ങിയ കുടിവെള്ളമാണ്. വെള്ളത്തിന് പകരം കുടിക്കുന്ന കോളകളും കൃത്രിമ നിറങ്ങളും രാസവസ്തുക്കളുമടങ്ങിയ ശീതളപാനീയങ്ങളും ഇത്തരം ആരോഗ്യപ്രശ്നങ്ങള്‍ രൂക്ഷമാക്കുകയും ചെയ്യും.
കൊഴുപ്പ്, മധുരം എന്നിവയുടെ ആധിക്യമാണ് ഗള്‍ഫിലെ ഭക്ഷണരീതികളുടെ മറ്റൊരു പ്രത്യേകത. മാംസാഹാരങ്ങളുടെ കാര്യത്തിലും പ്രവാസികള്‍ മുന്‍പന്തിയിലാണ്. ബീഫ്, മട്ടന്‍ എന്നിവയുടെ സ്ഥിരവും അമിതവുമായ ഉപയോഗം യൂറിക് ആസിഡിന്‍െറ അളവ് കൂടാനും അതുമൂലം മൂത്രാശയക്കല്ലുകള്‍ക്ക് പുറമെ ‘ഗൗട്ട്’ എന്ന രോഗം വരാനും കാരണമാകുന്നു. രക്തത്തില്‍ യൂറിക് ആസിഡ് വര്‍ധിക്കുന്നത് മൂലമുണ്ടാകുന്ന രോഗമാണ് ഗൗട്ട്. പെരുവിരലിലും സന്ധികളിലുമുള്ള അസഹ്യമായ വേദനയാണ് ഇതിന്‍െറ ലക്ഷണം.
നാരുകളടങ്ങിയ പച്ചക്കറികള്‍ വളരെ കുറച്ചുമാത്രം ഉപയോഗിക്കുന്നതുമൂലം ദഹനപ്രശ്നങ്ങളും മലബന്ധവും തുടര്‍ന്ന് പൈല്‍സും പ്രവാസികളെ തേടിയത്തെുന്നുന്നു.
കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളുടെ ആധിക്യവും വ്യായാമ രഹിതമായ ജീവിതചര്യയും സൃഷ്ടിക്കുന്ന അമിതവണ്ണവും ഗള്‍ഫ് മലയാളികളുടെ ആരോഗ്യ പ്രശ്നങ്ങളാണ്. അമതിവണ്ണമുള്ളവരില്‍ ഭൂരിപക്ഷവും മെറ്റബോളിസ് സിന്‍ഡ്രോം എന്ന രോഗത്തിന്‍െറ പിടിയിലാണ്. പ്രമേഹം, കൊളസ്¤്രടാള്‍, രക്തസമ്മര്‍ദം, പൊണ്ണത്തടി എന്നീ രോഗങ്ങളുടെ ഒരു കൂട്ടായ്മയാണ് മെറ്റബോളിസ് സിന്‍ഡ്രോം. ഇത് പിന്നീട് ഹൃദയത്തിന്‍െറ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.
ഈ സാഹചര്യത്തില്‍ ഭക്ഷണത്തില്‍ ഒളിഞ്ഞിരിക്കുന്ന രോഗാവസ്ഥകളെക്കുറിച്ചും ശരീരത്തിന് ആവശ്യമായ പോഷകങ്ങളടങ്ങിയ ഭക്ഷണങ്ങളെക്കുറിച്ചും അവ എളുപ്പത്തില്‍ തയാറാക്കുന്ന മാര്‍ഗങ്ങളെ കുറിച്ചും പ്രവാസികള്‍ക്കിടയില്‍ വ്യാപകവും ഫലപ്രദവുമായ ബോധവത്കരണം ആവശ്യമായിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health
Next Story