Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightപ്രത്യാശയുടെ പുതുലോകം...

പ്രത്യാശയുടെ പുതുലോകം തുറന്ന് കാന്‍സര്‍ ദിനം

text_fields
bookmark_border
പ്രത്യാശയുടെ പുതുലോകം തുറന്ന് കാന്‍സര്‍ ദിനം
cancel

...നടന്ന് നടന്ന് ഞാന്‍ ഒരു മുറിയുടെ മുന്‍പിലത്തെി; പോലീസ് കാവലില്‍ ഒരു രോഗി. ഞാന്‍ അകത്തേക്ക് പാളി നോക്കി. ഇളം പച്ച വസ്ത്രമണിഞ്ഞു കിടക്കുന്ന മൊട്ടയായ സ്ത്രീ. ഒരു നിമിഷം മനസ്സ് ചിന്തിച്ചു നിന്നു; മുന്‍ മന്ത്രി സുശീല ഗോപാലന്‍. അവരുടെ ചേച്ചി എന്നോട് കുശലം ചോദിച്ചു. ഞാന്‍ രോഗിയാണെന്നറിഞ്ഞപ്പോള്‍ അവര്‍ എന്നെ ആശ്വസിപ്പിച്ചു.
" ഇത് വലിയ കുഴപ്പമുള്ള അസുഖമല്ല. അവള്‍ക്ക് ഇങ്ങിനെ വന്നതു കണ്ടിട്ട് പേടിക്കരുത്. ആദ്യത്തെ കീമോ തെറാപ്പി കഴിഞ്ഞപ്പോള്‍ അവള്‍ ഹോമിയോ ട്രീറ്റ്മെന്‍്റ് ചെയ്തു. കീമോയുടെ ബുദ്ധിമുട്ട് അവള്‍ക്ക് പ്രയാസമായി. ഞങ്ങള്‍ പറഞ്ഞത് അവള്‍ കേട്ടില്ല;  അവള്‍ അങ്ങിനെയാ. കീമോ പൂര്‍ത്തിയാക്കിയാല്‍ ഒന്നും വരുകയില്ല. ഇത് നിസ്സാരമായ അസുഖമാണ്".
ഞാന്‍ തലയാട്ടി. അതേ ഇത് നിസ്സാരമാണ്, നിസ്സാരമാണ്.
ലോകത്തില്‍ മൂന്ന് മിനുട്ടില്‍ ഒരു ബ്രെസ്റ്റ് കാന്‍സര്‍ രോഗി ജനിക്കുന്നുവെന്നും പതിമൂന്ന് മിനുട്ടില്‍ ഒരാള്‍ മരിക്കുന്നുവെന്നും മറന്നുകൊണ്ട് ഞാന്‍ മന്ത്രിച്ചുകൊണ്ടിരുന്നു. 'ഇത് നിസ്സാരമാണ്; ഒന്നുമില്ല; ഒന്നുമില്ല'.
ഏതും നിസ്സാരമെന്ന് കരുതിയാല്‍ നിസ്സാരമാകും, സാരമെന്ന് കരുതിയാല്‍ സാരവത്താകും. ഇത് മനസ്സിന്‍്റെ അതിനിഗൂഢമായ സ്വഭാവവിശേഷമാണ്. നല്ലതും ചീയതുമായ ചിന്തകള്‍ ശരീരത്തിനുണ്ടാക്കുന്ന ഗതിവിഗതികള്‍ വര്‍ണ്ണനാതീതമാണ്. എഴുപത്തിരണ്ടായിരം നാഡീവ്യൂഹങ്ങളിലൂടെയും കോടാനുകോടി കോശങ്ങളിലൂടെയും അത് സൃഷ്ടിക്കുന്ന കാന്തികപ്രവാഹവും വൈദ്യുതതരംഗങ്ങളും ശരീരത്തെ മാറ്റി മറിക്കുന്നു. മനസ്സിന്‍്റെ ശുഭചിന്തകള്‍ ശരീരത്തെ കാത്തുകൊള്ളും. ആത്മശക്തിയാണ് ശരീരത്തിന്‍്റെ നാഥന്‍...

സ്തനാര്‍ബുദത്തെ സധൈര്യം നേരിടുകയും ആ അനുഭവങ്ങള്‍  വായനക്കാര്‍ക്കായി പങ്കുവെക്കുകയും ചെയ്ത പ്രൊഫ. ആശാ ജി. വക്കത്തിന്‍്റെ 'അനാമികയുടെ സുവിശേഷങ്ങള്‍' എന്ന പുസ്തകത്തിലെ വാക്കുകളാണിത്. ശുഭചിന്തയും ആത്മവിശ്വാസവും കൃത്യമായ ചികില്‍സയും കൊണ്ട് കാന്‍സറിനെ തോല്‍പ്പിച്ച അവര്‍ ഇന്ന് കാന്‍സര്‍ ബോധവത്കരണപ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുണ്ട്. കാന്‍സര്‍ വിമുക്തമായ ഒരു നല്ല നാളെയെക്കുറിച്ചുള്ള പ്രതീക്ഷകളാണ് അര്‍ബുദ പര്‍വം പിന്നിട്ട ആശ ടീച്ചറെപ്പോലുള്ളവരുടെ വാക്കുകളില്‍ തെളിയുന്നത്.

‘നമുക്ക് കഴിയും, എനിക്ക് കഴിയും’
ഇന്ന് ലോക കാന്‍സര്‍ ദിനം. കാന്‍സര്‍ അഥവ അര്‍ബുദം എന്ന് പേര് കേള്‍ക്കുന്ന മാത്രയില്‍ ഒട്ടുമിക്കപേരുടെയും ഉള്ളില്‍ ഉണരുന്ന വികാരം പേടിയോ ആശങ്കയോ ആണ്. ഈ ആശങ്കകള്‍ക്ക് മേലേ പ്രത്യാശയുടെ പൂക്കള്‍ വിരിഞ്ഞുതുടങ്ങിയെന്നാണ് കാന്‍സര്‍ ദിനം നമ്മോട് പറയുന്നത്. മരണത്തിന്‍്റെ മറുവാക്കായി അറിയപ്പെട്ടിരുന്ന കാന്‍സറിനെ നോക്കി ഇന്ന് ലോകം പറയുന്നു, കാന്‍സറിനെ അതിജീവിക്കാന്‍ ‘നമുക്ക് കഴിയും, എനിക്ക് കഴിയും’. കാന്‍സറിനെതിരായ മാനവരാശിയുടെ പോരാട്ടങ്ങളെ ഏകോപിപ്പിക്കാനാണ് യൂണിയന്‍ ഫോര്‍ ഇന്‍്റര്‍നാഷണല്‍ കാന്‍സര്‍ കണ്‍ട്രോളിന്‍്റെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും ഫെബ്രുവരി 4 ലോക കാന്‍സര്‍ ദിനമായി ആചരിക്കുന്നത്. വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും കാന്‍സര്‍ ഉണ്ടാക്കുന്ന ആഘാതം കുറയ്ക്കാന്‍ ഒറ്റയ്ക്കും കൂട്ടായുമുള്ള പ്രവര്‍ത്തനങ്ങളിലൂടെ നമുക്ക് കഴിയും എന്നതാണ് ഈ വര്‍ഷത്തെ കാന്‍സര്‍ ദിന സന്ദേശം.

അതിരുകളില്ലാ രോഗം
ലോകത്തെ മരണകാരികളായ രോഗങ്ങളില്‍ മുന്‍നിരയിലാണ് ഇന്നും കാന്‍സറിന്‍്റെ സ്ഥാനം. അര്‍ബുദം അതിരുകളില്ലാ രോഗമാണ്. വികസിതരാജ്യങ്ങളും വികസ്വരരാജ്യങ്ങളും ഒരുപോലെ അതിന്‍്റെ ഭീഷണിയിലാണ്. രോഗം ബാധിക്കുന്നവരിലും ദരിദ്രസമ്പന്ന വ്യത്യാസങ്ങളൊന്നുമില്ല. ദശലക്ഷങ്ങളാണ് ലോകമെമ്പാടും ദിനവും കാന്‍സര്‍ ബാധിതരാവുന്നത്. ഓരോവര്‍ഷവും 82 ലക്ഷം പേര്‍ക്കാണ് കാന്‍സര്‍ മൂലം ലോകത്തെമ്പാടും ജീവന്‍ നഷ്ടമാകുന്നത്. ഇതില്‍ 40 ലക്ഷവും 30 നും 69 നും ഇടയില്‍ പ്രായമുള്ളവരുടെ അകാല മരണങ്ങളാണ്. ഈ കാന്‍സര്‍ മരണങ്ങളില്‍ മൂന്നിലൊന്നും പ്രതിരോധിക്കാനാവുന്നതാണ്. എന്നിട്ടും ആയുസ്സെത്താതെ ഒട്ടേറെപേര്‍ക്ക് കാന്‍സര്‍ മൂലം ജീവന്‍ നഷ്ടമാകുന്നത് രോഗത്തെക്കുറിച്ചുള്ള ശരിയായ അറിവില്ലാത്തതുകൊണ്ടാണ്.
ഇന്ത്യയില്‍ വര്‍ഷം തോറും 10 ലക്ഷത്തിലധികം പേര്‍ കാന്‍സര്‍ രോഗികളാകുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്ത് കാന്‍സര്‍ കൂടുതലായി കാണുന്ന സ്ഥലങ്ങളിലൊന്നാണിന്ന് കേരളം. അരലക്ഷത്തോളം പേരിലാണ് ഓരോ വര്‍ഷവും സംസ്ഥാനത്ത് പുതുതായി കാന്‍സര്‍ കണ്ടത്തെുന്നത്. ഇന്ത്യന്‍ ശരാശരിയേക്കാള്‍ ഉയര്‍ന്നതോതിലാണ് ഇവിടെ രോഗം വ്യാപിക്കുന്നത്. കേരളത്തിലെ വലിയ പൊതുജനാരോഗ്യപ്രശ്നമായി കാന്‍സര്‍ ഇന്ന് മാറിക്കഴിഞ്ഞിരിക്കുന്നു.  

കാന്‍സര്‍ മാറും..
കാന്‍സര്‍ കടുത്ത രോഗാവസ്ഥയാണ് എന്ന കാര്യത്തില്‍ സംശയമില്ല. വലിയ പ്രയാസങ്ങള്‍ അത് ജീവിതത്തിലുണ്ടാക്കും. ശാരീരികവും മാനസികവും വൈകാരികവും സാമ്പത്തികവുമായ പലതരം ദുരിതങ്ങള്‍ക്ക് കാന്‍സര്‍ ഇടയാക്കും. എന്നാല്‍ ചികില്‍സരംഗത്ത് വൈദ്യശാസ്ത്രം നടത്തിയ കുതിച്ചുചാട്ടത്തിന്‍്റെ ഫലമായി മറ്റേതൊരു രോഗവും പോലെ തന്നെയാണിന്ന് കാന്‍സറും. കൃത്യമായി ചികില്‍സിച്ചാല്‍ ഭേദമാക്കാവുന്ന രോഗാവസ്ഥ. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഏറ്റവുമധികം പുരോഗതി കൈവരിച്ച മേഖലയാണ് കാന്‍സര്‍ ചികില്‍സ രംഗം. കാന്‍സര്‍ മാറും എന്നുപറയുന്നത് മറ്റാരുമല്ല, കാന്‍സറിനെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയ നമുക്ക് ചുറ്റുമുള്ള ആയിരക്കണക്കിനാളുകളാണ്. സ്വന്തം ജീവിതം സാക്ഷിയാക്കി അവര്‍ പറയുന്നു, കാന്‍സര്‍ മാറും. പൂര്‍ണ ആരോഗ്യവാന്മാരായി സന്തോഷത്തോടെ ജീവിക്കുന്ന അവരുടെ വാക്കുകള്‍ സമൂഹത്തിലെ കാന്‍സര്‍ ഭീതിയുടെ ഇരുളകറ്റാന്‍ സഹായിക്കുമെന്ന് തീര്‍ച്ച. കാന്‍സറെന്ന് കേട്ടാല്‍ ഭീതിയോടെ മുഖം തിരിക്കുന്ന അവസ്ഥയില്‍ നിന്ന് രോഗത്തെക്കുറിച്ച് സംസാരിക്കാനും നേരത്തേ ചികില്‍സ തേടാനും ഇന്ന് ആളുകള്‍ സന്നദ്ധരാകുന്നത് ശുഭസൂചനയാണ്.    

മോളി ടീച്ചറുടെ കഥ..
ക്ളാസ് റൂമില്‍ കുറുമ്പ് കാണിക്കുന്ന വികൃതിക്കുട്ടന്മാരെ കൗശലപൂര്‍വം അക്ഷരവഴിയിലേക്ക് നയിക്കുന്ന മോളിടീച്ചറെത്തേടി 2012 ലാണ് ആ വികൃതിയത്തെിയത്. നിലമ്പൂര്‍ കോണമുണ്ട ജി. എല്‍. പി. എസ്സിലെ മോളി ആന്‍ഡ്രൂസിനെത്തേടിയത്തെിയ ആ വികൃതി മറ്റാരുമായിരുന്നില്ല, സ്തനാര്‍ബുദം. വലത്തെ മാറിടത്തില്‍ ചെറിയ രക്തസ്രാവമായിട്ടായിരുന്നു തുടക്കം. സംശയം തോന്നി പരിശോധിച്ചപ്പോള്‍ പേടിച്ചത് തന്നെ. ബ്രസ്റ്റ് കാന്‍സര്‍. സ്തനാര്‍ബുദം രണ്ടാംഘട്ടത്തിലേക്ക് കടക്കാനൊരുങ്ങുകയാണ്. ആദ്യം ടീച്ചറൊന്ന് പകച്ചു, എല്ലാവരെയും പോലെ.  പിന്നെ ധൈര്യത്തോടെ നേരിടാന്‍ തന്നെ തീരുമാനിച്ചു. കുട്ടികളെ ക്ളാസ് മുറിയില്‍ വിട്ട് ടീച്ചര്‍ ആശുപത്രിയിലത്തെി. ഭര്‍ത്താവും മക്കളും ബന്ധുക്കളുമൊക്കെ പിന്തുണയുമായി കൂടെനിന്നു. ടീച്ചര്‍ക്ക് കാന്‍സര്‍ എന്ന് അടക്കം പറഞ്ഞ നാട്ടുകാര്‍ക്ക് മുന്നിലൂടെ അങ്ങിനെ രോഗത്തെ തോല്‍പ്പിച്ച് അടുത്ത അധ്യായന വര്‍ഷം തന്നെ മോളി ടീച്ചര്‍ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ ക്ളാസിലത്തെി. നേരത്തേ കണ്ടത്തെി, സധൈര്യം ചികില്‍സിച്ചാല്‍ കാന്‍സര്‍ ജീവിതരസം കെടുത്തില്ല എന്ന തിളക്കമാര്‍ന്ന ജീവിത പാഠവുമായി...

പേടിക്ക് കാരണം അജ്ഞത
അറിവില്ലായ്മയും അബദ്ധധാരണകളുമാണ് ആളുകള്‍ക്കിടയിലെ  കാന്‍സര്‍ പേടിക്ക് പ്രധാന കാരണം. കാന്‍സര്‍ പലരും കരുതുന്നത് പോലെ ഒറ്റ രോഗമല്ല. ശരീരകോശങ്ങളുടെ അനിയന്ത്രിതമായ വിഭജനത്തത്തെുടര്‍ന്നുണ്ടാകുന്ന ഒരുകൂട്ടം രോഗങ്ങളെ പൊതുവേ വിളിക്കുന്ന പേരാണ് കാന്‍സര്‍. ശരീരത്തിലേത് ഭാഗത്തും കാന്‍സര്‍ വരാം. 150 ലധികം തരം കാന്‍സറുകളുണ്ട്. അവയില്‍ തന്നെ ഉപവിഭാഗങ്ങളുമുണ്ട്. ഓരോന്നിലും പല ഗ്രേഡുകളുമുണ്ട്. സൂക്ഷ്മതലത്തില്‍ ഓരോ കാന്‍സറും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ഒരു കാന്‍സര്‍ രോഗിയുടെ അവസ്ഥയായിരിക്കില്ല മറ്റൊരാള്‍ക്ക്. ഒരു അവയവത്തെ ബാധിക്കുന്ന കാന്‍സര്‍ പോലെയായിരിക്കില്ല മറ്റൊരു അവയവത്തെ ബാധിക്കുന്നത്. അതുകൊണ്ടുതന്നെ ഓരോ കാന്‍സര്‍ രോഗിക്കുമുള്ള ചികില്‍സയും വ്യത്യസ്തമാണ്. രോഗത്തെയും രോഗിയെയും വിലയിരുത്തി ഓരോരുത്തര്‍ക്കും അനുയോജ്യമായ ചികില്‍സയാണ് നിലവില്‍ നല്‍കുന്നത്. ടെയ്ലര്‍ മെയ്ഡ് ചികില്‍സ എന്നാണിതിനെ വിളിക്കുന്നത്. 60 ശതമാനം കാന്‍സറും ഇന്ന് ചികില്‍സിച്ച് ഭേദമാക്കാവുന്നവയാണ്. രോഗം പുരോഗമിച്ച അവസ്ഥയിലാണ് കണ്ടത്തെുന്നതെങ്കില്‍ പോലും ഫലപ്രദമായി നിയന്ത്രിച്ച് നിറുത്തി ദീര്‍ഘകാലം ജീവിക്കാനാവും. രോഗിയുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും അവയവങ്ങള്‍ സംരക്ഷിക്കാനും കഴിയുന്നവിധം ചികില്‍സാരംഗ ഇന്ന് ഏറെ മുന്നേറിയിട്ടുണ്ട്. കാന്‍സര്‍ വിമുക്തി നേടിയ ഒന്നരക്കോടിയാളുകള്‍ അമേരിക്കയില്‍ മാത്രം ഇന്ന് ജീവിക്കുന്നുണ്ട്.

സ്തനാര്‍ബുദം കൂടുന്നു..
കേരളത്തില്‍ ചില കാന്‍സറുകള്‍ കൂടിവരുകയാണ്. മറ്റുചിലത് കുറയുന്നുമുണ്ട്. സ്തനാര്‍ബുദം, രക്താര്‍ബുദം, ശ്വാസകോശാര്‍ബുദം, ലിംഫോമ, പ്രോസ്റ്റേറ്റ് കാന്‍സര്‍, ആമാശയ കാന്‍സര്‍, മലാശയ കാന്‍സര്‍  എന്നിവയാണ് കേരളത്തില്‍ പൊതുവേ കൂടുതല്‍ കാണുന്ന കാന്‍സറുകള്‍. വായിലെ കാന്‍സറുകള്‍, ഗര്‍ഭാശയഗള കാന്‍സര്‍ എന്നിവയാണ് കുറയുന്നത്. പുരുഷന്മാരില്‍ വായിലെ കാന്‍സറും ശ്വാസകോശ കാന്‍സറുമാണ് കൂടുതല്‍ കണ്ടുവരുന്നത്. ബ്ളഡ് കാന്‍സറും പ്രോസ്റ്റേറ്റ് കാന്‍സറും പുരുഷന്മാരില്‍ കൂടിവരുകയാണെന്നാണ് തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്‍്ററിലെ കണക്കുകള്‍ പറയുന്നത്. കേരളത്തിലെ സ്ത്രീകളില്‍ ഗര്‍ഭാശയഗള കാന്‍സര്‍ കുറഞ്ഞപ്പോള്‍ പക്ഷേ സ്തനാര്‍ബുദം കൂടിവരുകയാണ്. ആര്‍. സി. സിയില്‍ എത്തിയ സ്തനാര്‍ബുദ കേസുകള്‍ 80 കളില്‍ 18.3 ശതമാനമായിരുന്നെങ്കില്‍ 2013 ല്‍ 29 ശതമാനമായി വര്‍ധിച്ചു. തൈറേയ്ഡ് കാന്‍സര്‍, ബ്ളഡ് കാന്‍സര്‍, മലാശയ കാന്‍സര്‍ എന്നിവയും സ്ത്രീകളില്‍ വര്‍ധിച്ചുവരികയാണ്.
പുകവലി, പുകയില ഉപയോഗം, ആയുര്‍ദൈര്‍ഘ്യത്തിലെ വര്‍ധന, മദ്യപാനം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍, വ്യായാമമില്ലാത്ത ജീവിതരീതി, പരിസ്ഥിതി മലീനീകരണം, ഭക്ഷ്യവസ്തുക്കളിലെ കീടനാശിനി സാന്നിധ്യം, അമിതവണ്ണം, പാരമ്പര്യം, ചിലതരം വൈറസുകള്‍ തുടങ്ങിയവയൊക്കെയാണ് കാന്‍സര്‍ വര്‍ധനവിന് ഇടയാക്കുന്നതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

പ്രതീക്ഷയുടെ പുതുവെളിച്ച് പകര്‍ന്ന് കാന്‍സര്‍ ചികില്‍സ
രോഗബാധിതര്‍ക്ക് പ്രതീക്ഷയുടെ പുതുവെളിച്ചം പകരുന്ന വലിയ മുന്നേറ്റാണ് കാന്‍സര്‍ ചികില്‍സ രംഗം കുറഞ്ഞകാലം കൊണ്ട് നേടിയത്. കാന്‍സര്‍ വന്നാല്‍ ജീവിതം തീര്‍ന്നു എന്ന മനോഭാവം മാറ്റാന്‍ ഇത് കുറച്ചൊന്നുമല്ല സഹായിച്ചത്. ഏറ്റവുമധികം ഗവേഷണം നടക്കുന്ന വൈദ്യശാസ്ത്രമേഖലയാണിന്ന് കാന്‍സര്‍ ചികില്‍സ. അതുവഴി കാന്‍സറിനെക്കുറിച്ച് ഒട്ടേറെ പുതിയ അറിവുകള്‍ ലഭിച്ചു. രോഗം വരുന്ന വഴികള്‍ കൂടുതല്‍ വ്യക്തമായി. അതിനനുസൃതമായി പുതിയ പ്രതിരോധ മാര്‍ഗങ്ങള്‍ രൂപപ്പെടുത്താന്‍ കഴിഞ്ഞു. രോഗനിര്‍ണയത്തിനും ചികില്‍സയ്ക്കും നൂതന സംവിധാനങ്ങള്‍ വികസിപ്പിച്ചെടുത്തു.  പുതിയ പരിശോധനകള്‍ നിലവില്‍ വന്നു. രോഗം സുഖപ്പെടുത്തുന്നതിനൊപ്പം രോഗിയുടെ പുനരധിവാസം, സാന്ത്വന ചികില്‍സ എന്നിവയ്ക്കും വലിയ പ്രാധാന്യം ഇന്ന് ലഭിക്കുന്നുണ്ട്.
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കാന്‍സര്‍ ചികില്‍സ ഇന്ന് ഒരു ടീം വര്‍ക്കാണ്. വിദഗ്ധ സംഘം ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് രോഗാവസ്ഥ വിലയിരുത്തി ഏറ്റവും അനുയോജ്യമായ ചികില്‍സ നിശ്ചയിക്കുന്നത്. രോഗിക്ക് പിന്തുണ നല്‍കാന്‍ ഈ സംഘത്തില്‍ മനശ്ശാസ്ത്ര വിദഗ്ധരും ഡയറ്റീഷ്യനും പ്രത്യേക വൈദഗ്ധ്യമുള്ള നഴ്സുമാരുമുണ്ടാവും. പ്രധാന ചികില്‍സ രീതികളായ കീമോതെറാപ്പി, സര്‍ജറി, റേഡിയേഷന്‍ എന്നിവയിലൊക്കെ വലിയ മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. കൂടുതല്‍ കൃത്യതയാര്‍ന്ന ടാര്‍ഗറ്റഡ് തെറാപ്പി കാന്‍സര്‍ ചികില്‍സയില്‍ കുതിച്ചുചാട്ടമാണുണ്ടാക്കിയത്. പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ ഒട്ടേറെ ആധുനിക കീമോ മരുന്നുകള്‍ ഇന്ന് ലഭ്യമാണ്. കാന്‍സര്‍ കോശങ്ങളെ മാത്രം കൃത്യമായി നശിപ്പിക്കാന്‍ കഴിയുന്ന പ്രോട്ടോണ്‍ ബീം തെറാപ്പി റേഡിയേഷന്‍ ചികില്‍സയിലുണ്ടാക്കിയത് വിപ്ളകരമായ മാറ്റമാണ്. റോബോട്ടിക് സര്‍ജറിയും അവയവങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള ഓങ്കോപ്ളാസ്റ്റിക് സര്‍ജറിയുമൊക്കെ ശസ്ത്രക്രിയരംഗത്തും വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. ചികില്‍സ ആധുനികവും സമഗ്രവുമായതോടെ ആയിരക്കണക്കിന് രോഗികള്‍ക്കാണ് ആയുസ്സും ജീവിതവും നീട്ടിക്കിട്ടിയത്.

നേരത്തേ കണ്ടത്തൊം, ചികില്‍സ തേടാം..
കാന്‍സര്‍ ചികില്‍സയില്‍ സുപ്രധാനമായ സംഗതി രോഗം നേരത്തേ കണ്ടത്തെുകയെന്നതാണ്. കാരണം ചികില്‍സവിജയത്തില്‍ ഇതിന് നിര്‍ണായക പ്രാധാന്യമുണ്ട്. കണ്ടത്തെിയാല്‍ ഉടന്‍ ചികില്‍സ എടുക്കുകയും വേണം. നമ്മുടെ നാട്ടില്‍ കാന്‍സര്‍ മരണങ്ങള്‍ കൂട്ടുന്നത് ഈ രണ്ട് സംഗതികളാണ്. കണ്ടത്തൊന്‍ വൈകലും കണ്ടത്തെിയാല്‍ ശരിയായ ചികില്‍സ സ്വീകരിക്കാന്‍ വൈകലുമാണവ. സംസ്ഥാനത്ത് കാന്‍സറിന് ചികില്‍സ തേടുന്നവരില്‍ മൂന്നില്‍ രണ്ടുപേരും വൈകി ചികില്‍സ തേടുന്നവരാണ്. അപ്പോള്‍ രോഗം സങ്കീര്‍ണമായിരിക്കും. ചികില്‍സ ബുദ്ധിമുട്ടാകും. നേരത്തേ കണ്ടത്തെിയാല്‍ 80 ശതമാനം കാന്‍സറും ഭേദമാക്കാനാവും. വ്യാപകമായി കാണപ്പെടുന്ന എട്ട് കാന്‍സറുകളില്‍ നേരത്തേ കണ്ടത്തെിയാല്‍ അതിജീവന സാധ്യത മൂന്നിരട്ടിയാണ് വര്‍ധിക്കുന്നത്. എല്ലാ കാന്‍സറിലും തുടക്കത്തിലേ ലക്ഷണം കണ്ടെന്നുവരില്ല. കൃത്യമായ വാര്‍ഷിക വൈദ്യപരിശോധനയിലൂടെ ഇത് മറികടക്കാനാവും. പുരുഷന്മാര്‍ 50 വയസ്സിനുശേഷവും സ്ത്രീകള്‍ 40 വയസ്സിനുശേഷവും വര്‍ഷത്തിലൊരിക്കല്‍ നിര്‍ബന്ധമായും കാന്‍സര്‍ രോഗനിര്‍ണയ പരിശോധനകള്‍ നടത്തി പ്രശ്നങ്ങളില്ളെന്ന് ഉറപ്പിക്കണം. 20 വയസ്സുകഴിഞ്ഞാല്‍ സ്വയം സ്തന പരിശോധന നടത്താനും സ്ത്രീകള്‍ ശ്രദ്ധിക്കണം. കാന്‍സറിനെക്കുറിച്ച് അബദ്ധധാരണകള്‍ മൂലം അശാസ്ത്രീയ ചികില്‍സയ്ക്ക് പുറകേ പോയി ജീവന്‍ നഷ്ടപ്പെടുത്തുന്നവരും കുറവല്ല നമ്മുടെ സമൂഹത്തില്‍. പണവും ആരോഗ്യവും നഷ്ടപ്പെടുത്തി സങ്കീര്‍ണാവസ്ഥയിലാകും ഇവര്‍ ഒടുവില്‍ ആശുപത്രിയിലത്തെുക.

കാന്‍സര്‍ വരാതിരിക്കാന്‍ പലതുണ്ട് വഴികള്‍..
കാന്‍സറുകളില്‍ മൂന്നിലൊന്നും പ്രതിരോധിക്കാനാവുന്നതാണ്. കാരണം പല കാന്‍സറും ജീവിതശൈലിയിലെ പിഴവുകള്‍ മൂലം വന്നുചേരുന്നതാണ്. ആരോഗ്യകരമായ ജീവിതശൈലിയാണ് കാന്‍സര്‍ പ്രതിരോധിക്കാനുള്ള ദിവ്യഒൗഷധം. വ്യാപകമായി കാണപ്പെടുന്ന 13 കാന്‍സറുകളില്‍ 31 ശതമാനവും ആരോഗ്യകരമായ ഭക്ഷണക്രമം, ശരിയായ ശരീരഭാരം, പതിവായ വ്യയാമം എന്നിവയിലൂടെ പ്രതിരോധിക്കാനാവും എന്നാണ് വേള്‍ഡ് കാന്‍സര്‍ റിസര്‍ച്ച് ഫണ്ട് പഠനം വ്യക്തമാക്കുന്നത്.
പുകവലിയും പുകയില ഉപയോഗവും ഒഴിവാക്കുന്നതിലൂടെ തന്നെ കാന്‍സര്‍ സാധ്യത പകുതിയോളം ഒഴിവാക്കാനാവും. കാരണം 60 ലധികം കാന്‍സര്‍ജന്യവസ്തുക്കളാണ് പുകയിലയില്‍ അടങ്ങിയിരിക്കുന്നത്. ആകെ കാന്‍സര്‍ മരണങ്ങളില്‍ 22 ശതമാനവും പുകയില ഉപയോഗം മൂലമാണെന്നോര്‍ക്കുക. പുകയിലെ ഉപയോഗം നിറുത്തുന്നതിലൂടെ ശ്വാസകോശം, വായ, ശബ്ദനാളം, അന്നനാളം, പാന്‍ക്രിയാസ്, മൂത്രാശയം, വൃക്കകള്‍, ഗര്‍ഭാശയഗളം, ആമാശയം, രക്തം എന്നിവയെ ബാധിക്കുന്ന കാന്‍സര്‍ വലിയ തോതില്‍ കുറക്കാന്‍ കഴിയും. കാന്‍സര്‍ പ്രതിരോധിക്കാന്‍ ഒഴിവാക്കേണ്ട മറ്റൊന്ന് മദ്യപാനമാണ്. ഇത് വായ, ശബ്ദനാളം, അന്നനാളം, കുടല്‍, കരള്‍, സ്തനം തുടങ്ങിയവയിലെ കാന്‍സര്‍ സാധ്യത കുറക്കാന്‍  സഹായിക്കും. അമിതവണ്ണമാണ് കാന്‍സര്‍ സാധ്യത കൂട്ടുന്ന മറ്റൊരു ഘടകം. പൊണ്ണത്തടി കുറച്ചാല്‍ കുടല്‍, സ്തനം, ഗര്‍ഭാശയം, പാന്‍ക്രിയാസ്, അന്നനാളം, വൃക്ക, പിത്താശയം എന്നിവയെ ബാധിക്കുന്ന കാന്‍സര്‍ സാധ്യത കുറയും. സമീകൃതാഹാരം, ആരോഗ്യകരമായ ശരീരഭാരം, വ്യായാമം എന്നിവ നിലനിര്‍ത്തുന്നതിലൂടെ മൂന്നിലൊന്ന് കാന്‍സറും പ്രതിരോധിക്കാനാവുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചുവന്നമാംസം, വറുത്ത വിഭവങ്ങള്‍, ഫാസ്റ്റ് ഫുഡ്, ടിന്നിലടച്ച ഭക്ഷണം, ചിപ്സുകള്‍, ഉപ്പ്, കൊഴുപ്പ്, കൃത്രിമ നിറം തുടങ്ങിയവ കൂടുതലടങ്ങിയ വിഭവങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.  നാരുകളടങ്ങിയ പച്ചക്കറികളും ഇലക്കറികളും പഴങ്ങളും ധാന്യങ്ങളുമൊക്കെ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും വേണം. ദിവസവും 30 മിനുട്ടെങ്കിലും വ്യായാമവും ശീലമാക്കണം.  

രോഗികളെ ചേര്‍ത്ത് നിര്‍ത്താം..
കാന്‍സര്‍ ഒരു ആരോഗ്യപ്രശ്നം മാത്രമല്ല. അതിന് സാമൂഹികവും സാമ്പത്തികവുമായ തലങ്ങളുമുണ്ട്. കാന്‍സറെന്ന് കേട്ടാല്‍ പേടിക്കുന്നവരും രോഗികളോട് വിവേചനം കാണിക്കുന്നവരും ഇന്നുമുണ്ട് നമ്മുടെ നാട്ടില്‍.  ഇക്കൂട്ടരില്‍ വിദ്യാസമ്പന്നര്‍ വരെയുണ്ട് എന്നതാണ് സങ്കടകരം. ഈ മനോഭാവം മാറേണ്ടതുണ്ട്. മറ്റേതൊരു ജീവിതശൈലി രോഗവും പോലെയാണ് കാന്‍സറും. സമൂഹത്തിന്‍്റെ കാന്‍സര്‍ പേടി മൂലം ദുരിതത്തിലാവുന്നത് രോഗികളും അവരുടെ ബന്ധുക്കളുമാണ്. അവര്‍ക്ക് സമൂഹത്തിന്‍്റെ പിന്തുണ കിട്ടാതെപോകുന്നു. പലയിടത്തും വിവേചനം നേരിടുന്നു. ഒറ്റപ്പെടുന്നു. രോഗം കണ്ടത്തെിയാല്‍ പോലും യഥാസമയം ചികില്‍സ തേടാന്‍ പലരും മടിക്കുന്നത് ഇതുകൊണ്ടാണ്. കാന്‍സര്‍ മാറിയവര്‍ക്ക് സാധാരണ ജീവിതത്തിലേക്കും ജോലിയിലേക്കും മടങ്ങാനും സമൂഹമനോഭാവം മൂലം  പലപ്പോഴും പ്രയാസം നേരിടുന്നു. രോഗം മാറിയവര്‍ പോലും അതേക്കുറിച്ച് സംസാരിക്കാന്‍ മടിക്കുന്നു. കാന്‍സറിനെക്കുറിച്ച് തുറന്ന് സംസാരിക്കാനും രോഗികള്‍ക്ക് പിന്തുണയും ആത്മവിശ്വാസവും നല്‍കാനും സമൂഹം തയ്യാറായാലേ രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനാവൂ. കാന്‍സറിനെതിരായ പോരാട്ടം പൂര്‍ണവിജയത്തിലത്തൊന്‍ രോഗിക്ക് മാത്രമല്ല, സമൂഹത്തിനും ചികില്‍സ വേണ്ടതുണ്ട്.  

മികച്ച ചികില്‍സ രോഗിയുടെ അവകാശം..
ചികില്‍സയുണ്ടാക്കുന്ന സാമ്പത്തിക ഭാരമാണ് മറ്റൊരു വലിയ പ്രശ്നം. കാന്‍സര്‍ ചികില്‍സ ചെലവേറിയതാണ്. രോഗമുണ്ടാക്കുന്ന മാനസിക, വൈകാരിക ആഘാതത്തിനൊപ്പം സാമ്പത്തിക പ്രയാസം കൂടിച്ചേരുമ്പോഴാണ് രോഗികള്‍ തകര്‍ന്നുപോവുന്നത്. എല്ലാ രോഗികള്‍ക്കും മികച്ച ചികില്‍സ ലഭ്യമാക്കേണ്ടത് സാമൂഹിക നീതിയുടെ താല്‍പര്യമാാണ്. അത് രോഗിയുടെ അവകാശമാണ്. കാന്‍സര്‍ മരുന്നുകളുടെ അതിഭീമമായ വിലയാണ് രോഗികള്‍ നേരിടുന്ന ഒരു പ്രധാനപ്രശ്നം. പേറ്റന്‍റ് നിയമത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയതോടെ വിദേശകമ്പനികളുടെ ഒൗഷധങ്ങള്‍ കുറഞ്ഞവിലയ്ക്ക് ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉത്പാദിപ്പിക്കാനാവുന്നില്ല. ഇതുമൂലം വിദേശകമ്പനികളുടെ വിലയേറിയ മരുന്നുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് കാന്‍സര്‍ രോഗികള്‍. ഫലപ്രദമായ പല നവീന കാന്‍സര്‍ മരുന്നുകളും ഒൗഷധ വിലനിയന്ത്രണ നിയമത്തിന്‍്റെ പരിധിയിലും വരുന്നില്ല. കുത്തക കമ്പനികള്‍ ഉത്പാദിപ്പിക്കുന്ന പല കാന്‍സര്‍ മരുന്നുകള്‍ക്കും സമ്പന്നര്‍ക്ക് പോലും താങ്ങാനാവാത്ത വിലയാണ്. പേറ്റന്‍്റ് നിയമത്തിലെ നിര്‍ബന്ധിത ലൈസന്‍സ് വ്യവസ്ഥ ഉപയോഗിച്ചും കാന്‍സര്‍ ഗവേഷണങ്ങള്‍ രാജ്യത്ത് പ്രോത്സാഹിപ്പിച്ചും മാത്രമേ ഈ പ്രതിസന്ധിയെ മറികടക്കാനാവൂ.
കാരുണ്യം, സുകൃതം പോലുള്ള സര്‍ക്കാര്‍ പദ്ധതികള്‍ കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമേകുന്നുണ്ടെങ്കിലും വിദഗ്ധ ചികില്‍സ തേടി സ്വകാര്യ ആസ്പത്രികളെ ആശ്രയിക്കേണ്ടിവരുമ്പോള്‍ ഈ സഹായങ്ങള്‍ ലഭ്യമാകാതെ വരുന്നു. സാധാരണക്കാര്‍ കൂടുതലായി ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച ചികില്‍സ സംവിധാനങ്ങളൊരുക്കിയാല്‍ മറികടക്കാനാവുന്നതേയുള്ളൂ ഇത്. സമൂഹവും സര്‍ക്കാരും വ്യക്തികളും സന്നദ്ധസംഘടനകളും ഒരേ മനസ്സോടെ പ്രവര്‍ത്തിച്ചാലേ കാന്‍സര്‍ ഉയര്‍ത്തുന്ന പൊതുജനാരോഗ്യ പ്രതിസന്ധിയില്‍ നിന്ന് നമുക്ക് രക്ഷപ്പെടാനാവൂ.

ഓര്‍ക്കുക, കാന്‍സറെന്നാല്‍ ജീവിതത്തിന്‍്റെ അവസാനമല്ല, ചികില്‍സിച്ചാല്‍ കുറഞ്ഞകാലം കൊണ്ട് മാറ്റിയെടുക്കാവുന്ന ഒരു താല്‍ക്കാലികാവസ്ഥ മാത്രം. ജീവിതത്തിന്‍്റെ അര്‍ത്ഥം ആഴത്തില്‍ ബോധ്യപ്പെടുത്തുന്ന, കൂടുതല്‍ സുന്ദരമായ ഭാവി ജീവിതം സമ്മാനിക്കുന്ന ഒരു പരീക്ഷണ ഘട്ടം മാത്രമായി കാന്‍സറിനെ കരുതൂ... ജീവിതാനന്ദം നിങ്ങളെ കാത്തിരിക്കുന്നു....

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cancer
Next Story