Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFood and Nutritionchevron_rightരാസവിഷങ്ങളില്‍നിന്ന്...

രാസവിഷങ്ങളില്‍നിന്ന് പുതിയ രുചിക്കൂട്ടുകള്‍

text_fields
bookmark_border
രാസവിഷങ്ങളില്‍നിന്ന് പുതിയ രുചിക്കൂട്ടുകള്‍
cancel

മാറിയ ജീവിതശൈലി വരുത്തിവെച്ച ആഹാരശീലങ്ങള്‍ ആരോഗ്യത്തിന് എത്രത്തോളം ഹാനികരമാണെന്നതിന്‍െറ അവസാനത്തെ തെളിവാണ് ആഗോള കുത്തക കമ്പനിയായ നെസ്ലെയുടെ സൂപ്പര്‍ ബ്രാന്‍ഡ് ഉല്‍പന്നമായ ‘മാഗി’ മാര്‍ക്കറ്റില്‍നിന്ന് പിന്‍വലിച്ച സംഭവം. ശരാശരി കുടുംബങ്ങളില്‍ നേരത്തേയുണ്ടായിരുന്ന ദാരിദ്ര്യത്തില്‍നിന്ന് സാമ്പത്തികഭദ്രതയിലേക്കുള്ള നേട്ടത്തിന്‍െറ യാത്രയിലാണ് ഹോട്ടല്‍ ഭക്ഷണം, ബേക്കറി പലഹാരങ്ങള്‍ ടിന്നിലടച്ചതും പാക്കറ്റില്‍ ലഭിക്കുന്നതുമായ ഭക്ഷണസാധനങ്ങള്‍ എന്നിവ നമ്മുടെ തീന്മേശകളെ കീഴടക്കിയത്. പ്രഭാതത്തിലെ ജോലിത്തിരക്കിനിടയില്‍ കുഞ്ഞുങ്ങളുടെ ലഞ്ച്ബോക്സിലോ അവര്‍ സ്കൂള്‍ വിട്ടുവരുമ്പോള്‍ നല്‍കാനോ നൂഡ്ല്‍സ് ഒരുക്കിയിരുന്ന വീട്ടമ്മമാര്‍ ഒരു ഞെട്ടലോടെയാണ് ഈ അടുത്ത ദിവസങ്ങളിലായി പത്രങ്ങളിലും ചാനലുകളിലും വരുന്ന വാര്‍ത്തകളെ അറിഞ്ഞത്.
രണ്ടു മിനിറ്റുകൊണ്ട് പാചകം ചെയ്യാം എന്നതിനാല്‍ അമ്മമാര്‍ക്കും, അതീവ രുചികരമായതിനാല്‍ കുഞ്ഞുങ്ങള്‍ക്കും സന്തോഷം നല്‍കിയിരുന്ന ഈ ഭക്ഷണപദാര്‍ഥം കണ്ണടച്ചു തുറക്കുംമുമ്പാണ് വില്ലന്‍ കഥാപാത്രമായി മാറിയത്. അപകടകരമായ തോതില്‍ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട് എന്ന കണ്ടത്തെലിനെ തുടര്‍ന്നാണ് വിവിധ സംസ്ഥാനങ്ങളില്‍ മാഗി നിരോധിച്ചതും തുടര്‍ന്ന് നെസ്ലെ കമ്പനിതന്നെ ഈ ഉല്‍പന്നം മാര്‍ക്കറ്റില്‍നിന്ന് പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായതും.
‘നല്ല ഭക്ഷണം, നല്ല ജീവിതം (Good Food, Good Life)’ എന്ന മുദ്രാവാക്യവുമായാണ് സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ ആഗോളഭീമന്‍ ലോകത്തെമ്പാടും നിരവധി ഭക്ഷ്യോല്‍പന്നങ്ങള്‍ വിപണിയിലത്തെിക്കുന്നത്. കുഞ്ഞിന് തീറ്റ നല്‍കുന്ന പക്ഷിയുടെ ചിത്രമാണ് നെസ്ലെയുടെ എംബ്ളം. സുരക്ഷിതമെന്ന് പറയാതെ പറയുന്ന ഈ എംബ്ളം പതിച്ച പാക്കറ്റുകളാണ് ഇപ്പോള്‍ വിഷം നിറച്ചവയാണെന്ന് തെളിഞ്ഞിരിക്കുന്നത്.
മാഗിയില്‍ ഈയത്തിന്‍െറ അംശവും എം.എസ്.ജി എന്ന ഓമനപ്പേരില്‍ വിളിക്കപ്പെടുന്ന മോണോസോഡിയം ഗ്ളൂട്ടാമേറ്റ് എന്ന രാസവസ്തുവും അനുവദനീയമായതിലും കൂടുതലാണെന്ന കണ്ടത്തെലിനെ തുടര്‍ന്നാണ് ഈ ജനപ്രിയ ബ്രാന്‍ഡ് പ്രതിക്കൂട്ടിലായത്.
ലെഡിന്‍െറ (ഈയം) അംശം ശരീരത്തിലത്തെിയാല്‍ അത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന് വൈദ്യശാസ്ത്രം നേരത്തേ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. പ്രത്യേകിച്ച് വളരുന്ന പ്രായത്തിലുള്ള കുഞ്ഞുങ്ങളില്‍ ഇത് കടുത്ത പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.
വയറുവേദന, മലബന്ധം, ഉറക്കക്കുറവ്, തലവേദന, വിശപ്പില്ലായ്മ, പൊണ്ണത്തടി, വൃക്കത്തകരാറ് തുടങ്ങി നിരവധി ശാരീരിക പ്രശ്നങ്ങളുടെ കൂടെ അമിതകോപംപോലുള്ള പെരുമാറ്റപ്രശ്നങ്ങള്‍, ബുദ്ധിമാന്ദ്യം, പഠനവൈകല്യം എന്നിവയും ഇതിന്‍െറ അളവില്‍ക്കൂടുതലുള്ള സാന്നിധ്യംമൂലം ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ ശരാശരി 20 ശതമാനം കുഞ്ഞുങ്ങളിലും കേരളത്തില്‍ ഒമ്പത് മുതല്‍ 12 ശതമാനം കുഞ്ഞുങ്ങളിലും ബുദ്ധിമാന്ദ്യവും പഠനവൈകല്യവും കണ്ടത്തെിയതായി അടുത്ത കാലത്തുനടന്ന സര്‍വേകള്‍ പറയുന്നു.
മാഗിയിലടങ്ങിയ മറ്റൊരു രാസവസ്തുവായ അജ്നാമോട്ടോ എന്ന ബ്രാന്‍ഡില്‍ സുപരിചിതമായ  മോണോസോഡിയം ഗ്ളൂട്ടാമേറ്റ് ഉയര്‍ത്തുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഇതിലുമെത്രയോ കൂടുതലാണ്. എം.എസ്.ജി അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നവരില്‍  കണ്ടുവരുന്ന  പ്രത്യേകതരം രോഗം ‘ചൈനീസ് റസ്റ്റാറന്‍റ് സിന്‍ഡ്രോം’ എന്നപേരിലാണ് അറിയപ്പെടുന്നത്. ചൈനീസ് റസ്റ്റാറന്‍റുകളിലും മറ്റ് ഫാസ്റ്റ്ഫുഡ് കടകളിലും ലഭിക്കുന്ന ഭക്ഷണപദാര്‍ഥങ്ങളില്‍ ഈ രാസവസ്തു കൂടുതലായി കണ്ടുവരുന്നതിനാലാണിത്.
നെഞ്ചുവേദന, ചര്‍മം ചുവന്ന് തടിക്കുക, തലവേദന, ശരീരത്തിന്‍െറ ചില ഭാഗങ്ങള്‍ പ്രത്യേകിച്ച് വയര്‍ ചുട്ടുപുകയുക, വായ്ക്കുള്ളില്‍ എരിച്ചില്‍, വയറുവേദന, ഓക്കാനം, ഛര്‍ദി, നെഞ്ചിടിപ്പ്, വയറിളക്കം, മൂക്കില്‍നിന്ന് വെള്ളം വരുക, തുടര്‍ച്ചയായ തുമ്മല്‍, കാഴ്ച്ചക്ക് മങ്ങല്‍ തുടങ്ങിയവയാണ് ഈ രോഗത്തിന്‍െറ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ മുഴുവനായോ ഭാഗികമായോ ആണ് ഒരാളില്‍ പ്രത്യക്ഷപ്പെടുക.
അപൂര്‍വം ചിലരില്‍ മാനസികപ്രശ്നങ്ങളും കണ്ടുവരുന്നതായി അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് നടത്തിയ പഠനങ്ങളില്‍ കണ്ടത്തെിയിട്ടുണ്ട്.
മാനോവിഭ്രാന്തി, ഉറക്കക്കുറവ്, അമിതമായ ഉറക്കം, ഉത്കണ്ഠ, വിഷാദം എന്നിവയാണ് എം.എസ്.ജി സൃഷ്ടിക്കുന്ന മാനസികപ്രശ്നങ്ങള്‍. അപസ്മാരരോഗികളില്‍ അസുഖംവരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായും പഠനം പറയുന്നു.
അമിതമായ അളവിലും സ്ഥിരമായും അജ്നാമോട്ടോ പോലുള്ള രാസവസ്തുക്കള്‍ അടങ്ങിയ ആഹാരം കഴിക്കുന്നവരുടെ ശരീരത്തിലെ ഹൈപ്പോതലാമസ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം തകരാറിലാകുകയും ശ്വാസംമുട്ടല്‍, മൈഗ്രേന്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് അടിമപ്പെടുകയുംചെയ്യുമെന്ന് മറ്റൊരു പഠനവും പറയുന്നു.
രാസപരമായി മോണോസോഡിയം ഗ്ളൂട്ടാമേറ്റിന് മനുഷ്യന്‍െറ തലച്ചോറിലെ സന്ദേശവാഹകരായ ഗ്ളൂട്ടാമേറ്റുമായി സാമ്യമുള്ളതിനാല്‍ ഇത് സൃഷ്ടിക്കുന്ന രുചിയനുഭവം അതിവേഗം തലച്ചോറിലത്തെുന്നു. ഫലത്തില്‍ എം.എസ്.ജി കലര്‍ന്ന ഭക്ഷണം കഴിക്കുമ്പോള്‍ ഈ രുചിമാത്രമാണ് കഴിക്കുന്നയാളിന് കൂടുതലായി അനുഭവപ്പെടുക. ഇത് ഭക്ഷണത്തിന്‍െറ ചീത്തരുചികള്‍ അനുഭവപ്പെടുന്നതില്‍നിന്ന് നാക്കിലെ രസമുകുളങ്ങളെ തടയുന്നു. ഇത്തരത്തിലുള്ള ഗുണമുള്ളതുകൊണ്ടുതന്നെ പഴകിയ ഭക്ഷണങ്ങളില്‍ ഈ രാസവസ്തു ചേര്‍ത്താല്‍ ഭക്ഷണം കേടുവന്നകാര്യം തിരിച്ചറിയപ്പെടാതെപോകുന്നു. ഫലമോ പഴകി കേടുവന്നതോ അല്ലാത്തതോ ആയ ഭക്ഷണം ഒരാള്‍ രുചിയുടെ മാത്രം സ്വാധീനത്തില്‍ ആവശ്യത്തിലധികം കഴിക്കുന്നു. ഇതുമൂലം ഇത്തരം രാസവസ്തുക്കള്‍ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്കു പുറമെ പഴകികേടുവന്ന ഭക്ഷണം മൂലമുണ്ടാകുന്ന അസുഖങ്ങള്‍ക്കും അമിതഭക്ഷണം മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്കും ഒരാള്‍ ഒരേസമയം ഇരയാകുന്നു.
ഇതിനെല്ലാം പുറമെയാണ് നൂഡ്ല്‍സുകളുടെ നിര്‍മാണത്തിലെ പ്രധാന ചേരുവകളായ മൈദ, പഞ്ചസാര, സസ്യഎണ്ണ, മൃഗക്കൊഴുപ്പ് എന്നിവ സൃഷ്ടിക്കുന്ന മറ്റ് ആരോഗ്യപ്രശ്നങ്ങള്‍. താരതമ്യേന ആധുനിക ഉപകരണങ്ങളും മാര്‍ക്കറ്റിങ് തന്ത്രങ്ങളുമുള്ള നെസ്ലെയുടെ ഗുണനിലവാരം ഇങ്ങനെയാണെങ്കില്‍ നാടന്‍ ബ്രാന്‍ഡുകളുടെ സമാന ഉല്‍പന്നങ്ങള്‍ ഇതിനെക്കാള്‍ അപകടകരമാവാനെ സാധ്യതയുള്ളൂ. ഒരു ‘മാഗി നിരോധ’ത്തില്‍ ഒതുക്കാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചാലേ വരുംതലമുറയെയെങ്കിലും രോഗങ്ങളില്‍നിന്നും അനാരോഗ്യ പ്രവണതകളില്‍നിന്നും രക്ഷിക്കാനാവൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health
Next Story