Gallery
എത്ര ക്രൂരമായാണ് നമ്മളീ ലോകത്ത് ജീവിക്കുന്നതെന്ന് വിളിച്ചു പറയുന്ന ഒരു കൂട്ടം ചിത്രങ്ങള്‍. ലോക പ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക്ക് ബ്രാന്‍ഡ്റ്റ് കിഴക്കനാഫ്രിക്കന്‍ നഗരങ്ങളില്‍ നിന്നു പകര്‍ത്തിയ കാഴ്ചകള്‍ പരിഷ്കൃതമെന്നും വികസന മുന്നേറ്റമെന്നും മേനി നടിക്കുന്ന ഓരോ നഗരവും ചെയ്തുകൂട്ടുന്ന ക്രൂരതകളുടെ സാക്ഷ്യമാണ്. മൃഗങ്ങളുടെ ആവാസ വ്യവസ്ഥകള്‍ തച്ചു തകര്‍ത്ത് കുളം തോണ്ടി അവിടെ പടുത്ത ഫാക്ടറികളും പാതകളും മണിമാളികകളും സംബന്ധിച്ച് കാഴ്ചക്കാരില്‍ കുറ്റബോധം വളര്‍ത്തുന്നുവെന്നതാണ് ഈ ചിത്രപരമ്പരയുടെ പ്രാധാന്യം. വര്‍ഷങ്ങള്‍ നീണ്ട ഗവേഷണങ്ങള്‍ക്കും പരിശ്രമങ്ങള്‍ക്കുമൊടുവിലാണ് ഈ ഫോട്ടോ ആക്ടിവിസം യാഥാര്‍ഥ്യമായത്. മൃഗങ്ങളുടെ മുഴുവലുപ്പത്തിലെ പനോരമ ചിത്രങ്ങള്‍ തയ്യാറാക്കി മനുഷ്യകൈയേറ്റം മൂലം കുടിയൊഴിപ്പിക്കപ്പെട്ട ഭൂമിയില്‍ സ്ഥാപിച്ച് അവിടെ നിന്നു പകര്‍ത്തിയ ചിത്രങ്ങളുടെ സമാഹാരമാണ് ഇന്‍ഹെരിറ്റ് ദ ഡസ്റ്റ്. ഇവയുടെ പ്രദര്‍ശനം ഫെബ്രുവരി 28 വരെ അല്‍ഖൂസിലെ കസ്റ്റോട്ട് ഗാലറിയില്‍ നടക്കും.