You are here

റിപ്പോര്‍ട്ടുകളെ ശീതനിദ്രയിലേക്കു തള്ളിവിടുന്ന പതിവാണ് പിണറായി തിരുത്തിയിരിക്കുന്നത് FB Post

09:28 AM
12/10/2017
0 Comments
ഡോ. ആസാദ്

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തുടരന്വേഷണത്തിനും നിയമ നടപടികള്‍ക്കും ഉത്തരവിട്ട മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നു. അഭിവാദ്യം ചെയ്യുന്നു. അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ടുകളെ ശീതനിദ്രയിലേക്കു തള്ളിവിടുന്ന പതിവാണ് പിണറായി തിരുത്തിയിരിക്കുന്നത്. സോളാറില്‍ തുടര്‍ നടപടികളിലേക്കു കടക്കാനുള്ള തീരുമാനം അതിനാല്‍ ലഘുവായ ഒന്നല്ല. ധീരമായ ചുവടുവെപ്പിന് മുഖ്യമന്ത്രിയെ പ്രേരിപ്പിക്കുന്നതെന്ത് എന്ന ചോദ്യത്തിന് നീതിബോധവും ഉത്തരവാദിത്ത ബോധവും എന്നു കരുതാനാണ് ഞാനിഷ്ടപ്പെടുന്നത്.

തത്വാധിഷ്ഠിതവും ധര്‍മദീപ്തവുമായ രാഷ്ട്രീയത്തിലേക്കു തിരിച്ചു പോകേണ്ടതുണ്ടെന്ന് ഈ നിശ്ചയം രാഷ്ട്രീയ കേരളത്തെ ഓര്‍മിപ്പിക്കുന്നു. ഇതൊരാഹ്വാനവും താക്കീതുമാകുന്നു. ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും അതിലെടുത്ത നടപടിയും രാഷ്ട്രീയ ശുദ്ധീകരണത്തിനുള്ള ആഹ്വാനവും വഴിപിഴച്ചവര്‍ക്കുള്ള താക്കീതുമാണ്. അതിനു പക്ഷെ, മറ്റൊരിടപെടലിനും വഴങ്ങാത്ത രീതിയിലാവും തുടര്‍ നടപടികളെന്ന് ഉറപ്പുണ്ടാവേണ്ടതുണ്ട്.

രാഷ്ട്രീയ നേതൃത്വങ്ങളെയും ഉദ്യോഗസ്ഥ നിയമ വേദികളെയും കണ്ണടച്ചു വിശ്വസിക്കാമോ? നമ്മുടെ അനുഭവമൊന്നും അത്ര ശുഭകരമല്ല. അതാണ് ഭയപ്പെടുത്തുന്നത്. വിലപേശലുകളും വഴുതലുകളും പഴുതുതേടലുകളും ഇപ്പോഴേ ആരംഭിച്ചുകാണും. അയ്യഞ്ചു കൊല്ലം കൂടുമ്പോള്‍ ഭരണം മാറുന്ന സംസ്ഥാനമാണേ എന്നു ചിലരൊക്കെ ഓര്‍മ്മപ്പെടുത്തുന്നതു കണ്ടു. അതിന്റെ പൊരുളെന്താണ്?

ഇനി തത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെ ദൃഢേച്ഛയും ധര്‍മ്മ വിശുദ്ധിയുമാണ് മുഖ്യമന്ത്രിയെ ശരിക്കും നയിക്കുന്നതെങ്കില്‍ ഇതൊരു തുടക്കമാവട്ടെ. ഇനിമേല്‍ ധീരമായ ഇത്തരം ഉത്തരവുകളും ഇടപെടലുകളും ഉണ്ടാവണം. അത്രമേല്‍ കലുഷമാണ് കാലം. അക്രമങ്ങളും കളവുകളും അഴിമതികളും കൈയേറ്റങ്ങളും പെരുകുന്നു. മണ്ണും കായലും കൈയേറിയവരെ നിയമത്തിനു മുന്നിലെത്തിക്കാനെങ്കിലും അടുത്ത ഗവണ്‍മെന്റു വരട്ടെ എന്നു കാത്തിരിക്കേണ്ടി വരരുത്.

വിഴിഞ്ഞം കമ്മീഷനെ നിയമിച്ചിട്ടു മാസങ്ങളായി. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ക്ക് ആപ്പീസും സൗകര്യങ്ങളും ലഭിച്ചുകാണും എന്നു കരുതുന്നു. നടപടിവാര്‍ത്തകളൊന്നും കേള്‍ക്കുന്നില്ല. അക്കാര്യവും ഗവണ്‍മെന്റ് ശ്രദ്ധിക്കുമെന്ന് കരുതുന്നു.

COMMENTS