12:30:26
18 Dec 2014
Thursday
Facebook
Google Plus
Twitter
Rssfeed

‘ഗുജറാത്ത് മോഡല്‍ വികസനം’ മറ്റൊരിടത്തും ഉണ്ടാകരുത് -ശബ്നം ഹശ് മി

‘ഗുജറാത്ത് മോഡല്‍ വികസനം’ മറ്റൊരിടത്തും ഉണ്ടാകരുത് -ശബ്നം ഹശ് മി

തിരുവനന്തപുരം: വികസനം മുരടിക്കുന്ന ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കുന്ന ജനാധിപത്യ-മതേതരത്വത്തെ തകര്‍ക്കുന്ന ഗുജറാത്ത് മോഡല്‍ വികസനം ഒരു സംസ്ഥാനങ്ങളിലുമുണ്ടാകരുതെന്ന് ശബ്നം ഹശ്മി. ‘ഗുജറാത്ത് മോഡല്‍ വികസനം’ എന്ന വിഷയത്തില്‍  12ാമത് എന്‍. നരേന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ചരിത്രം ഭയപ്പെടുത്തും. ഹിറ്റ്ലറില്‍ നിന്ന് കാര്യമായ വ്യത്യാസമൊന്നും മോഡിക്കില്ല. ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കുന്ന വികസനമാണ് ഗുജറാത്തില്‍ നടക്കുന്നത്. സോഷ്യല്‍, ദേശീയ മാധ്യമങ്ങള്‍ വഴിയുള്ള പൊള്ളയായ പ്രചാരണം മാത്രമാണ് ഗുജറാത്ത് മോഡല്‍ വികസനം. പണമെറിഞ്ഞും പബ്ളിസിറ്റിയിലൂടെയും പ്രധാനമന്ത്രിയാകാമെന്നാണ് മോഡി കരുതുന്നത്. ദാരിദ്ര്യത്തിന്‍െറ തോത് 32 ശതമാനത്തില്‍ നിന്ന് 39.2 ശതമാനമാക്കിയതാണ് ഗുജറാത്ത് മാതൃകയിലുള്ള വികസനത്തിന്‍െറ നേട്ടം. കേന്ദ്രത്തിന്‍െറ അഴിമതിക്കെതിരെ വാചാലമാകുന്ന കെജ്രിവാളും അണ്ണാഹസാരെയുമൊക്കെ ഗുജറാത്തില്‍ നടക്കുന്ന അഴിമതിയെക്കുറിച്ച് മൗനം പാലിക്കുന്നതെന്തിനാണെന്നും അവര്‍ ചോദിച്ചു.
ന്യൂനപക്ഷങ്ങളെയും ദലിത്, ആദിവാസികളെയും രണ്ടാംനിര പൗരന്‍മാരായി പരിഗണിക്കുകയുമാണ് അവിടെ നടക്കുന്നത്. സമൂഹത്തെ മതപരമായും സാമുദായിക പരവുമായി ധ്രുവീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും കര്‍ഷകരുടെ ആത്മഹത്യയും സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നില്ല.
വിദ്യാഭ്യാസ രംഗത്ത്  പത്താംക്ളാസ് വരെയുള്ള കുട്ടികളുടെ കണക്ക് പരിശോധിച്ചാല്‍ 59.11 ശതമാനം കുട്ടികള്‍ കൊഴിഞ്ഞുപോകുകയാണ്. ലോകായുക്തയെ നിയമിക്കാതിരിക്കാനായി കേസ് നടത്താന്‍ പൊതുഖജനാവില്‍ നിന്ന് 45 കോടി രൂപയാണ് മോഡി സര്‍ക്കാര്‍ ചെലവഴിച്ചതെന്നും ശബ്നം ഹശ്മി ആരോപിച്ചു.
പ്രഫ. കെ.എന്‍. പണിക്കര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രഫ. ശാര്‍ങ്ഗധരന്‍, കെ.കെ. കൃഷ്ണകുമാര്‍, മനോജ് പുതിയവിള, ഡി. പ്രമേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
 

comments powered by Disqus