12:30:26
13 Oct 2015
Tuesday
Facebook
Google Plus
Twitter
Rssfeed

'തലവര മാറ്റിയ വിളി' -ധോണിയെ ഇന്ത്യന്‍ ടീമിലെത്തിച്ച തീരുമാനത്തെ കുറിച്ച് കിരണ്‍ മോറെ

'തലവര മാറ്റിയ വിളി' -ധോണിയെ ഇന്ത്യന്‍  ടീമിലെത്തിച്ച തീരുമാനത്തെ  കുറിച്ച് കിരണ്‍ മോറെ

മുംബൈ: ധോണി മായാജാലത്തില്‍ ഇന്ത്യ മറ്റൊരു  കിരീട നേട്ടം കൂടി ആഘോഷമാക്കുമ്പോള്‍ പതിറ്റാണ്ടു മുമ്പ് ഏറെ വിമര്‍ശിക്കപ്പെട്ട തീരുമാനം കാലം വീണ്ടും വീണ്ടും ശരിവെക്കുന്നതിന്‍െറ ആവേശത്തിലാണ് മറ്റൊരു വിക്കറ്റ് കീപ്പര്‍. കിരണ്‍ മോറെയെന്ന ഇന്ത്യയുടെ മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളാണ് അന്ന് ആ തീരുമാനമെടുത്തത്. ദേശീയ ടീം തെരഞ്ഞെടുപ്പ് മുംബൈ, ബംഗളൂരു, കൊല്‍ക്കത്ത, ദല്‍ഹി മെട്രോ നഗരങ്ങള്‍ പങ്കിട്ടെടുക്കുന്ന പതിവുരീതികള്‍ക്കിടെയാണ് കിരണ്‍ മോറെ കിഴക്കേ ഇന്ത്യന്‍ സംസഥാനത്തുനിന്നും ഒരു ‘മുടി’യനായ യുവതാരത്തെ നീലക്കുപ്പായത്തിലേക്കെത്തിക്കുന്നത്. അത് ഇന്ത്യയുടെ തലവരയും മാറ്റിയെഴുതിച്ചു. ലോകകിരീടങ്ങളും, തകര്‍പ്പന്‍ വിജയങ്ങളും ഒന്നൊന്നായി നാട്ടിലെത്തിച്ച് തന്‍െറ തെരഞ്ഞെടുപ്പിനെ ധോണി ശരിവെക്കുമ്പോള്‍ മറഞ്ഞിരുന്ന് ഏറെ സന്തോഷിക്കുകയാണ് കിരണ്‍ മോറെയെന്ന മുന്‍ ദേശീയ സെലക്ഷന്‍ കമ്മിറ്റി തലവന്‍.
2003-04ല്‍ നെയ്റോബിയില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരക്കുള്ള ഇന്ത്യ ‘എ’ ടീമിന്‍െറ തെരഞ്ഞെടുപ്പിലാണ് ധോണി ആദ്യമായി നീലക്കുപ്പായത്തിലേറുന്നത്. വലിയ ഷോട്ടുകള്‍ കളിക്കാനാവുന്ന വിക്കറ്റ് കീപ്പറെന്ന നിലയിലായിരുന്നു തെരഞ്ഞെടുപ്പ്. ധോണിയെ ടീമിലെത്തിച്ച നിര്‍ണായക തീരുമാനത്തെ മോറെ ഓര്‍മിക്കുന്നു.
‘ഭുവനേശ്വറില്‍ നടന്ന കിഴക്കന്‍ മേഖലയുടെ പ്രാദേശിക ക്രിക്കറ്റിനിടെയാണ് 22കാരനായ ധോണിയെ ആദ്യമായി കാണുന്നത്. നീണ്ട മുടിയും ആരോഗ്യമുള്ള ശരീരവുമായി കാഴ്ചയില്‍ തന്നെ വ്യത്യസ്തന്‍. തൊട്ടുപിന്നാലെ, ദുലീപ് ട്രോഫി ഫൈനലില്‍ വടക്കന്‍ മേഖലക്കെതിരെ കിഴക്കന്‍ മേഖലക്കുവേണ്ടി കൂറ്റന്‍ ഷോട്ടുകള്‍ കളിച്ച ചെറുപ്പക്കാരന്‍െറ പ്രകടനം മനസ്സില്‍ തറച്ചിരുന്നു. മികച്ച വിക്കറ്റ് കീപ്പര്‍ക്കായി സെലക്ടര്‍മാര്‍ തലപുകക്കുന്ന കാലമായിരുന്നു അത്.  അണ്ടര്‍ 19 ക്യാപ്റ്റന്മാരായിരുന്ന പാര്‍ഥിവ് പട്ടേലും ദിനേഷ് കാര്‍ത്തികുമായി  പ്രതിസന്ധി ഘട്ടങ്ങളില്‍ സെലക്ടര്‍മാര്‍ക്കു മുന്നിലെ ഉത്തരങ്ങള്‍. ഇരുവരും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ എന്നനിലയില്‍ ശ്രദ്ധ നേടിയവരും. ഇവര്‍ക്ക് സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാനാവാതെ പോയപ്പോള്‍ രാഹുല്‍ ദ്രാവിഡിലായി വിക്കറ്റ് കീപ്പറുടെ അധിക ചുമതല. ബാറ്റിങ്ങിലെ വന്മതിലിന്‍െറ ഏകാഗ്രതക്ക് അധികജോലി തിരിച്ചടിയായതോടെ ഒരു സ്പെഷലിസ്റ്റ് വിക്കറ്റ് കീപ്പറിനുള്ള അലച്ചിലിലായി സെലക്ടര്‍മാര്‍’
ഇതിനിടെയാണ് നെയ്റോബിയിലെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് കിരണ്‍ മോറെയുടെ ടീം എം.എസ്. ധോണിയെ തെരഞ്ഞെടുക്കുന്നത്. അപരിചിതനായ ചെറുപ്പക്കാരന്‍െറ പേര് കേട്ടപ്പോള്‍ സെലക്ഷന്‍ കമ്മിറ്റിയിലെ പലര്‍ക്കും വിശ്വാസമില്ലായ്മ. എങ്കിലും രണ്ടും കല്‍പിച്ച് ധോണിയെ കെനിയയിലേക്കയക്കാനായി തീരുമാനം. സെലക്ടര്‍മാരുടെ നടപടി ശരിവെക്കുന്നതായി പിന്നീടുള്ള ഫലം. സിംബാബ്വെ ഇലവനെതിരായ ചതുര്‍ദിന മത്സരത്തില്‍ ഏഴ് ക്യാച്ചും, നാല് സ്റ്റമ്പിങ്ങുമായി ധോണി കളം വാണു. ത്രിരാഷ്ട്ര പരമ്പരയില്‍ പാകിസ്താനെതിരായ ജയത്തില്‍ അര്‍ധസെഞ്ച്വറി ബാറ്റിങ്ങുമായും റാഞ്ചിക്കാരന്‍ തിളങ്ങി. തൊട്ടുപിന്നാലെ രണ്ട് സെഞ്ച്വറികളുമായി പരമ്പരയിലെ ആറ് ഇന്നിങ്സില്‍ 362 റണ്‍സും. മിന്നുന്ന പ്രകടനം ഇന്ത്യന്‍ സീനിയര്‍ ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെയും രവിശാസ്ത്രിയുടെയും ശ്രദ്ധ ധോണിയിലെത്തിച്ചു. എന്നാല്‍, ഇന്ത്യന്‍ ടീം തെരഞ്ഞെടുപ്പിന് സമയമായപ്പോള്‍ ‘എ’ടീം കോച്ച് സന്ദീപ് പാട്ടീല്‍ നിര്‍ദേശിച്ച പേര് ദിനേശ് കാര്‍ത്തികിന്‍േറത്. വീണ്ടും കാത്തിരിപ്പിന്‍െറ ദിനങ്ങള്‍. ഇംഗ്ളണ്ട് പര്യടനവും കഴിഞ്ഞ് ടീം ഇന്ത്യ നാട്ടിലെത്തിയതോടെ വിക്കറ്റ് കീപ്പര്‍ക്കായി വീണ്ടും അന്വേഷണം. ഇതിനിടെയാണ് നെയ്റോബി പ്രകടനത്തിന്‍െറ മികവില്‍ ധോണിയെ ബംഗ്ളാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തുന്നത്. ബാറ്റിലും കീപ്പിങ്ങിലും മോശമായിരുന്നു തുടക്കം. അരങ്ങേറ്റത്തില്‍ പൂജ്യനായി റണ്‍ഔ്. പരമ്പരയില്‍ ശരാശരി പ്രകടനവും. എന്നാല്‍, തൊട്ടുപിന്നാലെ പാകിസ്താന്‍ ടീം ഇന്ത്യയിലെത്തിയപ്പോള്‍ ധോണിക്ക് അവസരം നല്‍കി. പരമ്പരയിലെ രണ്ടാം മാച്ച്, ധോണിയുടെ കരിയറിലെ അഞ്ചാം ഏകദിനം. വെടിക്കെട്ട് കരിയറിലേക്കുള്ള തുടക്കം ഇവിടെയായിരുന്നു. വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ നീളന്‍ മുടിക്കാരനായ ധോണി 123 പന്തില്‍ അടിച്ചെടുത്ത 148 റണ്‍സെന്ന വെടിക്കെട്ട് ബാറ്റിങ് ആരാധകരുടെ ഓര്‍മയില്‍ ഇന്നും നിറക്കൂട്ടേറിയതാണ്. ഒരിന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന സ്കോര്‍ പിറന്നതോടെ ആഡം ഗില്‍ക്രിസ്റ്റിന്‍െറ ഇന്ത്യന്‍ പതിപ്പായി ധോണിയെ വാഴ്ത്തി. തൊട്ടുപിന്നാലെ ശ്രീലങ്കന്‍ ടീം ഇന്ത്യയിലെത്തിയപ്പോള്‍ ധോണി ഈ റെക്കോഡ് മാറ്റിയെഴുതി (183) ടീം ഇന്ത്യയില്‍ സ്ഥിര പ്രതിഷ്ഠ നേടുകയും ചെയ്തു. പിന്നീട് സംഭവിച്ചതെല്ലാം ചരിത്രം.
തന്‍െറ ഏറ്റവും മികച്ച തീരുമാനമായി മോറെ ഇന്നും ആണയിടുന്നതും എം.എസ്. ധോണിയെ ഇന്ത്യന്‍ ടീമിലെത്തിച്ചുവെന്നതു തന്നെ. ഇന്ന് ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെന്ന പട്ടവും കിരണ്‍ മോറെ നല്‍കുന്നത് ധോണിക്ക്.

comments powered by Disqus