12:30:26
09 Oct 2015
Friday
Facebook
Google Plus
Twitter
Rssfeed

‘ആടുജീവിത’ത്തിന്‍െറ കഥാകാരന്‍ ഇനി കേരളത്തിന് സ്വന്തം

‘ആടുജീവിത’ത്തിന്‍െറ കഥാകാരന്‍ ഇനി കേരളത്തിന് സ്വന്തം

മനാമ: ‘ആടുജീവിത’ത്തിന്‍െറ കഥാകാരന്‍ തന്‍െറ ജീവിതം മാറ്റിമറിച്ച പവിഴനാടിനോട് വിടചൊല്ലുന്നു. മലയാള സാഹിത്യത്തെ ‘ആടുജീവിതം’കൊണ്ട് വാനോളം ഉയര്‍ത്തിയ ബെന്യാമിന് എല്ലാം ഒരു നിയോഗമായിരുന്നു. 21 വര്‍ഷം മുമ്പ് ’92 ഏപ്രിലില്‍ തന്‍െറ 21ാമത്തെ വയസ്സില്‍ ജോലിതേടി ബഹ്റൈനിലേക്ക് വരുമ്പോള്‍ ബെന്യാമിനെ ആരും അറിയില്ലായിരുന്നു. ഗള്‍ഫ് യുദ്ധത്തിന്‍െറ ഭീതിദ അന്തരീക്ഷം മാറി മാനംതെളിഞ്ഞപ്പോള്‍ ഒരു തൊഴിലന്വേഷകന്‍െറ മനസ്സുകൂടിയായിരുന്നു തെളിഞ്ഞത്. സാഹിത്യവുമായി പുലബന്ധമില്ലാത്ത ചെറുപ്പക്കാരന്‍. സാധാരണയില്‍ താഴ്ന്ന നിലവാരമുള്ള വായന മാത്രം. സാഹിത്യമെന്നു പറയാന്‍ ഒരുവരി പോലും എഴുതിയിട്ടില്ല. എന്‍ജിനീയറിങ് ഡിപ്ളോമയുമായി സല്‍മാബാദിലെ ഇലക്¤്രടാ മെക്കാനിക്കല്‍ കമ്പനിയില്‍ ജോലിക്ക് കയറുമ്പോള്‍ മെച്ചപ്പെട്ട കുടുംബജീവിതം മാത്രമായിരുന്നു മനസ്സില്‍. ജീവിതം നാട്ടിലേക്ക് പറിച്ചുനടാനുള്ള തയാറെടുപ്പിലാണ് പ്രവാസികളുടെ അഭിമാനമായ ഈ എഴുത്തുകാരന്‍. യാത്രയയപ്പുകളടക്കമുള്ള ഔചാരികതകളെല്ലാം ഒഴിവാക്കി ചൊവ്വാഴ്ച ബെന്യാമിന്‍ സ്വന്തം ഗ്രാമമായ പത്തനംതിട്ട പന്തളത്തെ കുളനടയിലെത്തും. ‘പുതിയ നോവലിന്‍െറ പണിപ്പുരയിലാണ്. അറബ് വസന്തത്തിനുശേഷമുള്ള അറേബ്യയാണ് ഇതിവൃത്തം. പുതിയ സാഹചര്യങ്ങള്‍ അറബികളിലും പ്രവാസികളിലുമുണ്ടാക്കിയ മാറ്റം....’ നാട്ടിലേക്കുള്ള തന്‍െറ യാത്രയെക്കുറിച്ച് ബെന്യാമിന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. പ്രവാസത്തിന്‍െറ ഒറ്റപ്പെടലാണ് ബെന്യാമിനിലെ സാഹിത്യകാരനെ ഉണര്‍ത്തിയത്. ഖമീസിലെയും മനാമയിലെയും താമസം ബെന്യാമിന്‍െറ ജീവിതം മാറ്റിമറിച്ചു. മനാമയിലെ ‘മിയാമി’ ബുക്സ്റ്റാളിനോടനുബന്ധിച്ച് അന്നുണ്ടായിരുന്ന ലൈബ്രറിയാണ് മലയാള സാഹിത്യലോകത്ത് ബെന്യാമിന്‍ എന്ന പ്രതിഭയുടെ പിറവിക്ക് കാരണമെന്ന് പറയാം. അവിടെ 100 ഫില്‍സിന് ഒരു പുസ്തകം ഒരാഴ്ച വാടകക്ക് വായിക്കാന്‍ കിട്ടിയിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക സാഹിത്യങ്ങളും ലൈബ്രറിയിലുണ്ടായിരുന്നു. വായന മുന്നേറിക്കൊണ്ടിരിക്കെ ’99ല്‍ ആദ്യ കഥ പിറന്നു. ‘ശത്രു’ മലയാള മനോരമ ഗള്‍ഫ് പതിപ്പിലാണ് വെളിച്ചം കണ്ടത്. അതൊരു പ്രചോദനമായി. പിന്നീട് നിരവധി ചെറുകഥകള്‍ വിവിധ ആനുകാലികങ്ങളിലൂടെ വായനക്കാരിലെത്തി. ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറയും ‘പ്രേരണ’യുടെയുമെല്ലാം പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായതോടെ സാഹിത്യ ലോകവുമായുള്ള ബന്ധം വളര്‍ന്നു. ചെറുകഥകളും നോവലുകളുമടക്കം 10 കൃതികള്‍ പിറവിയെടുത്തു. ഏഴാമത്തെ കൃതിയായ ആടുജീവിതത്തിലൂടെ ബെന്യാമിനെന്ന സാഹിത്യകാരന്‍െറ പേര്‍ വിശ്വസാഹിത്യത്തില്‍ രേഖപ്പെടുത്തപ്പെട്ടു. കെ.എ കൊടുങ്ങല്ലൂര്‍ സാഹിത്യ പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം, അബൂദബി ശക്തി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ബെന്യാമിനെ തേടിയെത്തി. ഇംഗ്ളീഷ്, തമിഴ്, കന്നഡ ഭാഷകളിലേക്ക് പുസ്തകം മൊഴിമാറ്റപ്പെട്ടു. ഇംഗ്ളീഷ് പുസ്തകമായ ‘ഗോട്ട് ഡെയ്സ്’ മാന്‍ ഏഷ്യന്‍ ലിറ്ററേച്ചര്‍ പ്രൈസും നേടിക്കൊടുത്തു. കേരള, കാലിക്കറ്റ്, പോണ്ടിച്ചേരി സര്‍വകലാശാലകളിലും കേരള സിലബിസില്‍ 10ാം ക്ളാസിലും ആടുജീവിതം പാഠപുസ്തകമായി. ‘മഞ്ഞവെയില്‍ മരണ’ങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. പെന്‍ഗ്വിന്‍ ഇത് ഇംഗ്ളീഷിലേക്ക് മൊഴിമാറ്റം നടത്തുന്നുണ്ട്. ‘നേടങ്ങളൊന്നും ഞാന്‍ ഒറ്റക്കു നേടിയതല്ല. ബഹ്റൈനില്‍ എന്നും സജീവമായ സാഹിത്യ ഭൂമികയുടെ സംഭാവനയാണത്. നാട്ടിലായിരുന്നു ജീവിതമെങ്കില്‍ ബെന്യാമിന്‍ എന്ന സാഹിത്യകാരനുണ്ടാകുമായിരുന്നില്ല. നഴ്സായി ജോലി ചെയ്യുന്ന ഭാര്യ ആശയും രണ്ടില്‍ പഠിക്കുന്ന മകള്‍ കെസിയയും ബഹ്റൈനില്‍ തന്നെയുണ്ടാകും. അഞ്ചില്‍ പഠിക്കുന്ന മകന്‍ റോഹന്‍ ഇനി നാട്ടില്‍ പഠിക്കും. ഒരു വര്‍ഷം കൂടി വിസയുണ്ട്. പ്രവാസം അത്രപെട്ടെന്ന് അറുത്തു മാറ്റാനാകില്ലല്ലോ...’ ബെന്യാമിന്‍ തുടര്‍ന്നു.

 

ഹാഷിം എളമരം

comments powered by Disqus