12:30:26
10 Oct 2015
Saturday
Facebook
Google Plus
Twitter
Rssfeed

ആഞ്ഞടിക്കും മുമ്പേ അച്ചടിച്ചു

ആഞ്ഞടിക്കും മുമ്പേ അച്ചടിച്ചു

കുഞ്ഞൂഞ്ഞ് കഥകള്‍ -പി.റ്റി ചാക്കോ

കെ. കരുണാകരന്‍ മുഖ്യമന്ത്രി. കോണ്‍ഗ്രസ് ഗ്രൂപ്പുപോര് അതിന്റെമൂര്‍ധന്യത്തില്‍ നില്ക്കുന്ന 1990കള്‍. 92 ജൂണില്‍ കെ. കരുണാകരന്‍ കാറപകടത്തില്‍പ്പെട്ടു വിദേശത്തു ചികിത്സയ്ക്കുപോയി. ഈ അവസരത്തിലായിരുന്നു തിരുത്തല്‍വാദികളുടെ രംഗപ്രവേശം. കെ.പി.സി.സി പ്രസിഡന്‍്റ് തെരഞ്ഞെടുപ്പില്‍ എ.കെ. ആന്‍്റണി വയലാര്‍ രവിയോടു തോറ്റെങ്കിലും അദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കും പിന്നീട് കേന്ദ്രമന്ത്രിസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ഉമ്മന്‍ ചാണ്ടി ധനമന്ത്രി സ്ഥാനം 94 ജൂണില്‍ രാജിവച്ചു. കരുണാകരന്റെനേതൃമാറ്റത്തിനു വേണ്ടിയുള്ള മുറവിളി ദിനംപ്രതി ശക്തിയാര്‍ജിച്ചു. നിയമസഭാ സമ്മേളനം അരംഭിക്കാന്‍ പോകുന്നു. ഈ പശ്ചാത്തലത്തിലാണു കോണ്‍ഗ്രസ് പാര്‍ലമെന്‍്ററി പാര്‍ട്ടി യോഗം ചേര്‍ന്നത്. ക്ളിഫ് ഹൗസില്‍ രണ്ടു ദിവസത്തെ സമ്പൂര്‍ണയോഗം. കരുണാകര വിരുദ്ധ എംഎല്‍എമാര്‍ ആദ്യദിനം ഒന്നിനു പിറകേ ഒന്നായി മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ചു. അതിരൂക്ഷമായ വിമര്‍ശനം.
വിമര്‍ശിച്ചു വിമര്‍ശിച്ചു കരുണാകരവിരുദ്ധരും മറുപടി പറഞ്ഞു പറഞ്ഞു കരുണാകരവിഭാഗവും തളര്‍ന്നു. രാത്രി 9 മണിയായപ്പോള്‍ മുഖ്യന്‍ ചോദിച്ചു:
"ഇന്നിതു പോരേ, ഉമ്മന്‍ ചാണ്ടി. ഇനി നമുക്കു ഭക്ഷണം കഴിച്ചാലോ?''’’
സത്യത്തില്‍ എല്ലാവരും കാത്തുകാത്തിരുന്ന ചോദ്യം.
"എന്നാല്‍ അങ്ങനെയാകാം. നാളെ ഒരു ദിവസം കൂടിയുണ്ടല്ലോ.''’ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.
എല്ലാവരും തലകുലുക്കി സമ്മതിച്ചു. അപ്പോഴുണ്ട് മലബാറില്‍ നിന്നുള്ള ഒരു എംഎല്‍എ ചാടിയെഴുന്നേല്ക്കുന്നു. എ ഗ്രൂപ്പിന്റെവക്താവാണ്. അദ്ദേഹത്തിന് ഇപ്പോള്‍ പ്രസംഗിക്കണം. പ്രസംഗിച്ചേ പറ്റൂ.
നാളെ ഒരു ദിവസം കൂടിയുണ്ടെന്നും അന്നു വേണേല്‍ മുഴുവന്‍ സമയവും പ്രസംഗിച്ചോയെന്നും ചിലര്‍ പറഞ്ഞുനോക്കി.
മലബാര്‍ എംഎല്‍എ വിടുന്നില്ല. ഇതു മലബാറിനോടുള്ള അവഗണനയാണെന്നു വരെ അദ്ദേഹം പറഞ്ഞുനോക്കി.
വിശന്നു തളര്‍ന്ന എംഎല്‍എമാര്‍ ഒന്നടങ്കം ഇടപെട്ടു കട്ടായം പറഞ്ഞു, ഇന്നിനി വേണ്ട.
മറ്റു മാര്‍ഗമൊന്നുമില്ലല്ലോ. എംഎല്‍എ അടങ്ങി.
തുടര്‍ന്നു ഭക്ഷണം. ഉമ്മന്‍ ചാണ്ടിയുടെ അടുത്ത് പ്രസ്തുത എംഎല്‍എയാണ് ഇരിക്കുന്നത്.
ഉമ്മന്‍ ചാണ്ടി ചോദിച്ചു: "അതെന്താ ഇന്നു തന്നെ പ്രസംഗിക്കണം എന്നു വാശിപിടിച്ചത്? നാളെ ഇഷ്ടം പോലെ സമയമല്ലേ ഉള്ളത്. മലബാര്‍ അവഗണന എന്നൊക്കെ വെറുതേ കാച്ചിയതാണെന്ന് എനിക്കറിയാം.'' ‘’
എംഎല്‍എ പറഞ്ഞു: "അതേയ്, ഞാനെന്റെപ്രസംഗം പത്ര ക്കാര്‍ ക്ക് വിളിച്ചു പറഞ്ഞു കൊടുത്തിട്ടാ ഇങ്ങോട്ടു പോന്നേ! ആഞ്ഞടി ച്ചെന്നു നാളെ പത്രത്തില്‍ ഉറപ്പായിട്ടു വരും.''‘’
"ചതിച്ചോ!'' ഉമ്മന്‍ ചാണ്ടി.
ഉമ്മന്‍ ചാണ്ടി തന്നെ വഴിയും കണ്ടെത്തി. ഉടനേ എം.ഐ. ഷാനവാസിനെ വിളിച്ചു വിവരം പറഞ്ഞു. ഒരു കാരണവശാലും നാളെ പത്രത്തില്‍ പ്രസംഗം വരാന്‍ പാടില്ലെന്നു ചട്ടംകെട്ടി. അപ്പോഴേക്കും രാത്രി 10 മണി.
ഷാനവാസ് തച്ചിനിരുന്ന് എല്ലാ പത്ര ഓഫീസുകളിലേക്കും വിളിച്ചു.  എല്ലാവരും തന്നെ പ്രസംഗം കൊന്നു. പക്ഷേ, മംഗളം’പത്രത്തിന്റെതിരുവനന്തപുരം എഡീഷന്‍ അപ്പോഴേക്കും അടിച്ചുകഴിഞ്ഞിരുന്നു.  വലിയ തലക്കെട്ടില്‍ എംഎല്‍എയുടെ പ്രസംഗിക്കാത്ത പ്രസംഗം അതില്‍ അച്ചടിച്ചു വന്നു!

comments powered by Disqus