ദോഹ: മന്ത്രി ആര്യാടന്‍ മുഹമ്മദ് ലീഗിനെതിരെ ഉന്നയിച്ചത് വിലയില്ലാത്ത വിമര്‍ശനങ്ങളാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.
ആര്യാടന്‍ ലീഗിനെ നിരന്തരം വിമര്‍ശിക്കുന്ന ആളാണെന്നതുകൊണ്ട്തന്നെ അതിന് വാര്‍ത്താമൂല്യമില്ല. മറ്റാരെങ്കിലും ലീഗിനെ ഇത്തരത്തില്‍ വിമര്‍ശിച്ചാല്‍ മാത്രമേ കാര്യമായി എടുക്കേണ്ടതുള്ളൂ എന്നും കഴിഞ്ഞ ദിവസം സ്വകാര്യ സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ കെ.പി.എ മജീദ് ‘ഗള്‍ഫ്മാധ്യമ’ത്തോട് പറഞ്ഞു.
കോണ്‍ഗ്രസില്‍ തനിക്ക് അഭിപ്രായം പറയാന്‍ കെ.പി.എ മജീദിന്‍െറയും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെയും തീട്ടൂരം ആവശ്യമില്ലെന്ന ആര്യാടന്‍ മുഹമ്മദിന്‍െറ പ്രസ്താവനയെക്കുറിച്ച ചോദ്യത്തിന് ആര്യാടന് ആദ്യദിവസം തന്നെ ലീഗ് മറുപടി നല്‍കിക്കഴിഞ്ഞതാണെന്നായിരുന്നു മജീദിന്‍െറ മറുപടി. ആര്യാടന്‍െറ പ്രസ്താവനക്കും വിവാദങ്ങള്‍ക്കും ഒറ്റദിവസത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. തൊട്ടടുത്ത ദിവസവും പ്രതികരിക്കാന്‍ മാത്രം വാര്‍ത്താമൂല്യമുള്ളതല്ല അദ്ദേഹത്തിന്‍െറ പരാമര്‍ശങ്ങള്‍. അതുകൊണ്ട്തന്നെ ഈ വിഷയവുമായി ബന്ധപ്പെട്ട് പുതുതായി എന്തെങ്കിലും പറയാന്‍ ഉദ്ദേശിക്കുന്നില്ല. പറയാന്‍ തീരുമാനിച്ചാല്‍ മാധ്യമപ്രവര്‍ത്തകരെ അറിയിക്കും.
ആര്യാടന്‍ പറഞ്ഞതിനെല്ലാം ലീഗ് മറുപടി നല്‍കിയിട്ടുണ്ടെന്ന് മജീദ് വ്യക്തമാക്കി. ഈ വിഷയത്തില്‍ ആര്യാടനെതിരെ കെ.പി.സി.സി നേതൃത്വത്തിനോ യു.ഡി.എഫ് നേതൃത്വത്തിനോ പരാതി നല്‍കുന്നതിനെക്കുറിച്ച് മുസ്ലിംലീഗ് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. പാര്‍ട്ടിയില്‍ ആലോചിച്ചശേഷമേ അക്കാര്യങ്ങളിലൊക്കെ തീരുമാനമെടുക്കൂ എന്നും മജീദ് വ്യക്തമാക്കി.
കെ.എം.മാണി കഴിഞ്ഞദിവസം നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് കൂട്ടുത്തരവാദിത്തമില്ലാതെ തയാറാക്കിയതാണെന്ന ആര്യാടന്‍ മുഹമ്മിന്‍െറ പ്രസ്താവനക്ക് മറുപടിയായി ബജറ്റിനോട് വിയോജിപ്പുണ്ടെങ്കില്‍ ആര്യാടന്‍ മന്ത്രിസ്ഥാനം രാജവെക്കണമെന്ന മജീദിന്‍െറ പരാമര്‍ശമാണ് ആര്യാടനെ പ്രകോപിപ്പിച്ചത്. കോണ്‍ഗ്രസില്‍ താന്‍ തന്‍െറ അഭിപ്രായം രേഖപ്പെടുത്തുമെന്നും അത് പറയാന്‍ മജീദിന്‍െറയോ അവരുടെ പാര്‍ട്ടിയുടെയോ തീട്ടൂരം ആവശ്യമില്ലെന്നും തന്‍െറ അഭിപ്രായത്തില്‍ ഇടപെടാന്‍ മജീദും പാര്‍ട്ടി പ്രസിഡന്‍റ് ഹൈദരലി തങ്ങളും വളര്‍ന്നിട്ടില്ലെന്നുമായിരുന്നു ആര്യാടന്‍െറ മറുപടി.