12:30:26
09 Oct 2015
Friday
Facebook
Google Plus
Twitter
Rssfeed

സര്‍ക്കാറിന്റെ ഭാവി തുലാസില്‍ -പിണറായി

സര്‍ക്കാറിന്റെ ഭാവി തുലാസില്‍ -പിണറായി

കോഴിക്കോട്: കേരള സര്‍ക്കാറിന്‍െറ ഭാവി തുലാസില്‍ തൂങ്ങുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സര്‍ക്കാറിനെ അധികാരത്തിലേറ്റിയവര്‍ തന്നെ അതൊരു പാതകമായി പോയെന്ന് ഇപ്പോള്‍ ചിന്തിക്കുന്നു. കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്ന് യു.ഡി.എഫിനും ബോധ്യപ്പെട്ടു കഴിഞ്ഞു. മാധ്യമം ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ പിണറായി പറഞ്ഞു.
ഈ സര്‍ക്കാര്‍ തുടരണമെന്ന് യു.ഡി.എഫിനെ പിന്തുണച്ച ജനവിഭാഗങ്ങള്‍ ആഗ്രഹിക്കുന്നില്ല. ജനദ്രോഹ നടപടികള്‍ക്ക് ഇരയാകാത്ത ഒരു വിഭാഗവും ഇല്ല. ജനങ്ങള്‍ മൊത്തത്തില്‍ ആഗ്രഹിക്കുന്നത് ഇതൊന്ന് ഒഴിഞ്ഞു കിട്ടണമെന്നാണ്. യു.ഡി.എഫിന്‍െറ പ്രവര്‍ത്തകരില്‍തന്നെ ഈ ചിന്താഗതിയുണ്ട്.

സി.പി.എം വിരോധം

കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് അഗാധമായ സി.പി.എം വിരോധമാണ്. പാര്‍ട്ടിക്കകത്ത് മേധാവിത്തം ഉറപ്പിക്കാനാണ് അവര്‍ സി.പി.എമ്മിനുമേല്‍ കുതിരകയറുന്നത്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്‍െറ സ്ഥാനം ഉറപ്പിക്കാനും കൂടുതല്‍ സ്ഥാനങ്ങള്‍ ലഭിക്കാനും സി.പി.എം വിരോധം കരുവാക്കുന്നു. സി.പി.എം വിരുദ്ധ നടപടികള്‍ പാര്‍ട്ടിക്കകത്ത് ഗുണംചെയ്യുമെന്നാണ് തിരുവഞ്ചൂരിന്‍െറ കണക്കുകൂട്ടല്‍.
സര്‍ക്കാറിന്‍െറ മുഖമുദ്ര ഇപ്പോള്‍ മാര്‍ക്സിസ്റ്റ് വിരുദ്ധതയാണ്. വസ്തുതകളൊന്നുമില്ലാതെ സി.പി.എമ്മിനെ കടന്നാക്രമിക്കുന്നു.

ടി.പി വധം
ടി.പി. ചന്ദ്രശേഖരന്‍ വധത്തെത്തുടര്‍ന്ന് പാര്‍ട്ടിക്കെതിരെ എല്ലാ ഭാഗത്തുനിന്നും കടുത്ത ആക്രമണമാണ് ഉണ്ടായത്. കൊല നടന്ന് രണ്ടാമൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ അതിന്‍െറ വിശദാംശങ്ങള്‍ അന്വേഷണ ഏജന്‍സിക്കും സര്‍ക്കാറിനും മനസ്സിലാക്കാന്‍ കഴിഞ്ഞു. പിന്നീട് കാണിച്ചത് കോപ്രായങ്ങളാണ്. സി.പി.എമ്മിനെ വേട്ടയാടാന്‍ അതൊരു ആയുധമാക്കി. സി.പി.എമ്മിനെ പൂര്‍ണമായി കെട്ടിവരിഞ്ഞിടാന്‍ കഴിയുമെന്ന് കണക്കുകൂട്ടി. അന്വേഷണഘട്ടത്തില്‍ ആളുകളെ പിടിച്ച് ഭീകരമായി മര്‍ദിച്ചു. കെ.ടി. ജയകൃഷ്ണന്‍ വധക്കേസിന്‍െറ പുനരന്വേഷണം ഇതിന്‍െറ ഭാഗമായി വന്നു.
ഗോവയില്‍വെച്ച് കസ്റ്റഡിയിലെടുത്ത ആളെ കേരളത്തില്‍ എത്തിക്കുംമുമ്പ് പുറത്ത് താമസിപ്പിച്ചു. കഠിന മര്‍ദനത്തിന് ദിവസങ്ങളോളം ഇരയാക്കുമ്പോള്‍ അതിനെ അതിജീവിക്കാന്‍ അധികമാര്‍ക്കും കഴിയില്ല. പൊലീസ് ആഗ്രഹിക്കുന്ന സ്റ്റേറ്റ്മെന്‍റില്‍ ഒപ്പുവെപ്പിച്ചു. ശരീരമാകെ ഇടിച്ചുപിഴിഞ്ഞു. ജയിലില്‍ എത്തിച്ചശേഷം മൂത്രമൊഴിക്കുമ്പോള്‍ പോയത് രക്തമാണ്. ഫാഷിസ്റ്റ് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലാണ് മുമ്പ് ഇങ്ങനെ നടന്നിട്ടുള്ളത്.
കെ.ടി. ജയകൃഷ്ണന്‍ വധക്കേസില്‍ സ്റ്റേറ്റ്മെന്‍റ് നല്‍കിയിട്ടില്ലെന്ന് ടി.കെ. രജീഷ് കോടതിയില്‍ പറഞ്ഞതോടെ പൊലീസ് കള്ളത്തെളിവുകള്‍ ഉണ്ടാക്കിയെന്ന് തെളിഞ്ഞു. ജയകൃഷ്ണന്‍ കേസില്‍ പ്രതികളെ ആദ്യം തൂക്കിക്കൊല്ലാനാണ് വിധിച്ചത്. സുപ്രീംകോടതി വധശിക്ഷ ഒഴിവാക്കി. ചിലരെ ശിക്ഷിച്ചു. സുപ്രീംകോടതിവരെ പോയ കേസ് പുനരന്വേഷിക്കുന്നത് സി.പി.എമ്മിനെ വേട്ടയാടുക എന്ന ഒറ്റ ആവശ്യത്തിനാണ്.

എം.എം. മണി
സി.പി.എമ്മിന്‍െറ പ്രധാന നേതാവ് എം.എം. മണി ഇപ്പോള്‍ ജയിലിലാണ്. 30 വര്‍ഷം മുമ്പ് നടന്ന കേസാണിത്. നിയമനടപടികള്‍ പൂര്‍ത്തീകരിച്ചതാണ്. മണി ജാമ്യത്തിന് കോടതിയെ സമീപിച്ചപ്പോള്‍ കേസില്‍ തെളിവുകള്‍ ലഭ്യമായിട്ടില്ലെന്നാണ് പ്രോസിക്യൂഷന്‍ പറഞ്ഞത്. തെളിവുകള്‍ കിട്ടണമെങ്കില്‍ മണിയെ പുറത്തുവിടരുതെന്നും. തെളിവില്ലാതെയാണ് മണിയെ അറസ്റ്റ് ചെയ്തതെന്ന് ഇതിലൂടെ സര്‍ക്കാര്‍ സമ്മതിക്കുന്നു.

പട്ടികജാതി സംഘടന
ജാതിബോധം ഉണ്ടാക്കാനല്ല സി.പി.എം പട്ടികജാതിക്കാരുടെ സംഘടന രൂപവത്കരിച്ചത്. ഈ വിഭാഗത്തെ ലക്ഷ്യമിടുന്ന പലതരത്തിലുള്ള സംഘടനകള്‍ ഇന്നുണ്ട്. സി.പി.എമ്മില്‍നിന്ന് അവരെ അകറ്റുകയാണ് ഇത്തരം സംഘടനകളുടെ പൊതുലക്ഷ്യം. ആദിവാസികളെ മുമ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ വെറും വോട്ടുബാങ്കായാണ് കണ്ടത്. സി.പി.എമ്മിന്‍െറ നേതൃത്വത്തില്‍ ആദിവാസി ക്ഷേമസമിതി ഉണ്ടാക്കിയത് ശക്തമായ ഇടപെടലായിരുന്നു. ഇന്ന് ആദിവാസികള്‍ പഴയ ജനവിഭാഗമല്ല. അതുപോലെ പട്ടികജാതിക്കാരുടെ പ്രശ്നങ്ങളും ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. അവരുടെ സാമൂഹിക നിലവാരം ഉയരണം. ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമി കിട്ടണം. ഇതാണ് സംഘടന ഉണ്ടാക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്. സി.പി.എമ്മിന്‍െറ വര്‍ഗ രാഷ്ട്രീയത്തിന് എതിരല്ല ഈ സംഘടനയുടെ രൂപവത്കരണം. താഴ്ന്ന ജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശം ലഭിക്കാനും വഴിനടക്കാനുമൊക്കെ കേരളത്തില്‍ സമരം നടന്നിട്ടുണ്ട്. എ.കെ.ജിയെപ്പോലുള്ളവരുടെ നേതൃത്വത്തിലായിരുന്നു സമരം. അതുകൊണ്ടൊന്നും ജാതി വിചാരം ശക്തിപ്പെടുകയല്ല ചെയ്തത്. വര്‍ഗബോധം ഉണരുകയായിരുന്നു.

മാധ്യമങ്ങള്‍

വലതുപക്ഷത്തോട് ചേര്‍ന്നുനിന്ന് ഇടതുപക്ഷത്തെ ആക്രമിക്കുക മാധ്യമങ്ങളുടെ പൊതുനിലപാടാണ്. ഇടതുപക്ഷത്തിനെതിരായ കാര്യങ്ങള്‍ വലിയ തോതില്‍ പെരുപ്പിച്ചു കാണിക്കും. വലതുപക്ഷ താല്‍പര്യക്കാര്‍ പ്രചാരണായുധമായി മാധ്യമങ്ങളെ ഉപയോഗിക്കും. ഇത് എല്ലായ്പോഴും സി.പി.എം തുറന്നു പറയാറുണ്ട്.

വൈദ്യുതി
വൈദ്യുതിയുടെ കാര്യത്തില്‍ വികാരപരമായി പറഞ്ഞതുകൊണ്ട് കാര്യമില്ല. ഉല്‍പാദനം വര്‍ധിപ്പിച്ചില്ലെങ്കില്‍ വികസനത്തില്‍ ഒരിഞ്ചു മുന്നോട്ടു പോകാനാവില്ല. നാല് മണിക്കൂര്‍ ലോഡ് ഷെഡിങ്ങും 95 ശതമാനം പവര്‍കട്ടും ഏര്‍പ്പെടുത്തിയ ഒരുകാലമുണ്ടായിരുന്നു. അതില്‍നിന്ന് നമ്മള്‍ സ്വയം പര്യാപ്തമായി. ലോഡ് ഷെഡിങ്ങും പവര്‍കട്ടും ഒഴിവായി. എന്നാല്‍, അന്നത്തേതിന്‍െറ തുടര്‍ച്ച ഉണ്ടായില്ല. വൈദ്യുതി ഉപയോഗം കുറയില്ല. കൂടുകയേ ഉള്ളൂ. ഉല്‍പാദനം കൂട്ടുക മാത്രമാണ് പോംവഴി. ചെലവു കുറഞ്ഞ വൈദ്യുതി കിട്ടണം. സൗരോര്‍ജം പോലുള്ള സമാന്തര സംവിധാനങ്ങളും ആകാം. സൗജന്യമായി വൈദ്യുതി കിട്ടണമെന്ന് ആരും ആഗ്രഹിക്കരുത്. ചാര്‍ജ് ജനങ്ങള്‍ക്ക് താങ്ങാന്‍ പറ്റാത്തതുമാകരുത്.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് വൈദ്യുതി രംഗത്ത് മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന ചോദ്യത്തിന് വൈദ്യുതി രംഗത്ത് മുന്‍കൈയെടുത്താലുള്ള അനുഭവം കേരളത്തിനു മുന്നില്‍ ഉണ്ടല്ലോ എന്നായിരുന്നു മുന്‍ വൈദ്യുതിമന്ത്രി കൂടിയായ പിണറായി വിജയന്‍െറ പ്രതികരണം.

തയാറാക്കിയത്: കെ. ബാബുരാജ്

comments powered by Disqus