12:30:26
10 Oct 2015
Saturday
Facebook
Twitter
Rssfeed

വിഭജനം വീണ്ടും മുറിവുകളാകുമോ ?

വിഭജനം വീണ്ടും മുറിവുകളാകുമോ ?

ഇന്ത്യന്‍ യൂനിയനിലെ 29ാമത് സംസ്ഥാനമായി തെലങ്കാന രൂപവത്കൃതമാകുകയാണ്. ഇതോടെ, പുതിയ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായുള്ള മുറവിളി പലസ്ഥലങ്ങളില്‍നിന്നും ഉയര്‍ന്നുകഴിഞ്ഞു. ഉറങ്ങിക്കിടന്ന പലരും  ഇപ്പോള്‍ ഉണര്‍ന്ന് വലിയനിലയില്‍ സമ്മര്‍ദംചെലുത്തുന്നു. ആവശ്യക്കാരുടെ എണ്ണം ചെറുതാണെന്ന് കരുതരുത്. ഇരുപതോളം പുതിയ സംസ്ഥാനങ്ങള്‍ക്കാണ് രാജ്യത്തിന്‍െറ വിവിധഭാഗങ്ങളില്‍ നിന്നായി ആവശ്യമുയര്‍ന്നിരിക്കുന്നത്. ഇതില്‍ ഏറെനാളായി കേള്‍ക്കുന്ന വിദര്‍ഭ മുതല്‍ കുക്കിലാന്‍ഡും മരുപ്രദേശും മലബാറുമൊക്കെയുണ്ട് എന്നതാണ് കൗതുകകരം. ഇന്ത്യയെപ്പോലുള്ള ജനാധിപത്യരാജ്യത്തിന് തുടരത്തെുടരെയുള്ള വിഭജനങ്ങള്‍ എങ്ങനെ ഗുണകരമാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. രാജ്യത്തിന്‍െറ പൊതുതാല്‍പര്യത്തെ ഇത് എങ്ങനെ ബാധിക്കുമെന്നും നാം ചിന്തിക്കണം.

തെലങ്കാന സംസ്ഥാനവാദത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. പാവപ്പെട്ടവരും നിരക്ഷരരും കര്‍ഷകരുമായ തെലങ്കാനയിലെ ദരിദ്രജനത നൈസാം ഭരണകാലത്തുതന്നെ ഏറെ ചൂഷണം ചെയ്യപ്പെട്ടവരായിരുന്നു. മാതൃഭാഷയായ തെലുങ്കിന് പകരം ഉര്‍ദുവില്‍ വിദ്യാഭ്യാസം ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരായി. ആന്ധ്രയും റായലസീമയും ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിന്‍കീഴിലായിരുന്നതിനാല്‍ അവിടത്തുകാര്‍ക്ക് വിദ്യാഭ്യാസത്തിലും മറ്റും സാമാന്യമായ ജീവിതസാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. രാജ്യത്തിന്‍െറ കിഴക്കുഭാഗത്ത് പ്രമുഖ തുറമുഖങ്ങള്‍ പലതും സീമാന്ധ്ര മേഖലയിലായിരുന്നതും ആ പ്രദേശത്തുകാര്‍ക്ക് സാമ്പത്തികമായി ഗുണമുണ്ടാക്കി. എന്നാല്‍, തെലങ്കാനക്കാര്‍ എല്ലാമേഖലയിലും അവഗണിക്കപ്പെട്ടു. ഇതരമേഖലകളിലുള്ള തെലുങ്കരെ അപേക്ഷിച്ച് വിദ്യാഭ്യാസത്തിലും സാമ്പത്തികമായും മാത്രമല്ല സാംസ്കാരികമായും സാമൂഹികമായും അവര്‍ പിന്തളളപ്പെട്ടു. സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം ആന്ധ്രപ്രദേശ് സംസ്ഥാനം രൂപവത്കരിച്ചതിനുശേഷവും സ്ഥിതിഗതികള്‍ക്ക് മാറ്റമുണ്ടായില്ല.

റായലസീമക്കാരും സീമാന്ധ്രക്കാരുമാണ് ഭരണതലത്തില്‍ മേല്‍ക്കൈ നേടിയത്. ആന്ധ്രയിലെ കിരീടമില്ലാത്ത രാജാക്കന്മാരായ നായിഡു, റെഡ്ഡിമാര്‍ ഹൈദരാബാദിലെ ഭരണം നിയന്ത്രിച്ചത്, സാധാരണക്കാരായ തെലുങ്കാനക്കാരെ സമൂഹത്തിന്‍െറ പൊതുധാരയില്‍നിന്നും ദൂരെ നിര്‍ത്തുന്നതിന് കാരണമായി. ആന്ധ്രയുടെ ഭരണതലത്തില്‍ തെലങ്കാനക്കാര്‍ക്ക് ഒരിക്കല്‍പോലും എത്തിനോക്കാന്‍ കഴിഞ്ഞില്ല. നിയമങ്ങള്‍ മേലാളന്മാരായ ആന്ധ്രക്കാര്‍ ഉണ്ടാക്കുകയും അത് തെലുങ്കാനക്കാരുടെ മേല്‍ അടിച്ചേല്‍പിക്കുയും ചെയ്തു. വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക, സാമ്പത്തികപരമായ അകലം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുകയാണ് ചെയ്തത്. ഇങ്ങനെ ദശാബ്ദങ്ങള്‍ നീണ്ട അവഗണനക്കെതിരെയാണ് തെലങ്കാനക്കാര്‍ പ്രക്ഷോഭമുയര്‍ത്തിത്തുടങ്ങിയത്. എന്നാല്‍, തെലങ്കാന സംസ്ഥാനവാദത്തെ തകര്‍ക്കാനായിരുന്നു ഭരണകൂടങ്ങള്‍ ശ്രമിച്ചത്. മാറിമാറി ആന്ധ്ര ഭരിച്ച സര്‍ക്കാറുകളെല്ലാം തെലങ്കാനക്കാരെ പറഞ്ഞുപറ്റിച്ചു.

തെലങ്കാന മേഖല നക്സലുകളുടെ കേന്ദ്രം കൂടിയായിരുന്നു. തഴയപ്പെട്ടവന്‍െറയും അവഗണിക്കപ്പെട്ടവന്‍െറയും വേദനയാണ് ഇവിടെ നക്സലിസം വളരുന്നതിന് വളക്കൂറായത്. തിരസ്കരണത്തിന്‍െറ കയ്പുനീര്‍ കുടിച്ചുവളര്‍ന്ന യുവത നക്സലിസത്തിലേക്ക് തിരിഞ്ഞത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കി.
തെലങ്കാന വിഷയം ഒത്തുതീര്‍പ്പാക്കുതിന് 1985ല്‍ മുഖ്യമന്ത്രി എന്‍.ടി. രാമറാവുവിന്‍െറ നേതൃത്വത്തില്‍ കൊണ്ടുപിടിച്ചശ്രമങ്ങള്‍ നടന്നെങ്കിലും ഉദ്ദേശിച്ച ഫലം കണ്ടില്ല. അതിനുമുമ്പ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരഗാന്ധി മുന്നോട്ടുവെച്ച വാഗ്ദാനങ്ങളും ഒത്തുതീര്‍പ്പുവ്യവസ്ഥയും ലക്ഷ്യംകണ്ടില്ല. ഇതോടെ, സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകളുടെ വാഗ്ദാനങ്ങളിലുള്ള വിശ്വാസംതന്നെ ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടു. 1990കളില്‍ പ്രക്ഷോഭം വീണ്ടും ശക്തിപ്രാപിക്കുന്ന കാഴ്ചയാണ് കണ്ടത്. ആന്ധ്രപ്രദേശില്‍ മത്സരിച്ചു ഭരിച്ച തെലുഗുദേശം പാര്‍ട്ടിയും കോണ്‍ഗ്രസ് പാര്‍ട്ടിയും ഈകാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാതെ കുഴങ്ങി.

ഹൈദരാബാദില്‍ രാജ്യമാസകലമുള്ള കോടീശ്വരന്മാരുടെ വന്‍നിക്ഷേപമാണുള്ളത്. അതിനാല്‍, ഹൈദരാബാദ് തെലങ്കാനയുടെ മാത്രം തലസ്ഥാനമായി മാറുന്നത് മറ്റ് പ്രദേശത്തുകാര്‍ക്ക് ചിന്തിക്കാനാവില്ല. ആന്ധ്രപ്രദേശിന്‍െറ മൊത്തം വരുമാനത്തിന്‍െറ പകുതിയും ഹൈദരാബാദില്‍നിന്നാണ് ലഭിക്കുന്നത്. ഭരണം നിയന്ത്രിക്കുന്നത് ഇവിടത്തെ ധനാഢ്യന്മാരായ പ്രമാണിമാരാണ്. ഹൈദരാബാദിനെ തെലങ്കാനയില്‍ത്തന്നെ നിലനിര്‍ത്തണമെന്ന് തെലങ്കാനക്കാര്‍ വാദിക്കുന്നു. കേന്ദ്രഭരണപ്രദേശമാക്കണമെന്ന് ആന്ധ്രക്കാരും. ഹൈദരാബാദിന്‍െറ വളര്‍ച്ചക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് തങ്ങളാണെന്നും രാജ്യാന്തരതലത്തില്‍ വരെ വേരോട്ടമുള്ള ആന്ധ്രയുടെ വികസനത്തിനു പിന്നില്‍ തങ്ങള്‍ മാത്രമാണെന്നും ആന്ധ്രക്കാര്‍ അവകാശപ്പെടുന്നു.

തെലുഗുദേശം പാര്‍ട്ടി (ടി.ഡി.പി)യില്‍ നിന്ന് വേര്‍പ്പെട്ട് കെ. ചന്ദ്രശേഖരറാവുവിന്‍െറ നേതൃത്വത്തില്‍ 2001ല്‍ തെലങ്കാന രാഷ്ട്രസമിതി രൂപവത്കരിച്ചതോടെ തെലങ്കാന സമരത്തിന് വീണ്ടും ഉണര്‍വുണ്ടായി. തെലങ്കാന രൂപവത്കരണവിഷയം വൈകാരികമാക്കുന്നതില്‍ ടി.ആര്‍.എസ് സകല അടവുകളും പുറത്തെടുത്തു. അതിന്‍െറ ഫലമായി സമരകേന്ദ്രമായിരുന്ന ഹൈദരാബാദ് ഉസ്മാനിയ യൂനിവേഴ്സിറ്റിയിലെ 22ഓളം വിദ്യാര്‍ഥികളാണ് ആത്മാഹുതി ചെയ്തത്. പ്രശ്നം ആളിക്കത്തിക്കുന്നതിന് ഇതിടയാക്കി. അതേസമയം, തെലങ്കാന വിരുദ്ധപക്ഷവും വെറുതെയിരുന്നില്ല. ഐക്യആന്ധ്ര സമരവുമായി അവരും സമരരംഗത്തിറങ്ങി. പ്രശ്നം അടിക്കടി വഷളായതോടെ ഇടപെടാന്‍ കേന്ദ്രസര്‍ക്കാറും തെല്ല് മടിച്ചു. കഴിവതും സംസ്ഥാനരൂപവത്കരണം നീട്ടിക്കൊണ്ടുപോവുക എന്നതായി കേന്ദ്രത്തിന്‍െറ ശൈലി. എന്നാല്‍, അനിവാര്യമായത് ഒഴിവാക്കാനായില്ല. 2004ല്‍ തെരഞ്ഞെടുപ്പ് കണ്ടുള്ള സോണിയ ഗാന്ധിയുടെ രാഷ്ട്രീയനീക്കം തെലങ്കാന പ്രത്യേക സംസ്ഥാനം രൂപവത്കരിക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം ജനങ്ങളിലത്തെിച്ചു. പിന്നീട് 2009 വരെ അങ്ങനെ ചൂടുപിടിച്ചുനിന്ന വിഷയം ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന്‍െറ പ്രസ്താവനയോടെ കൂടുതല്‍ ശക്തിപ്പെട്ടു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഇപ്പോള്‍ കേന്ദ്രം നടത്തിയിരിക്കുന്ന നീക്കത്തിന്‍െറ അനന്തരഫലം രാജ്യമാസകലം പക്ഷേ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.

1947ല്‍ ബ്രിട്ടീഷുകാരില്‍നിന്ന് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ മൂന്നു തരത്തിലുള്ള സംസ്ഥാനങ്ങളായിരുന്നു ഇന്ത്യയില്‍ ഉണ്ടായിരുന്നത്. ബ്രിട്ടീഷുകാര്‍ നേരിട്ടു ഭരിച്ചിരുന്ന പ്രസിഡന്‍സികള്‍, നാട്ടുരാജാക്കന്മാര്‍ ഭരിച്ചിരുന്നവ, മറ്റുള്ളവ എന്നിങ്ങനെ. എന്നാല്‍, ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപവത്കരിക്കപ്പെടണമെന്ന് പിന്നീട് ആവശ്യമുയര്‍ന്നു. തെലുങ്ക് ഭാഷ സംസാരിക്കുന്ന പ്രദേശങ്ങളെല്ലാം കൂട്ടിച്ചേര്‍ത്ത് പ്രത്യേക സംസ്ഥാനമെന്ന ആവശ്യവുമായി നിരാഹാരം അനുഷ്ഠിച്ച പോറ്റി ശ്രീരാമുലു മരണംവരിച്ചതോടെ ഭാഷാ സംസ്ഥാനങ്ങള്‍ എന്ന ആവശ്യത്തിന് ശക്തിയേറുകയും സര്‍ക്കാര്‍ അത് അംഗീകരിക്കുകയുമായിരുന്നു. അങ്ങനെയാണ് കേരളം ഉള്‍പ്പെടെയുള്ള ഭാഷാ സംസ്ഥാനങ്ങള്‍ പിറവികൊണ്ടത്. എന്നാല്‍, ഇതിനോട് അന്നുതന്നെ പലര്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. ഭാഷാ സംസ്ഥാനങ്ങള്‍ രൂപവത്കരിക്കുന്നത് വിഭജനവാദമുയര്‍ത്തുമെന്നതായിരുന്നു ഏറ്റവും പ്രധാന ആരോപണം. എങ്കിലും, ഒരേ ഭാഷ സംസാരിക്കുന്ന ജനങ്ങള്‍ സംസ്കാരത്തിലും ആചാരത്തിലും സമാനരായതുകൊണ്ട് അവര്‍ക്ക് വളരാനും വികസിക്കാനും ഭാഷാ സംസ്ഥാനങ്ങള്‍ നല്ലതാണെന്ന വാദമുയര്‍ത്തിയാണ് മറുവിഭാഗം ഇതിനെ പ്രതിരോധിച്ചത്. ഇപ്രകാരം വിവിധ കാലയളവിലായി രൂപവത്കരിക്കപ്പെട്ട 25 സംസ്ഥാനങ്ങളും ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളുമായാണ് ഇന്ത്യ കഴിഞ്ഞ നൂറ്റാണ്ടില്‍ നിലകൊണ്ടത്.
2000ല്‍ വാജ്പേയി സര്‍ക്കാര്‍ ഉത്തരപ്രദേശ് വിഭജിച്ച് ഉത്തരാഞ്ചലും (പിന്നീട് ഉത്തരാഖണ്ഡ് എന്ന് പേരുമാറ്റി), മധ്യപ്രദേശ് വിഭജിച്ച് ഛത്തിസ്ഗഢും ബിഹാര്‍ വിഭജിച്ച് ഝാര്‍ഖണ്ഡും രൂപവത്കരിച്ചു. ഇവയൊന്നും ഭാഷാടിസ്ഥാനത്തിലായിരുന്നില്ല. അതേസമയം, ഝാര്‍ഖണ്ഡ് രൂപവത്കരണത്തിന് ദശാബ്ദങ്ങളുടെ പഴക്കവുമുണ്ട്. പുതിയ സംസ്ഥാനങ്ങളുടെ രൂപവത്കരണത്തോടെ സംസ്ഥാന രൂപവത്കരണത്തിന്‍െറ അടിസ്ഥാനം ഒരേ ഭാഷ എന്ന കാഴ്ചപ്പാട് തന്നെ മാറി. ഇതോടെ, വിവിധ ഭാഗങ്ങളില്‍നിന്നായി സംസ്ഥാന ആവശ്യങ്ങളുടെ ബഹളവുമായി.

മഹാരാഷ്ട്ര വിഭജിച്ച് വിദര്‍ഭ, കര്‍ണാടക വിഭജിച്ച് തുളുനാട്, കുടക്, അസമില്‍നിന്ന് ബോഡോലാന്‍ഡ്, കര്‍ബി-ആങ്ളോങ്; പശ്ചിമബംഗാളില്‍നിന്ന് ഗൂര്‍ഖാലാന്‍ഡ്, കാമ്താപുര്‍; ബിഹാറില്‍നിന്ന് മിഥിലാഞ്ചല്‍, ഒഡിഷയില്‍നിന്ന് കോസലം, ആന്ധ്രയില്‍നിന്ന് തെലുങ്കാന, ഉത്തരപ്രദേശില്‍നിന്ന് ഹരിത്പ്രദേശ്, പൂര്‍വാഞ്ചല്‍, അവധ്പ്രദേശ്, ബുന്ദേല്‍ഖണ്ഡ്, ബാഗേല്‍ഖണ്ഡ്, മധ്യപ്രദേശില്‍നിന്ന് വിന്ധ്യാഞ്ചല്‍, രാജസ്ഥാനില്‍നിന്ന് മരുപ്രദേശ്, ജമ്മു-കശ്മീരില്‍നിന്ന് പൗനം കശ്മിര്‍, ലഡാക്ക്; മണിപ്പൂരില്‍നിന്ന് കുക്കിലാന്‍ഡ്, കേരളത്തില്‍നിന്ന് മലബാര്‍ തുടങ്ങിയ കൗതുകമുണര്‍ത്തു നിരവധി ആവശ്യങ്ങളാണുയര്‍ന്നത്. കൂടാതെ മുബൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങള്‍ ദല്‍ഹി മാതൃകയില്‍ കേന്ദ്രഭരണപ്രദേശമാക്കണമെന്ന നിര്‍ദേശവും വന്നു. എന്നാല്‍, ഈ ആവശ്യങ്ങളോടെല്ലാം നിസ്സംഗമനോഭാവമാണ് കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തിയത്. പലതും അവിടത്തെ ജനങ്ങളുടെ ആവശ്യമായിരുന്നില്ല എന്നത് സര്‍ക്കാറിന്‍െറ താല്‍പര്യക്കുറവിന് കാരണമായി.

തെലങ്കാന രൂപവത്കരണത്തോടെ വിദര്‍ഭ, ഗൂര്‍ഖാലാന്‍ഡ്, ബോഡോലാന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കുവേണ്ടിയുള്ള ആവശ്യവും വളരെ ശക്തമായിതന്നെ ഉയര്‍ന്നുവന്നിരിക്കുന്നു. ലോക ജനസംഖ്യയുടെ അഞ്ചിലൊന്ന് ആളുകള്‍ അധിവസിക്കുന്ന അതിവിശാലമായ ഈ രാജ്യത്ത് പുതിയ സംസ്ഥാനങ്ങള്‍ രൂപവത്കരിക്കുന്നത് അതികഠിനമായ പാതകമായിട്ടൊന്നും കാണേണ്ടതില്ല. സാംസ്കാരികമായും ഭാഷാപരമായും സമാനത പുലര്‍ത്തുന്ന അമേരിക്കന്‍ ഐക്യനാടുകള്‍ക്ക് കര്‍ശനമായ ഫെഡറല്‍ സ്വഭാവത്തില്‍ അമ്പത് സംസ്ഥാനങ്ങള്‍ ഉണ്ടെന്നത് നാമോര്‍ക്കണം. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ വെറും മുപ്പതു കോടി മാത്രമാണ് അവിടത്തെ ജനസംഖ്യ. അതേസമയം, 20 കോടി ജനസംഖ്യയുള്ള (ബ്രസീലിലെ ജനസംഖ്യക്ക് തുല്യം) ഉത്തരപ്രദേശ് ഒരൊറ്റ സംസ്ഥാനമായി നിലകൊള്ളുന്നു. ഈ വൈരുധ്യം ഏറെക്കാലം നിലനിര്‍ത്തിക്കൊണ്ടുപോകുക അസാധ്യമായിരിക്കും.

തെലുങ്കാന സംസ്ഥാനരൂപവത്കരണം ന്യായമെന്ന് കരുതാമെങ്കിലും അതോടെ, രാജ്യത്തുണ്ടായിരിക്കുന്ന ധ്രുവീകരണ ചിന്തകള്‍ അത്ര ആരോഗ്യപരമല്ല. ആന്ധ്രപ്രദേശില്‍ നിലനില്‍ക്കുന്ന സാഹചര്യമല്ല മറ്റ് പല സംസ്ഥാനങ്ങളിലുമുള്ളത്. 130 കോടിയിലേറെ ജനങ്ങളുള്ള ഇന്ത്യാ മഹാരാജ്യത്ത് വികേന്ദ്രീകരണത്തിന്‍െറ പാതയില്‍ ചെറിയ സംസ്ഥാനങ്ങളുടെ രൂപവത്കരണം ഒരര്‍ഥത്തില്‍ നല്ലതാണ്. എന്നാല്‍ ഇവിടെ അനുദിനം ഉയര്‍ന്നുവരുന്ന പ്രാദേശികവാദം, അത് ജാതി, മത, വര്‍ണ, വര്‍ഗ വിഭാഗീയതയുടെ അടിസ്ഥാനത്തില്‍ ആകുമ്പോള്‍ തികച്ചും അനാരോഗ്യകരമായേ കാണാന്‍ കഴിയൂ. ഇപ്പോള്‍ തന്നെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കാണുന്നതുപോലെ പ്രത്യേക വിഭാഗക്കാര്‍ക്കും വര്‍ഗങ്ങള്‍ക്കും മാത്രമായി ഒരു സ്വയംഭരണപ്രദേശം ഉണ്ടാകുന്നത് അപകടകരമാണ്. അവിടത്തെ പ്രത്യേക സാഹചര്യത്തില്‍ അത് ഒരുപരിധിവരെ അനുവദനീയമാണെങ്കില്‍പോലും ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളിലേക്ക് വരുമ്പോള്‍ ഇത് തികച്ചും അപകടകരമായി മാറുമെന്നതില്‍ സംശയമില്ല. വിഭജനത്തിന്‍െറ  മുറിവുകളും വേദനകളും ഒരുപാട് ഏറ്റുവാങ്ങിയ ഇന്ത്യയെ വീണ്ടും ഒരു ദുരന്തത്തിലേക്ക് തള്ളിവിടുന്നതിന് തുടക്കം കുറിക്കുകയായിരിക്കും അത്.

ഇനിയുള്ള നാളുകളില്‍ രാജ്യത്തെ ഏറെ കുഴച്ചുമറിക്കാന്‍ പോന്നതാണ് ഈ വിഷയം. ഇതില്‍ രാഷ്ട്രീയ, സാമുദായിക, ജാതീയ വേര്‍തിരിവുകള്‍ മാനദണ്ഡമാക്കാതെ സ്വതന്ത്രവും നീതിപൂര്‍വവുമായ തീരുമാനങ്ങളെടുക്കാന്‍ മാറി വരു കേന്ദ്ര,സംസ്ഥാന സര്‍ക്കാറുകള്‍ തയാറാകണം. പ്രശ്നത്തിന്‍െറ എല്ലാ വശങ്ങളും പരിശോധിച്ച് വസ്തുനിഷ്ഠവും സമഗ്രവും പുരോഗമനപരവുമായ ഒരു തീര്‍പ്പ് കൈക്കൊള്ളുന്നതിലേക്കായി രണ്ടാം സംസ്ഥാന പുന$സംഘടനാ കമീഷനെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവുകയാണ് ഈ ഘട്ടത്തില്‍ ഉചിതം.
 
ഇന്ത്യയെന്നത് ആസേതുഹിമാചലം ഉള്‍ക്കൊള്ളുന്ന ഭൂവിഭാഗമാണ്. ഭൗതികവും ആത്മീയവുമായ ചരിത്രത്തില്‍ ഭാരതഖണ്ഡത്തിന്‍െറ പ്രസക്തിയും പ്രാധാന്യവും അദ്വിതീയമാണ്. ഇന്ത്യക്ക് പുറമെ പാകിസ്താന്‍, ബംഗ്ളാദേശ്, നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്മര്‍ (ബര്‍മ) എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന വിശാല ഭൂഭാഗമാണ് ഭാരതവര്‍ഷം അല്ളെങ്കില്‍ മഹാഭാരതം എറിയപ്പെട്ടിരുന്നത്. ചരിത്രത്തിന്‍െറ ഗതിവിഗതികളില്‍ പല കാലയളവുകളിലായി വിഭജനങ്ങളും വേര്‍പാടുകളും ഒക്കെ സംഭവിച്ചു. പലതും ഒഴിവാക്കാനാവാത്തതുമായിരുന്നു. എങ്കിലും ഭാരതവര്‍ഷത്തിലെ ജനങ്ങള്‍ ഇന്നും തമ്മില്‍ മുറിച്ചുമാറ്റാനാവാത്ത അദൃശ്യമായ ആത്മബന്ധുത്വം പേറുന്നവരാണ് എന്നത് അവരുടെ സംസ്കാരവും സ്വഭാവസവിശേഷതകളും ശ്രദ്ധിച്ചാല്‍ നമുക്ക് ബോധ്യമാകും. അതായത് ഭാരതത്തിന്‍െറ സീമകള്‍ കേവലം ഭൂപടത്തിലെ വരകളില്‍ മാത്രമൊതുങ്ങുന്നതല്ല എന്നു സാരം. അതിനാല്‍ത്തന്നെ പുതിയ വിഭജനവാദ കോലാഹലങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവരേണ്ടത് അഖണ്ഡഭാരതമെന്ന ചിന്തയാണ്, നമ്മളൊന്നാണ് എന്ന യാഥാര്‍ഥ്യബോധമാണ്. 

Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com