12:30:26
05 Oct 2015
Monday
Facebook
Twitter
Rssfeed

പ്രാര്‍ത്ഥനയാകുന്ന അക്ഷരങ്ങള്‍

പ്രാര്‍ത്ഥനയാകുന്ന അക്ഷരങ്ങള്‍

സ്നേഹവും കാരുണ്യവും വെറും വാക്കുകളായി മാറിയ ആധുനിക സാമൂഹ്യവ്യവസ്ഥയില്‍ സ്ത്രീ ഓരോ നിമിഷവും പരീക്ഷണവിധേയയാകുന്നു; വില്‍പനച്ചരക്കിന്റെമൂല്യം പോലുമില്ലാതെയാവുന്നു. അപ്പോഴും അവളെഴുതുന്ന, അവള്‍ കാണുന്ന പ്രപഞ്ചത്തിന്റെസത്യം സാഹിത്യമാകുമ്പോള്‍  അവള്‍ അനുഭവിക്കുന്ന, സംഭരിക്കുന്ന  ആര്‍ജ്ജവം സ്വന്തവും അപരവുമായ ജീവിതത്തെക്കുറിച്ച് വ്യക്തമാക്കുന്ന ധാരണ, അതിലൂടെ നേടുന്ന ധൈര്യം, അതിന്റെകരുത്ത്  സഹജീവികളോടുള്ള വാക്കുകളുടെ സത്യം അവളൊരു ഉപഭോഗവസ്തുവല്ലെന്ന് ഉറപ്പിക്കുന്നു.  പരവും അപരവുമായ അനുഭവങ്ങള്‍ വാക്കുകളായി മാറുമ്പോള്‍ നേരിടുന്ന പൊതുജനനിരീക്ഷണങ്ങള്‍ അതിഭയാനകമാണെന്നറിയുന്നു.  എഴുതിയതെല്ലാം സ്വന്തം ജീവിതാനുഭവമാണെന്ന് കരുതുന്ന വായനക്കാരന്റെും നിരീക്ഷകരുടെയും ധാരണ തിരുത്തേണ്ടിയിരിക്കുന്നു. അപ്പോഴൊക്കെ രക്ഷക്കുള്ള ഉപാധിയാണ് സി.പി ശുഭ എന്ന എഴുത്തുകാരിക്ക് അക്ഷരം. അവള്‍ എഴുതുന്ന വാക്കുകള്‍ ഈ ലോകത്തിന്റെകാഴ്ചയാകുന്നു. അവളുടെ കണ്ണുകളില്‍ പെടാതെ ഒന്നും പോകുന്നുമില്ല. പഴയതും പുതിയതുമായ കാലം മനുഷ്യന്റെജനനം മുതല്‍ മരണം വരെയുള്ള ജീവിതം, അതിലെ സാമൂഹ്യവും സാംസ്കാരികവുമായ സഞ്ചാരം, ശുഭയ്ക്ക് വാക്കുകള്‍ വെറുതെ അന്തരീക്ഷത്തില്‍ അലിഞ്ഞുപോകുവാനുള്ള മഞ്ഞിന്‍ കണമല്ല. തീക്ഷ്ണവും ജ്വലിക്കുന്നതുമായ സൂര്യതാപമാണ്. അതിന്റെവേവില്‍ കരിഞ്ഞുപോകുന്നത് പ്രകൃതിയെ മനുഷ്യനെ പ്രപഞ്ചത്തെ ഇല്ലാതാക്കുന്ന മനസ്സുകളെയാണ്. അത് അങ്ങിനെതന്നെയായിരിക്കണമെന്നാഗ്രഹിക്കുന്ന ഒരു കവിമനസ്സ് ആ അക്ഷരങ്ങളിലുണ്ട്. എഴുത്തിന്റെസാമ്പ്രാദായികസഞ്ചാരവഴികളില്‍ നിന്നും ശുഭ മാറി നടക്കുന്നതും ഇത് ഞാന്‍ കണ്ടെത്തിയത്, എനിക്ക് പോകാനാഗ്രഹിക്കുന്നത് എന്ന് പ്രഖ്യാപിച്ച് മുന്നേറുന്നതും ആ മനസ്സുള്ളതുകൊണ്ടുതന്നെയാണ്. പറഞ്ഞുപഴകിയ പെണ്‍ കരുത്ത് എന്ന  വാക്ക് ചിലപ്പോഴൊക്കെ അതിന്റെനശിക്കാത്ത അര്‍ത്ഥത്തില്‍ തെളിയുന്നതും ഈ എഴുത്തുകാരിയെ വായിക്കുമ്പോഴാണ്.

അസാധാരണമായ വായനയുടെ ഒരു ലോകം ശുഭ പൊതുജീവിതത്തിലേക്ക് തുറന്നിടുന്നു. വായനയുടെ ലഹരി  മറ്റൊന്നിനും തരാനാവില്ല. വായിക്കുന്നതോടെ നമ്മുടെ അഭ്യന്തരലോകം പ്രകൃതിയുടെ ഉപാസനയിലേക്ക് തിരിക്കും. പ്രകൃതിയില്‍ നിന്നും പാഠമുള്‍കൊണ്ട് ഒരാള്‍ അവനവനിലേക്ക് ആത്മാവ് തേടി യാത്രയാകും. ജീവനോടുള്ള അടങ്ങാത്ത ആവേശം ആ സഞ്ചാരത്തിലുണ്ട്. എന്റെചുറ്റുപാടുകളില്‍ ദൈവമേ ഞാന്‍ കാണുന്നതെന്ത്, ഈ ദുരന്തങ്ങളില്‍ നിന്നും ആരിവരെ രക്ഷിക്കും, ഒന്നു നേരെ നിലനില്ക്കാന്‍ പോലുമാവാതെ ബാഷ്പീകരിച്ച് പോകുന്ന നീരാവിയാകുമോ ഈ പ്രപഞ്ചം, ദൈവമെ എന്റെസഹജീവികളെ നിലനിര്‍ത്തുവാനെന്ത് പ്രയത്നമാണ് സംഭവിക്കേണ്ടത്? മാറുന്ന കാലത്തിനൊപ്പം നിരന്തരം ഉത്തരം തേടുന്ന ശാസ്ത്രവും, ഒരിക്കലും നശിക്കാത്ത സാഹിത്യവും ശുഭയുടെ ജീവിതത്തില്‍ ഒരേപോലെ നിലനില്ക്കുന്നുവെന്ന് ഈ കവിതകളില്‍ തെളിയുന്നു. ഒരു സത്യത്തിനുവേണ്ടി ഉറച്ച് നില്ക്കുവാനാഗ്രഹിക്കുന്നുവെങ്കില്‍ ഒരു മഹാവൃക്ഷം പോലെ മണ്ണിന്റെഅഗാധതയിലേക്ക് വേരുകളാഴ്ത്തി ഒരു ശക്തിക്കും അടര്‍ത്തിമാറ്റാനാവാത്തവിധം സ്വയം നില്ക്കുക, എന്നാല്‍ അപ്രതീക്ഷിതമായി നിലം പതിച്ചുവെങ്കില്‍ പുതുവിപ്ളവത്തിന്റെവിത്തായി മാറി മണ്ണില്‍ പതിയ്യ്ക്കുക, അത് നാളയിലേക്കുള്ള ഊര്‍ജ്ജമാകുക.  ശുഭ പറയുന്നത് മഹാവൃക്ഷത്തിന്റെതണലിലിരുന്ന് പ്രത്യാശയുടെ പ്രഭാതത്തെക്കുറിച്ചാകൂന്നു. ബചാവോ എന്ന കവിതയില്‍ കൂടംകുളത്തെ സാധാരണക്കാരന്റെആകാശവും വായുവും മണ്ണും മഴയും ജീവോര്‍ജ്ജത്തില്‍ നിന്നും ആണവോര്‍ജ്ജമാക്കി മാറ്റുന്നവരുടെ മസ്തിഷ്കചാരം ഒരു ഭൂമിയും  ഏറ്റെടുക്കരുതെന്ന് ഉറക്കെ  നിലവിളിക്കുന്നത് മനുഷ്യകുലത്തോടുള്ള കാരുണ്യം തന്നെയാകുന്നു. വികസനത്തിന്റെപേരില്‍ ഭൂമിയെ അതിന്റെസന്തുലിതമായ അവസ്ഥയില്‍ നിന്നും മാറ്റുന്നതും അതില്‍ ജീവിക്കുന്ന മനുഷ്യനടങ്ങുന്ന ജീവജാലങ്ങളെ നിഷ്കാസിതരാക്കുന്നതും മനുഷ്യരില്‍ തന്നെ ആര്‍ത്തിയും ആഗ്രഹവും അടങ്ങാത്ത സ്ഥാപിതതാല്പര്യകാരാകുന്നു. അവര്‍ക്കെതിരെ ആഞ്ഞടിക്കുന്ന തിരമാലയായി അടിച്ചമര്‍ത്തപ്പെട്ടവരുടെ നിലവിളി ഉയരുമെന്നും ആ ആര്‍ത്തനാദത്തില്‍ നിന്ന് ഒരു ഭരണകൂടത്തിനും രക്ഷനേടാനാവില്ലെന്ന് ഉറപ്പിക്കുകയും ചെയ്യുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ അതൊരമ്മയുടെ നിലവിളി കൂടിയാവുന്നതിനാല്‍ അതിന്റെശക്തിയെ അടക്കിനിര്‍ത്താനുമാവില്ല. അത്രമാത്രം നിസ്വാര്‍ത്ഥമായാകൂന്നു ആ പ്രാര്‍ത്ഥന.

ആധുനിക കൃഷി പരീക്ഷണശാലകളിലാണ് നടക്കുന്നത്. ജൈവമായ അവസ്ഥയില്‍ നിന്നും കൃത്രിമമായ ചുറ്റുപാടിലേക്ക് പറിച്ചുനടപ്പെട്ട ഒരു കാലം അന്തകന്മാരുടെ ഒറ്റവിളവെടുപ്പ്. വിത്ത് പോലും കര്‍ഷകര്‍ക്ക് ഉണ്ടാക്കാനാവാത്ത ആസുരമായ കാലം. പണത്തിന്റെകൊഴുപ്പില്‍ മാത്രം പ്രതീക്ഷകള്‍. മണ്ണ് ഏതോ പരീക്ഷണശാലയിലെ അംഗച്ഛേദകമേശ. പ്രാചീനമായ സത്യത്തെ തിരിച്ചറിയാനാവാതെ മറ്റുള്ളവരുടെ കൈകളിലെ പരീക്ഷണമൃഗങ്ങളായി മാറുന്ന കര്‍ഷകര്‍. ഇന്നത്തെ ഈ സമ്പ്രദായത്തില്‍ നിന്നും നന്മയുടെ വിത്തിനായൊരുങ്ങുന്ന പുതിയ വയല്‍ പാട്ടിലേക്കും പ്രതീക്ഷയുടെ സത്യമായ കൊയ്ത്തിലെക്കും   ഉര്‍വ്വരദേവതയുടെ അരുള്‍പാടുയരുന്നു. നിത്യമായ പ്രപഞ്ചമാതാവിന്റെസമൃദ്ധമായ സ്നേഹത്തിന്റെവെളിച്ചം പകര്‍ത്തുന്നു മാറ്റമ്മയില്‍ നിന്ന് വിത്തമ്മയിലേക്ക് എന്ന കവിത.

മനസ്സും അക്ഷരവും അക്കങ്ങളാകുന്ന പുതിയ കണക്കെടുപ്പിന്റെ സകലതും വില്പനചരക്കാവുന്ന ചന്തയുടെ സ്വഭാവം നവജീവിതത്തില്‍ കണ്ടുവരുന്നത് ശുഭയെന്ന എഴുത്തുകാരിയെ വ്യകുലപ്പെടുത്തുന്നു. മനുഷ്യത്വത്തിനുമേല്‍ മരുന്ന് പരീക്ഷണവും  കലര്‍പ്പില്ലാത്ത സംഗീതം വ്യഭിചരിക്കപെടുമ്പോഴും പ്രണയം ചതിയുടെയും വഞ്ചനയുടെയും കാമരൂപമാകുമ്പോഴും അസത്യത്തിന്റെതിരശ്ശീലയാണുയരുന്നുവെന്നത് വേദനപ്പെടുന്നു. ജീവിതം കൊടുത്തും വാങ്ങിയും നഷ്ടപ്പെടുത്തിയും തിരിച്ചെടുത്തും കളവുകളുടെ ഒരു ലോകം സൃഷ്ടിക്കുന്നു. നവജനതയുടെ കാതുകളിലും മനസ്സിലും അതിവേഗം സഞ്ചരിക്കുന്നത് സ്വാര്‍ത്ഥതയുടെ വാക്കുകളാകുന്നു. സ്വയം വളരാന്‍ വേണ്ടിമാത്രം അവര്‍ യാത്രയാകുന്നു. അന്യനോടും അവന്റെചുറ്റുപാടുകളോടും ഒരിക്കലും സ്നേഹമില്ലാതെ അവനവനുമാത്രമായി ഒരു ലോകമൊരുക്കുന്നു. എനിക്കുണ്ടൊരു ലോകം നിനാക്കുണ്ടൊരു ലോകം നമുക്കില്ലൊരു ലോകം എന്ന് മണ്‍ മറഞ്ഞ ഒരു മഹാകവി പണ്ടെഴുതിയത് ഇന്നത്തെ തലമുറയെ കണ്ടായിരുന്നുവോ? പുതിയകാലത്തിന്റെറിംഗ് ടോണുകള്‍ അസത്യത്തിന്റെസംഗീതമാകുന്നു. ഒരു മറയുമില്ലാത്തെ എവിടെവച്ചും ആരുടെ മുന്നിലും കള്ളം പറയാന്‍ ആധുനികമനുഷ്യന് മടിയില്ലാതായിരിക്കുന്നു. നുണകളുടെ ഒരു മഹാനദിയിലൂടെയാകുന്നു ഈ തുഴച്ചിലെന്ന് സങ്കടപ്പെടുമ്പോഴും പ്രത്യാശയുടെ പ്രകാശമാവാന്‍ പ്രാര്‍ത്ഥിക്കുന്നു. ആണ്‍ പെണ്‍ വ്യത്യാസമാണിത്. ഒരു സ്ത്രീക്ക് മാത്രം സാധിക്കുന്നത്, അവള്‍ സകലതിനെയും ക്ഷമയോടും അനുതാപത്തോടും മാത്രം സമീപിക്കുന്നതുകൊണ്ടാണ്. അവളിലെ സ്നേഹത്തെ തിരിച്ചറിയുവാന്‍ ആധുനികപുരുഷന് അസാദ്ധ്യമാകുന്നതും അവന്‍ സ്വയം വളരാന്‍ ശ്രമിക്കുന്നതുകൊണ്ടാണ്.

ദക്ഷയാഗഭൂമിയിലെ താണ്ഡവശിവനെ സ്മരിച്ച്
നാല്പത്തിരണ്ട് കളരി സ്ഥാപിച്ച പരശുരാമനെ നമിച്ച്
'വിറയ്ക്കാത്ത പെണ്ണിനെ' ഇനിയും
പടയ്ക്കായ് ഒരുക്കേണ്ടതുണ്ട്.
സംഘത്തിനും വ്യക്തിക്കും ആശയത്തിനും
അടിയറവ് പറയാത്ത സ്വാതന്ത്ര്യത്തില്‍
ഏകാഗ്രത ഉറപ്പിച്ച്, ദുര്‍ബലരെ അവഗണിച്ച്
തിന്മയോടും സമന്മാരോടും അടരാടുന്ന
'വിറയ്ക്കാത്ത ആണിനെയും' നല്കണം നാടിന്

ശുഭയുടെ എഴുത്തിന്റെമുഴുവന്‍ സത്തയും പ്രതീക്ഷയും വെളിച്ചവും ഈ വരികളിലുണ്ട്. ആധുനിക മനുഷ്യന്‍ പ്രത്യേകിച്ച് കേരളമെന്ന പ്രാദേശിക മനുഷ്യന്റെഇന്നത്തെ ജീവിതത്തെ തിരിച്ചറിഞ്ഞ്, അവന്റെവഴികളെ ശുദ്ധമാക്കുവാന്‍ ഒരു അമ്മയുടെ ആഹ്വാനമാകുന്നു ഈ അക്ഷരങ്ങള്‍. അവയൊരിക്കലും നശിക്കാതെ പാരമ്പര്യത്തെയും കാലത്തെയും അടയാളപ്പെടുത്തുകയും ചെയ്യുന്നു. ആശയങ്ങള്‍ വെറും പ്രസംഗ മേടയിലെ ഉദ്ഘോഷങ്ങളല്ലെന്നും അവ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കനുള്ളതാണെന്നും ഓര്‍മപ്പെടുത്തലാണ് ഈ കവിതകള്‍.

Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com