12:30:26
07 Oct 2015
Wednesday
Facebook
Twitter
Rssfeed

ആല്‍മരത്തെ കുറുവൃക്ഷമാക്കുമ്പോള്‍...

ആല്‍മരത്തെ കുറുവൃക്ഷമാക്കുമ്പോള്‍...

ഒരു വിദ്യാഭ്യാസ വര്‍ഷം അവസാനിക്കുകയാണ്. പരീക്ഷകള്‍ കഴിഞ്ഞ് മധ്യവേനലവധിയായി. ഈ രണ്ടു മാസം വിനോദത്തിന്റെും വിശ്രമത്തിന്റെും കാലയളവാണെന്ന സങ്കല്‍പം പുരാതനമായി കഴിഞ്ഞു. ഒന്നുകില്‍ അടുത്ത ക്ളാസിലേക്കുള്ള ട്യൂഷന്‍, അല്ലെങ്കില്‍ മറ്റെന്തെങ്കിലും ക്ളാസുകള്‍. കുട്ടി അവധിക്കാലത്തും വെറുതേയിരിക്കുന്നില്ല. (വെറുതെയിരിക്കാന്‍ പാടുണ്ടോ?) കുട്ടി വായിക്കുകയോ, ഇഷ്ടമുള്ള പാട്ടുകള്‍ കേള്‍ക്കുകയോ, ആഹ്ളാദം തരുന്ന മറ്റു വിനോദങ്ങളില്‍ മുഴുകുകയോ ചെയ്യുന്നില്ല. കാരണം അവധിക്കാലത്തും കുട്ടിക്ക് ഒന്നിനും സമയമില്ല.


രണ്ടുമാസം സ്കൂളുകള്‍ക്ക് അവധി ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്തിനാണ്? ഭരണപരമായ ആവശ്യങ്ങള്‍ക്കല്ല. അതിലുപരിയായി ഈ അവധിക്കാലത്തിന് വൈകാരിക പ്രാധാന്യമുള്ളത് കൊണ്ടാണ്. വെറുതെയിരിക്കുന്നതിലുമുണ്ട്് വലിയ അര്‍ഥം. ഒരു കുട്ടി തന്റെവിചാരങ്ങളോടും അനുഭവങ്ങളോടും ചുറ്റുപാടുകളോടും ഗാഢമായി ബന്ധപ്പെടുന്നത് അപ്പോഴാണ്. അദ്ഭുതങ്ങള്‍ കണ്ടെത്തുന്നത് അപ്പോഴാണ്. ഒഴിവുകാലമെന്നതു ഒഴിഞ്ഞു കിടക്കുന്ന വിലയില്ലാത്ത സമയമല്ല. അതിന്റെവില അറിയാതെ പോകുന്നതാണ് കഷ്ടം.
നാട്ടിന്‍ പുറങ്ങളില്‍ ഓടിക്കളിക്കാന്‍ പറമ്പുകളും, നീന്തിത്തുടിക്കാന്‍ കുളങ്ങളും ഒറ്റക്കിരിക്കാന്‍ പൊന്തക്കാടുകളും തലപ്പന്തുകളിക്കാന്‍ കൊയ്ത്തുകഴിഞ്ഞ പാടങ്ങളും സുലഭമായിരുന്ന പണ്ട്, ഒഴിവുകാലത്തിന് മറ്റൊരു മുഖച്ഛായയായിരുന്നു. വാതില്‍പ്പുറ ജീവികളായ കുട്ടികള്‍ കായിക വിനോദങ്ങളില്‍ മുഴുകുമ്പോള്‍ അന്തര്‍മുഖ വായനയക്കും പകല്‍ക്കിനാവുകള്‍ക്കും സമയം കണ്ടെത്തി. ചിലപ്പോള്‍ ഒട്ടകലെയുള്ള ബന്ധു ഗൃഹങ്ങളിലേക്ക് ഒരു പകല്‍ യാത്ര. അല്ലെങ്കില്‍ അവിടെച്ചെന്ന് രണ്ടു ദിവസം താമസം. മറ്റു ചിപ്പോള്‍ അടുത്ത ബന്ധുക്കളായ കുട്ടികളാരെങ്കിലും നമ്മുടെ വീട്ടിലൊന്നു വിരുന്നുവരും. അങ്ങനെ വ്യക്തികള്‍ തമ്മിലടുത്തിരുന്നു. അയല്‍ക്കാര്‍ തങ്ങളില്‍ സൗഹൃദം സ്ഥാപിച്ചിരുന്നു. എന്റെമധ്യവേനലവധി ദിവസങ്ങള്‍ വാതില്‍പ്പുറത്തിന്റെആകര്‍ഷണവും വയനയുടെ സുഖവും പ്രത്യേകമായി വിളക്കിച്ചേര്‍ത്തവയായിരുന്നു. വീട്ടിനുള്ളിലിരുന്ന് വായിക്കുന്നതിന് പകരം മരച്ചുവട്ടിലോ മരക്കൊമ്പിലോ ഇരുന്ന് വായിക്കുകയെന്നതായിരുന്നു എന്റെഇഷ്ട വിനോദം. പാഠപുസ്തകവുമായിട്ടാണ് ക്ളാസ് നടക്കുന്ന കാലത്ത് മരത്തണലില്‍ പോകുന്നതെങ്കില്‍ പഠിക്കാതെ വെറുതെ സമയം കളയാനാണെന്ന് ആരോപിക്കപ്പെടും. പക്ഷെ ഒഴിവുകാലമായാല്‍  പിന്നെ പാഠപുസ്തകം വായിക്കേണ്ടതില്ല. മറ്റ് ആരോപണങ്ങളോ നിരോധനാജ്ഞകളോ ഭയക്കേണ്ടതുമില്ല.
ജീവിതത്തിലെ ഏറ്റവും ഹൃദ്യവും അഗാധവുമായ വായനാനുഭവങ്ങള്‍ എനിക്കുണ്ടായിട്ടുള്ളത് വൃക്ഷ സന്നിധിയിലെ ഈ പകലുകളില്‍ നിന്നാണ്. കവിതയിലെ നാലുവരി വായിച്ചിട്ട് മരം ചാരിയിരുന്നു ചുറ്റുമുള്ള പ്രകൃതിയോട് സംവദിച്ച് ആ കവിതാ ശകലം അങ്ങനെ മനസിലിട്ടലിയിക്കുന്നതിലെ അനിര്‍വചനീയമായ സുഖം ഇപ്പോഴുമെനിക്ക് ഓര്‍മിച്ചെടുക്കാം.
അക്കാലത്ത് വീട്ടിനുള്ളില്‍ കുട്ടികളെ തളച്ചിടാന്‍ ടെലിവിഷനോ, ഇന്‍്റര്‍നെറ്റോ, വീഡിയോഗെയിംസോ, ഹോം തീയറ്ററോ, മൊബൈല്‍ ഫോണോ ഒന്നുമില്ലാതിരുന്നത് എത്ര ഭാഗ്യം! ആധുനികമായ ഈ സാമഗ്രികള്‍ക്ക് ഒന്നിനും പകര്‍ന്നുതരാന്‍ കഴിയാത്തതാണ് പ്രകൃതിയുമായുള്ള സമ്പര്‍ക്കം സമ്മാനിക്കുന്ന അനുഭൂതി. പക്ഷെ പ്രശ്നം അതുമാത്രമല്ലല്ലോ. ആഗ്രഹമുണ്ടെങ്കില്‍പോലും ഇന്നത്തെ കുട്ടിക്ക് ഇരിക്കാന്‍ മരമെവിടെ? കളിക്കാന്‍ കുളമെവിടെ? നടക്കാന്‍ തൊടിയെവിടെ? പണ്ടേ കവി ഈ ചോദ്യങ്ങള്‍ ചോദിച്ചല്ലോ. ‘കാടെവിടെ മക്കളെ? മേടെവിടെ മക്കളേ? കാട്ടുപുല്‍ത്തകിടിയുടെ വേരെവിടെ മക്കളേ?


മനസിന്റെഈ സൗന്ദര്യോപാസനയാണ് ഒരു കുഞ്ഞുമനസില്‍ വൈകാരികത സമ്പന്നതയായി നിറയുന്നത്. ഭാവിയില്‍എത്ര ഔത്യത്തില്‍ എത്തിച്ചേര്‍ന്നാലും മനസ്സിനുള്ളില്‍ പണ്ടേ ചേക്കേറിയ പ്രകൃതിയുടെ വിശുദ്ധി ഒരു വ്യക്തിയെ വ്യത്യസ്തനാക്കും. വൈകാരികമായ ധിഷണ (emotional Intelligence) എന്നും മനുഷ്യമുഖത്തോടു കൂടിയ നേതൃത്വം (Leadership with a human face) എന്നുമൊക്കെ മാനേജ്മെന്‍്റ്പണ്ഡിതര്‍ നിര്‍വചിക്കുന്ന ആ ഗുണവിശേഷം, അവനവനോട് സംവദിച്ച്, പ്രകൃതിയോടിണങ്ങി, മറ്റള്ളവരോട് ഒത്തുചേര്‍ന്ന്  വളരുന്നതിലൂടെ മാത്രമേ സ്വായത്തമാകൂ. അതിനുള്ള ഏതെങ്കിലും അവസരം ഒരുകുട്ടിക്ക് നിഷേധിക്കുകയയെന്നത് വലിയ അപരാധം തന്നെയാണ്. കുഞ്ഞുങ്ങളെ നിയന്ത്രിക്കും മുമ്പ് നാം  അവശ്യം സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്:
നമ്മുടെ നിയന്ത്രണങ്ങള്‍ കുട്ടിയെ പ്രകൃതിയിയില്‍ നിന്നും അകറ്റുമോ?
നമ്മുടെ നിര്‍ദ്ദേശങ്ങള്‍ മറ്റുള്ള മനുഷ്യരെ അറിയാനുള്ള അവസരം നിഷേധിക്കുമോ?
നമ്മുടെ കല്‍പനകള്‍ വെറുതെയിരിക്കാനുള്ള കുട്ടിയുടെ അവകാശത്തെ ഹനിക്കുമോ?
സ്വാര്‍ഥരായി തീരാനുള്ള പ്രേരണകളെ പ്രതിരോധിക്കാനും തിരുത്താനുമുള്ള പരിശീലനമാണ് ജീവിതത്തെ മൂല്യവത്താക്കുന്നത്. നമ്മുടെ നിയമങ്ങളും നിര്‍ദ്ദേശങ്ങളും സ്വാര്‍ഥ വിചാരത്തിന്‍െറ ചതിക്കുഴിയിലേക്ക് കുട്ടികളെ തള്ളിവിടുന്നുണ്ടോ? നമ്മുടെ അല്‍പവിചാരവും ശുഷ്കമായ പ്രായോഗിക ബുദ്ധിയും നമ്മുടെ മക്കള്‍ ഉന്നത ശീര്‍ഷരും മഹാമനസ്കരുമായി വളരുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതാണ് സമകാലിക ജീവിതത്തിന്റെവലിയ ദുരന്തങ്ങളിലൊന്ന്. നമ്മുടെ പ്രതിച്ഛായയില്‍ നമ്മുടെ ആശയത്തിന്റെവാര്‍പ്പില്‍ കുട്ടികളെ നാം വളര്‍ത്തിയെടുക്കുന്നു.ആല്‍മരങ്ങള്‍ ബോണ്‍സായികളായി കൊച്ചുമുറികള്‍ക്ക് അലങ്കാരമാകുന്നു. അവരെ നാം കൊച്ചുമനുഷ്യരും സാധാരണക്കാരുമാക്കി തീര്‍ക്കുന്നു. അതുകൊണ്ടാണ് ഖലീല്‍ ജിബ്രാന്‍ ഇങ്ങനെ മുന്നറിയിപ്പ് നല്‍കിയത്:
‘നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളല്ലല്ലോ...
അവര്‍ക്ക് നിങ്ങളുടെ സ്നേഹം നല്‍കുക; വിചാരങ്ങള്‍ കൊടുക്കായ് ക...
അവരെപ്പോലെയാകാന്‍ നിങ്ങള്‍ക്ക് പരിശ്രമിക്കാം..
എന്നാല്‍ അവരെ നിങ്ങളെപ്പോലെയാക്കാന്‍ ഒരുമ്പെടാതിരിക്കുക.

Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com