12:30:26
04 Oct 2015
Sunday
Facebook
Twitter
Rssfeed

കേരളത്തിന് എന്തു സംഭവിക്കുന്നു?

കേരളത്തിന് എന്തു സംഭവിക്കുന്നു?

മലയാളഭാഷക്ക് ശ്രേഷ്ഠ ഭാഷാപദവി ലഭിക്കാന്‍ പോകുന്നു. പക്ഷേ, മലയാളം നിലനില്‍ക്കണമെങ്കില്‍ കേരളം കേരളമായിരിക്കണം; ദുബൈയായിക്കൂടാ. ദുബൈയുടെ വികൃതവും ദുര്‍ബലവുമായ അനുകരണമായിക്കൂടാ.

ദൃശ്യരൂപത്തിലെങ്കിലും ദുബൈ പോലെയാകണമെങ്കില്‍ കുറെ ബുദ്ധിമുട്ടുണ്ട്. കേരളം കുന്നുകളും മലകളും താഴ്വാരങ്ങളും വയലേലകളും കുളങ്ങളും തോടുകളും നിറഞ്ഞ, നിമ്നോന്നതമായ പ്രദേശമാണ്. അത് മുഴുവന്‍ ആദ്യം ഇടിച്ച് നിരപ്പാക്കണം. കുളങ്ങളും വയലുകളും തണ്ണീര്‍ത്തടങ്ങളും തോടുകളുമെല്ലാം കുന്നിടിക്കുന്ന മണ്ണുകൊണ്ട് നികത്തണം. നികത്തി കോണ്‍ക്രീറ്റിട്ട് വെടിപ്പാക്കി സുന്ദരമാക്കണം. വിശാലമായ റോഡുകള്‍ വേണം, വിമാനത്താവളങ്ങളും കൂറ്റന്‍ ഷോപ്പിങ് മാളുകളും വന്‍കിട ഹോട്ടലുകളും വിനോദകേന്ദ്രങ്ങളും വേണം. പതിനായിരക്കണക്കിന് പരിഷ്കൃതമായ ബഹുനില മന്ദിരങ്ങള്‍ വേണം. ആകാശചുംബികള്‍ വേണം. അങ്ങനെയൊക്കെയായാല്‍ മാത്രമേ കേരളത്തെ വികസിത നഗരമാക്കാന്‍ സാധിക്കുകയുള്ളൂ. അതിനുവേണ്ടി നാം അതിദ്രുതം അതികഠിനം ശ്രമിച്ചുകൊണ്ടിരിക്കുകയുമാണല്ലോ.

പക്ഷേ, ഒരു സംശയം. അപ്പോള്‍ കുടിവെള്ളമോ? മലയാളിക്ക് കുടിവെള്ളം മാത്രം പോര, രണ്ടുനേരം കുളിക്കണം. നനക്കണം. അതിനൊക്കെയുള്ള വെള്ളം എവിടെനിന്ന്? എല്ലാ മലകളും നീര്‍ക്കുന്നുകളും ഇടിച്ചുകളയുമ്പോള്‍, എല്ലാ നദികളും മണല്‍ വാരിവാരി ക്ഷയിപ്പിച്ചും മലിനമാക്കിയും കൊന്നുകഴിയുമ്പോള്‍, മഹാജലസംഭരണികളായ വലയുകളെല്ലാം തൂര്‍ത്ത് കോണ്‍ക്രീറ്റിട്ട് മിനുക്കിക്കഴിയുമ്പോള്‍, പതിനായിരക്കണക്കിന് ബോര്‍വെല്ലുകള്‍ കുഴിച്ചുകഴിയുമ്പോള്‍, ഭൂര്‍ഗഭജലമെവിടെ? കേരളത്തിന്‍െറ അടിവെള്ളം അതിവേഗം വറ്റിക്കൊണ്ടിരിക്കുന്നുവെന്നും അത്യപകടകരമായ നിലയിലേക്ക് താണുകഴിഞ്ഞുവെന്നും വിദഗ്ധരും നാസയുടെ ശാസ്ത്രജ്ഞരുംവരെ വിരല്‍ചൂണ്ടിക്കഴിഞ്ഞിരിക്കുന്നു എന്നോര്‍ക്കുക.

ഈ വികസനമെല്ലാം കഴിയുമ്പോള്‍ നമുക്കാരു വെള്ളം തരും? തമിഴ്നാടോ? ദുബൈക്ക് കടല്‍ജലം ഉപ്പുമാറ്റി ശുദ്ധീകരിച്ചെടുക്കാനുള്ള വന്‍ പണമുണ്ട്. അബൂദബി നല്‍കുന്ന എണ്ണയുണ്ട്. നമുക്കോ? അറബിക്കടല്‍ അപ്പുറത്തുണ്ടെന്ന് ആശ്വസിക്കാന്‍ പറ്റുമോ?

മലയാളിക്ക് മദ്യത്തിന് ക്യൂനില്‍ക്കണം. രാവിലെ മുതല്‍ കുടിച്ചുതുടങ്ങണം. മാലിന്യപ്പൊതികള്‍ വഴിയിലും പുഴയിലുമെല്ലാം വലിച്ചെറിയണം. വഴിനടക്കുന്ന അമ്മപെങ്ങന്മാരെ അവഹേളിക്കണം. എല്ലാറ്റിനെയും പുച്ഛിക്കണം. ഗുണ്ടകള്‍ തേര്‍വാഴ്ച നടത്തണം. നിരന്തരം സമരം ചെയ്യണം. റോഡുകള്‍ ബ്ളോക്ക് ചെയ്ത് ജാഥ നടത്തണം. എല്ലാ കേസുകളും തെളിവില്ലാതെ തേയ്ച്ചുമായ്ച്ചുകളയണം. കണ്ഠം പൊട്ടിമാറ് മുദ്രാവാക്യം വിളിക്കണം.

Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com