12:30:26
18 May 2013
Saturday
Facebook
Twitter
Rssfeed

മാന്യത വഴിമാറുന്ന മാധ്യമ പ്രവര്‍ത്തനം

മാന്യത വഴിമാറുന്ന മാധ്യമ പ്രവര്‍ത്തനം

സാങ്കേതിക വിപ്ളവത്തെത്തുടര്‍ന്ന് വന്‍ മുതല്‍മുടക്ക് ആവശ്യമായിട്ടുള്ള മാധ്യമ പ്രവര്‍ത്തന രംഗത്ത് സാമ്പത്തിക ലാഭത്തിനുവേണ്ടിയുള്ള കഴുത്തറുപ്പന്‍ മത്സരം നടക്കുമ്പോള്‍ ധാര്‍മികതയും മനുഷ്യ മാന്യതയും ചിലപ്പോള്‍ വിസ്മരിക്കേണ്ടിവരുമെന്ന കച്ചവട മന$സ്ഥിതിയെ ന്യായീകരിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?
മലയാള മാധ്യമ രംഗത്തും ഇപ്പോള്‍ ഇക്കാര്യം ചര്‍ച്ച വിഷയമാവാന്‍ കാരണം സൂര്യനെല്ലി സ്ത്രീ പീഡനക്കേസില്‍ എട്ടുകൊല്ലം മുമ്പ് വിധിയെഴുതിയ കേരള ഹൈകോടതിയിലെ മുന്‍ ജസ്റ്റിസ് ആര്‍. ബസന്ത് ഒരു സ്വകാര്യ സംഭാഷണത്തില്‍ ആ വിധിയെപ്പറ്റി പറഞ്ഞ അഭിപ്രായങ്ങള്‍ ഒരു ടെലിവിഷന്‍ ചാനലിന്‍െറ വനിതാ റിപ്പോര്‍ട്ടര്‍ രഹസ്യമായി റെക്കോഡുചെയ്ത് സംപ്രേക്ഷണം ചെയ്തതാണ്. ഒരു റിട്ടയേര്‍ഡ് ജഡ്ജി എന്ന നിലയില്‍ ഒരു വിവാദത്തിലും ഇടപെടാന്‍ താല്‍പ്പര്യമില്ലാത്തതുകൊണ്ട് താന്‍ പറയുന്ന കാര്യങ്ങള്‍ ഒരു കാരണവശാലും പ്രസിദ്ധീകരിക്കരുതെന്ന് അദ്ദേഹം നിര്‍ദേശിച്ചതും അവഗണിച്ചുകൊണ്ടാണ് ഒരഭിമുഖ സംഭാഷണമെന്ന പേരില്‍ അത് സംപ്രേക്ഷണം ചെയ്തത്.
ഓഫ് ദ റെക്കോഡ് എന്ന നിലയില്‍ വെളിപ്പെടുത്തരുതെന്ന് വാര്‍ത്താ സ്രോതസ്സ് പറയുന്ന കാര്യങ്ങള്‍ ഒരു കാരണവശാലും പ്രസിദ്ധീകരിക്കരുതെന്നതാണ് ലോകത്തെമ്പാടുമുള്ള മാധ്യമ പ്രവര്‍ത്തകര്‍ അംഗീകരിച്ചിട്ടുള്ള ധാര്‍മികത. അങ്ങനെ പല പ്രധാന വാര്‍ത്തകളും വെളിച്ചം കാണാതെ പോയ എത്രയോ ഉദാഹരണങ്ങളുണ്ട്. അതിന് ഏറ്റവും നല്ല ഉദാഹരണമായി പറയാവുന്നത് കേരളത്തിലെ പ്രമുഖ പത്ര പ്രവര്‍ത്തകനായിരുന്ന നരേന്ദ്രന്‍െറ കാര്യമാണ്. ന്യൂ ദല്‍ഹിയില്‍ കുറേക്കാലം ഫ്രീ പ്രസ് ജേണല്‍ എന്ന ഇംഗ്ളീഷ് പത്രത്തിന്‍െറയും  പിന്നീട് ‘കേരള കൗമുദി’യുടെയും ബ്യൂറോ ചീഫായിരുന്നു നായര്‍ സാബ് എന്ന് സഹപ്രവര്‍ത്തകര്‍ ആദരവോടെ വിളിച്ചിരുന്ന നരേന്ദ്രന്‍.
ചൈനീസ് പട്ടാളത്തിന്‍െറ ആക്രമണത്തെ തുടര്‍ന്ന് 1959 ല്‍ തിബത്തില്‍ നിന്ന് ബുദ്ധമത നേതാവായ ദലൈലാമ ഒളിച്ചോടിയ ദിനങ്ങള്‍. ദലൈലാമ ഇപ്പോള്‍ എവിടെയാണ് എന്നതായിരുന്നു ലോകമാധ്യമങ്ങളുടെ മുന്നില്‍ അന്നത്തെ മുഖ്യചോദ്യം. അന്ന് ഫ്രീ പ്രസ് ജേണലിന്‍െറ ദല്‍ഹി റിപ്പോര്‍ട്ടറായിരുന്നു നരേന്ദ്രന്‍. നരേന്ദ്രന്‍െറ ഭാര്യാപിതാവ് എം. ശിവറാം ഇന്ത്യ കണ്ട ഏറ്റവും പ്രഗല്ഭ പത്രപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു. വിദേശ വാര്‍ത്താ ഏജന്‍സികളിലും മറ്റും പ്രവര്‍ത്തിച്ച ശേഷം ഇന്ത്യയില്‍ മടങ്ങിയെത്തി ഇന്ത്യന്‍ എക്സ്പ്രസിന്‍െറ എഡിറ്ററും ഓള്‍ ഇന്ത്യ റേഡിയോയുടെ ഡയറക്ടറും മറ്റുമായി അദ്ദേഹം. ഒരുദിവസം സന്ധ്യക്ക് നരേന്ദ്രന്‍ അദ്ദേഹത്തെ കാണാന്‍ ദല്‍ഹിയിലെ വസതിയില്‍ ചെന്നു. അപ്പോള്‍ ശിവറാം അന്നത്തെ സെന്‍ട്രല്‍ ഇന്‍റലിജന്‍സ് ചീഫായിരുന്ന സി.എം. നമ്പ്യാരുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സൗഹൃദ സംഭാഷണത്തിനിടെ ദലൈലാമയും സംഘവും ഇപ്പോള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഇന്ത്യയില്‍ അഭയം തേടാന്‍ പോകുന്ന അദ്ദേഹത്തെ സ്വീകരിക്കാന്‍ നമ്മുടെ ഉദ്യോഗസ്ഥ സംഘം അവിടെ കാത്തുനില്‍ക്കുകയാണ് എന്നുമാണ് നമ്പ്യാര്‍ പറഞ്ഞത്.
ഒരു പത്രപ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സ്കൂപ്പായിരുന്നു അത്. ഈ വാര്‍ത്ത തന്‍െറ പത്രത്തില്‍ എത്തിക്കാനായി നരേന്ദ്രന്‍ പുറത്തിറങ്ങി മോട്ടോര്‍ സൈക്കിള്‍ സ്റ്റാര്‍ട്ട് ചെയ്യാനൊരുങ്ങുമ്പോള്‍ നമ്പ്യാര്‍ അടുത്തുചെന്ന് നരേന്ദ്രനെ തടഞ്ഞു. ശിവറാമുമായുള്ള തന്‍െറ സൗഹൃദത്തിന്‍െറ അടിസ്ഥാനത്തില്‍ താന്‍ അദ്ദേഹത്തോട് പറഞ്ഞ കാര്യമാണിതെന്നും ഓഫ് ദ റെക്കോഡായി പറഞ്ഞ കാര്യം ഒരു കാരണവശാലും വാര്‍ത്തയാക്കി പ്രസിദ്ധീകരിക്കരുതെന്നും നമ്പ്യാര്‍ നരേന്ദ്രനോടാവശ്യപ്പെട്ടു.
ആ അഭ്യര്‍ഥന നിരസിച്ച് നരേന്ദ്രന്‍ ആ വാര്‍ത്ത ഫ്രീ പ്രസ് ജേണലിന് കൊടുത്തിരുന്നെങ്കില്‍ ലോകമാകെ ആകാംക്ഷയോടെ കാത്തിരുന്ന വാര്‍ത്ത റിപ്പോര്‍ട്ടുചെയ്തെന്ന അസാധാരണ ഖ്യാതി നേടാന്‍ നരേന്ദ്രന് കഴിയുമായിരുന്നു. അദ്ദേഹത്തിന്‍െറ പത്രപ്രവര്‍ത്തന ജീവിതത്തിലെ ഏറ്റവും വലിയ നേട്ടവുമാകുമായിരുന്നു അത്. പക്ഷേ, പത്രധര്‍മവും മാന്യതയുമാണ് വലുതെന്ന് വിശ്വസിച്ചിരുന്ന നരേന്ദ്രന്‍ വാര്‍ത്താ സ്രോതസ്സായ നമ്പ്യാരുടെ അഭ്യര്‍ഥന അനുസരിക്കുകയാണുണ്ടായത്.
ഇവിടെയാണ് ഒരു മനുഷ്യന്‍െറ അന്തസ്സും ധാര്‍മികതയും നാം കാണുന്നത്. അന്തസ്സിനും ധാര്‍മികതക്കും ഒരു വിലയുമില്ലെന്ന് കരുതിയാല്‍ പിന്നെ പത്രപ്രവര്‍ത്തനത്തില്‍ എന്തുമാകാമല്ലോ ?
ഇരുപതാം നൂറ്റാണ്ടില്‍ നിന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് മാധ്യമ പ്രവര്‍ത്തനം കാലെടുത്തുവെച്ചപ്പോള്‍ സംഭവിച്ചിരിക്കുന്നത് അതിന്‍െറ സാമൂഹിക പ്രതിബദ്ധത നഷ്ടപ്പെടാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ്. കച്ചവടക്കണ്ണോടെയും രാഷ്ട്രീയ ലാഭത്തോടെയും വാര്‍ത്തകളെല്ലാം തയാറാക്കുമ്പോള്‍ അവിടെ ചിതറി വീഴുന്നത് സാമൂഹിക പ്രതിബദ്ധതതന്നെയാണ്. ആ പരീക്ഷണത്തെ എങ്ങനെ അതിജീവിക്കും എന്നത് ഇന്ന് കേരളത്തിലെയും ഇന്ത്യയിലേയും ഏത് മാധ്യമ പ്രവര്‍ത്തകരേയും തുറിച്ചുനോക്കുന്ന ഏറ്റവും വലിയ ചോദ്യമാണ്.

Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com