12:30:26
01 Sep 2015
Tuesday
Facebook
Twitter
Rssfeed

മലയാളം ക്ളാസിക്കല്‍ പദവിയുടെ പടിവാതിലില്‍

മലയാളം ക്ളാസിക്കല്‍ പദവിയുടെ പടിവാതിലില്‍

തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകള്‍ക്കൊപ്പം മലയാളഭാഷക്ക് ക്ളാസിക്കല്‍ പദവി ലഭിക്കണമെന്ന ന്യായമായ ആവശ്യം കുറേക്കാലമായി സജീവമാണ്. കഴിഞ്ഞ വാരം ദല്‍ഹിയില്‍ കേന്ദ്രസാഹിത്യ അക്കാദമിയില്‍ ചേര്‍ന്ന വിദഗ്ധസമിതിയുടെ യോഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ എന്ന നിലയില്‍ ഞാനും പങ്കെടുത്തു. (ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍,  ആര്‍. ഗോപിനാഥന്‍ എന്നീ ഭാഷാപണ്ഡിതരായിരുന്നു മറ്റുള്ള കേരള പ്രതിനിധികള്‍. ഡോ. എം.ജി.എസ്. നാരായണനെ സാഹിത്യഅക്കാദമി നേരിട്ട് ക്ഷണിക്കുകയായിരുന്നു).
ക്ളാസിക്കല്‍ പദവിക്കര്‍ഹമായ പഴമ മലയാളത്തിനുണ്ടോ എന്ന കാര്യത്തില്‍ മാത്രമായിരുന്നു തര്‍ക്കം. മറ്റ് മാനദണ്ഡങ്ങളൊക്കെ മലയാളത്തിന് അനുകൂലമാണെന്ന് സമ്മതിക്കപ്പെട്ടിട്ടുണ്ട്. 1500 മുതല്‍ 2000 വര്‍ഷത്തെ പഴമ തെളിയിക്കുക എന്നതായിരുന്നു ഈ നിര്‍ണായകയോഗത്തില്‍ ചെയ്യേണ്ടിയിരുന്നത്. മാര്‍ച്ചില്‍ കൂടിയ വിദഗ്ധസമിതി, 1500 വര്‍ഷത്തിനുമേലുള്ള പഴക്കമുണ്ടെന്ന വാദം തെളിയിക്കപ്പെട്ടിട്ടില്ലെന്ന അഭിപ്രായം രേഖപ്പെടുത്തി നമ്മുടെ ക്ളാസിക്കല്‍ ഭാഷാമോഹത്തിന് മേല്‍ ചരമവസ്ത്രം പുതച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ആ ശിപാര്‍ശ അംഗീകരിക്കരുതെന്ന കടുത്ത നിര്‍ബന്ധം കേരള മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതിന്‍െറ ഫലമായി വിദഗ്ധസമിതി വീണ്ടും കൂടുകയായിരുന്നു. കേരളത്തില്‍ നിന്നുള്ള അംഗങ്ങളെ പ്രത്യേകമായി ഈ യോഗത്തിലേക്ക് നിയോഗിച്ചു. സംഘം കൃതികളുടെയും പാട്ടുസാഹിത്യത്തിന്‍െറയും പഴമ മലയാളത്തിനും അവകാശപ്പെട്ടതാണെന്ന വാദം വിദഗ്ധസമിതിയെ ബോധ്യപ്പെടുത്താന്‍ സാധിച്ചതുവഴി അനുകൂലമായ ശിപാര്‍ശ നടത്തുന്നതിനുള്ള സാഹചര്യം തെളിഞ്ഞു.
ഇത് സന്തോഷമുള്ള കാര്യമാണെന്നതില്‍ സംശയമില്ല. ക്ളാസിക്കല്‍ ഭാഷകളുടെ പ്രോത്സാഹനത്തിനായി കേന്ദ്ര ഗവണ്‍മെന്‍റ് നീക്കിവെച്ചിട്ടുള്ള സാമ്പത്തികസഹായം നമുക്ക് ലഭിക്കുകയും ചെയ്യും. എന്നാല്‍ ഈ സന്ദര്‍ഭം നമ്മുടെ ഭാഷാസ്നേഹത്തെക്കുറിച്ചുള്ള സൂക്ഷ്മനിരീക്ഷണത്തിനും ആത്മപരിശോധനക്കും കൂടി വിനിയോഗിക്കേണ്ടതാണ്. ക്ളാസിക്കല്‍ പദവിക്കായി ശിപാര്‍ശ ചെയ്യപ്പെടാതിരുന്നപ്പോള്‍ നമുക്കുണ്ടായ ധാര്‍മികരോഷവും ഉദ്ദീപ്തമായ അവകാശബോധവും നിര്‍വ്യാജമായിരുന്നെന്ന് സമ്മതിക്കണം. എന്നാല്‍ മലയാളത്തെ പരിപോഷിപ്പിക്കുന്നതിനും വ്യാപകമായി ഉപയോഗിക്കുന്നതിനും അഭിമാനത്തോടെ പഠിക്കുന്നതിനും (പഠിപ്പിക്കുന്നതിനും) നാം ആത്മാര്‍ഥമായി പരിശ്രമിക്കുന്നുണ്ടോ?
കേരളത്തിലെ സ്കൂളുകളില്‍ മലയാളം ഒന്നാം ഭാഷയാക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും അതിന്‍െറ നിയമപരവും പ്രായോഗികവുമായ കുരുക്കുകള്‍ ഇനിയും പൂര്‍ണമായി അഴിക്കപ്പെട്ടിട്ടില്ല. മലയാളം സംസാരിച്ചെന്ന ‘തെറ്റി’ന് ഫൈന്‍ കൊടുക്കേണ്ട സ്ഥിതിഗതി ചില വിദ്യാലയങ്ങളില്‍ നിലനില്‍ക്കുന്നുവെന്നത് ഭാവനാസൃഷ്ടിയല്ല. കേരള ഗവണ്‍മെന്‍റിന്‍െറ സിലബസ് ഒഴിച്ചുള്ള പാഠ്യപദ്ധതികള്‍ പിന്തുടരുന്ന സ്കൂളുകളിലെ കുട്ടികള്‍ മലയാളം എഴുതാനും വായിക്കാനും പലപ്പോഴും ശരിയായി ഉച്ചരിക്കാനും അറിയാതെ മികച്ച രീതിയില്‍ പരീക്ഷകള്‍ ജയിക്കുകയും ജീവിതത്തിന്‍െറ ഉയര്‍ന്ന ശ്രേണികളില്‍ എത്തിച്ചേരുകയും ചെയ്യുന്നു. അങ്ങനെയുള്ള വിദ്യാര്‍ഥികളില്‍നിന്ന് മാതൃഭാഷയെ അകറ്റിയ കുറ്റത്തിന് ആരും ശിക്ഷിക്കപ്പെടുന്നില്ല. എന്തുകൊണ്ട് മലയാളം പഠിപ്പിക്കാന്‍ സാധിക്കുകയില്ലെന്ന് സ്ഥാപിക്കുവാനുള്ള നമ്മുടെ വ്യഗ്രതയില്‍ നാം വാസ്തവത്തില്‍ ലജ്ജിക്കണം. എഴുത്തച്ഛനേയും ചെറുശ്ശേരിയേയും കുഞ്ചന്‍ നമ്പ്യാരെയും കുമാരനാശാനെയും അറിയാതെ അവര്‍ പഠിത്തം പൂര്‍ത്തിയാക്കിയതിന് ആരാണ് ഉത്തരവാദികള്‍? ചങ്ങമ്പുഴയേയും വൈലോപ്പിള്ളിയേയും വൈക്കം മുഹമ്മദ് ബഷീറിനെയും എം.ടിയേയും മാധവിക്കുട്ടിയേയും വായിച്ചാസ്വദിക്കാനാവാത്തവരായി നമ്മുടെ മക്കളെ വളര്‍ത്തുകവഴി അവര്‍ക്ക് നഷ്ടമായ സുകൃതം എത്ര വലുതാണ്!
ഇതൊക്കെ ആരെങ്കിലും നിര്‍ബന്ധിച്ചിട്ടോ നിയമംകൊണ്ട് അനുസരിപ്പിച്ചിട്ടോ ചെയ്യേണ്ടതാണോ? തമിഴ്നാട്ടിലെ കുട്ടികള്‍ സുബ്രഹ്മണ്യഭാരതിയേയും ബംഗാളിലെ കുട്ടികള്‍ ടാഗോറിനെയും പഠിക്കുന്നത് ഏതെങ്കിലും നിയമത്തെ ഭയന്നിട്ടാണോ? തലതിരിഞ്ഞ മുന്‍വിധികളും അബദ്ധധാരണകളും നമ്മെക്കൊണ്ട് ചെയ്യിക്കുന്ന മൂഢാപരാധങ്ങളാണ് ഇവയൊക്കെ. ശരാശരി മലയാളി രക്ഷാകര്‍ത്താക്കള്‍ എപ്പോഴോ വീണുപോയ ചിന്താവൈകല്യങ്ങളില്‍നിന്ന് കരകയറാനുള്ള ബോധപൂര്‍വമുള്ള ശ്രമങ്ങള്‍ നാനാഭാഗത്തുനിന്നും ആരംഭിക്കേണ്ടതുണ്ട്.
നിരന്തരമായ ഉപയോഗം കൊണ്ടേ ഒരു ഭാഷ വളരുകയും കരുത്താര്‍ജിക്കുകയും ചെയ്യുകയുള്ളൂ. ഇന്‍റര്‍നെറ്റും ഇമെയിലുമില്ലാതെ ജീവിതം വഴിമുട്ടിപ്പോകുമെന്ന നില സംജാതമായിക്കഴിഞ്ഞു. ഈ ഉപയോഗങ്ങള്‍ക്ക് മലയാളം സജ്ജമല്ലെങ്കില്‍, അതെല്ലാം ഇംഗ്ളീഷ് ഭാഷ നിറവേറ്റിക്കൊള്ളും. അങ്ങനെ ഒരു പുതിയ കൊളോണിയല്‍ വാഴ്ച സംജാതമാകും. ഇംഗ്ളീഷിന് ചെയ്യാന്‍ കഴിയുന്നതൊക്കെ മലയാളത്തിനുമാവും എന്ന സ്ഥിതിയുണ്ടായില്ലെങ്കില്‍ മലയാളം ഒരു പഴയ ഭാഷയായി വഴിമാറും. പുതിയ ആവശ്യങ്ങള്‍ക്കായി ഇംഗ്ളീഷ് ഭാഷയെത്തന്നെ ആശ്രയിക്കേണ്ടിവരുന്ന ദുര്യോഗത്തില്‍നിന്ന് നിര്‍ബന്ധബുദ്ധിയോടെ രക്ഷപ്പെടേണ്ടതുണ്ട്. സ്കൂളില്‍ വെച്ച് തന്നെ നമ്മുടെ കുട്ടികള്‍ക്ക് മലയാളം അന്യമാവുകവഴി ഈ ഭയാനകമായ ഇംഗ്ളീഷ് ഭാഷാ അധിനിവേശം ക്ഷിപ്രസാധ്യമായിത്തീരും.
ഗവേഷണത്തിലൂടെ മലയാളത്തെ പൂര്‍ണമായും കമ്പ്യൂട്ടര്‍ സൗഹൃദഭാഷയാക്കി മാറ്റുകയെന്നത് ഇന്നത്തെ ഏറ്റവും വലിയ ആവശ്യമായി നാം തിരിച്ചറിയണം. ക്ളാസിക്കല്‍ പദവിക്ക് വേണ്ടത് പഴമയാണെങ്കില്‍ ഭാഷയുടെ നിലനില്‍പ്പിന് വേണ്ടത് നവീനതയും മെയ്വഴക്കവുമാണ്. പുതുതായി നിലവില്‍വന്ന തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയുടെ പ്രഥമദൗത്യങ്ങളിലൊന്ന് ഇതുതന്നെയാണ്.

Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com