Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_rightഅവധിക്കുശേഷം...

അവധിക്കുശേഷം ജോലിയില്‍ പ്രവേശിക്കുമ്പോള്‍

text_fields
bookmark_border
അവധിക്കുശേഷം ജോലിയില്‍ പ്രവേശിക്കുമ്പോള്‍
cancel

അവധിക്കുശേഷം ജോലിയില്‍ പ്രവേശിക്കുമ്പോള്‍
ഞാന്‍ 2004ല്‍ ഗവണ്‍മെന്‍റ് സ്കൂളില്‍ എല്‍.പി ടീച്ചറായി ജോലിയില്‍ പ്രവേശിച്ചു. പക്ഷേ, പ്രൊബേഷന്‍ കഴിയാതെ ലീവെടുത്ത് ഗള്‍ഫില്‍ പോയി. ഇപ്പോള്‍ ജോലിയില്‍ പുന$പ്രവേശിക്കാന്‍ ഉദ്ദേശിക്കുന്നു. ആയതിനാല്‍ ഞാന്‍ കെ.ടെറ്റ് എഴുതണോ? എനിക്ക് എം.കോം, ടി.ടി.സി യോഗ്യതയാണുള്ളത്. ഇഗ്നോയുടെ ബി.എഡ് എടുത്താല്‍ പ്രമോഷന്‍ സാധ്യതയുണ്ടോ?
സാദിഖ്, ഒളവണ്ണ
2004ല്‍ ജോലിയില്‍ പ്രവേശിക്കുകയും പ്രൊബേഷന്‍ പൂര്‍ത്തിയാക്കാതെ ദീര്‍ഘകാലാവധിയില്‍ പോവുകയും തിരിച്ചുവന്ന് ജോലിയില്‍ പ്രവേശിക്കാന്‍ കെ.ടെറ്റ് പാസാകേണ്ടതില്ല. എന്നാല്‍, പ്രമോഷന്‍ ലഭിക്കുന്നതിന് കെ.ടെറ്റ് അനിവാര്യമാണ്. ഹൈസ്കൂളിലേക്ക് പ്രമോഷന്‍ ലഭിക്കാന്‍ ബി.എഡിനോടൊപ്പം കെ.ടെറ്റ് യോഗ്യതയും വേണം. ബന്ധപ്പെട്ട വിഷയത്തില്‍ ബി.എഡ് വേണമെന്നാണ് ഇപ്പോഴത്തെ വ്യവസ്ഥയെങ്കിലും 2005ന് മുമ്പ് സര്‍വിസില്‍ പ്രവേശിച്ചവര്‍ക്ക് പ്രമോഷന്‍ ലഭിക്കാന്‍ ഏതെങ്കിലും വിഷയത്തില്‍ ബി.എഡ് മതി എന്ന് വ്യവസ്ഥയുണ്ട്. ഇത് പ്രത്യേകം പറയാന്‍ കാരണം ഇഗ്നോയുടെ ബി.എഡ് ജനറലാണ്. അത് സര്‍ക്കാറും പി.എസ്.സിയും അംഗീകരിച്ചിട്ടുമുണ്ട് എന്നുപറയാനാണ്. ഇഗ്നോയുടെ ബി.എഡ് പാസായാല്‍ എച്ച്.എസ്.എ ആയും (സോഷ്യല്‍ സ്റ്റഡീസ്) എച്ച്.എസ്.എസ്.ടി കോമേഴ്സ് ആയും പ്രൊമോഷന് അര്‍ഹതയുണ്ടാകും. എച്ച്.എസ്.എസ്.ടി ആകാന്‍ ബി.എഡിനോടൊപ്പം സെറ്റ് കൂടി പാസാകേണ്ടതുണ്ട്.
എംപ്ളോയ്മെന്‍റ് വഴിയുള്ള നിയമനവും ഉയര്‍ന്ന പ്രായപരിധിയും 
എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് വഴി ലാസ്റ്റ്ഗ്രേഡ് നിയമനം ലഭിക്കാന്‍ പ്രായപരിധി എത്രയാണ് എസ്.സി വിഭാഗത്തിന് ഇക്കാര്യത്തില്‍ പ്രത്യേകം പരിഗണനയുണ്ടോ?
ഇന്ദിര, കരുവാരക്കുണ്ട്
കേന്ദ്ര-സംസ്ഥാന സര്‍വിസുകളിലുണ്ടാകുന്ന താല്‍ക്കാലിക ഒഴിവുകളിലേക്കും അപൂര്‍വമായുള്ള സ്ഥിരം ഒഴിവിലേക്കുമുള്ള നിയമനത്തിന് എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയാണ് ലിസ്റ്റ് അയച്ചുകൊടുക്കുന്നത്. കേന്ദ്ര സര്‍വിസിലേക്കുള്ള നിയമനത്തിനും സംസ്ഥാന സര്‍വിസിലേക്കുള്ള നിയമനത്തിനുമുള്ള ഉയര്‍ന്ന പ്രായപരിധി വ്യത്യസ്തമാണ്. അതനുസരിച്ചാണ് എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് ലിസ്റ്റ് അയച്ചുകൊടുക്കുന്നത്. സംസ്ഥാന സര്‍വിസില്‍ ലാസ്റ്റ്ഗ്രേഡ് തസ്തികക്ക് നിശ്ചയിച്ചിരിക്കുന്ന ഉയര്‍ന്ന പ്രായപരിധി 36 വയസ്സാണ്. പട്ടികജാതി/വര്‍ഗത്തില്‍പെട്ടവര്‍ക്ക് അഞ്ചു വര്‍ഷം ഇളവുണ്ട്. കൂടാതെ സംവരണവുമുണ്ട്. 
ഉയര്‍ന്ന പ്രായപരിധി കണക്കാക്കുന്നത്
എന്‍െറ ജനനതീയതി 08.04.1977 ആണ.് ഞാന്‍ എല്‍.ഡി ക്ളര്‍ക്കിന് അപേക്ഷിക്കുകയും ചെയ്തു. ഈയിടെ പി.എസ്.സിയില്‍നിന്ന് മെസേജ് വന്നു; എന്‍െറ അപേക്ഷ സ്വീകരിച്ചെന്ന്. മുസ്ലിം വിഭാഗത്തില്‍പെട്ടവര്‍ 39 വയസ്സുവരെയേ അപേക്ഷിക്കാന്‍പാടുള്ളൂ എന്ന് കേട്ടിട്ടുണ്ട്. എനിക്ക് പരീക്ഷ എഴുതാന്‍ പറ്റുമോ? പ്രായം പ്രശ്നമാകുമോ? ലിസ്റ്റില്‍ ഉള്‍പ്പെട്ടാല്‍ പ്രായപരിധി കഴിഞ്ഞതിനാല്‍ പിന്‍തള്ളുമോ? പരീക്ഷക്കുവേണ്ടിയുള്ള തയാറെടുപ്പ് തുടങ്ങുകയും ചെയ്തു. 
നഷീദ, കരുനാഗപ്പള്ളി
സംസ്ഥാന സര്‍വിസില്‍ എല്‍.ഡി ക്ളര്‍ക്ക് തസ്തികക്ക് പി.എസ്.സി വഴിയുള്ള നിയമനത്തിന് നിശ്ചയിച്ചിട്ടുള്ള ഉയര്‍ന്ന പ്രായപരിധി 36 ആണ്. മുസ്ലിം ഉള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗത്തിന് മൂന്നു വര്‍ഷം ഇളവുണ്ട്. അതായത് 39 വയസ്സുവരെ അപേക്ഷിക്കാം. വയസ്സ് കണക്കാക്കുന്നത് നിയമനസമയമോ പരീക്ഷാസമയമോ നോക്കിയല്ല. അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം ഇറങ്ങുന്ന വര്‍ഷം ജനുവരി ഒന്നിനാണ്. എല്‍.ഡി ക്ളര്‍ക്കിന്‍െറ അപേക്ഷ ക്ഷണിച്ചത് 2016ല്‍ ആണ്. അതുകൊണ്ട് 2016 ജനുവരി ഒന്നിന് 39 വയസ്സ് തികയാന്‍ പാടില്ളെന്നാണ് വ്യവസ്ഥ. 08.04.1977ല്‍ ജനിച്ച നഷീദക്ക് 07.04.16ലാണ് 39 വയസ്സ് തികയുന്നത്. 2016 ജനുവരി ഒന്നിന് 39 വയസ്സ് തികഞ്ഞിട്ടില്ല. അതിനാല്‍ നഷീദ പ്രായപരിധിയില്‍ തന്നെയാണ്. അതുകൊണ്ടാണ് അപേക്ഷ സ്വീകരിച്ചത്. പരീക്ഷക്ക് തയാറെടുക്കുക. കഠിനപരിശ്രമത്തിലേര്‍പ്പെടുക. റാങ്ക് ലഭിക്കുകതന്നെ ചെയ്യും. 
പ്രമോഷന്‍ സാധ്യത
ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ എല്‍.ഡി ക്ളര്‍ക്കായി ജോലിചെയ്തുവരുന്ന എനിക്ക് താമസമില്ലാതെ വി.ഇ.ഒ ആയി നിയമനം ലഭിക്കാന്‍ സാധ്യതയുണ്ട്. ചുമട്ടുതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ ജോലിചെയ്യുന്നതാണോ വി.ഇ.ഒ ആയി ജോലിചെയ്യുന്നതാണോ, ഏതിലാണ് പ്രമോഷന്‍ സാധ്യത കൂടുതല്‍. 
ആയിഷ, ബാലുശ്ശേരി
രണ്ടു സ്ഥാപനങ്ങളിലെ പ്രമോഷന്‍ സാധ്യത താരതമ്യം ചെയ്യാനാവില്ല. ഒന്ന് ബോര്‍ഡാണ്. അവിടെ ജോലിചെയ്യുന്നതുകൊണ്ട് അവിടെയുള്ള പ്രമോഷന്‍ സാധ്യത അറിയാമല്ളോ. അവിടെ വിവിധ വകുപ്പുകളിലുള്ളതുപോലെ യു.ഡി, എച്ച്.സി, ജെ.എസ്, എസ്.എസ് തുടങ്ങിയ തസ്തികകളാണുള്ളത്. ഗ്രാമവികസന വകുപ്പ് സര്‍ക്കാര്‍ സര്‍വിസാണ്. അവിടെ ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍, ജോയന്‍റ് ബി.ഡി.ഒ, ബി.ഡി.ഒ, അസിസ്റ്റന്‍റ് ഡെവലപ്മെന്‍റ് കമീഷണര്‍ എന്നിങ്ങനെയാണ് പ്രമോഷന്‍ സാധ്യത. ഇതിനുപുറമെ ഫൈനാന്‍സ് വകുപ്പിന്‍െറ കീഴിലുള്ള നാഷനല്‍ സേവിങ്സ് വിഭാഗത്തില്‍ അസിസ്റ്റന്‍റ് ഡയറക്ടറും തുടര്‍ന്ന് ഡെപ്യൂട്ടി ഡയറക്ടറുമാകാം. പ്രായം കുറവുള്ളവര്‍ക്ക് എവിടെയും പ്രമോഷന്‍ സാധ്യത കൂടുതലാണ്.
ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്), എല്‍.പി.എസ്, എന്‍.സി.എ-ഈഴവ, തിരുവനന്തപുരം
തിരുവനന്തപുരം ജില്ലയില്‍ എന്‍.സി.എ വിഭാഗത്തില്‍ എന്‍.സി.എ-ഈഴവയില്‍നിന്ന് ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) തസ്തികയിലേക്കുള്ള നിയമനത്തിന് വേണ്ടിയുള്ള ഉദ്യോഗാര്‍ഥികളാണ്. ഇതില്‍നിന്നുള്ള നിയമനം തുടങ്ങിയോ. എത്ര ഒഴിവുണ്ട്. കൂടുതല്‍ ഒഴിവുണ്ടാകാന്‍ സാധ്യതയുണ്ടോ. ഞങ്ങളുടെ നിയമനസാധ്യത എന്താണ്? 
സനൂജ്, സ്മിത നെടുമങ്ങാട്
ഈ തസ്തികയിലേക്ക് എന്‍.സി.എ-ഈഴവ വിഭാഗത്തില്‍നിന്നുള്ള നിയമനത്തിന് ഏഴ് ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആ ഒഴിവുകളിലേക്ക് ഉടന്‍ അഡൈ്വസ് നടത്തും. ഏഴാം റാങ്കുവരെ അഡൈ്വസ് അയക്കും. മാതൃ ലിസ്റ്റ് കാലാവധി കഴിഞ്ഞതിനാല്‍ പുതിയ ലിസ്റ്റില്‍നിന്നുണ്ടാകുന്ന ഒഴിവുകള്‍ ഈ ലിസ്റ്റില്‍നിന്ന് നികത്തുകയില്ല. ആ ഒഴിവുകള്‍ പുതിയ അപേക്ഷ ക്ഷണിച്ച് ലിസ്റ്റ് ഉണ്ടാക്കി അതില്‍നിന്ന് നികത്തും. എന്നാല്‍, ഇപ്പോള്‍ അഡൈ്വസ് ചെയ്യുന്നതില്‍ എന്‍.ജെ.ഡി ഉണ്ടായാല്‍ ആ ഒഴിവ് ഈ ലിസ്റ്റില്‍നിന്നുതന്നെ നികത്തും. നിങ്ങളുടെ നിയമനസാധ്യത മനസ്സിലാകുമല്ളോ.
വിവിധ തസ്തികകളുടെ ഷോര്‍ട്ട്ലിസ്റ്റുകള്‍
അപ്പക്സിലെ ലാസ്റ്റ്ഗ്രേഡ് (283/2014), ജലഗതാഗത വകുപ്പിലെ പെയ്ന്‍റര്‍ (563/2014), അറ്റന്‍ഡര്‍ (344/14) എന്നീ തസ്തികകളിലേക്ക് നടത്തിയ പരീക്ഷയുടെ ഷോര്‍ട്ട്ലിസ്റ്റ് പ്രസിദ്ധീകരിച്ചോ, ഇല്ളെങ്കില്‍ എന്നാകും? ഷോര്‍ട്ട്ലിസ്റ്റില്‍ ഉള്‍പ്പെട്ടാല്‍ ഉദ്യോഗാര്‍ഥിയെ വിവരം അറിയിക്കുമോ?
സൈനുല്‍ആബിദ്, മലപ്പുറം
ഇതിന്‍െറയെല്ലാം ഷോര്‍ട്ട്ലിസ്റ്റ് താമസിയാതെ പ്രസിദ്ധീകരിക്കുമെന്നാണ് അറിയുന്നത്. ഷോര്‍ട്ട്ലിസ്റ്റുകള്‍ പി.എസ്.സിയുടെ വെബ്സൈറ്റിലും പി.എസ്.സിയുടെ വിവിധ ഓഫിസുകളിലും റഫറന്‍സിനായി ലഭിക്കും.

പി.എസ്.സി സംശയങ്ങള്‍ക്ക്: എഡിറ്റര്‍, ജാലകം, 
മാധ്യമം, വെള്ളിമാട്കുന്ന്, കോഴിക്കോട്-12
jalakam@madhyamam.in

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psc
News Summary - http://docs.madhyamam.com/node/add/article
Next Story