Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightകാമ്പസ്...

കാമ്പസ് റിക്രൂട്ട്മെന്‍റ് കമ്പനികള്‍ തയാര്‍, വിദ്യാര്‍ഥികളോ

text_fields
bookmark_border
കാമ്പസ് റിക്രൂട്ട്മെന്‍റ് കമ്പനികള്‍ തയാര്‍, വിദ്യാര്‍ഥികളോ
cancel

കാമ്പസ് റിക്രൂട്ട്മെന്‍റ് സീസണ് തുടക്കമായി. വന്‍കിട കമ്പനികള്‍ തങ്ങള്‍ക്ക് ആവശ്യമുള്ള പുതിയ തലമുറയെത്തേടി ഒന്നാംനിര നഗരങ്ങളിലെ കാമ്പസുകളില്‍ എത്തിത്തുടങ്ങി. വിവിധ കോളജുകള്‍ മാധ്യമങ്ങള്‍വഴി അറിയിപ്പും നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം പ്രമുഖ കമ്പനികളായ റിലയന്‍സ്, ടി.സി.എസ്, വിപ്രോ തുടങ്ങിയവ കേരളത്തിലെ കാമ്പസുകളില്‍നിന്ന് നിരവധി വിദ്യാര്‍ഥികളെ തങ്ങളുടെ മനുഷ്യ വിഭവശേഷിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 
കാമ്പസ് റിക്രൂട്ട്മെന്‍റ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തങ്ങളുടെ അനുഭവപരിചയത്തില്‍നിന്ന് വ്യക്തമാക്കുന്നത് ഐ.ടിക്ക് ആവശ്യക്കാര്‍ കുറഞ്ഞുവരികയും ഓട്ടോ ഇലക്ട്രീഷ്യന്‍, മെക്കാനിക്കല്‍, സിവില്‍ എന്നിവക്ക് ആവശ്യക്കാര്‍ കൂടിവരികയും ചെയ്യുന്നു എന്നാണ്. ഈ പ്രവണത തിരിച്ചറിഞ്ഞ തമിഴ്നാട്ടിലെ സ്വാശ്രയ കോളജുകള്‍ അധികവും ഇതിനകംതന്നെ സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ രംഗത്തേക്ക് ചുവട് മാറ്റിയിട്ടുമുണ്ട്. തമിഴ്നാട്ടില്‍ 532 സ്വാശ്രയ കോളജുകളാണ് ഉള്ളത്. അതില്‍ പലതും ഐ.ടി വകുപ്പിനുള്ള പ്രാമുഖ്യം കുറച്ചുകൊണ്ടുവരികയുമാണ്. 
എന്നാല്‍, സംസ്ഥാനമൊട്ടാകെ സ്വാശ്രയ കോളജുകള്‍ നിലവില്‍വന്ന് വര്‍ഷങ്ങളേറെയായെങ്കിലും ഇപ്പോഴും പ്രമുഖ കമ്പനികള്‍ ഒന്നാംനിര നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കോളജുകളില്‍ മാത്രമാണ് റിക്രൂട്ട്മെന്‍റിന് എത്തുന്നത്. ഇടത്തരം നഗരങ്ങളില്‍ നിരവധി കോളജുകളും മിടുക്കരായ വിദ്യാര്‍ഥികളുമുണ്ടെങ്കിലും പ്രമുഖ കമ്പനികളുടെ ശ്രദ്ധയില്‍പെടാത്തതാണ് കാരണം. 
ഇത്തരം കോളജുകളിലെ വിദ്യാര്‍ഥികളില്‍ പൊതുവെ നാല് പോരായ്മകളാണ് കണ്ടുവരുന്നതെന്നും അത് മറികടന്നാല്‍ അവര്‍ക്കും കാമ്പസ് റിക്രൂട്ട്മെന്‍റ് വഴി ജോലി സാധ്യത വര്‍ധിക്കുമെന്നും ഈ രംഗത്ത് ചെന്നൈ ആസ്ഥാനമായി കാല്‍നൂറ്റാണ്ടായി  പ്രവര്‍ത്തിക്കുന്ന ‘എംപ്ളോയബ്ലിറ്റി ബ്രിഡ്ജ്’ സി.ഇ.ഒ ഇമ്മാനുവല്‍ ജസ്റ്റസ് ‘മാധ്യമ’ത്തോട് വിശദീകരിച്ചു.
1. പഠിച്ചത് മറക്കുന്നു എന്നതാണ് ഒന്നാമത്തെ പോരായ്മ. പ്രമുഖ കമ്പനികളുടെ പ്രതിനിധികള്‍ റിക്രൂട്ട്മെന്‍റിന് എത്തുമ്പോള്‍ അവര്‍ക്കാവശ്യമുള്ള വൈദഗ്ധ്യം സംബന്ധിച്ചാണ് ചോദ്യം ഉന്നയിക്കുക. ഈ കാര്യങ്ങള്‍ ചിലപ്പോള്‍ വിദ്യാര്‍ഥികള്‍ ആദ്യ സെമസ്റ്ററില്‍തന്നെ പഠിച്ചതാകും. പക്ഷേ, അവസാന സെമസ്റ്ററിലുള്ള വിദ്യാര്‍ഥി ഈ ചോദ്യങ്ങളുടെ മുമ്പില്‍ പകച്ചുനില്‍ക്കും. അവസരം നഷ്ടപ്പെടുകയും ചെയ്യും. കാമ്പസ് റിക്രൂട്ട്മെന്‍റിനായി പുറപ്പെടുംമുമ്പ് പാഠഭാഗങ്ങള്‍ മൊത്തത്തില്‍ ഒന്ന് മറിച്ച് നോക്കുന്നതും മുമ്പ് പഠിച്ച് മറന്നത് വീണ്ടുമൊന്ന് റഫര്‍ ചെയ്യുന്നതും ഗുണകരമാകും. 
2. ഭാഷയാണ് രണ്ടാമത്തെ പരാധീനത. ഐ.ടി കമ്പനികളിലും മറ്റും കാമ്പസ് റിക്രൂട്ട്മെന്‍റുവഴി കയറിപ്പറ്റുന്നവര്‍ ഏറെ താമസിയാതെ വിദേശി എന്‍ജിനീയര്‍മാരുമായും മറ്റും സംവദിച്ചുവേണം പ്രോജക്ടുകളും മറ്റും പൂര്‍ത്തിയാക്കാന്‍. മലയാളി വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കുന്നത് വ്യാകരണമാണ്. എന്നാല്‍ കമ്പനികള്‍ നോക്കുന്നത് ആശയവിനിമയം നടത്താനുള്ള കഴിവാണ്. ‘വ്യാകരണപ്പേടി’ കാരണം പലര്‍ക്കും ഒഴുക്കോടെ ആശയവിനിമയം നടത്താന്‍ കഴിയുന്നില്ല. മടിയില്ലാതെ സംസാരിക്കാന്‍ ശീലിക്കുക എന്നതാണ് ഇതിന് പ്രതിവിധി. 
3. ഉള്‍വലിയലാണ് മൂന്നാമത്തെ പരാധീനത. കേരളത്തിലെ ഇടത്തരം നഗരങ്ങളിലെ കലാലയങ്ങളിലുള്ള വിദ്യാര്‍ഥികള്‍ ഒന്നാംനിര നഗരങ്ങളിലെ വിദ്യാര്‍ഥികളേക്കാള്‍ സാങ്കേതിക വൈദഗ്ധ്യത്തില്‍ മുന്നിലാണ്. എന്നാല്‍, കമ്പനി പ്രതിനിധികള്‍ക്ക് മുമ്പില്‍ വിജയകരമായി അവതരിപ്പിക്കുന്നതില്‍ പലപ്പോഴും പരാജയപ്പെടുന്നു. 
4. ഗൃഹാതുരത്വമാണ് നാലാമത്തെ പ്രശ്നം. മിക്കവര്‍ക്കും വീടിനടുത്തുള്ള നഗരങ്ങളില്‍ ജോലിവേണം. മറ്റ് ചിലര്‍ക്കാകട്ടെ വീടിനടുത്തല്ളെങ്കിലും വന്‍കിട നഗരങ്ങളിലേ ജോലി താല്‍പര്യമുള്ളൂ. എന്നാല്‍, മേക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ആനുകൂല്യം തേടിയും ഭൂമിയുടെ ലഭ്യത കണക്കിലെടുത്തും വന്‍കിട കമ്പനികളടക്കം ഇപ്പോള്‍ വിദൂര നഗരങ്ങളിലും ഗ്രാമങ്ങളിലുംവരെ ശാഖകള്‍ സ്ഥാപിക്കുകയാണ്. കാമ്പസ് റിക്രൂട്ട്മെന്‍റ് വഴി തെരഞ്ഞെടുക്കപ്പെടുന്ന പലരും പക്ഷേ, ഇത്തരം സ്ഥലങ്ങളിലേക്ക് പോകാന്‍ താല്‍പര്യപ്പെടുന്നില്ല.  
ഇത്തരം നഗരങ്ങളിലെ കോളജുകളില്‍ റിക്രൂട്ട്മെന്‍റിന് എത്താന്‍ കമ്പനികള്‍ മടിക്കുന്നതിന് മറ്റൊരു കാരണംകൂടിയുണ്ട്. യാത്രാസൗകര്യത്തിന്‍െറ അഭാവം. തിരുവനന്തപുരത്തോ കൊച്ചിയിലോ കോഴിക്കോട്ടോ വിമാനമിറങ്ങി മണിക്കൂറുകള്‍ യാത്രചെയ്തുവേണം ഇവിടങ്ങളില്‍ എത്താന്‍. എത്തിയാല്‍തന്നെ ആവശ്യമുള്ളവരെ കണ്ടത്തൊന്‍ കഴിഞ്ഞെന്നും വരില്ല. അതിനാല്‍ അവര്‍ പ്രമുഖ നഗരങ്ങളിലെ ഐ.ഐ.ടി, എന്‍.ഐ.ടി, സി.ഇ.ജി തുടങ്ങിയ കാമ്പസുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. 
ഇത് മറികടക്കാന്‍ പൂളിങ് സംവിധാനമാണ് നിര്‍ദേശിക്കപ്പെടുന്നത്. ഇടത്തരം നഗരങ്ങളിലെ കോളജുകളിലെ വിദ്യാര്‍ഥികള്‍ക്കായി സൗകര്യപ്രദമായ ഒറ്റവേദിയില്‍ റിക്രൂട്ട്മെന്‍റ് സൗകര്യമൊരുക്കി കമ്പനികളെ ക്ഷണിക്കാം. കാമ്പസ് റിക്രൂട്ട്മെന്‍റിന് ബോധത്കരണവും മാതൃകാ പരീക്ഷകളും നടത്തി സന്നദ്ധരാക്കലും പ്രധാനമാണ്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി, നാഷനല്‍ സ്കില്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ തുടങ്ങിയവ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്ന ഇത്തരം സംരംഭങ്ങളില്‍ സഹകരിക്കുന്നുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:campus recruitment
Next Story