Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightബ്രിട്ടനില്‍ കണ്ണും...

ബ്രിട്ടനില്‍ കണ്ണും നട്ട്

text_fields
bookmark_border
ബ്രിട്ടനില്‍ കണ്ണും നട്ട്
cancel
കയറ്റുമതിക്കാര്‍, തൊഴിലന്വേഷകര്‍, വ്യവസായികള്‍... യൂറോപ്യന്‍ യൂനിയനില്‍ നിന്ന് വിട്ട ബ്രിട്ടനില്‍ കണ്ണും നട്ടിരിക്കുന്നവര്‍ കുറച്ചൊന്നുമല്ല. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ഒഴിവായത് തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് ഗുണകരമാണോ ദോഷകരമാണോയെന്ന ആശയക്കുഴപ്പമാണ് ഇവരെ ഭരിക്കുന്നത്. ഒന്നിനും ഇപ്പോഴും വ്യക്തതയില്ല. സന്ദേഹങ്ങള്‍ക്ക് വ്യക്തമായ ഉത്തരം ലഭിക്കണമെങ്കില്‍ മാസങ്ങളെടുക്കുമെന്ന് കയറ്റുമതിക്കാരും നിക്ഷേപകരും വിശദീകരിക്കുന്നു. 
ആശങ്കയും പ്രതീക്ഷയുമായി കയറ്റുമതി രംഗം
ഇന്ത്യയില്‍ നിന്ന്, വിശേഷിച്ച് കേരളത്തില്‍ നിന്ന് ബ്രിട്ടനിലേക്ക് കയറ്റിപ്പോകുന്ന വസ്തുക്കള്‍ ഏറെയാണ്. സുഗന്ധ വ്യഞ്ജനങ്ങള്‍, സമുദ്രോല്‍പന്നങ്ങള്‍, കശുവണ്ടി, കയര്‍ തുടങ്ങി നമ്മുടെ പച്ചത്തേങ്ങയും കൊട്ടത്തേങ്ങയും വെളിച്ചെണ്ണയുമെല്ലാം ഇവിടെ നിന്ന് ബ്രിട്ടനിലേക്ക് വന്‍തോതില്‍ കയറ്റിപ്പോകുന്നുണ്ട്. ഇത് ബ്രിട്ടന്‍ മാത്രം ലക്ഷ്യംവെച്ചല്ല; യൂറോപ്യന്‍ യൂനിയന്‍ അംഗമെന്ന നിലയില്‍ ബ്രിട്ടനിലത്തെിക്കുന്ന വസ്തുക്കള്‍ മറ്റ് യൂറോപ്യന്‍ യൂനിയന്‍ അംഗ രാജ്യങ്ങളില്‍ വിപണനം നടത്തുകയും എളുപ്പമായിരുന്നു. സാങ്കേതികതയുടെ നൂലാമാലകളില്ലാതെ ഇവ ഇതര യൂറോപ്യന്‍ രാജ്യങ്ങളിലത്തെിക്കാനും വിപണനം നടത്താനും ഇന്ത്യന്‍ കമ്പനികള്‍ക്ക് എളുപ്പത്തില്‍ കഴിഞ്ഞിരുന്നു. എന്നാല്‍, ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിട്ടതോടെ ഇനി കയറ്റുമതി ബ്രിട്ടനിലേക്ക് മാത്രമായി ചുരുങ്ങും. യൂറോപ്യന്‍ യൂനിയനിലെ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി സാധനങ്ങള്‍ എത്തിക്കണമെങ്കില്‍ മറ്റേതെങ്കിലും അംഗരാജ്യവുമായി ധാരണയിലത്തെി അവിടെ സംവിധാനങ്ങള്‍ ഒരുക്കണം. ഇത് ആശങ്കയുടെ വശം.
എന്നാല്‍, പ്രതീക്ഷയുടെ മറ്റൊരു വശമുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തോളം ശ്രമിച്ചിട്ടും ഇന്ത്യയും യൂറോപ്യന്‍ യൂനിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ഥ്യമായിരുന്നില്ല. ചര്‍ച്ചകള്‍ അനന്തമായി നീളുകയായിരുന്നു. പുതിയ സാഹചര്യത്തില്‍ ബ്രിട്ടനുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിടുക എളുപ്പമായിരിക്കുമെന്ന പ്രതീക്ഷയാണ് വാണിജ്യ ലോകത്ത് ഉയര്‍ന്നിരിക്കുന്നത്. ഇത് ബ്രിട്ടനിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. 
കാത്തിരുന്നു കാണാന്‍ നിക്ഷേപകര്‍
നിക്ഷേപ രംഗത്തെ തിമിംഗലങ്ങള്‍ മുതല്‍ സ്രാവുകള്‍ വരെ ബ്രിട്ടനില്‍ നിക്ഷേപം നടത്തിയ ഇന്ത്യന്‍ കമ്പനികള്‍ നിരവധിയുണ്ട്. ബ്രിട്ടനിലെ വിവിധ പദ്ധതികളില്‍ 122 ഇന്ത്യന്‍ കമ്പനികള്‍ക്ക് നിക്ഷേപമുള്ളതായാണ് വിവരം. ഇവരും പക്ഷേ, ലക്ഷ്യംവെച്ചിരുന്നത് ബ്രിട്ടന്‍ മാത്രമായിരുന്നില്ല. അവിടെ ആസ്ഥാനമുറപ്പിച്ച് മറ്റ് അംഗ രാജ്യങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയായിരുന്നു പദ്ധതി. ഈ രൂപത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും. ഇത് കൂടാതെ എണ്ണൂറോളം ഇന്ത്യന്‍ കമ്പനികള്‍ക്കും അവിടെ സാന്നിധ്യമുണ്ട്. 
എന്നാല്‍, പുതിയ സാഹചര്യത്തില്‍ ഈ കമ്പനികള്‍ ഒന്നുകളില്‍ യൂറോപ്യന്‍ യൂനിയനിലെ പ്രവര്‍ത്തനങ്ങള്‍ വെട്ടിച്ചുരുക്കേണ്ടിവരും. അല്ളെങ്കില്‍, മറ്റ് രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് യൂറോപ്യന്‍ യൂനിയനിലെ ഏതെങ്കിലും അംഗ രാജ്യത്ത് ഓഫിസ് സൗകര്യം തുറക്കേണ്ടിവരും. ബ്രിട്ടനില്‍ സാധ്യത വര്‍ധിക്കുന്നതിനൊപ്പം, യൂനിയനില്‍ നിന്ന് വിട്ടതിനെ തുടര്‍ന്ന് സാമ്പത്തിക മാന്ദ്യം ഉണ്ടാകുമോ, അത് തിരിച്ചടിയാകുമോ എന്ന ആശങ്കയും പ്രകടിപ്പിക്കുന്നുണ്ട്. ഏതായാലും കാത്തിരുന്ന് കാണാം എന്ന നിലപാടിലാണ് നിക്ഷേപക ലോകം. 
പ്രൊഫഷണലുകള്‍ക്ക് പ്രതീക്ഷ 
നന്നായി ഇംഗ്ളീഷ് അറിയാവുന്ന മലയാളി പ്രൊഫഷണലുകള്‍ക്കും സാങ്കേതിക തൊഴിലാളികള്‍ക്കും മികച്ച അവസരമാണ് ലഭിക്കാന്‍ സാധ്യതയുള്ളതെന്നാണ് കൊച്ചിയിലെ പ്രമുഖ ജോബ് കണ്‍സള്‍ട്ടന്‍റ് വിശദീകരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള ഐ.ടി പ്രൊഫഷണലുകള്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ബിരുദധാരികള്‍, ഇലക്ട്രിക്കല്‍ വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ക്കെല്ലാം അവസരങ്ങള്‍ തുറന്നുകിട്ടാന്‍ സാധ്യതയുണ്ടെന്നാണ് വിശദീകരണം. 
ഇതിന് അവര്‍ പറയുന്ന കാരണങ്ങള്‍ ഇങ്ങനെ: യൂറോപ്യന്‍ യൂനിയന്‍ അംഗം എന്ന നിലക്ക് മറ്റ് അംഗ രാജ്യങ്ങളിലുള്ളവര്‍ക്ക് വിസാ നിയന്ത്രണ ചട്ടങ്ങളൊന്നും കൂടാതെ ബ്രിട്ടനില്‍ ജോലി ചെയ്യാമായിരുന്നു. ഇത് ഉപയോഗപ്പെടുത്തി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഇതര യൂറോപ്യന്‍ രാജ്യങ്ങളിലുള്ളവര്‍ വന്‍തോതില്‍ ബ്രിട്ടനില്‍ ജോലി നേടുകയും ചെയ്തിരുന്നു. മുപ്പത് ലക്ഷത്തോളം പേര്‍ ഇങ്ങനെ ജോലി നേടിയതായാണ് കണക്ക്. അതേസമയം, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കര്‍ശന വിസ ചട്ടങ്ങള്‍ ബാധകമായിരുന്നു. പുതിയ സാഹചര്യത്തില്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഇത്തരം വിസാ ചട്ടങ്ങള്‍ ബാധകമാവും. അതോടെ അവരില്‍ വലിയൊരുവിഭാഗം ഒഴിഞ്ഞുപോകും. മാത്രമല്ല, യൂറോപ്യന്‍ യൂനിയനില്‍ നിന്ന് വിടുതല്‍ നേടണമെന്ന് ശക്തിയായി വാദിച്ചിരുന്ന നേതാക്കള്‍ ഇന്ത്യക്കാര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. ബ്രിട്ടനിലെ വിദേശികളില്‍ നിയമം പാലിക്കുന്നവര്‍ ഇന്ത്യക്കാരാണെന്ന അഭിപ്രായമാണ് അവര്‍ പ്രകടിപ്പിച്ചിരുന്നത്. ഇതും ഇന്ത്യക്കാരുടെ സാധ്യത വര്‍ധിപ്പിക്കും. അതേസമയം യൂറോപ്യന്‍ യൂനിയനില്‍ നിന്ന് വിട്ടതിന്‍െറ പ്രത്യാഘാതമായി സാമ്പത്തിക മാന്ദ്യം ബാധിച്ച് തൊഴിലവസരം കുറയുകയുമോ എന്ന ആശങ്കയും ഈ രംഗത്തുള്ളവര്‍ പ്രകടിപ്പിക്കുന്നുണ്ട്. 
പൗണ്ടില്‍ കണ്ണുനട്ട് ട്രാവല്‍ ഏജന്‍സികള്‍
ബ്രിട്ടീഷ് പൗണ്ടിന് വിലയിടിയുമോ സാമ്പത്തിക മാന്ദ്യം വരുമോ എന്നൊക്കെ തൊഴിലന്വേഷകരും നിക്ഷേപകരും ആശങ്ക പ്രകടിപ്പിക്കുമ്പോള്‍, വിലയിടിയുന്ന പൗണ്ടില്‍ കണ്ണൂനട്ടിരിക്കുകയാണ് 
ട്രാവല്‍ ഏജന്‍സികള്‍. മുമ്പത്തെപ്പോലെയല്ല, ഇപ്പോള്‍ വിദേശ രാജ്യങ്ങളില്‍ വിനോദ യാത്ര പോകുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്തേക്ക് വിനോദ യാത്ര പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പൗണ്ടിന്‍െറ വിലയിടിവ് കാരണം ബ്രിട്ടന്‍ ഇഷ്ട കേന്ദ്രമായി മാറുമെന്ന പ്രതീക്ഷയിലാണവര്‍. വരും ദിവസങ്ങളില്‍ പൗണ്ട് തിരിച്ചുകയറിയാലും, ഒരിക്കല്‍ അങ്ങോട്ടേക്ക് യാത്ര പ്ളാന്‍ ചെയ്തവര്‍ പിന്മാറില്ളെന്ന പ്രതീക്ഷയും ട്രാവല്‍ ഏജന്‍സി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പങ്കുവെക്കുന്നു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brexit
Next Story