Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കൃഷി വീട്
cancel

തൊടുപുഴ പട്ടണത്തില്‍ നിന്ന് അകലെയല്ലാതെ ഒളമറ്റം മാരിയില്‍ കലുങ്കിന് സമീപം ആനച്ചാലില്‍ ജോളി എന്ന 42കാരന്‍െറ അരയേക്കര്‍ പുരയിടത്തില്‍ വിളയാത്തതൊന്നുമില്ല. അഞ്ച് വര്‍ഷമായി ജോളിയുടെ വീട്ടിലേക്കാവശ്യമായ പഴങ്ങളും പച്ചക്കറികളുമെല്ലാം ഇവിടെ നിന്നാണ്. വെണ്ട, തക്കാളി, ബീന്‍സ്, വഴുതന, ചീര, വിവിധയിനം പയറുകള്‍, മുരിങ്ങക്കായ, പപ്പായ, പാവല്‍, ഇഞ്ചി, പച്ചമുളക്, വെള്ളരി, മത്തങ്ങ, കുമ്പളങ്ങ, മുരിങ്ങ...അങ്ങനെ എല്ലാത്തരം പച്ചക്കറികളും. കേരളത്തില്‍ വിളയുന്ന ഒരുവിധപ്പെട്ട പഴങ്ങളെല്ലാം ഇവിടെ കാണാം. ഇതിന് പുറമെ പലതരം വാഴകള്‍, അഞ്ചിനം തുളസികള്‍, മഞ്ഞള്‍, ജാതി, കറുവാപ്പട്ട, ഇഞ്ചി, കുരുമുളക്, ചേന, കപ്പ, ചേമ്പ്, കാച്ചില്‍, തെങ്ങ്, കമുക്, മാവ്, പ്ളാവ്, ആഞ്ഞിലി, മഹാഗണി, തേക്ക് എന്നിവയെല്ലാം ജോളിയുടെ കൃഷിയിടത്തിലുണ്ട്. മല്‍സ്യങ്ങളും മുട്ടക്കും ഇറച്ചിക്കുമായി കോഴികളും പാലിനായി പശുക്കളും വേറെ.

ടെറസില്‍ പോളി ഹൗസുകളിലും ഉപയോഗശൂന്യമായ ബാറ്ററി പെട്ടി, ടയര്‍ എന്നിവയില്‍ മണ്ണ് നിറച്ചുമാണ് കൃഷി. രാസവളങ്ങള്‍ക്കും കീടനാശിനികള്‍ക്കും ഇവിടെ പ്രവേശനമില്ല. വളപ്രയോഗവും കീടനിയന്ത്രണവുമെല്ലാം തികച്ചും ജൈവം മാത്രം. ഒരു ലക്ഷം ലിറ്ററിന്‍െറ ടാങ്ക് നിര്‍മിച്ച് മഴവെള്ളം ഒരു തുള്ളിപോലും പാഴാകാതെ സംഭരിക്കുന്നു. വേനലില്‍ കൃഷി നനയ്ക്കാന്‍ ഇത് ധാരാളം. ആറ് മാസം കൂടുമ്പോള്‍ മൂവായിരം കിലോ വരെ മണ്ണിര കമ്പോസ്റ്റ് ജോളി നിര്‍മിക്കുന്നുണ്ട്.

ചെറുപ്പം മുതല്‍ ജോളിയുടെ മനസിലുള്ളതാണ് കൃഷി. അഞ്ച് വര്‍ഷം മുമ്പ് പ്ളമ്പിങ് ജോലിക്കൊപ്പം കൃഷിയിലും സജീവമായി. വിഷമില്ലാത്ത ഭക്ഷണം കഴിക്കുക എന്നത് മാത്രമായിരുന്നു ആഗ്രഹമെന്ന് ജോളി പറയുന്നു. പുറത്ത് നിന്ന് പഴങ്ങളും പച്ചക്കറികളും വാങ്ങുന്നത് നിര്‍ത്തിയതോടെ വീട്ടില്‍ രോഗങ്ങള്‍ കുറഞ്ഞു. മക്കള്‍ ബേക്കറി പലഹാരങ്ങള്‍ ഉപേക്ഷിച്ച് പറമ്പില്‍ വിളയുന്ന കായ്കനികള്‍ ആഹാരമാക്കി. ജോളിയുടെ മാതൃകാ കൃഷിത്തോട്ടം കാണാനും കാര്യങ്ങള്‍ പഠിക്കാനും ഓരോ ദിവസവും ആളുകളത്തെുന്നു. കൂടുതലും വീട്ടമ്മമാര്‍. ഭാര്യ സോണിറ്റും പിതാവ് പാപ്പച്ചന്‍, അമ്മ മേരി, മക്കളായ മരിയ, മാത്യു എന്നിവരും കൃഷിയില്‍ സഹായത്തിനുണ്ട്. തൊടുപുഴ ബ്ളോക്കിലെ മികച്ച സമ്മിശ്ര കൃഷിസ്ഥലമായി ജോളിയുടെ തോട്ടം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നഗരസഭാ പരിധിയിലെ മികച്ച കര്‍ഷകര്‍ക്കുള്ള അവാര്‍ഡ് ജോളിക്കും ഭാര്യ സോണിറ്റിനും ലഭിച്ചിട്ടുണ്ട്. മകള്‍ മരിയ പച്ചക്കറി കൃഷിയില്‍ സ്കൂള്‍ തലത്തില്‍ ഒന്നാം സ്ഥാനം നേടി. കൃഷി വകുപ്പിന്‍െറ എല്ലാ സഹായവുമുണ്ടെന്ന് ജോളി പറഞ്ഞു. വിള മാറിമാറി കൃഷി ചെയ്യുന്നതാണ് തന്‍െറ വിജയരഹസ്യമെന്നും മലയാളി പഴയ കൃഷിരീതികളിലേക്ക് മടങ്ങണമെന്നുമാണ് ഈ യുവകര്‍ഷകന്‍െറ അഭിപ്രായം.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story