Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Featurechevron_rightഡെയറി ഫാം തുടങ്ങാം

ഡെയറി ഫാം തുടങ്ങാം

text_fields
bookmark_border
ഡെയറി ഫാം തുടങ്ങാം
cancel

ഒരുപാട് പേരുടെ ചോദ്യമാണ്​. ഒരു ഡെയറി ഫാം തുടങ്ങാൻ എന്താണ് ചെയ്യേണ്ടതെന്ന്​. വളരെ വിശദമാക്കേണ്ട ഒന്നാണെങ്കിലും പ്രാഥമികമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു.

* ഒരു സംരംഭം തുടങ്ങാൻ ആലോചിക്കുമ്പോൾ, അതിനൊപ്പം നിൽക്കാം എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം തുടങ്ങേണ്ട ഒന്നാണ് ഡെയറി ഫാം. നാട്ടിലൊരു ഡെയറി ഫാം തുടങ്ങി വിദേശത്തിരുന്ന്​ നടത്താമെന്ന് സ്വപ്നം കാണരുത്. സാറ്റലൈറ്റ് ക്യാമറ ഫാമിൽ വച്ചാൽ പോലും രക്ഷയില്ല.  ഉടമസ്ഥൻ കൂടെയുണ്ടെങ്കിൽ മാത്രമേ അധികവും ഡെയറി ഫാം വിജയിക്കൂ. വിശ്വസ്തരായ നോട്ടക്കാർ ഉണ്ടെങ്കിൽ പോലും, പണം മുടക്കിയ ആൾ ഇല്ലെങ്കിൽ, ചിലപ്പോൾ പണി കിട്ടും.

* സ്ഥലലഭ്യത, ജലലഭ്യത, പണലഭ്യത, ഫാം തുടങ്ങുന്നതിനുള്ള സാധ്യതകൾ, നിർമ്മാണ ചിലവുകൾ, ഡെയറി ഫാം അനുബന്ധിച്ചു നടത്താവുന്ന സംരംഭങ്ങൾ,  തീറ്റയുടെ ലഭ്യത, സമ്മിശ്ര കൃഷിയുടെ സാധ്യത, പാലി​​​െൻറ വിപണനം, പാലുൽപന്ന നിർമ്മാണം, കൃഷിയിടത്തിലെ ഓരോ ഉല്പന്നവും പ്രയോജനപ്പെടുത്താനുള്ള സാധ്യത, മൂല്യവർധനവ് തുടങ്ങിയ അനേകം കാര്യങ്ങൾ വിശദമായി അറിഞ്ഞിരിക്കണം.

* കൃഷിയിടം രൂപകല്‍പന ചെയ്യുന്നത് വളരെ പ്രധാനമാണ്​​. കയ്യിലുള്ള സ്ഥലം മുഴുവനും പ്രയോജനപ്പെടുത്തണം.. വീട്,കാലിത്തൊഴുത്ത്, തീറ്റപുൽകൃഷി, ബയോഗ്യാസ് പ്ലാന്റ്, കമ്പോസ്റ്റ്‌ നിർമ്മാണം, വളക്കുഴി, ചാണകം ഉണക്കി വിപണനം, ജല സംരക്ഷണം, കോഴി, ആട്, പന്നി, മുയല്‍, താറാവ്, അലങ്കാര പക്ഷികളും ഓമന മൃഗങ്ങളും, ജലസേചന കുളം, മഴക്കുഴികള്‍, മഴവെള്ളസംഭരണികള്‍, മത്സ്യകൃഷി, നെൽകൃഷി – ഹ്രസ്വകാല വിളകള്‍, പച്ചക്കറി കൃഷി, വാണിജ്യ വിളകൾ, പാല്‍ സംസ്കരണം, മൂല്യ വര്‍ധിത ഉൽപന്ന നിര്‍മ്മാണം തുടങ്ങി അനേകം സാധ്യതകള്‍ ഒരു പുരയിടത്തില്‍, സംരംഭകര്‍ക്കുണ്ട്.

* നാട്ടിൽ നന്നായി നടക്കുന്ന ഡെയറി ഫാമുകൾ സന്ദർശിക്കുക, അവർ തീറ്റ വാങ്ങുന്ന വിപണിയും വിലയും മനസ്സിലാക്കുക എന്നിവ പ്രാരംഭ ഒരുക്കമാണ്. വിജയിച്ച ഫാമുകൾ കണ്ടു കണ്ണു തള്ളാതെ, പരാജയപ്പെട്ടു പൂട്ടിപ്പോയ ഫാമുകൾ കൂടി പഠന വിധേയമാക്കണം. ഒപ്പം തന്നെ, ഡെയറിഫാം ലൈസൻസിംഗ് നടപടി ക്രമങ്ങൾ മനസിലാക്കുക, മൃഗചികിത്സ സൗകര്യം ഉറപ്പാക്കുക.  പശു വളർത്തലിലും, താല്പര്യമുള്ള അനുബന്ധ മേഖലകളിലും നല്ല പരിശീലനങ്ങളിലും പങ്കെടുക്കാം. മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകൾ പരിശീലനകേന്ദ്രങ്ങൾ നടത്തുന്നുണ്ട്. ഈ വകുപ്പുകളുടെ വെബ്സൈറ്റ് വഴി, പദ്ധതികളും പരിശീലനങ്ങളും എല്ലാം അറിയാം.

* ഓരോ ഗ്രാമ പഞ്ചായത്ത് തലത്തിലും മുനിസിപ്പാലിറ്റികളിലും ഒരു മൃഗാശുപത്രിയും, ഒരോ ​േബ്ലാക്ക് പഞ്ചായത്തുകളിൽ ഓരോ ക്ഷീരവികസന ഓഫീസും, പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാന സർക്കാരി​​​െൻറ പദ്ധതികൾ ലഭ്യമാക്കാൻ ഇവരുമായി ബന്ധപ്പെടാം. ഡെയറിഫാം എവിടെയാണ് ഉള്ളത്, ആ സ്ഥലത്തുള്ള ഓഫീസിനു മാത്രമേ, പദ്ധതികൾ നൽകി സഹായിക്കാൻ സാധിക്കുകയുള്ളൂ.ബാങ്ക് വായ്​പ ആവശ്യമെങ്കിൽ, നബാർഡി​​​െൻറ പദ്ധതികൾ (DEDS) ലഭ്യമാകുന്നതിനുള്ള സാധ്യതകളും കൂടി ബാങ്കിൽ അന്വേഷിക്കാം.

* സോഷ്യൽ മീഡിയ വഴിയും, കൃഷിയിലും പശുവളർത്തലിലും ഉള്ള നൂതന സാങ്കേതിക വിദ്യകൾ, നന്നായി തന്നെ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. കിസാൻ കാൾ സ​​െൻറർ മുതൽ വിവിധ ഏജൻസികളുടെ വെബ്‌സൈറ്റ്, ആപ്ലിക്കേഷൻസ്, ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ പരമാവധി പ്രയോജനപ്പെടുത്താം.  ചെറിയ അറിവ്, ചിലപ്പോൾ വലിയ ചിലവ്‌ ലാഭിച്ചേക്കാം. കർഷകരുടെ വാട്​സ്​ആപ്പ്​, ഫേസ്ബുക്ക് കൂട്ടായ്മകളിലും ഭാഗമാകാം. ചിലവ്‌ കുറച്ചു തീറ്റയും മറ്റ് ആവശ്യ വസ്തുക്കളും, ഒന്നിച്ചു ഓർഡർ ചെയ്യാൻ ഇതു സഹായകരമാണ്.

* പ്രധാന കാര്യം, തീറ്റയാണ്.കാലിത്തീറ്റ, പുല്ല്, വൈക്കോൽ എന്നിവ മാത്രം ഉപയോഗപ്പെടുത്തി ഫാം നടത്തുന്നതിനെക്കാൾ, മെച്ചമാണ്, ലഭ്യമായ എല്ലാ തീറ്റവസ്തുക്കളും പശുവിനു നൽകുന്നത്. ആവശ്യമായ പോഷകങ്ങൾ പശുവിനു ലഭ്യമാക്കുന്ന രീതിയിൽ, വിപണിയിൽ ലഭ്യമായ ചിലവ്‌ കുറഞ്ഞ തീറ്റവസ്തുക്കൾ ശേഖരിച്ചു, തീറ്റ മിശ്രിതം സ്വയം തയ്യാറാക്കാം.

* നല്ല പശുക്കളെ കണ്ടെത്തുന്നതാണ് വലിയ കടമ്പ. ഒരു കാര്യം നന്നായി മനസ്സിൽ വയ്ക്കുക. മതിയായ കാരണങ്ങളില്ലാതെ നല്ല കറവപ്പശുവിനെ ഒരു കർഷകനും, വിൽക്കില്ല. പണത്തിനുള്ള ആവശ്യമോ, സംരക്ഷിക്കാനുള്ള ബുദ്ധിമുട്ട് മൂലമോ, വിൽക്കുന്ന കറവപ്പശുക്കളെ നന്നായി നോക്കി വാങ്ങാം. വിശ്വസ്തരായവർ വഴി കേരളത്തിനു പുറത്തുനിന്നും പശുക്കളെ വാങ്ങാം. എവിടെനിന്ന് വാങ്ങിയാലും നിലവിൽ നൽകിവരുന്ന തീറ്റ എന്താണെന്ന്  അന്വേഷിക്കണം.എത്ര പാൽ കിട്ടുമെന്ന് മാത്രം, ചോദിച്ചാൽ പോര. കുറച്ചുനാളത്തേക്ക് ആ തീറ്റ തന്നെ കൊടുത്ത്, പതിയെ നമ്മുടെ സാഹചര്യങ്ങളിലേക്ക് ഇണക്കി കൊണ്ടുവരുവാനും ശ്രദ്ധിക്കണം. നമ്മുടെ ഫാമിൽ നല്ല സംരക്ഷണം കൊടുത്തു വളർത്തിയെടുക്കുന്ന പശുക്കുട്ടി തന്നെയാണ് നാളത്തെ മികച്ച കറവ പശു.

*പാലിന് വിപണി കണ്ടെത്താൻ എളുപ്പം തന്നെയാണ്. പാൽ കറന്നെടുത്ത ഉടനെ മികച്ചരീതിയിൽ, പാക്ക് ചെയ്ത് അല്ലെങ്കിൽ കുപ്പികളിലാക്കി, ഫാം ഫ്രഷ്മിൽക്ക് എന്ന പേരിൽ വിൽക്കാം. നഗരപ്രദേശങ്ങളിൽ ഇതിന് വലിയ ഡിമാൻറ്​ തന്നെയുണ്ട്. തൈര്, നെയ്യ്, പനീർ, സിപ്-അപ് തുടങ്ങിയ ഉൽപ്പന്നങ്ങൾ ആക്കുമ്പോൾ അധിക വില ലഭിക്കുകയും ചെയ്യും.

* കേരളത്തിലങ്ങോളമിങ്ങോളമുള്ള ക്ഷീര സഹകരണ സംഘങ്ങൾ മുഖേന പാൽ വിപണനം ചെയ്യുന്നതിനും നല്ല സാധ്യതയുണ്ട്.. കാലിത്തീറ്റ, ചോളപ്പൊടി, ധാതുലവണ മിശ്രിതം ഉൾപ്പെടെയുള്ള തീറ്റ വസ്തുക്കൾ വാങ്ങുന്നതിനും, പാൽ വിപണനം നടത്തി കൃത്യമായ പാൽവില ബാങ്ക് അക്കൗണ്ട് മുഖേന ലഭ്യമാക്കുന്നതിനും കഴിയുന്നു. വൈവിധ്യമാർന്ന പ്രവർത്തങ്ങൾ ചെയ്യുന്ന സംഘങ്ങൾ കൂടുതൽ നല്ല സാധ്യതയാണ്.പഞ്ചായത്തുകളുടെ, 'പാലിന് ഇൻസ​​െൻറീവ് ധനസഹായം' ലഭിക്കാൻ, ക്ഷീരസംഘത്തിൽ നൽകുന്ന പാലി​​​െൻറ അളവാണ് പരിഗണിക്കുക.. ക്ഷീരകർഷക ക്ഷേമനിധി ആനുകൂല്യങ്ങളും ലഭിക്കും.

*ഫാം ടൂറിസം, ഇന്നത്തെ കാലഘട്ടത്തിന് അനുയോജ്യമായ സാധ്യതയാണ്. കുറച്ചു സ്ഥലം കയ്യിലുണ്ടെങ്കിൽ, നഗരത്തിലെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് സ്വസ്ഥമായി കുറച്ചു ദിവസം ചെലവിടാൻ ആഗ്രഹിക്കുന്നവരെ ആകർഷിക്കാനാകും. വിദേശികളെക്കാൾ ആഭ്യന്തര ടൂറിസ്റ്റുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. പക്ഷിമൃഗാദികളും, ഫലവൃക്ഷങ്ങളും, അരുവിയും, കുളവും, കിളികളുടെ കൊഞ്ചലും, തണുത്തകാറ്റും, നാടൻ ഭക്ഷണവും, ഏറുമാടവും, വയലേലകളും..ഇതെല്ലാം ആസ്വദിക്കാനെത്തുവരുടെ എണ്ണം വർധിക്കുകയാണ്​. ഇങ്ങിനെയൊക്കെ രൂപം മാറാനും മതി. വരുമാന സാധ്യത ഏറെയാണ്.

* ചെറുപ്പക്കാരും പ്രവാസികളും, ഡെയറി ഫാം മേഖലയിലേക്കു ധാരാളമായി കടന്നു വരുന്നുണ്ട്.ചനാട്ടിൽ/വീട്ടിൽ തന്നെ സംരംഭം തുടങ്ങാം, പാലിന് വില ഇടിഞ്ഞുപോകില്ല എന്ന വിശ്വാസം, സ്ഥിര വരുമാനം(ഒരു ലക്ഷം രൂപയിൽ അധികം മാസം പാൽ വില കിട്ടുന്ന കർഷകർ ഇവിടെയുണ്ട് ), സംരഭം തുടങ്ങുന്ന ദിവസം മുതൽ വരുമാനം, താരതമ്യേന വൈദഗ്ദ്ധ്യം കുറഞ്ഞ മേഖല,  എന്നിവയെല്ലാം ആകർഷിക്കുന്നവയാണ്.  മറ്റ് ഏതു തൊഴിലിടങ്ങളെയും പോലെ, അന്യ സംസ്ഥാന തൊഴിലാളികൾ ധാരാളമായി ഡെയറി ഫാം രംഗത്തു ജോലി ചെയ്തു വരുന്നു.മികച്ച യന്ത്രവൽക്കരണം നടത്തിയ ഫാമുകളിൽ, മനുഷികാധ്വാനം കുറവ് തന്നെ.

* 365 ദിവസവും ശ്രദ്ധയും അധ്വാനവും വേണം എന്നത്, എന്നും ലഭിക്കുന്ന സാമ്പത്തിക നേട്ടത്തി​​​െൻറ മറുവശമാണ്. തുടങ്ങിക്കഴിഞ്ഞാൽ ഒരു ദിവസം പോലും, ഡെയറി ഫാം നിർത്തി വെച്ചു, വിശ്രമിക്കാമെന്നു ചിന്തിക്കേണ്ട. കറവപ്പശുക്കളുടെ ശാസ്ത്രീയ പരിചരണത്തിൽ പ്രത്യേക ശ്രദ്ധ ഇല്ലെങ്കിൽ, ഡെയറി ഫാം ലാഭകരമാക്കാനുമാവില്ല. തീറ്റയിലും പരിചരണത്തിലും ശ്രദ്ധ ഇല്ലെങ്കിൽ, ഫാം പൊളിഞ്ഞു പോകും.

* ഡെയറി ഫാമിലെ കമ്പ്യൂട്ടർവൽക്കരണം, റോട്ടറി മിൽകിങ് പാർലർ, 30-35 ലിറ്ററിന് മുകളിൽ പാൽ ചുരത്തുന്ന പശുക്കൾ, ആട്ടോമാറ്റഡ് ആയ ഹൈടെക് ഡെയറി ഫാം, തുടങ്ങിയ സുന്ദര ഭാവനകൾ നല്ലതു തന്നെ. എന്നാൽ ഇതെല്ലാം ആദ്യമേ തുടങ്ങി വക്കേണ്ടതില്ല. ഫാമിലെ ഓരോ ചുവടുവയ്പ്പും, കൃത്യമായ സാമ്പത്തിക വിശകലനം നടത്തി മതി. ഒന്നുമറിയാതെ, വലിയ തുക മുടക്കി ഫാം ഓട്ടോമേഷൻ ചെയ്യുന്നവർ, മുടക്ക് മുതൽ പോലും കിട്ടാതെ വലയുന്നതും, മിക്കവാറും കാണുന്ന കാഴ്ചയാണ്.

* ഡെയറി ഫാമിംഗ് രംഗത്തു അഭ്യസ്തവിദ്യരും ചെറുപ്പക്കാരും കൂടുതലായി എത്തുന്നുണ്ട്. സ്ഥിര വില കിട്ടുന്ന ഏക കാർഷികോൽപ്പന്നം പാൽ ആയതു തന്നെ കാരണം. ഫ്രഷ് മിൽക്കിന്‌, നഗരങ്ങളിലുള്ള വിപണി കുതിച്ചുയരുകയാണ്‌. നാടൻ പശുവിൻ പാൽ 'A2 മിൽക്ക്' എന്ന ലേബലിൽ ഉയർന്ന വിലയ്ക്കും വിൽക്കാൻ കഴിയുന്നു. പാലി​​​െൻറ ഉപഭോഗം അനുദിനം വർദ്ധിച്ചു വരുന്നു. വമ്പൻ ബ്രാൻഡുകൾ വരെ മത്സര രംഗത്തുണ്ട്.ഓൺലൈനായുള്ള പാൽ, ഉൽപ്പന്ന വില്പനയ്ക്കും സാധ്യതയുണ്ട്.

നമ്മുടെ നാട്ടിൽ, ധാരാളം ഫാം തുടങ്ങുന്നുണ്ട്, മറു വശത്തു പൂട്ടിപോകുന്നുമുണ്ട്. ഒന്നോ രണ്ടോ പശുവിൽ ആരംഭിച്ചു, നല്ല കരുതലിൽ തുടങ്ങിയ ഫാമുകൾ തന്നെയാണ്, അധികവും വിജയിച്ചു നിൽക്കുന്നത്​. ഫാം തുടങ്ങിത്തരാം എന്നു പറഞ്ഞു അടുത്തു കൂടുന്നവരെ സൂക്ഷിക്കുക. നമ്മുടെ അറിവും ഇടപെടലും മാത്രമാണ്, ഡെയറി ഫാം വിജയിപ്പിക്കുക. തുടക്കം ചെറിയ രീതിയിൽ, കൃത്യതയോടെ ആവട്ടെ. ക്രമേണ വലിയ വിജയത്തിൽചെന്നെത്താം. 

 

( കൽപ്പറ്റയിലെ ക്ഷീര വികസന ഓഫീസറാണ്​ ലേഖിക)

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diary farmഡെയറി ഫാം
News Summary - http://54.186.233.57/node/add/article
Next Story