Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightഗുരുവായൂരിൽ ഒരു...

ഗുരുവായൂരിൽ ഒരു ചിരിക്കല്യാണം കൂടിയിട്ട് വരാം; കുടുംബസമേതം പോന്നോളൂ- റിവ്യൂ

text_fields
bookmark_border
Basil Joseph And prithviraj Movie guruvayoor ambalanadayil Movie review
cancel

ഗുരുവായൂരമ്പലത്തിൽ നടക്കുന്ന കല്യാണമാണ് വിഷയം. പ്ലോട്ടിൽ വലിയ പുതുമകൾ ഒന്നുമില്ല. ഒരുപാട് സിനിമകളിൽ പരീക്ഷിച്ച ഒരു വിഷയം തന്നെ. കല്യാണവും കല്യാണ കോലാഹലങ്ങളും കല്യാണങ്ങൾക്കിടയിൽ ഉണ്ടാകുന്ന സംഘർഷങ്ങളും കല്യാണം കഴിഞ്ഞതിന് ശേഷമുള്ള കഥകളും ഒക്കെ സിനിമയിൽ വിഷയമായി വന്നിട്ടുണ്ട്. അത്തരത്തിൽ ഒരു കല്യാണ കഥയാണ് വിപിൻദാസ് സംവിധാനം ചെയ്ത 'ഗുരുവായൂരമ്പല നടയിൽ'. കല്യാണം നടത്താൻ വന്നവരും മുടക്കാൻ വന്നവരും... ചുരുക്കിപ്പറഞ്ഞാൽ ഇതാണ് കഥാതന്തു.

ആദ്യമേ പറയുന്നു, ഇതൊരു ഫൺ ഫാമിലി എന്റർടൈനർ സിനിമയാണ്. അതുകൊണ്ട് ലോജിക്കോ ഇമോഷൻസോ ഇവിടെ തിരയാൻ പോകരുത്. സിറ്റുവേഷണൽ കോമഡികളും സ്ലാപ്സ്റ്റിക് കോമഡികളും തുടക്കം മുതൽ ഒടുക്കം വരെ നിറഞ്ഞു നിൽക്കുന്നതിനാൽ കഥാപാത്രങ്ങളൊക്കെ കുറച്ച് ഓവർ അല്ലേ എന്ന് തോന്നാനും ഇടയുണ്ട്. പക്ഷേ സിനിമ ഡിമാൻഡ് ചെയ്യുന്നത് അതാണ്. ഇതിലെ വരുന്നവരും പോകുന്നവരും എല്ലാം കുറച്ച് ഓവറാണ്. ഒരുവേള 'സ്പൂഫ് മൂവിയായോ' ഇതെന്ന് തോന്നാനും സാധ്യതകളുണ്ട്. പല റഫറൻസുകളും പല സിനിമയേയും ഓർമ്മിപ്പിക്കുന്നതാണ്. അത് ഒരു പരിധിവരെ കണക്ട് ചെയ്യാൻ പറ്റുന്നവയുമാണ്. അതുകൊണ്ടുതന്നെ ഫാമിലി ഓഡിയൻസിന് ഇഷ്ടപ്പെടും എന്നുള്ളത് ഉറപ്പാണ്.


ഫാമിലി സ്റ്റാർ എന്ന ലേബലിൽ നിൽക്കുന്ന ബേസിലും സീരിയസ് റോൾ മാത്രമേ വഴങ്ങൂ എന്ന് ഒരു വിഭാഗം പ്രേക്ഷകർ വിധി എഴുതിയ പൃഥ്വിരാജും ചേർന്നുള്ള കോമ്പോ ഒരു രസമുള്ള അനുഭവം സമ്മാനിക്കുന്നുണ്ട്. ആനന്ദനും (പൃഥ്വിരാജ്) വിനുവും(ബേസിൽ ജോസഫ്).. ഇവരിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. ആനന്ദന്റെ അനിയത്തി അഞ്ജലിയുമായുള്ള (അനശ്വര രാജൻ) വിവാഹത്തിന് വേണ്ടി വിനു നാട്ടിലേക്ക് എത്തുന്നിടത്താണ് കഥയുടെ തുടക്കം. ഇതിൽ അവരുടെ സ്നേഹബന്ധത്തെക്കാൾ മുന്നിട്ടു നിൽക്കുന്നത് അളിയനും അളിയനും തമ്മിലുള്ള ബന്ധമാണ്. കല്യാണമേ വേണ്ട എന്ന് തീരുമാനിച്ച വിനുവിനെ മെരുക്കി എടുക്കുന്നത് ആനന്ദനാണ്. എന്തുകൊണ്ടാണ് ഇത്ര സ്നേഹം എന്ന് വ്യക്തമല്ലെങ്കിലും ഇവരാണ് കഥയുടെ കാതൽ. ആനന്ദൻ എന്താണെന്ന് തുടക്കത്തിലെ വ്യക്തമായി പറയുന്നുണ്ട്. വിനുവിന് അത് മനസിലാവാൻ സെക്കൻഡ് ഹാഫ് വേണ്ടിവന്നു എന്ന് മാത്രം.

വിനുവും ആനന്ദനും നിറഞ്ഞുനിൽക്കുന്ന ഒരു സ്പേസിലേക്ക് ഒരുകൂട്ടം ആളുകൾ ചേരുമ്പോൾ അതിന്റെ രസചരട് ഒന്നുകൂടെ മുറുകുന്നുണ്ട്. സ്ത്രീ കഥാപാത്രങ്ങൾ ഉണ്ടെങ്കിലും അവർക്ക് സ്ക്രീൻ പ്രസൻസ് കുറവാണ്. എങ്കിലും നിഖിലയുടെ ചില സ്ഥായീഭാവങ്ങളും അനശ്വരയുടെ ചില എക്സ്പ്രഷനുകളും സിനിമയെ എൻഗേജിംഗ് ആക്കുന്നുണ്ട്. തിക്കും തിരക്കും ഒരുപാട് കഥാപാത്രങ്ങളും സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. കുറേ കാലങ്ങൾക്ക് ശേഷമാണ് ഒരുപാട് കഥാപാത്രങ്ങൾ ഒരുമിച്ച് വരുന്ന ഒരു സിനിമ ഉണ്ടാകുന്നത്. പ്രിയദർശൻ- സിദ്ധിഖ് സിനിമകളോട് സാമ്യം തോന്നുന്ന ഒന്നാണ് ഗുരുവായൂർ അമ്പല നടയും. ഗുരുവായൂർ അമ്പലവും പൃഥ്വിരാജും ചേരുമ്പോൾ ചില കഥകളും കഥാപാത്രങ്ങളും ഓർമ്മ വരുന്നുണ്ടെങ്കിൽ അത് യാദൃശ്ചികമല്ലെന്ന് മാത്രം പറഞ്ഞു വെക്കുന്നു. വളരെ പ്രെഡിക്റ്റബിൾ ആയ ക്ലൈമാക്സ് തന്നെയാണ് ഇതിലെങ്കിൽ കൂടിയും സിനിമ ഒരു വലിയ വിഭാഗം ഓഡിയൻസിനെ തൃപ്തിപ്പെടുത്തുന്നുണ്ട്.


ദീപു പ്രദീപ് തിരക്കഥ എഴുതി വിപിൻദാസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ പാരലൽ നറേഷനും (parallel narrative) എഡിറ്റിങ്ങും എടുത്തുപറയേണ്ട ഒന്നാണ്. സിനിമയുടെ ഒഴുക്കിനെ ബാധിക്കാതെ രണ്ട് കഥാപാത്രങ്ങളുടെ രണ്ട് സാഹചര്യങ്ങൾ കണക്ട് ചെയ്തു പോകുന്നത് ശ്രമകരമാണ്. എന്നാൽ അതിൽ എഡിറ്റർ വിജയിച്ചിട്ടുണ്ട്. ജോൺകുട്ടിയുടെ എഡിറ്റിങ്ങും നീരജ് രവിയുടെ ഛായാഗ്രഹണവും, അങ്കിത് മേനോന്റെ സംഗീതവും സിനിമയെ കൂടുതൽ കളറാക്കുന്നു. കലാ സംവിധായകൻ സുനിൽകുമാറിന്റെ 'ഗുരുവായൂർ അമ്പലം' തീർച്ചയായും പ്രശംസിക്കേണ്ട ഒന്നാണ്. ഇതിലെ ഗുരുവായൂരമ്പലം സെറ്റിട്ടതാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? കണ്ടും കേട്ടും അറിഞ്ഞ ഗുരുവായൂർ അമ്പലത്തെ അതുപോലെ എടുത്തുവച്ചിട്ടുണ്ട് ഇവിടെ.



'കല്യാണം സോങ്' അങ്ങനെ അങ്ങോട്ട് ക്ലിക്ക് ആയില്ലെങ്കിലും അജു വർഗീസ് പാടിയ 'കൃഷ്ണ കൃഷ്ണ' എന്ന ഗാനം ഹിറ്റ് ലിസ്റ്റിൽ പെടാൻ സാധ്യതയുണ്ട്. ചിലയിടത്ത് ചില വ്യക്തതകൾ ആവശ്യമാണെന്ന് തോന്നി. പല അതിഥി കഥാപാത്രങ്ങളുടെയും സാന്നിധ്യം സിനിമയിൽ എത്രത്തോളം പ്രാധാന്യം അർഹിക്കുന്നുണ്ട് എന്നതും സംശയമാണ്. കഥയും കഥാപാത്രങ്ങളും കഥാ പരിസരവും പലപ്പോഴായി സിനിമകൾക്ക് വിഷയമായി വന്നതു കൊണ്ടാവാം കഥയിൽ കുറച്ചുകൂടി സാധ്യതകൾ പരീക്ഷിക്കാമായിരുന്നില്ലേ എന്ന ചിന്ത വരുന്നത്. എങ്കിലും ഗുരുവായൂർ അമ്പലനടയിൽ നിരാശപ്പെടുത്താൻ സാധ്യതയില്ല. സിനിമ ഇറങ്ങി രണ്ടുദിവസം പിന്നിടുമ്പോഴും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത് എന്നത് ഇതിന് തെളിവാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prithviraj SukumaranBasil JosephGuruvayoorambala Nadayil
News Summary - Basil Joseph And prithviraj Movie guruvayoor ambalanadayil Movie review
Next Story