Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightവിടപറഞ്ഞ ആത്മാക്കള്‍...

വിടപറഞ്ഞ ആത്മാക്കള്‍ പുസ്തകങ്ങളായി പുനര്‍ജനിക്കുമ്പോള്‍...

text_fields
bookmark_border
വിടപറഞ്ഞ ആത്മാക്കള്‍ പുസ്തകങ്ങളായി പുനര്‍ജനിക്കുമ്പോള്‍...
cancel

എന്നാണ് ഞാന്‍ അവസാനമായൊരു പുസ്തകം തുടക്കം മുതല്‍ ഒടുക്കം വരെ വായിച്ചുതീര്‍ത്തത്? ഓര്‍മ്മ വരുന്നില്ല. പാതിരാനേരത്തെ ഉറക്കം വരാതെയുള്ള വിമാനയാത്രകളില്‍ ഏതോ കടലുകള്‍ മുറിച്ചുകടക്കുമ്പോള്‍ ഞാന്‍ ചില പുസ്തകങ്ങള്‍ കൈയിലെടുക്കും, മറച്ചുനോക്കും, ചിലപ്പോള്‍ വായിക്കും. ‘കിഴവനും കടലും’, ‘ഹാര്‍ട്ട് ഓഫ് ഡാര്‍ക്ക്‌നെസ്’, ‘എ പാസേജ് ടു ഇന്ത്യ‘ അങ്ങിനെ പഴയ ക്ലാസിക്കുകള്‍ തൊട്ട് പുതിയവ വരെ പലതും. ചിലതെല്ലാം പലയാവര്‍ത്തി വായിച്ചു, ചിലതെല്ലാം മറന്നു, ചിലതെല്ലാം ഉള്ളില്‍ത്തട്ടി. കുറെ കഥകള്‍ മനസ്സില്‍ നിറഞ്ഞു; ഖസാക്കിലെ ജീവബിന്ദുക്കള്‍ പോലെ, എം.ടിയുടെ വാനപ്രസ്ഥം പോലെ...

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ ‘കപ്പൽച്ചേതം വന്ന നാവികന്റെ കഥ’യില്‍ നിന്നുള്ള ഒരു ഉദ്ദരണി ഇപ്പോഴും ഉള്ളിലുണ്ട്: ‘സമുദ്രവിശാലതയില്‍ തനിച്ചായിരിക്കുക എന്നത് ഒരേസമയം ഭയപ്പെടുത്തുന്നതും വിസ്മയിപ്പിക്കുന്നതുമാണ്’. ഈ വാക്യം പോലെത്തന്നെ പ്രകൃതിയുടെ വിനാശകരമായ കരുത്തിന് മുന്നില്‍ പൊരുതിനില്‍ക്കുന്ന മനുഷ്യേച്ഛയുടെ ശക്തിയാണ് ആ കഥയും. തന്റെ കഥ പറയാനായി ആ നാവികന്‍ ആ കപ്പൽച്ചേതത്തെ അതിജീവിച്ചു. എന്നാല്‍ അങ്ങനെയല്ലാതെ മറ്റൊരു വിധിയെ വരിച്ച എത്രയോ പേരില്ലെ? ഈ ലോകംവിട്ട് നടന്നകന്നവര്‍... അവരെല്ലാം ഓരോരോ പുസ്തകങ്ങളായി പുനര്‍ജന്മമെടുത്താലോ? നമ്മുടെ ഓര്‍മ്മകളെ പുനരുജ്ജീവിപ്പിച്ച്, നമ്മുടെ ഹൃദയത്തില്‍ നിറഞ്ഞ്, അദൃശ്യമായ ഒരു ശാശ്വത സാന്നിധ്യമായി നമുക്ക് പ്രിയപ്പെട്ടവര്‍...

ഓരോ പുസ്തകവും കേവലം എഴുത്തുകളുടെ ശേഖരം എന്നതിലപ്പുറം അതില്‍ പറയുന്നവരോടുള്ള ആദരമായി മാറുന്ന, നമ്മുടെ ഹൃദയത്തില്‍ നിധിപോലെ സൂക്ഷിക്കുന്ന ഓര്‍മ്മകള്‍ക്ക് ചിറകുനല്‍കുന്ന ഒരു പുസ്തകശാല സങ്കല്‍പ്പിച്ച് നോക്കൂ. സ്നേഹത്തിന്റെ പട്ടില്‍ പൊതിഞ്ഞ വോള്യങ്ങള്‍ കൊണ്ടലങ്കരിച്ച അലമാരകള്‍... ചിലതിന് സാധാരണ കവറുകള്‍, മറ്റുചിലത് തുകല്‍ കൊണ്ട് ബൈന്‍ഡ് ചെയ്തവ. ചിലതില്‍ ഓര്‍മ്മ, ചിലതില്‍ നിറയുന്ന ആര്‍ദ്രത. ഓരോ പേജിലുമുണ്ട് ഓരോ ജീവിതചിത്രം. കണ്ടതും കണ്ടുതീര്‍ക്കാത്തതുമായ സ്വപ്നങ്ങള്‍. ഓരോ വരിയുമതെ, ജീവിച്ചിരിക്കുന്നവരും യാത്രപറഞ്ഞവരും തമ്മിലുള്ള ശാശ്വതമായ ബന്ധത്തിന്റെ തെളിവാണ്.

എനിക്ക് കഥകള്‍ ഇഷ്ടമാണ്, കഥകള്‍ മെനയാനും. അതിനാലാണല്ലോ ഇങ്ങനെയൊക്കെയുള്ള വിചിത്രമായ ചിന്തകള്‍ ഉള്ളില്‍ കടന്നുവരുന്നത്. രാത്രിയുടെ ശാന്തമായ യാമങ്ങളില്‍, പുറംലോകം നിദ്രയിലേക്ക് വഴുതിവീഴുകയും സുഖകരമായ ഒരു കമ്പളം പോലെ നിശബ്ദത എന്നെ പുതപ്പിക്കുകയും ചെയ്യുമ്പോള്‍ ഇത്തരം ചിന്തകളില്‍ ഞാന്‍ സ്വയം നഷ്ടപ്പെടുന്നു. വിമാനത്തിനകത്തെ അസുഖകരമായ നിശ്ശബ്ദതയില്‍ സഹയാത്രികര്‍ കൂര്‍ക്കം വലിക്കുമ്പോള്‍, അരണ്ടവെളിച്ചത്തില്‍, എന്നെന്നേക്കുമായി യാത്രപറഞ്ഞുപോയ പ്രിയപ്പെട്ടവര്‍ പുസ്തകങ്ങളായി പുനര്‍ജനിക്കാമെന്ന കൽപനയിലേക്ക് ഞാന്‍ ആമഗ്‌നയാവുന്നു. അവ ഏറെനാളായി സുഷുപ്തമായ ഓര്‍മ്മകളെയും പറയാതെ ബാക്കിവെച്ച വികാരങ്ങളെയും ഉള്ളിലുണര്‍ത്തുന്നു. എന്റെ വായനാശീലം കുറഞ്ഞെങ്കിലും, ഞാനിപ്പോഴും എന്റെ മനസ്സിന്റെ ഇടനാഴികളിലൂടെ അലഞ്ഞുനടക്കുന്നവളാണ്. ഏറെ കാലടിപ്പാടുകള്‍ പതിഞ്ഞ പാതകളിലൂടെയെന്നപോലെ.


എന്റെ എല്ലാ പ്രാർഥനകളെയും വിഫലമാക്കി ഈ ഭൂമിവിട്ട ഒരു കൂട്ടുകാരിയെ ഞാന്‍ ഓര്‍ക്കുന്നു. ആരുടെയും പ്രാര്‍ഥന വേണ്ടാത്ത, നമുക്കാര്‍ക്കും അറിയാത്തൊരു ലോകത്തിരിക്കുന്ന അവള്‍ എന്നില്‍ ഏതൊക്കെയോ കഥാപാത്രങ്ങളായി പിറവിയെടുക്കുന്നു. എം.ടിയുടെ ‘മഞ്ഞി’ലെ വിമലയായി, ജോര്‍ജ് എലിയറ്റിന്റെ ‘മില്‍ ഓണ്‍ ദ ഫ്‌ലോസിലെ’ മാഗിയായി, അല്ലെങ്കില്‍ മാര്‍ക്വേസിന്റെ എരന്ദിരയായി... പലപല രൂപങ്ങളില്‍ അവള്‍ മനസ്സിന്റെ വാതായനങ്ങളില്‍ മുട്ടുന്നു.

പുസ്തകവായന തീരെ ഇല്ലാതായിട്ടും ഇപ്പോഴും പുസ്തകങ്ങളില്‍ തന്നെ മുഴുകി ജീവിതം നയിക്കുന്ന എനിക്ക് വട്ടാണോ എന്ന് മകന്‍ ഇടയ്ക്കിടെ ചോദിക്കും. എല്ലാം സ്വന്തം വിരല്‍ത്തുമ്പില്‍ ലഭ്യമായ അവന്റെ തലമുറയ്ക്ക് ഒരുപക്ഷെ പുസ്തകം തരുന്ന സ്പര്‍ശാനുഭവം മനസ്സിലാവില്ല. അതൊരു ആശ്ലേഷത്തിന്റെ ഊഷ്മളത പോലെയാണ്. ഞാനീ താളുകള്‍ മറിക്കുമ്പോള്‍, ഓര്‍മ്മകളുടെയും പോരാട്ടങ്ങളുടെയും കഥകള്‍ ഉള്ളില്‍ പേറുന്ന ഈ പുസ്തകങ്ങളില്‍നിന്നും എന്റെ ഉമ്മൂമ്മയുടെ ചിരിയുടെ പ്രതിധ്വനി ഞാന്‍ കേള്‍ക്കുന്നു.

സാഹസികതയുടെ, പ്രണയത്തിന്റെ, നിഗൂഢതയുടെ ലോകത്ത് എനിക്ക് സ്വയം നഷ്ടപ്പെടാന്‍ കഴിയുന്ന ഒരു അഭയകേന്ദ്രമായി വര്‍ത്തിക്കുന്ന ഈ പുസ്തകങ്ങള്‍ ഒരേസമയം യഥാര്‍ഥവും സാങ്കല്‍പ്പികവുമായ ലോകങ്ങളിലേക്കുള്ള കാഴ്ചകളുടെ വാതില്‍ കൂടിയാണ് എനിക്കുമുന്നില്‍ തുറക്കുന്നത്. ഈ പേജുകള്‍ക്കിടയിലെവിടെയോ എനിക്ക് നഷ്ടപ്പെട്ടവരുമായുള്ള ബന്ധം വിളക്കിച്ചേര്‍ക്കാനാവുമെന്ന് ഞാന്‍ കൊതിക്കുന്നു. അവരുടെ അസാന്നിധ്യത്തില്‍ പോലും എന്റെ ജീവിതം നിറയ്ക്കുന്ന, അവരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍.

പഴയ കടലാസിന്റെ സുഗന്ധം വായുവില്‍ അലയടിക്കുന്ന, അലമാരകള്‍ വിസ്മൃതമായ ഭൂതകാലത്തിന്റെ കഥകള്‍ മന്ത്രിക്കുന്ന, പഴയ ലൈബ്രറിയുടെ പ്രശാന്തമായ കോണില്‍, എവിടെയോ ഞാനൊരു അഭയസ്ഥാനം കാണുന്നു; ഉള്‍ക്കടല്‍ പോലെ. അവിടെ പുസ്തകങ്ങള്‍ അവയുടെ ഭൗതികരൂപം വെടിഞ്ഞ് ഇനിയും ഞാന്‍ താണ്ടിയിട്ടില്ലാത്ത ലോകത്തേക്കുള്ള പാതകള്‍ തുറക്കുന്നു. ഞാന്‍ അവരുടെ വാക്കുകളില്‍ മുഴുകുമ്പോള്‍, അവരുടെ വ്യക്തിത്വത്തിന്റെ സത്ത എന്നിലേക്ക് ഒഴുകിയെത്തുന്നു. അതെന്നെ തലമുറകളുടെ മഹാസമുദ്രങ്ങളിലൂടെ കൊണ്ടുപോകുന്നു. അതെ, പുസ്തകങ്ങള്‍ എന്നില്‍ സംഭവിക്കുകയാണ് ചെയ്യുന്നത്. ഹരുകി മുറകാമി പറഞ്ഞതുപോലെ ‘പുസ്തകം നിങ്ങളില്‍ സംഭവിച്ചിട്ടുണ്ടോ? ഈ ചോദ്യത്തിനുള്ള നിങ്ങളുടെ ഉത്തരം ‘അതെ’ എന്നല്ലെങ്കില്‍, പിന്നെ നിങ്ങളോട് എങ്ങിനെ സംസാരിക്കണമെന്ന് എനിക്കറിയില്ല’.


മികച്ചൊരു പുസ്തകം നമുക്ക് ഒട്ടേറെ അനുഭവങ്ങള്‍ സമ്മാനിക്കുമെന്നതില്‍ സംശയമില്ല. ഒടുവില്‍ നിങ്ങള്‍ക്കല്‍പ്പം തളര്‍ച്ച തോന്നുമെങ്കിലും. ഒരു പുസ്തകം വായിക്കുമ്പോള്‍ നിങ്ങള്‍ ഒരുപാട് ജീവിതങ്ങളാണ് ജീവിക്കുന്നത്! അറിവിന്റെയും ജ്ഞാനത്തിന്റെയും പാത്രങ്ങളാകുന്നതുപോലെ തന്നെ, പുസ്തകങ്ങള്‍ പ്രിയപ്പെട്ടവരുടെ സ്മരണകള്‍ പരിപാലിക്കുന്ന, അവരുടെ അന്തഃസ്സത്തയുടെ കലവറകള്‍ കൂടിയാണ്. അവരുടെ പൈതൃകം വരുംതലമുറകള്‍ക്കായി കാത്തുസൂക്ഷിക്കുന്ന നിധികുംഭങ്ങള്‍.

ഓരോ പുസ്തകവും സ്ഥലകാലങ്ങളിലൂടെയുള്ള ഒരു യാത്രയാണ്. ഒരേസമയം പരിചിതവും അജ്ഞാതവുമായ ഭൂമികകളിലൂടെ അത് നമ്മളെ കൊണ്ടുപോകുന്നു. പ്രാചീന നാഗരികതകള്‍ മുതല്‍ പ്രപഞ്ചത്തിന്റെ വിദൂരത വരെ, പുസ്തകങ്ങള്‍ നമ്മുടെ പൈതൃകത്തിന്റെ, വന്യമായ ഭാവനകളുടെ, സ്വപ്നങ്ങളുടെ വാതിലുകള്‍ തുറക്കുന്നു.

നൈമിഷികമായ ഈ ലോകത്ത്, പുസ്തകങ്ങള്‍ അനശ്വരതയുടെ സ്മാരകങ്ങളായി നിലകൊള്ളുന്നു. പോയ തലമുറയുടെ കഥകളും ജ്ഞാനവും അവ വരുംതലമുറയ്ക്കായി ചെപ്പിലടച്ച് കരുതിവെയ്ക്കുന്നു. എഴുത്തുകാര്‍ ഓര്‍മ്മകളിലേക്ക് അസ്തമിക്കുമ്പോഴും അവരുടെ പുസ്തകങ്ങള്‍ ലിഖിതമായ വാക്കിന്റെ ശാശ്വതശക്തിയുടെ സാക്ഷ്യമായി നിലനില്‍ക്കുന്നു. കേള്‍ക്കാന്‍ താല്‍പ്പര്യമുള്ള ആരോടും അവ യുഗാന്തരങ്ങളിലൂടെ സംസാരിക്കുന്നു.

ഈ താളുകള്‍ക്കുള്ളില്‍ നിറഞ്ഞു കിടക്കുന്നുണ്ട് യുഗങ്ങളായുള്ള ജ്ഞാനവും ദാര്‍ശനികരുടെ സ്വപ്നങ്ങളും, വിദൂരശബ്ദങ്ങളുടെ പ്രതിധ്വനിയും. പരേതാത്മാക്കളുടെ ഓര്‍മ്മകള്‍ക്കൊപ്പം, അവരുടെ ആഴങ്ങളിലേക്ക് കടന്നുചെല്ലാന്‍ ധൈര്യപ്പെടുന്നവര്‍ക്കായി ഈ വാക്കുകള്‍ ക്ഷമയോടെ കാത്തിരിക്കുന്നു. ഞാന്‍ കണ്ണുകള്‍ അടച്ച് മയക്കത്തിലേക്ക് വഴുതിവീഴുമ്പോള്‍, പുസ്തകങ്ങളായി പുനര്‍ജനിച്ച ആ ആത്മാക്കളുടെ മൃദുമന്ത്രണം ഞാന്‍ എന്റെയുള്ളില്‍ കരുതുന്നു. അവയുടെ അന്തഃസ്സത്ത എന്റെ നിതാന്തമായ ഓര്‍മ്മയുടെ താളുകളില്‍ ഇഴ ചേരുന്നു, സംഗീതം പൊഴിക്കുന്നു...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:booksmemories
News Summary - books and memories bote by Reena Abdurahima
Next Story