Begin typing your search above and press return to search.
proflie-avatar
Login

മാരിവില്ലു പന്തലിട്ട ദൂരചക്രവാളം

മാരിവില്ലു പന്തലിട്ട   ദൂരചക്രവാളം
cancel

ആർ.എസ്. പ്രഭു നിർമിച്ച ‘തീർത്ഥയാത്ര’ എ. വിൻസെന്റ് ആണ് സംവിധാനം ചെയ്തത്. വി.ടി. നന്ദകുമാർ എഴുതിയ ‘ദൈവത്തിന്റെ മരണം’ എന്ന നോവലായിരുന്നു ‘തീർത്ഥയാത്ര’ എന്ന പേരിൽ സിനിമയായത്. ‘തീർത്ഥയാത്ര’ എന്ന പേരിൽ ഈ സിനിമ നിർമിക്കപ്പെടുന്നതിനു നാലു വർഷം മുമ്പ് തൃശൂർ പെരിഞ്ഞനം സ്വദേശിയായ വാമദേവൻ എന്നയാൾ ഈ നോവൽ സിനിമയാക്കാൻ മുന്നോട്ടു വന്നു –സിനിമയുടെ പിന്നണിയിലൂടെയും സംഗീതയാത്ര മ​ു​ന്നേറുന്നു.1972 നവംബർ 24നാണ്​ മലയാളത്തിലെ ആദ്യത്തെ നവധാരാ ചിത്രമായ ‘സ്വയംവരം’ പുറത്തുവന്നത്. ‘സ്വയംവര’ത്തിൽ പാട്ടുകൾ ഉണ്ടായിരുന്നില്ല. എന്നു മാത്രമല്ല, ‘സ്വയംവര’ത്തിന്റെ സംവിധായകനായ അടൂർ ഗോപാലകൃഷ്ണൻ ‘‘സിനിമയിൽ പാട്ടുകൾ...

Your Subscription Supports Independent Journalism

View Plans
ആർ.എസ്. പ്രഭു നിർമിച്ച ‘തീർത്ഥയാത്ര’ എ. വിൻസെന്റ് ആണ് സംവിധാനം ചെയ്തത്. വി.ടി. നന്ദകുമാർ എഴുതിയ ‘ദൈവത്തിന്റെ മരണം’ എന്ന നോവലായിരുന്നു ‘തീർത്ഥയാത്ര’ എന്ന പേരിൽ സിനിമയായത്. ‘തീർത്ഥയാത്ര’ എന്ന പേരിൽ ഈ സിനിമ നിർമിക്കപ്പെടുന്നതിനു നാലു വർഷം മുമ്പ് തൃശൂർ പെരിഞ്ഞനം സ്വദേശിയായ വാമദേവൻ എന്നയാൾ ഈ നോവൽ സിനിമയാക്കാൻ മുന്നോട്ടു വന്നു –സിനിമയുടെ പിന്നണിയിലൂടെയും സംഗീതയാത്ര മ​ു​ന്നേറുന്നു.

1972 നവംബർ 24നാണ്​ മലയാളത്തിലെ ആദ്യത്തെ നവധാരാ ചിത്രമായ ‘സ്വയംവരം’ പുറത്തുവന്നത്. ‘സ്വയംവര’ത്തിൽ പാട്ടുകൾ ഉണ്ടായിരുന്നില്ല. എന്നു മാത്രമല്ല, ‘സ്വയംവര’ത്തിന്റെ സംവിധായകനായ അടൂർ ഗോപാലകൃഷ്ണൻ ‘‘സിനിമയിൽ പാട്ടുകൾ പാടില്ല’’ എന്നു കൂടെക്കൂടെ പ്രഖ്യാപിക്കാറുമുണ്ട്. കുളത്തൂർ ഭാസ്കരൻ നായർ സെക്രട്ടറിയായി തിരുവനന്തപുരത്ത് ആരംഭിച്ച ചിത്രലേഖ ഫിലിം കോഓപറേറ്റിവ് ആണ് നാഷനൽ ഫിലിം ഡെവലപ്മെന്റ് കോർപറേഷന്റെ (N.F.D.C) ധനസഹായത്തോടെ ‘സ്വയംവരം’ എന്ന സിനിമ നിർമിച്ചത്. പിൽക്കാലത്ത് കലാമൂല്യമുള്ള അനവധി സിനിമകൾ സ്വന്തംനിലയിൽ സംവിധാനം ചെയ്ത കെ.പി. കുമാരൻ, പിൽക്കാലത്ത് ഭരത് അവാർഡ് നേടിയ നടൻ ഗോപി തുടങ്ങിയവരൊക്കെ അക്കാലത്ത് ചിത്രലേഖയുടെ ഭാഗമായിരുന്നു. അടൂർ ഗോപാലകൃഷ്ണൻ ഭാഗ്യവാനാണ്.

അദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത് ‘സ്വയംവരം’ അല്ല ‘കാമുകി’ എന്നു പേരുള്ള ഒരു സാധാരണ സിനിമയായിരുന്നു. ആ ചിത്രത്തിൽ ആറു പാട്ടുകൾ ഉണ്ടായിരുന്നു. ഏറ്റുമാനൂർ സോമദാസൻ എന്ന കവി എഴുതിയ ഈ ആറു പാട്ടുകൾക്കു സംഗീതം നൽകിയത് ശിവനും ശശിയും ചേർന്നാണ്. ‘കാമുകി’ എന്ന സിനിമയിൽ മധു നായകനും നവാഗതയായ ഉഷാനന്ദിനി നായികയുമായി. ചിത്രത്തിന്റെ ഷൂട്ടിങ് പകുതിയോളമായപ്പോൾ സാമ്പത്തികപ്രശ്‍നം നിമിത്തം ‘കാമുകി’യുടെ നിർമാണം നിലച്ചു.

ആ ചിത്രം പൂർത്തിയായിരുന്നെങ്കിൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനംചെയ്ത ‘കാമുകി’യിലെ പാട്ടുകളെപ്പറ്റി ഈ പംക്തിയിൽ എഴുതുമായിരുന്നു. ആ പരാജയം പിന്നീട് അടൂർ ഗോപാലകൃഷ്ണ​െന്റ ജീവിതത്തിൽ വൻവിജയമായി മാറി. ‘സ്വയംവരം’ മലയാളത്തിലെ ആദ്യത്തെ നവധാരാ സിനിമ എന്ന് പേരെടുക്കുകയും അടൂർ ഗോപാലകൃഷ്ണൻ മലയാള സിനിമക്ക് ഷോക് ട്രീറ്റ്മെന്റ് നൽകിയ സംവിധായകനായി മാറുകയുംചെയ്തു. ഇനി നമുക്ക് വിഷയത്തിലേക്ക് തിരിച്ചുവരാം.

1972 ഡിസംബർ എട്ടിനാണ് അടുത്ത മലയാള സിനിമ തിയറ്ററുകളിലെത്തിയത്. നടൻ മധു നിർമാതാവും സംവിധായകനുമായി ഉമാ ആർട്സിന്റെ പേരിൽ പുറത്തുവന്ന ഈ സിനിമയും ഒരു സാധാരണ കമേഴ്‌സ്യൽ ചിത്രമായിരുന്നില്ല. നാടകരചനയിൽ പല പരീക്ഷണങ്ങളും നടത്തി ആ കാലത്തെ നാടകകുതുകികളിൽനിന്നും കൈയടി നേടിയ ജി. ശങ്കരപ്പിള്ളയുടെ ‘സതി’ എന്ന നാടകമാണ് മധു സിനിമയാക്കിയത്. നാടകകൃത്ത് തന്നെയാണ് സംഭാഷണവും രചിച്ചത്.

 

പി. സുശീല

പി. സുശീല

തികച്ചും മനഃശാസ്ത്രപരമായ കഥ, സാധാരണ പ്രേക്ഷകർക്ക് ചിത്രത്തിന്റെ ആന്തരികസൗന്ദര്യം മനസ്സിലായില്ല എന്നതാണ് സത്യം. എന്നാൽ, സംവിധായകൻകൂടിയായ മധു ഈ പടത്തിൽ മൂന്നു ഗാനങ്ങൾ ഉൾപ്പെടുത്തിയിരുന്നു. യേശുദാസും പി. സുശീലയും ചേർന്നു പാടിയ ഒരു യുഗ്മഗാനവും പി. സുശീല പാടിയ രണ്ടു പാട്ടുകളുമാണ് ‘സതി’ എന്ന സിനിമയിൽ ഉണ്ടായിരുന്നത്. പി. ഭാസ്കരൻ ഗാനങ്ങൾ എഴുതി. വി. ദക്ഷിണാമൂർത്തിയായിരുന്നു സംഗീതസംവിധായകൻ. യേശുദാസും സുശീലയും ചേർന്നു പാടിയ ‘‘പ്രത്യുഷ പുഷ്പമേ... പ്രത്യുഷ പുഷ്പമേ...’’ എന്ന ഗാനം ഒട്ടൊക്കെ പ്രസിദ്ധമാണ്.

‘‘പ്രത്യുഷ പുഷ്പമേ പ്രത്യുഷ പുഷ്പമേ/മുഗ്ധനൈർമല്യമേ ചൊല്ലുമോ നീ/പാതിവിരിഞ്ഞ നിൻ വിഹ്വലനേത്രത്താൽ/തേടുന്നതേതോരു ദേവപാദം..?/പ്രത്യുഷ പുഷ്പമേ.../പാവം നിൻ ആരാമവാതുക്കൽ നിൽക്കുമീ/പാമരരൂപിയാം പാട്ടുകാരൻ/ ദീർഘപ്രതീക്ഷ തൻ പൂക്കൂട നിൻ നേർക്കു/ നീട്ടിയാൽ ലോകം ചിരിക്കുകില്ലേ...’’ ഇത്രയും ഭാഗം പുരുഷശബ്ദത്തിലാണ്, തുടർന്ന് സ്ത്രീശബ്ദം തുടങ്ങുന്നു: ‘‘ആ രാഗഗായകൻ തൻ പരിദേവന/ വീണാനിനാദം ശ്രവിച്ച നേരം/ ഓർത്തുനിൽക്കാതെയാ പൂവൊരു സന്ദേശം/ കാറ്റിന്റെ കൈയിൽ കൊടുത്തയച്ചു-/ ലോകം ചിരിക്കട്ടെ നാകം പഴിക്കട്ടെ/ സ്നേഹത്തിൻ പൂക്കൂടയെന്റെ ലക്ഷ്യം/ പാവന പ്രേമത്തിൻ പൂജാരവിന്ദമായ്/പൂവിതു മാറിയാൽ ആർക്കു ചേതം..?’’

പി. സുശീല തനിച്ചു പാടിയ ആദ്യഗാനം ‘‘ഉലകമീരേഴും...’’ എന്നു തുടങ്ങുന്നു: ‘‘ഉലകമീരേഴും പ്രളയസാഗര-/ ത്തിരകളാൽ മൂടി വലയുമ്പോൾ/ അരയാലിൻ കൊച്ചു തളിരാം തോണിയിൽ/ അരവിന്ദാക്ഷൻ വന്നണയുന്നു.../ എവിടെ ധർമത്തിൻ ക്ഷതി ഭവിക്കുന്നു/ അധർമമെങ്ങും വിലസുന്നു/ യുഗയുഗങ്ങളായ് അവിടത്തിൽ സ്വയം/ അവതരിക്കുന്ന പെരുമാളേ...’’

പി. സുശീല ശബ്ദം നൽകിയ അടുത്ത ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘മദകരമംഗള നിദ്രയിൽനിന്നും/മനസിജനുണരും മധുകാലം/മാദകപുഷ്പാഭരണം ചാർത്തിയ/ മേദിനി ഇന്നൊരു നർത്തകിയായ്.../പഴുത്ത മുന്തിരി തൻ കുലയാലേ/പാദം തന്നിൽ കിങ്ങിണി ചാർത്തി /പല്ലവ കോമള പാണികളാൽ ഉൽ-/ഫുല്ല മദാലസ മുദ്രകൾ കാട്ടി/ മഞ്ജുളമന്ദസമീരണനേൽക്കേ/കഞ്ചുകം ഇളകും നർത്തകിയായ്...’’

വെറും പാട്ടുകളല്ല, പി. ഭാസ്കരൻ ലളിതമായ ഭാഷയിൽ എഴുതിയ കവിതകൾതന്നെയാണ് ‘സതി’ എന്ന ചിത്രത്തിൽ ഉണ്ടായിരുന്നത്. മധുവിനോടൊപ്പം ജയഭാരതി, വിൻസെന്റ്, കവിയൂർ പൊന്നമ്മ, അടൂർ ഭാസി, ശങ്കരാടി, ബഹാദൂർ, എസ്.പി. പിള്ള, ജമീല മാലിക്ക്, ഫിലോമിന എന്നീ നടീനടന്മാരും ‘സതി’യിൽ അഭിനയിച്ചു.

 

അടൂർ ഗോപാലകൃഷ്ണൻ

അടൂർ ഗോപാലകൃഷ്ണൻ

1972 ഡിസംബർ എട്ടിന്​ റിലീസ് ചെയ്ത ‘സതി’ സാമ്പത്തികവിജയം നേടിയില്ല. കലാമൂല്യമുള്ള സിനിമ എന്ന നിലയിൽ അർഹിക്കുന്ന അംഗീകാരങ്ങളും അതിനു ലഭിച്ചില്ല. ഡിസംബർ എട്ടാം തീയതിതന്നെ റിലീസ് ചെയ്ത ചിത്രമാണ് വസന്ത് പിക്‌ചേഴ്‌സിന്റെ ‘ശക്തി’. ഷീല, രവിചന്ദ്രൻ, തിക്കുറിശ്ശി സുകുമാരൻ നായർ, അടൂർ ഭാസി, പറവൂർ ഭരതൻ, എൻ. ഗോവിന്ദൻ കുട്ടി, ജോസ് പ്രകാശ്, ഫിലോമിന തുടങ്ങിയവർ അഭിനയിച്ച ഈ സിനിമ ക്രോസ് ബെൽറ്റ് മണി സംവിധാനം ചെയ്തു. വയലാർ എഴുതിയ ഗാനങ്ങൾക്ക് വി. ദക്ഷിണാമൂർത്തി സംഗീതം നൽകി. ചിത്രത്തിൽ അഞ്ചു പാട്ടുകൾ ഉണ്ടായിരുന്നു.

യേശുദാസ് പാടിയ ‘‘നീലാരണ്യമേ...’’ എന്ന ഗാനവും ‘‘മിഴിയോ മഴവിൽക്കൊടിയോ’’ എന്ന ഗാനവും വേണ്ടത്ര പ്രശസ്തി നേടിയില്ല. ‘‘നീലാരണ്യമേ... നീലാരണ്യമേ/ നിൻ മുളങ്കുടിലിൽ നീ വളർത്തുന്നൊരു/ പൊന്മാൻപേടയെ കണ്ടുവോ... കണ്ടുവോ... കണ്ടുവോ/ ചിത്രമണി ചിറകടിയാൽ ശൃംഗാരച്ചിലമ്പൊലിയാൽ സ്വപ്നലതാഗൃഹങ്ങളെ നൃത്തകല പഠിപ്പിക്കും/ ഉദ്യാനമോഹിനിയെ കണ്ടുവോ കണ്ടുവോ/ ഇല്ലയോ... കാത്തിരിപ്പൂ ഞാനവളുടെ/ കാട്ടുകൂവള പൂമേനി...’’

യേശുദാസ് പാടിയ രണ്ടാമത്തെ ഗാനം ഇങ്ങനെ തുടങ്ങുന്നു:

‘‘മിഴിയോ മഴവിൽക്കൊടിയോ/മധുമൊഴിയോ ചിലയ്ക്കും കിളിയോ/ മുടിയോ പനങ്കുലയോ/ഇളംചോടിയോ പവിഴപ്പൊളിയോ...’’ ഇതേ ഭാവത്തിൽതന്നെ ചോദ്യങ്ങളായി ചരണം തുടരുന്നു: ‘‘കവിളോ കന്നിപ്പളുങ്കോ/നുണക്കുഴിയോ നീന്തൽക്കുളമോ/മുഖശ്രീ മലരിതളിൽ സഖീ/മൂകാനുരാഗമോ യൗവനമോ.../അഴകേ നീ ആരാധികയോ രാധികയോ..?’’

പി. സുശീല പാടിയ ‘‘പൂക്കളെനിക്കിഷ്ടമാണ് പൂക്കൾ’’ എന്ന് തുടങ്ങുന്ന ഗാനത്തിലെ വരികൾ...

‘‘പൂക്കളെനിക്കിഷ്ടമാണ് പൂക്കൾ –ഞാൻ/പൂത്ത മരക്കൊമ്പിലൊരു കൂടുകൂട്ടും/ കൂട്ടിനകം പ്രേമംകൊണ്ടലങ്കരിക്കും –ഞങ്ങൾ/കൂട്ടുകാരായെന്നുമെന്നും താമസിക്കും...’’ ഗാനത്തിന്റെ ആദ്യ ചരണംകൂടി ഉദ്ധരിക്കുന്നു. ‘‘ഞാറ്റുവേലപ്പെണ്ണു വന്നു മുറ്റമടിക്കും –ഇളം/ കാറ്റ് വന്നു കൈതപ്പൂമണം തളിക്കും/ കൂട്ടിലിരുന്നൊരു നാൾ കടിഞ്ഞൂൽക്കുരുന്നിനെ/ കുഹു കുഹു കുഹു പാടി തൊട്ടിലാട്ടും.../ ഞങ്ങൾ തൊട്ടിലാട്ടും...’’

വയലാറിന്റെ രചന മനോഹരം. പി. സുശീലയുടെ ശബ്ദം അതിമനോഹരം. എന്നിട്ടും ഈ ഗാനം അർഹിക്കുന്ന പ്രശസ്തി നേടിയില്ല. എസ്. ജാനകി പാടിയ ‘‘കുളിരോ കുളിര് കുളിരോ കുളിര്...’’ എന്ന് തുടങ്ങുന്ന ഗാനം നായകനും നായികയും മഴ നനഞ്ഞുകൊണ്ട് പ്രണയം ആസ്വദിക്കുന്ന കാഴ്ചയാണ് ഉൾക്കൊള്ളുന്നത്.

‘‘കുളിരോ കുളിര് കുളിരോ കുളിര്/ കുളിരോ കുളിര് കുളിരോ കുളിര്/ കുന്നത്തെ കുറവന് കുംഭ ഭരണിക്ക്/ കുളിരുകൊണ്ടഭിഷേകം/ മുഖക്കുരു മുളക്കണ മുല്ലപ്പെണ്ണിന്/ മുത്തു കൊണ്ടലങ്കാരം.../ ആരുവാമൊഴി പാതയിലൂടെ/ ആയിരം ചിറകുള്ള മഞ്ചലിലൂടെ/ കാവേരി തീരത്തൂന്നു വന്നൊരിളംകാറ്റേ/ കയ്യിലെ മുളങ്കുഴലിൽ/ പൂമദമുണ്ടോ പകർന്നു തരാൻ/ പൂമദമുണ്ടോ.../കുളിര് കുളിര് കുളിര് കുളിര്/ കുളിരോ കുളിര് കുളിര് കുളിര്...’’

അടൂർ ഭാസി സ്വന്തം ശബ്ദത്തിൽ പാടിയ ഒരു ഹാസ്യഗാനവും ‘ശക്തി’യിലുണ്ട്. ‘‘മാന്യന്മാരേ മഹതികളേ...’’ എന്നിങ്ങനെയാണ് ഗാനത്തിന്റെ തുടക്കം. വരികൾ ലഭ്യമല്ല.

 

പി. ഭാസ്കരൻ 

പി. ഭാസ്കരൻ 

രാജേഷ് ഫിലിംസിന്റെ പേരിൽ ആർ.എസ്. പ്രഭു നിർമിച്ച ‘തീർത്ഥയാത്ര’ എ. വിൻ​െസന്റ് ആണ് സംവിധാനംചെയ്തത്. വി.ടി. നന്ദകുമാർ എഴുതിയ ‘ദൈവത്തിന്റെ മരണം’ എന്ന നോവലായിരുന്നു ‘തീർത്ഥയാത്ര’ എന്ന പേരിൽ സിനിമയായത്. സാന്ദർഭികമായി ഒരു വിവരം അറിയിക്കട്ടെ, ‘തീർത്ഥയാത്ര’ എന്ന പേരിൽ ഈ സിനിമ നിർമിക്കപ്പെടുന്നതിനു നാലു വർഷം മുമ്പ് തൃശൂർ പെരിഞ്ഞനം സ്വദേശിയായ വാമദേവൻ എന്നയാൾ ഈ നോവൽ സിനിമയാക്കാൻ മുന്നോട്ടു വന്നു. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും സംവിധാനം പഠിച്ചിറങ്ങിയ തൃപ്രയാർ സുകുമാരൻ ആയിരുന്നു സംവിധായകൻ.

അവിടെ തന്നെ സൗണ്ട് എൻജിനീയറിങ് പഠിച്ച ദേവദാസും അവരുടെ സംഘത്തിൽ ഉണ്ടായിരുന്നു. അവർ ചിത്രത്തിന്റെ ഗാനരചയിതാവായി ഈ ലേഖകനെയും സംഗീതസംവിധായകനായി തെലുഗു സിനിമയിൽ അക്കാലത്ത് പ്രശസ്തനായിരുന്ന പെണ്ഡ്യാല നാഗേശ്വരറാവുവിനെയും തീരുമാനിച്ചു. ഈ ലേഖകന്റെ മൂന്നു ഗാനങ്ങളും മൂന്നു നാടോടിപ്പാട്ടുകളുമാണ് ഉൾപ്പെടുത്താൻ നിശ്ചയിച്ചത്. നോവലിന്റെ പേര് തന്നെയായിരിക്കണം ചിത്രത്തിന്റെയും പേര് എന്ന് അവർക്കെല്ലാം നിർബന്ധമുണ്ടായിരുന്നു. സംവിധായകന്റെ നിർദേശമനുസരിച്ച് ഈ ലേഖകൻ പ്രമേയഗാനം എഴുതി.

‘‘ഈശ്വരൻ മരിച്ചുപോയി/ ഈ വിശ്വം ഇരുണ്ടുപോയി/ വെളിച്ചവും ഇരുട്ടും തങ്ങളിൽ പൊരുതി/ വെളിച്ചം തോറ്റുപോയി’’ എന്നായിരുന്നു പാട്ടിന്റെ പല്ലവി. ഈശ്വരന് മരണമില്ലാത്തതുകൊണ്ടാവാം ആ പടം മുടങ്ങി. ആ പാട്ടും പുറത്തിറങ്ങിയില്ല.

ആർ.എസ്. പ്രഭുവാകട്ടെ, ഔചിത്യപൂർവം ചിത്രത്തിന്റെ പേര് ‘തീർത്ഥയാത്ര’ എന്ന് മാറ്റി. നോവലിസ്റ്റായ വി.ടി. നന്ദകുമാർ തന്നെയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും രചിച്ചത്. മധു, ശാരദ, സുകുമാരി, സുധീർ, അടൂർ ഭാസി, ശങ്കരാടി, സുമിത്ര, സുപ്രിയ (തമിഴ് സിനിമയിലെ ‘ഫഡാഫട്ട് ജയലക്ഷ്മി’) തുടങ്ങിയവർ അഭിനയിച്ചു. പി. ഭാസ്കരന്റെ ഗാനങ്ങൾക്ക് എ.ടി. ഉമ്മർ സംഗീതം നൽകി. ചിത്രം വ്യവസായിക വിജയം നേടിയില്ലെങ്കിലും വിലപിടിപ്പുള്ള രണ്ടു മൂന്നു പാട്ടുകൾ ഇതിൽ ഉണ്ടായിരുന്നു.

‘‘മാരിവില്ലു പന്തലിട്ട ദൂരചക്രവാളം/ മാടിമാടി വിളിക്കുന്നതറിഞ്ഞില്ലേ/ പഞ്ചശരൻ വളർത്തുന്ന പൈങ്കിളിപ്പെണ്ണേ/ പൈങ്കിളിപ്പെണ്ണേ.../ കാനനത്തിൽ പുഷ്പമാസം/ വർണാക്ഷരങ്ങളാൽ/ കാമലേഖനമെഴുതിയതറിഞ്ഞില്ലേ...’’ എന്നിങ്ങനെ തുടങ്ങുന്ന ഗാനം മലയാളത്തിലെ സൂപ്പർഹിറ്റ് ഗാനങ്ങളിലൊന്നാണ്.

യേശുദാസ് തന്നെ പാടിയ ‘‘അനുവദിക്കൂ ദേവീ അനുവദിക്കൂ / ചൈത്രദേവതയെ ആരാധിക്കാൻ/ ഉദ്യാനപാലകനെ അനുവദിക്കൂ...’’ എന്ന് തുടങ്ങുന്ന ഗാനവും മികച്ചത് തന്നെ.

‘‘സങ്കൽപജാലത്താൽ കൊളുത്തി ഞാനെന്റെ/ സന്ധ്യാസൗവർണ ദീപമാല/ ആത്മാവിൽ മോഹനസ്വപ്ന പുഷ്‌പാഞ്‌ജലി/അനുദിനം നടത്തുവാൻ അനുവദിക്കൂ...’’ പി. സുശീല പാടിയ രണ്ടു പാട്ടുകളും ശ്രദ്ധേയങ്ങളാണ്.

‘‘കൊല്ലൂരിലും കൊടുങ്ങല്ലൂരിലും/ കുമാരനല്ലൂരിലും വാഴും ജനനീ/ ഭഗവതീ/ എല്ലാരുമേ വെടിഞ്ഞില്ലായ്‌മയാലുരുകി/ വല്ലായ്മ തൻ കനലിൽ നീറി/ ദേവിയല്ലാതൊരാശ്രയമില്ലേ/ കരുണാമൃതസ്വർലോക ഗംഗയായ് വരൂ നീ/ വരൂ നീ...’’ എന്ന പാട്ടും, ‘‘ചന്ദ്രക്കലാധരനു കൺ കുളിർക്കാൻ ദേവി/ പന്തടിച്ചാടുന്നു ചാഞ്ചാടുന്നു -ചാഞ്ചാടുന്നു/ ചഞ്ചല ചരണത്തിൽ ചിലങ്കകൾ കിലുങ്ങി/ കൊഞ്ചും തരിവളകൾ താളത്തിൽ കുലുങ്ങി’’ എന്ന പാട്ടും.

പി. ലീല പാടിയ ‘‘തീർഥയാത്ര തീർഥയാത്ര/ വിശ്രമമില്ലാത്ത തീർഥയാത്ര/ പുതിയൊരു സങ്കേതക്ഷേത്രം തേടി/ പുതിയൊരു വിശ്വാസപീഠം തേടി’’ എന്ന ഗാനം പ്രമേയഗാനമാണ്. മാധുരിയും വസന്തയും കവിയൂർ പൊന്നമ്മയും ചേർന്ന് പാടിയ കുടുംബപ്രാർഥനയാണ് ചിത്രത്തിലെ അവശേഷിക്കുന്ന ഗാനം.

‘‘പാരീരേഴിനും നാരായവേരായി/പരമാനന്ദശാന്ത സ്വരൂപമായ്/ അംബികേ ജഗദംബികേ/സുരവന്ദിതേ ശരണം/ അഖിലചരാചര രക്ഷകിയാം/ മുനി വന്ദിതേ ശരണം/ കരുണാരൂപിണി കാവിൽ ഭഗവതി/കൈവെടിയരുതേ നീ/ തായേ ഭഗവതി നീയേ ശരണം/തറയിൽ ഭഗവതിയേ...’’

 

യേശുദാസ്

യേശുദാസ്

കഥയുടെ ആത്മാവ് സ്പന്ദിക്കുന്ന പി. ഭാസ്കരന്റെ വരികളും എ.ടി. ഉമ്മറിന്റെ ഉചിതമായ സംഗീതവും ‘തീർത്ഥയാത്ര’ എന്ന സിനിമ​െയ ഒട്ടൊന്നുമല്ല സഹായിച്ചത്. 1972 ഡിസംബർ 22ന് ‘തീർത്ഥയാത്ര’ തിയറ്ററുകളിലെത്തി.

(തുടരും)

News Summary - weekly sangeetha yathrakal